ദേശം തൊണ്ണൂററിനാല് ഒരേയൊരു റോഡിൽ ഒതുങ്ങുന്ന അങ്ങാടിയാണ്. ആകെയുള്ള എഴുപത്തിമൂന്ന് കടകളിൽ പതിനൊന്നെണ്ണം മാത്രമാണ് കോൺക്രീറ്റ് മേൽക്കൂരയുള്ളത്. ബാക്കിയെല്ലാം പഴകിയതും ഓടുമേഞ്ഞതുമാണ്. ചിലതൊക്കെ പൊളിച്ചു നീക്കാൻ മാത്രം ദ്രവിച്ചു തുടങ്ങിയിട്ടുമുണ്ട്. രണ്ടേ രണ്ട് ബസ്സുകൾ മാത്രമാണ് ടൌണിൽ നിന്നും ദേശം തൊണ്ണൂററിനാലിലേക്ക് സർവ്വീസ് നടത്തുന്നത്. ആറു മണി കഴിഞ്ഞാൽ പിന്നെ അതുമില്ല. വല്ല ജീപ്പോ ഓട്ടോറിക്ഷയോ മാത്രമാണ് ആശ്രയം.
ഒരു ഞായറാഴ്ച ഏകദേശം നാലുമണി സമയത്താണ് ധർമ്മരാജൻ അവിടേക്ക് വന്നിറങ്ങിയത്. ബാഗ് താഴെ വെച്ച് ഒന്നു മൂരി നിവർന്ന് ചുറ്റും നോക്കി അയാൾ യാത്രയുടെ ആലസ്യത്തിൽ നിന്ന് സ്വയം വിടുതൽ നേടാൻ ശ്രമിച്ചു. അങ്ങാടിയിൽ ആൾക്കാർ പൊതുവെ കുറവായിരുന്നു. അവധി ദിവസമായതിനാലാവാം അതെന്ന് ധർമ്മരാജൻ ആശ്വസിച്ചു. അല്ലെങ്കിൽ ഈ സ്ഥലം എല്ലായ്പോഴും ഇങ്ങനെയല്ലെന്നു ആരു കണ്ടു? ആദ്യമായി വരുന്ന തനിക്കെങ്ങിനെ അക്കാര്യം ഉറപ്പിക്കാനാവും? ഒന്നു രണ്ടു ഓട്ടോ റിക്ഷക്കാർ ഒരു ഇരയെ കണ്ട മാതിരി അയാളെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവർ തമ്മിൽ ചില ആശയങ്ങൾ കൈമാറുന്നുണ്ടെന്നു മനസ്സിലാക്കിയ ധർമ്മരാജൻ ബാഗുമെടുത്ത് ഒരു മരച്ചുവട്ടിലേക്ക് മാറി.
നല്ല സ്ഥലം. ആൾക്കാരും അങ്ങിനെയായാൽ മതിയായിരുന്നു. അയാൾ മനസ്സിൽ പറഞ്ഞു. ആനന്ദിന്റെ ആൾക്കൂട്ടം എന്ന നോവലിലെ സുന്ദർ എന്ന കഥാപാത്രത്തിന്റെ ശീലം ധർമ്മരാജനുണ്ടായിരുന്നു. ഏതെങ്കിലും കവലയിൽ പോയി നിന്ന് മറ്റുള്ളവരെ വെറുതെ നിരീക്ഷിക്കുക. ചിലപ്പോൾ ചിലരെ പിന്തുടരാനും, നീക്കങ്ങൾ മനസ്സിലാക്കാനും ശ്രമിക്കുക. നിർദ്ദോഷമായ ആ ശീലം ദേശം തൊണ്ണൂററിനാലിലും അയാൾ ഒഴിവാക്കിയില്ല. ഇത്തവണ തന്റെ ആവശ്യത്തിനു വേണ്ടിയായിരുന്നെന്നു മാത്രം.
