“നീ ഡാഫോഡിൽസ് കണ്ടിട്ടുണ്ടോ ? “
വള്ളുവനാടൻ കാറ്റ് വാകപ്പൂവിനെ എടുത്ത് മണ്ണിൽ വെക്കുന്നേരം ചോദിച്ചു ..
ഇല്ല !
മുൻഗാമികൾ തീർത്ത പരവതാനിയിൽ
താണിറങ്ങവേ വാകപ്പൂ ഖേദിച്ചു
ഈ ചുവപ്പിനോളം ഭംഗിയുണ്ടോ ..?
ഇത്ര മാർദ്ദവമുണ്ടോ ?
കാറ്റിൻ്റെ കവിളിൽ തലോടി മാറിക്കൊണ്ട് കിണുങ്ങി
അതിന് മണമുണ്ട് !
വശ്യമായ മണം
കാറ്റിനിഷ്ടം സുഗന്ധം.
കണ്ണിറുക്കിപ്പറഞ്ഞു
മുല്ലയുടെ മണമാണോ ?
പിച്ചകത്തിൻ്റെ ?
കായാമ്പൂവിൻ്റെ ?
ഉം ഹും .. അതൊന്നുമല്ല
ഡാഫോഡിൽസിൻ്റെ !
എനിക്കും അറിയണം ..
വാകപ്പൂ കാറ്റിൻ്റെ
ഷർട്ടിൽ പിടിച്ചു
കാറ്റ് പറഞ്ഞു .. ഹം .. നോക്കട്ടെ
ജാഡയുള്ള കാമുകനും
ജാള്യതയുള്ള കാമുകിയും
ആയവർ മാറി
ബൈക്കിൽ പാറി
വാകയുടെ പൂമ്പൊടി പ്രണയാർദ്രമായ് പരന്നു
നമ്മളെത്തുമോ കാറ്റേ ?
കാറ്റെത്താത്ത സ്ഥലമുണ്ടോ പൂവേ ?
കാറ്റ് കാറ്റിനോടുരസി
പൂവ് വഴിയോരക്കാഴ്ചയിൽ ഓളം വെട്ടി
പല പല സുഗന്ധങ്ങൾ ചേർത്തൊരു വിശിഷ്ട ഗന്ധം
കാറ്റ് അവൾക്ക് നൽകി
വെയിലേറ്റു വിയർത്ത വാകപ്പൂ
സുഗന്ധ മിശ്രിതത്താൽ തണുത്തു
“നീ സർവ്വവ്യാപിയായ കാറ്റാണ്
ഞാൻ നിസ്സാരയായ ഒരു പൂവ് “
ഗന്ധലഹരിയിൽ
പതിവു പല്ലവി !
നിന്നെ ഞാൻ കാറ്റാക്കട്ടെ ?
പറക്കാൻ പഠിപ്പിക്കട്ടെ ?
കൈ കോർത്തു പാറാനല്ലോ
നീലയാം വാനം.
എന്ന് അനുപല്ലവി
യുഗ്മഗാനം നിർത്തി
വാകപ്പൂവ് തൻ്റെ ചുവപ്പു നിറത്തിൽ തൊട്ടു നോക്കി ..
നിറമുള്ള കാറ്റാവാൻ പറ്റ്വോ ?
മണം പോലും കാറ്റിനു സ്വന്തമല്ലല്ലോ
നീ ചേർന്നു നിൽക്കുമ്പോൾ
നിൻ്റേതാവുന്നു
വേറൊരാൾ ചേരുമ്പോൾ …
എനിക്കു നിറം മാറാൻ വയ്യ …
മണം മാറാൻ വയ്യ …
കാറ്റേ നിനക്കു പൂവാകരുതോ
കുറഞ്ഞ പക്ഷം ഒരു പൂമ്പാറ്റ ?
തേൻ കുടിക്കാത്ത ഗന്ധർവ്വശലഭം
പൂവും പൂമ്പാറ്റയും
ക്ഷണികജീവികൾ !
കാറ്റു മരിച്ചെന്നു നീ കേട്ടിട്ടുണ്ടോ?
അമരത്വത്തിൻ്റെ ഗാഥകൾ..
കൊടുങ്കാറ്റുകൾ !
സംസാരത്തിനിടയിൽ ദൂരം പോയതറിഞ്ഞില്ല!
കാറ്റേ … വള്ളുവനാടൻ കാറ്റേ …
അതെൻ്റെ കള്ളപ്പേരാണ്
യഥാർത്ഥത്തിൽ ഞാനൊരു തെന്നലാണ് ..
വടക്കോട്ടു പോകുന്നു
കാടും , മലയും , കടലും കടന്നു പോകുന്നു ..
എല്ലാ അതിർത്തികളും കടന്ന് നിസ്സാരം
നീ നുഴഞ്ഞു കേറുമ്പോൾ അവ
നേർത്തതാകുന്നതോ ..കാറ്റേ ?
പൂവേ ..
നിന്നെ ഞാനൊരു ഒരു ദേശാടനപുഷ്പം ആക്കും
ഒരു പക്ഷേ
ഭൂമിയിലെ ആദ്യത്തെ …
വാകപ്പൂ ഒന്നു കൂടെ ചോന്നു
കാറ്റേ ..
കാലദേശങ്ങൾ മാറുമ്പോളും
നീ മാറുന്നില്ലല്ലോ
നിൻ്റെ പ്രണയം പോകുന്നില്ലല്ലോ
സന്തോഷത്താൽ കാറ്റൊരു ചുഴിയിട്ടു
പൂവതിൽ ഊഞ്ഞാലിട്ടു
മതി ! നേരമില്ല
കാറ്റ് ധൃതിപ്പെട്ടു
കാറ്റൊരു വിമാനമായി
വൈമാനിക പുഷ്പം
എന്ന ഖ്യാതി വാകപ്പൂ ചൂടി
അവർ ഉയർന്നു പറന്നു
ചാഞ്ഞും ചെരിഞ്ഞും പറന്നു
ചരിത്രം നീർത്തിയ പട്ടുനൂൽപ്പാതകൾ
താഴെ അമ്പരപ്പോടെ അവരെ നോക്കി !
നിറവും മണവും വേർതിരിക്കാനാവാത്ത ആകാശപ്പരപ്പിൽ അവർ ലയിച്ചു
ചക്രവാളത്തിൽ ഒരു ഡാഫോഡിൽ പുഷ്പം വിരിഞ്ഞു.