ധ്യാനനിരതനായിരിക്കുന്ന ഒരുവനെ എഴുതുമ്പോൾ

എപ്പോഴും ധ്യാനനിരതനായിരിക്കുന്ന
ഒരുവനെ എഴുതുമ്പോൾ…
ഭൂതകാലത്തിൽ അത്രമേൽ
ലയിച്ചിരിക്കും ഒരുവനെ,
നേർക്കുനേർ വരും കാഴ്ചകൾ
അവഗണിച്ച്,
അങ്ങെങ്ങോ ദൃഷ്ടിയൂന്നിയിരിക്കുന്നവനെ…
ചിലപ്പോൾ നമ്രശിരസ്സുമായിരിക്കുന്നവനെ..

അവനെയെഴുതുമ്പോൾ..
ചിലപ്പോൾ അവൻ അമ്മയുടെ വിരലിൽ തൂങ്ങി
അവരുടെ പിറകെ നടക്കുകയാവാം,  
അവരുടെ സാരിയിലെ  
തുമ്പിക്കൊപ്പം തുള്ളിചാടി നടക്കുകയാവാം,
അല്ലെങ്കിൽ….
അവരുടെ സാരിയിലെ വറവു കൂട്ടലിൻ മണം കവരുകയാവാം.
അച്ഛനെന്ന കാർക്കശ്യമധുരം  
നുകരുകയാവാം..
അച്ഛന്റെ ആധികൾ അറിയുകയാവാം
സാഹോദര്യത്തിന്റെ കുറുമ്പുകളിൽ
കളിമുറ്റത്തെ ജീവസ്പന്ദനം തിരയുകയാവാം.

പ്രണയപ്പനിയുടെ കുളിരിൽ
അവളോടൊപ്പമാവുകയാവാം,
കൈവിട്ടകന്ന പ്രണയപ്പുഴ നിപതിച്ച
വിരഹക്കടൽ നീന്തുകയാവാം,
എനിക്കു മുൻപിൽ കൂമ്പിയ മിഴികൾ
ഒരു തവണ, ഒരേയൊരു തവണ
എന്റെ മിഴികളോട് ചേർത്തിരുന്നുവെങ്കിൽ
നിന്റെ മനസ്സ് ഞാൻ
എന്റേതെന്നപോലെ വായിക്കുമായിരുന്നു..

എങ്കിലും….
ബന്ധങ്ങളുടെ ബന്ധനങ്ങൾ
മുറിച്ചുമാറ്റിയ ഒരുവൻ
ഓർമ്മകളുടെ ബന്ധനത്തിൽ എപ്പോഴും തളച്ചിടപ്പെടും.  
എത്ര അകലുന്തോറും
അത്രമേൽ ശക്തമായ്ത്തന്നെ.

അപരനിലേക്കാഴ്ന്നിറങ്ങി
അവനെക്കുറിച്ചിടുന്ന ഞാനും
വർത്തമാനത്തെയറിയാതെ പോവുന്ന നീയും
എപ്പോഴോ പരസ്പരപൂരകങ്ങളാവുന്നതു കാണാം..

എങ്കിലും എന്നെ വായിക്കുകിൽ
നിന്റെ ചുണ്ടിൽ ഒരു ചിരിയൂറുന്നതും
ഓർമ്മകളുടെ ബന്ധനത്തിൽ നിന്നും
ഒരുവേള മുക്തനാവുന്നതും എനിക്ക് കാണാം.

എന്റെ പ്രിയപ്പെട്ടവനെ..
നീ എന്നെ വായിക്കുകിൽ മാത്രം.

വയനാട് ജില്ലയിൽ പടിഞ്ഞാറത്തറ സ്വദേശിനി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതാറുണ്ട്.