ചുറ്റിലും തിരഞ്ഞു കൊണ്ടിരുന്നപ്പോൾ ഒരാൾ സ്കൂട്ടറിൽ വന്നിറങ്ങുന്നതു കണ്ടു. അതൊരു മദ്ധ്യ വയസ്കനായിരുന്നു. അലസവും ഉദാസീനവുമായ രീതിയിലുള്ള വസ്ത്രധാരണവും ശരീരഭാഷയുമായിരുന്നു അയാൾക്കുണ്ടായിരുന്നത്. ധർമ്മരാജൻ നിൽക്കുന്നതിനടുത്ത് മരച്ചുവട്ടിൽ സ്കൂട്ടർ പാർക്കു ചെയ്ത് അടുത്തുള്ള പച്ചക്കറി വിൽക്കുന്ന കടയിലേക്കു അയാൾ നടന്നു. അൽപദൂരം പിന്നിട്ടതിനു ശേഷം തിരിച്ചു വന്നു സ്കൂട്ടറിൽ മറന്നു വെച്ച തുണി സഞ്ചിയെടുത്തു. കടയിൽ കയറി ചിലതിനൊക്കെ വില ചോദിക്കുന്നുണ്ട്. കടക്കാരൻ അയാൾക്കാവശ്യമുള്ള സാധനം തൂക്കിക്കൊടുക്കുന്നതിനിടയിൽ ഫോൺ വന്നുവെന്നു തോന്നുന്നു. ഒന്നും പറയാതെ ചെവിയിൽ ഹെഡ്സെറ്റ് തിരുകി സംസാരിച്ചു കൊണ്ട് അയാൾ ഇറങ്ങി നടന്നു. പതുക്കെ പഴയ സ്ഥാനത്ത് തിരിച്ചെത്തി തന്റെ സ്കൂട്ടറിൽ ചാരി നിന്ന് സംസാരിച്ചു കൊണ്ടിരുന്നു. അയാൾ കടക്കാരനെ മറന്നു. പച്ചക്കറി മറന്നു.
ഇതു തന്നെ തനിക്കാവശ്യമുള്ള ആൾ. ധർമ്മരാജൻ തീർച്ചപ്പെടുത്തി. പിന്നെ ഫോൺ സംഭാഷണം കഴിയുന്നതു വരെ കാത്തു നിന്നു. “എക്സ്ക്യൂസ് മീ. ഇവിടത്തെ പഞ്ചായത്ത് ഓഫീസ് എവിടെയാ..?” മറുപടി പറയുന്നതിനു മുമ്പ് ധർമ്മരാജന്റെ തുറന്ന ചിരിയിലേക്ക് അയാൾ സംശയത്തിന്റെ മൂടുപടമെറിഞ്ഞു. പിന്നെ കണ്ണുകൾ കൊണ്ട് അടിമുടി ഒന്നുഴിഞ്ഞ ശേഷം മറുപടിക്കു പകരം ഒരു മറു ചോദ്യമെറിഞ്ഞു.
“ഇന്നു ഞായറാഴ്ചയാണെന്നറിയില്ലേ.. ?”
ധർമ്മരാജൻ തന്റെ സൌമ്യമായ ചിരി തുടർന്നു കൊണ്ട് പറഞ്ഞു. “അറിയാം. ഞാനവിടെ പുതിയതായി ചാർജെടുക്കാൻ വന്ന സെക്രട്ടറിയാണ്.”
അത് കേട്ടതും അയാൾ ധർമ്മരാജന്റെ കയ്യിൽ കേറി പിടിച്ചു കൊണ്ട് പറഞ്ഞു. “സാറ് വാ.. ”
സ്കൂട്ടറിനു പിന്നിലിരുത്തി എങ്ങോട്ടോ ഓടിച്ചു പോകുമ്പോൾ പച്ചക്കറി വാങ്ങുന്ന കാര്യം ധർമ്മരാജൻ അയാളെ ഓർമിപ്പിച്ചു. “അതൊക്കെ പിന്നെയാവാം. സാറ് എന്റെ മുന്നിൽ തന്നെ എത്തിപ്പെട്ടല്ലോ. ഭാഗ്യം.”
