ദുഖഃപ്പൂച്ചെടി

ദുഃഖം പൂക്കുന്ന ചെടിയാണ് മനസ്സ്,
ഒരു ഋതുക്കൾക്കായും കാത്തു നിൽക്കാതെ-
പൂക്കുന്ന ചെടി.
ദിനരാത്രങ്ങൾ തൻ വേർതിരിവില്ലാതെ-
വിരിഞ്ഞ് നിൽക്കുന്ന പൂവ്.

ഏകാന്തത,
തിരസ്‌ക്കാരം ,
ഓർമ്മകൾ,
അപരപീഡ,
പൂത്തുലഞ്ഞു നിൽക്കാൻ കാരണങ്ങളേറെ.

പളുങ്ക് പാത്രം പൊട്ടിച്ചിതറും പോലെ
പൊട്ടിച്ചിരി,
മണിപ്ലാൻറ്പോൽ ഒതുക്കമില്ലാത്ത
മുടിയിഴകൾ,
ഇരുട്ട് കത്തുന്ന അഴക്,
അമ്മയോർമ്മകൾ തികട്ടിവരുമ്പോൾ –
മടിത്തട്ടിൽ ഒരുക്കിയ ഇടം
നീ ഇറുത്തെടുക്കുന്നു ആ പൂക്കളെ
കിളിർക്കുന്നു പ്രേമം പൂക്കുന്ന പുതുച്ചെടി

നിത്യദുഃഖത്തെ ഊറ്റിയെടുത്ത്,
ഉയിർപ്പിൻ്റെ, മോക്ഷത്തിൻ്റെ പെൺമിശിഹ
ആകുന്നു നീ എനിക്ക്.

ചെങ്ങന്നൂർ, കാരക്കാട് സ്വദേശി. ഇപ്പോൾ ദുബായിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.