ധ്രുവങ്ങൾ

ഒരു മൃഗഡോക്ടർ ഒരിക്കലും അവളുടെ സങ്കല്പത്തിലെ ഭർത്താവായിരുന്നില്ല. എന്നാൽ, അങ്ങനെ സംഭവിച്ചതിൽ അവൾക്ക് അതിയായ ദുഃഖവും നിരാശയും ഉണ്ടായിരുന്നു. രാഗാലാപനവും ചിലങ്കകളുടെ നാദവും ഒന്നുപോലെ കാതിലും മനസ്സിലും നിറയുമ്പോൾ, ഭിത്തിയിലെ നിറം മങ്ങിപ്പോയ ഭൂപടത്തിലൂടെ അവൾ വെറുതെ വിരലോടിക്കും. പിന്നെ, ഗതകാലസ്‌മൃതികളാൽ തണുത്തുറഞ്ഞ മനസ്സ് ഒരു സ്വപ്നാടകയെപോലെ അലഞ്ഞു നടക്കും!

ചില നേരങ്ങളിൽ, അവൾ തന്റെ ജന്മത്തെതന്നെ ശപിക്കുമായിരുന്നു. എന്നിരുന്നാലും, അവളിലെ സ്ത്രീ, വിധിവൈപരിത്യത്താൽ ഒരു വികാരജീവിയാകും. സിരകളിൽ അഗ്നി ആളിപ്പിടിക്കുമ്പോൾ, അവളുടെ വിരലുകൾ എന്തിനോ വേണ്ടി ഇരുട്ടിൽ പരതുന്നു. ഇരുട്ടിന്റെ ആവരണം, സ്പർശത്തിലൂടെ നേർത്തു തുടങ്ങുമ്പോൾ, അവൾ അവനോട് പറയും:

“എനിക്ക് തണുക്കുന്നു. നീയെനിക്കൊരു പുതപ്പാകൂ! “

മറുപടിയായി ഇരുട്ടിൽ നിന്നുള്ള അയാളുടെ ശബ്ദം, ഒരു മുരൾച്ചയായി ഘനീഭവിക്കുന്നത് പലപ്പോഴും അവൾ നിരാശയോടെ തിരിച്ചറിഞ്ഞു.

“എന്റെ തണുപ്പകറ്റാൻ ഒരു സ്പർശം… ” അവളുടെ നിസ്സഹായത ഉണർത്തിവിട്ട സ്പർശത്തിന്റെ തീഷ്ണതയിൽ, അഗ്നി ചിതറി!

ഉഷ്ണക്കാറ്റിന്റെ തലോടലിൽ അവൾ ഒരു വലിയ വൃക്ഷമായി ആകെ പൂത്തുലഞ്ഞു. അവളിൽ പൂക്കൾ വിരിഞ്ഞു. പൂവുകളിൽ നിന്ന് തേനൊഴുകി.

തണുപ്പിൽ തണുപ്പിന്റെ ഒരു സ്പർശം! തണുപ്പുകളുടെ സ്പർശത്തിലൂടെ അഗ്നി ആളിക്കത്തി. ഉഷ്ണം!

തണുപ്പിൽ തുടങ്ങി ആലസ്യത്തിൽ അവസാനിക്കുന്ന വൈകാരികത! ഇണചേരാൻ തമ്മിൽ പിണയുന്ന സർപ്പത്തിന്റെ ആവേശമുണർത്തിയ നിശ്വാസങ്ങളുടെ പരകോടിയിൽ, ഇരുളിന്റെ മന്ത്രം മുഴങ്ങിക്കൊണ്ടേയിരിക്കും.

“ഉഷ്ണം ഉഷ്‌ണേന: ശാന്തി: “

ആത്മാവ് ആത്മാവിന്റെ ദൈവസന്നിധിയിലേക്ക് പറക്കുന്ന നിമിഷത്തിൽ, ആയിരം വൃക്ഷങ്ങളിൽ നിന്ന് ആയിരത്തിയൊന്നു പക്ഷികൾ ചിറകടിച്ചുയരുന്നത് അവർ കണ്ടു! ഉണങ്ങിയ വൃക്ഷച്ചില്ലകൾ കൊത്തിപ്പറക്കുന്ന പക്ഷികളെ അയാൾ അവൾക്ക് കാണിച്ചുകൊടുത്തു!

അവൾ വല്ലാതെ വിറകൊണ്ടു പുലമ്പി

“എന്റെ മനസ്സ് വിറയ്ക്കുന്നു.”

അയാൾ ഇരുട്ടിലൂടെ അവളെ രൂക്ഷമായി നോക്കി. “ഞാൻ വിറയ്ക്കുന്നു. എന്റെ ദൈവം നീയാണ്! “
അവൾ പിറുപിറുത്തുകൊണ്ടിരിക്കുമ്പോൾ, ഇരുട്ടിൽ ഒരു വന്യമൃഗത്തിന്റെ മുരൾച്ചപോലെ അയാൾ പറഞ്ഞു,

“വിറകൊള്ളുന്ന നിന്റെ ശരീരം എന്നിൽ അലിയേണ്ടതാണ്…” അവൾ അവനെ രൂക്ഷമായി നോക്കിക്കൊണ്ട് വിലപിച്ചു..

“എന്റെ ദൈവമേ… ഞാൻ നിന്റെ ആരാണ്? നീ ഒരു വന്യമൃഗത്തെപോലെ മുരളുന്നതെന്ത്? “

“എന്റെ ആത്മാവിന്റെ ആഴങ്ങളിൽ പാകിയ ഒരു വിത്താണ് നീ! നീ തന്നെയാണ് ഞാൻ! എന്റെ അബോധതലം നിന്നിൽ ഉറങ്ങുന്നു! “

അയാളുടെ മുരൾച്ച കേട്ട് അവളുടെ മുഖം ക്രൂരമായി. പിന്നെ, പതിയെപ്പതിയെ അവർക്കിടയിലെ ഇരുട്ടിന് കടുപ്പമേറിവന്നു. ക്രമേണ അവളുടെ മനസ്സിൽ രാഗാലാപനവും ചിലങ്കകളുടെ നാദവും നിറഞ്ഞു തുടങ്ങി! അയാളിൽ, ഏതോ വന്യമൃഗത്തിന്റെ കുളമ്പൊച്ചയും അവശേഷിച്ചു….

പിന്നെ,
നിലാവസ്ഥമിച്ച യാമത്തിൽ, അവർക്കിടയിലൂടെ ഒരു വലിയ നദി, ആർത്തട്ടഹസിച്ച് പതഞ്ഞൊഴുകിത്തുടങ്ങി!

കരുനാഗപ്പള്ളി ആദിനാട് സ്വദേശി. തിരക്കഥാകൃത്ത്, ഡോക്യൂമെന്ററി ഫിലിംമേക്കർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കഥ, കവിതകൾ എഴുതാറുണ്ട്.