കവലയും കടന്ന് കഷ്ടിച്ച് ആറു കിലോമീറ്ററോളം യാത്ര ചെയ്ത് അവർ ഒരു ജങ്ഷനിൽ എത്തി. അവിടെ അധികം കെട്ടിടങ്ങളോ ആൾക്കാരോ ഉണ്ടായിരുന്നില്ല. വഴിയരികിലെ ഒരു തട്ടുകടയ്ക്കരികിൽ നിർത്തി അയാൾ രണ്ട് ചായക്ക് പറഞ്ഞു. “എന്റെ പേര് അലാവുദ്ദീൻ. ഞാൻ ദേശം തൊണ്ണൂററിനാല് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിയാണ്.” അയാൾ അത്ര നേരം തടഞ്ഞു നിർത്തിയ സത്യം പുറത്തു വിട്ടതിലുള്ള ആശ്വാസത്തോടെ പറഞ്ഞു.
ചായയുടെ പൈസ കൊടുത്ത് അവർ സ്കൂട്ടർ ഒതുക്കിയിട്ടു പതുക്കെ നടന്നു. അതിനിടയിൽ അലാവുദ്ദീൻ കുറെയധികം കാര്യങ്ങൾ ധർമ്മരാജന് വിവരിച്ചു കൊടുത്തു. അലാവുദ്ദീൻ സെക്രട്ടറിയുടെ ചാർജ് വഹിക്കുകയായിരുന്നു. അതൊഴിവാകുന്നതിലുള്ള സന്തോഷം അയാളുടെ പെരുമാറ്റത്തിൽ ദൃശ്യമായിരുന്നു.
വെയിൽ ചാഞ്ഞ് തുടങ്ങിയിരുന്നു. പ്രദേശമാകെ അപരാഹ്നത്തിന്റെ സൌന്ദര്യത്തിൽ മുങ്ങിക്കിടന്നു. സാമാന്യം ഉയരമുള്ള ഒരു കുന്നിനു മുകളിലേക്കായിരുന്നു അവരുടെ നടത്തം. അലാവുദ്ദീന്റെ വീട്ടിലേക്കാണ് യാത്ര എന്നായിരുന്നു ധർമ്മരാജൻ കരുതിയത്. എന്നാൽ കുറച്ചു ദുരം പിന്നിട്ടപ്പോൾ വഴിയോരത്തുള്ള ഇരുനില കെട്ടിടത്തിനരികിൽ അവർ നിന്നു. അത് പൂട്ടിക്കിടക്കുകയിരുന്നു. അടുത്തെങ്ങും ആൾത്താമസം ഉള്ളതായി കണ്ടില്ല. മുന്നിലെ വഴി കുറെക്കൂടി വീതി കുറഞ്ഞ് ഉയരങ്ങളിലേക്ക് നീണ്ടു കിടന്നു.
“ഇതു കണ്ടോ..” മുറ്റത്തു നിന്നും നോക്കിയ ധർമ്മരാജൻ ആശ്ചര്യപ്പെട്ടു. താഴെ ദേശം തൊണ്ണൂററിനാല് അങ്ങാടി പൂർണ്ണമായും കാണാമായിരുന്നു. അതിനുമപ്പുറം ദൂരെയായി നിറഞ്ഞു കിടക്കുന്ന ഏതോ ജലാശയത്തിന്റെ ഒരു ഭാഗം കൂടി ദൃശ്യമായിരുന്നു.
“ഉരുൾ പൊട്ടി വന്ന് ഉണ്ടായ ഒരു തടാകത്തിന്റെ ഭാഗമാണ് ആ കാണുന്നത്. അതിന്റെ കരയിലാണ് പഞ്ചായത്ത് ഓഫീസുള്ളത്. അതിൽ പിന്നീടാണ് ദേശം തൊണ്ണൂററിനാല് രൂപപ്പെട്ടത്. മെയിൻ റോഡിൽ നിന്നാൽ ബസ്സ് കിട്ടും. രാവിലെ ഒമ്പതരക്ക് ഒന്നുണ്ട്. ഇരുപത്തഞ്ച് മിനുട്ട്. ഓഫീസിനു മുന്നിൽ ഇറങ്ങാം. ”
“ഇവിടെ ആരും താമസമില്ലേ.. ?”
