ദുഃഖത്തിൻ കാഠിന്യം

ചിറകറ്റു വീണ
ഒരു പക്ഷിതൻ മധുരസ്വരം
കാതിൽ വന്ന നേരം

ഏതോ ഒരു കാട്ടാളനാൽ
തൊടുത്തുവിട്ട അമ്പിൻ മുന
വന്നൊരാപക്ഷിതൻ മേനിയെ
പിളർത്തി വീഴ്ത്തിയ നേരം

ഇണതൻ ദുഃഖാർദ്രമം സ്വരതന്ത്രികൾ
അനർഗളമായി
സ്വനപേടകത്തിൽ വന്നണയുന്ന നേരം
ഏതോ വൃക്ഷത്തിൻ ചില്ലയിൽ ചേക്കേറി
ഇണതൻ കണ്ഠത്തിൽ നിന്നുതിരുന്ന
ശോകാർദ്രമാം വിരഹ ഗാനം

മാമലകൾ, പച്ചപ്പിൽ തരുക്കൾ തൻ
കണ്ഠത്തിൽ വെട്ടേറ്റു
ഭൂമിയാം പരവതാനിയിൽ ചലനമറ്റുകിടക്കുന്നതും
തണലിൻ മഹിമയെ അറുത്തുമാറ്റിയില്ലേ
പ്രകൃതിയെ കീഴ്‌പ്പെടുത്തും മനുഷ്യരാം പടയാളികൾ

സായന്തനത്തിന്റെ ഇരുളായിട്ടും
ചിറകറ്റു വീണൊരു പക്ഷിതൻ ഇണയുടെ
വിരഹ ഗാനം കാതിൽപതിക്കവേ
ചുറ്റിലും മഴയും കുളിരും
മരങ്ങളും കിളികളും
രാവും കാറ്റും പുഴയും
അരുവിയും നിലാവും നിഴലും
നിദ്രതൻ ആകാശ താരങ്ങൾ ഉണർന്ന നേരം

ചിറകറ്റു വീണൊരു പക്ഷിതൻ
ശബ്ദവും നിലച്ചനേരം
ഇണതൻ വിരഹത്തിൻ ദുഃഖാർദ്രമാം
നൊമ്പരത്തിൻ കണ്ണുനീർത്തുള്ളികൾ
ഭൂമിയാംമാറിൽ പതിക്കവേ

ഏകാന്ത താരകളെ
തളർന്ന മിഴികളാൽ ഉറ്റു നോക്കിക്കൊണ്ട്
ഒറ്റയായി പോയതിൽ
കഠിനാർദ്രമായ വേദനയെ നൽകിയ കാട്ടാളനേ
തെളിമയാർന്ന അരുമ ഹൃദയത്തോടെ
നോക്കിയിരുന്ന നേരം
ആ നിമിഷത്തിലും
ചിറകറ്റു വീണൊരു ഇണപ്പക്ഷിയുടെ
മധുരസ്വരമാം ശബ്ദം
ചെവിയിൽ പതിയുന്നുണ്ടായിരുന്നു.

തൃശൂർ സ്വദേശിനി ആണ്, അദ്ധ്യാപിക. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥ, കവിത, ലേഖനം തുടങ്ങിയവ എഴുതുന്നു. രണ്ടു കവിതാസമാഹാരങ്ങളും ഒരു കഥാസമാഹാരവും ഓരു പഠനഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്