“ഇല്ല. താഴത്തെ നില കട മുറികൾക്കായി പണിതതാണ്. ഒന്നും തുടങ്ങീട്ടില്ല. മുകളിൽ താമസിക്കാനായി സൌകര്യമുണ്ട്. ഇടക്ക് ആരെങ്കിലുമൊക്കെ ഉണ്ടാവും. ഇപ്പോൾ അഞ്ചാറു മാസമായിട്ട് ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ദിവസം വൃത്തിയാക്കിച്ചതേ ഉള്ളൂ. എന്റെ ഒരു ബന്ധുവിന്റെതാണ് ഈ കെട്ടിടം. ഇതാകുമ്പോൾ കാര്യമായ വാടകയൊന്നും കൊടുക്കേണ്ടി വരില്ല. ”
അലാവുദ്ദീൻ ബാഗുമെടുത്ത് മുമ്പിൽ നടന്നു.
“സൂക്ഷിച്ച്..” മരത്തിന്റെ കോണിപ്പടികൾ കയറുമ്പോൾ അയാൾ സൂചന കൊടുത്തു. അതിന്റെ കൈവരികൾ ഇടക്ക് അടർന്നു പോയിരുന്നു. “ഈ കെട്ടിടത്തിന് കുറെ പഴക്കമുണ്ടോ?” ധർമ്മരാജൻ ചോദിച്ചു.
“ഹേയ് അധികമില്ല. ഇതിങ്ങനെ ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത് കൊണ്ട് തോന്നുന്നതാ.” അയാൾ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു. അവിടെ കിടക്കാനുള്ള കട്ടിലും മരത്തിൽ പണിത അലമാരയുമുണ്ടായിരുന്നു. ചുവരിനോട് ചേർന്ന് രണ്ട് പ്ലാസ്റ്റിക് കസേരകൾ. അലാവുദ്ദീൻ പറഞ്ഞതു പോലെ അടുത്ത ദിവസത്തിൽ ആരോ ആ മുറി ഉപയോഗിക്കുകയോ വൃത്തിയാക്കിയിടുകയോ ചെയ്തിട്ടുണ്ട്.
“ബാത് റൂം താഴെയാണ്. കറണ്ടുണ്ട്. വെള്ളമുണ്ട്. രാത്രി പടികളിറങ്ങുമ്പോൾ ശ്രദ്ധിക്കണം. ഭക്ഷണം ഉണ്ടാക്കുകയാണേൽ നമുക്ക് സൌകര്യമാക്കാം. താഴെ നമ്മൾ ചായ കുടിച്ച കടയിൽ പോയാൽ മതി. രാത്രി എട്ടു മണി വരെ അവിടെ തുറന്നിരിക്കും.”
ആ കെട്ടിടവും പരിസരവും നടന്നു കാണുന്നതിനിടയിൽ അലാവുദ്ദീൻ ചോദിച്ചു.
“സാറിന് കഥയെഴുതുന്ന ശീലമുണ്ടോ?”
“അതെന്തേ..?”
“അല്ല. അങ്ങിനെയുള്ളവർക്ക് പറ്റിയ അന്തരീക്ഷമാണ് ഇവിടം. സാറിന്റെ പ്രകൃതം കാണുമ്പോൾ അതു പോലെ തോന്നി.” അത്രയും പറഞ്ഞ് അലാവുദ്ദീൻ ഇറങ്ങി. രണ്ട് ചുവട് നടന്ന് തിരിച്ചു വന്ന് സ്വകാര്യമെന്നോണം പറഞ്ഞു.
“ഒന്നും വിചാരിക്കരുത്. ഇന്നും ഉച്ച വരെ ഓഫീസിലായിരുന്നു. വരുന്ന വഴിക്കാണ് സാറിനെ കാണുന്നത്. കുടുംബ സമേതം ഒരു സിനിമക്ക് പോകാമെന്ന് പറഞ്ഞിരുന്നതാ. നടക്കാത്തത് കൊണ്ട് പിള്ളേരും അവളും പോയി. ഒരു ചായ പോലും തരാൻ പറ്റാതെ സാറിനെ എങ്ങിനാ വീട്ടിൽ കൊണ്ടു പോകുന്നത് .”
“അതൊന്നും സാരമില്ല. നമ്മൾ ഒരേ തൂവൽ പക്ഷികളല്ലേ..” ധർമ്മരാജൻ ചിരിച്ചു. പിന്നെ നടന്ന് താഴെ സ്കൂട്ടറിനരികിൽ എത്തുവോളം അയാളെ നോക്കി നിന്നു.
കുളി കഴിഞ്ഞ് ധർമ്മരാജൻ മുറ്റത്ത് ഒരു കസേര ഇട്ടിരുന്നു. ഇന്നിനി ഭക്ഷണമൊന്നും വേണ്ട. ബാഗിൽ വാങ്ങിവെച്ചിരിക്കുന്ന പഴവും മിനറൽ വാട്ടറും ധാരാളം. ഇരുട്ടും വെളിച്ചവും ഇഴചേർന്ന അന്തരീക്ഷം മാറി പതുക്കെപ്പതുക്കെ അന്ധകാരം ദേശം തൊണ്ണൂററിനാലിനു മേൽ ആധിപത്യമുറപ്പിച്ചു. നേർത്ത തണുപ്പിന്റെ ആവരണത്തിൽ കിടന്ന് ധർമ്മരാജൻ മയങ്ങിപ്പോയി.
എത്ര സമയം അങ്ങനെ കിടന്നെന്നറിയില്ല. ആരോ കുന്നു കയറി വരുന്നുണ്ടായിരുന്നു. അയാളുടെ പാട്ടു കേട്ടാണ് ധർമ്മരാജൻ ഉണർന്നത്. കണ്ണു തുറന്നപ്പോൾ മുന്നിൽ അലങ്കോലമായ ഒരു മനുഷ്യൻ. നീണ്ട താടിയും മുടിയും. ക്രിസ്തുവിന്റെ രൂപം. വിരലിനും താഴെ നീണ്ടു നിൽക്കുന്ന ജൂബയുടെ കൈകൾ. ധർമ്മരാജൻ അൽപമൊന്നമ്പരന്നു. മുറിയിൽ നിന്നുള്ള പ്രകാശം ആ ശരീരത്തിന്റെ ഒരു വശത്തു മാത്രം വീണു കിടന്നു. അയാൾ മുഴങ്ങുന്ന ശബ്ദത്തിൽ മൊഴിഞ്ഞു.
“എന്തു മനോഹരമായ സന്ധ്യ. അല്ലേ.. ?” ധർമ്മരാജൻ കസേരയിൽ നേരെയിരുന്നു കൊണ്ടു കണ്ണുകൾ തിരുമ്മി.
“ആരാ.. ?”
“ഞാൻ ജയകുമാർ. ദാ അവിടെയാണു താമസം.” അയാൾ ഇരുട്ടിലേക്ക് വിരൽ ചൂണ്ടി. “എന്നും ഇതു വഴിയാണു വീട്ടിലേക്കു പോകുന്നത്. പഞ്ചായത്ത് വകുപ്പിൽ ക്ലാർക്കായിരുന്നു. വി.ആർ.എസ് എടുത്തതാ.”
ധർമ്മരാജൻ അകത്തുള്ള ഒരു കസേര കൂടി പുറത്തേക്കെടുത്തു. അപരിചിതമായ അവിടത്തെ ആദ്യ ദിവസത്തിൽ സംസാരിക്കാൻ ഒരാളെ കിട്ടിയതിൽ അയാൾക്ക് സംതൃപ്തി തോന്നി. ജയകുമാർ അയാൾക്കഭിമുഖമായി ഇരുന്നു. ഒരു സിഗരറ്റിനു തീ പിടിപ്പിച്ചു. പുക അന്തരീക്ഷത്തിലേക്ക് ഊതി വിട്ടു കൊണ്ട് പറഞ്ഞു.
“ഒരു കഥയെഴുത്തുകാരൻ സെക്രട്ടറി വന്നിട്ടുണ്ടെന്ന് അലാവുദ്ദീൻ പറഞ്ഞാണ് അറിഞ്ഞത്. ശരിക്കും പറ്റിയ അന്തരീക്ഷമാണിവിടെ. ആരുടെയും ശല്യമില്ല. മനോഹരമായ സ്ഥലവും. അല്ലേ.”
“ശരിയായിരിക്കാം. പക്ഷെ അങ്ങനെയൊരു മാനസികാവസ്ഥയിലല്ല ഞാനിപ്പോൾ. വിരക്തി, വിട്ടുമാറാത്ത ആകുലത, വിഷാദ രോഗം അതിനുള്ള മരുന്ന് കഴിച്ചു കൊണ്ടിരിക്കയാണ്.”
“സാറത് കണ്ടോ..” അയാൾ വീണ്ടും ഇരുട്ടിലേക്ക് വിരൽ ചൂണ്ടി. “അവിടെ തരിയോട് എന്നൊരു ഗ്രാമമുണ്ടായിരുന്നു. അവിടെയായിരുന്നു എന്റെ വീട്. ഒരു മഹാ പ്രളയത്തിൽ സ്ഥലത്തെ കെട്ടിടങ്ങൾ സ്കൂളുകൾ, വീടുകൾ, കടകൾ, റോഡുകൾ, പാലങ്ങൾ എല്ലാം തകർന്നു. കുന്നിൻ മുകളിൽ നിന്ന് ഒഴുകി വന്ന വെള്ളം സകലതിനെയും നശിപ്പിച്ച് അവിടെ വലിയൊരു ജലാശയം തീർത്തു. ഒരു സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അതിനടിയിൽ കാണാം. മുങ്ങിപ്പോയ പഞ്ചായത്ത് ഓഫീസ് ഓരത്തായി പുനർ നിർമ്മിക്കപ്പെട്ടു. ശ്മശാനത്തിലേക്ക് നോക്കി നിൽക്കുന്ന പള്ളി മിനാരം പോലെ, മാഞ്ഞുപോയ ഓർമകൾക്ക് അഭിമുഖമായി അതിന്നും നിൽക്കുന്നു.”
ജയകുമാർ കുറെ നേരം ഒന്നും മിണ്ടാതിരുന്നു. അയാൾ തന്റെ സഞ്ചിക്കുള്ളിൽ കയ്യിട്ട് ബോട്ടിലും ഗ്ലാസ്സുമെടുത്ത് ഒരു ലാർജ് ഒഴിച്ച് വെള്ളം ചേർക്കാതെ ഒറ്റ വലിക്ക് വിഴുങ്ങി. ധർമ്മരാജൻ അത്ഭുതത്തോടെ അത് നോക്കി നിന്നു. ഇരുട്ടിൽ അവിടവിടെയായി തിളങ്ങി നിന്ന വെളിച്ചപ്പൊട്ടുകൾ കണ്ണീർത്തുള്ളികൾ പോലെ തിളങ്ങി.
തരിയോടെന്ന ഗ്രാമത്തിലെ ദുരന്ത കുടുംബങ്ങളിലൊന്നായിരുന്നു ജയകുമാറിന്റെത്. കിടപ്പാടം നഷ്ടപ്പെട്ടതിന്റെ വേദനയിൽ അച്ഛനുമമ്മയും അകാലത്തിൽ മരിച്ചു. ജയകുമാറിന് ദേശം തൊണ്ണൂററിനാല് ഗ്രാമപഞ്ചായത്തിലെ ക്ലാർക്കായി ജോലി കിട്ടി. അസംതൃപ്തിയുടെ രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം അയാളതുപേക്ഷിച്ചു.
“എഴുതണം സർ. തല ഉയർത്തി നിൽക്കുന്ന പഞ്ചായത്ത് ഓഫീസിനു താഴെ പ്രളയം വിഴുങ്ങിയ തരിയോട് എന്ന ഗ്രാമത്തിലെ ജനങ്ങളുടെ കഥ. അവരുടെ തീരാത്ത വേദനകളുടെയും നഷ്ടങ്ങളുടെയും കഥ.”
ജയകുമാർ എഴുന്നേറ്റു. വേച്ചു വേച്ചു നടന്നു. അപരിചിതത്വത്തിന്റെ മുഖംമൂടിയില്ലാതെ സംസാരിക്കുന്ന അയാൾ ധർമ്മരാജനെ ആശ്ചര്യപ്പെടുത്തി. ഇരുട്ടിലേക്ക് പതുക്കെ മാഞ്ഞു പോകുന്നതിനിടയിൽ അയാൾ ലഹരിയുടെ ഗന്ധമുള്ള വരികളാൽ പാടിക്കൊണ്ട് നടന്നു. അയാൾക്കു പിന്നിൽ കാറ്റിനൊപ്പം ആ ശബ്ദം അകന്നകന്നു പോയി..
The colorless horizon
brought up
A wingless bird
It sang a song of melancholy
Sitting on a branchless tree
Let us disappear for a while
Let us disappear for a while
Because
I have lost my branches
I have lost my shadow too…
പിറ്റേന്ന് അലാവുദ്ദീൻ പതിവിലും നേരത്തെ ഓഫീസിലെത്തി. അറ്റന്റർ ദാമോദരനും, ഓഫീസ് അസിസ്റ്റന്റ് വിലാസിനിയും മാത്രമേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. അവരോട് അലാവുദ്ദീൻ മുൻകൂറായി ഓർമപ്പെടുത്തി.
“പുതിയ സെക്രട്ടറി ധർമ്മരാജൻ ഇന്നലെ എത്തിയിട്ടുണ്ട്. ഇന്ന് ചാർജ് എടുക്കാൻ വരും. നമ്മുടെ കുന്നുമ്മലെ ക്വാർട്ടേർസിലാണ് താമസിക്കാൻ ഏർപ്പാട് ചെയ്തിരിക്കുന്നത്. അവിടെ വെച്ചാണ് ക്ലാർക്ക് ജയകുമാർ ആത്മഹത്യ ചെയ്തതെന്ന വിവരമൊന്നും അദ്ദേഹം വന്ന ഉടനെ പറഞ്ഞേക്കരുത് കേട്ടോ..”
“സാറെന്താണീ പറയുന്നത്.. ”
അറ്റന്റർ ദാമോദരൻ വിശ്വാസം വരാതെ ചോദിച്ചു. എന്നിട്ട് അന്നത്തെ പത്രമെടുത്തു കൊണ്ടുവന്നു അലാവുദ്ദീന് കാണിച്ചു കൊടുത്തു.
പഞ്ചായത്ത് വകുപ്പ് ജീവനക്കാരനായ ശ്രീ. ധർമ്മരാജൻ മരിച്ചു. ദേശം തൊണ്ണൂററിനാല് ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറ്റി നിയമിക്കപ്പെട്ട അദ്ദേഹം അങ്ങോട്ടേക്കുള്ള യാത്രയുടെ ഒരുക്കത്തിനിടയിലാണ് ഓഫീസിൽ കുഴഞ്ഞു വീണത്.
അലാവുദ്ദീന്റെ കയ്യിൽ നിന്ന് പത്രം താഴെ വീണു. താൻ ജീവിക്കുന്നത് അരൂപികളുടെ ലോകത്താണോ എന്ന് ഒരു നിമിഷം അയാൾ സംശയിച്ചു. മിഥ്യയ്ക്കും യാഥാർത്ഥ്യത്തിനുമിടയിലെ ഏകാന്തതയുടെ തുരുത്തു പോലെ അയാൾ വിറങ്ങലിച്ചു നിന്നു.