അൻപത് പേജുകൾമാത്രമുള്ള
ദാവൂദിന്റെ പുസ്തകത്തിലെ
പ്രണയജോഡികൾക്ക്
ഒരേ മതവും
ജാതിയുമല്ലായിരുന്നു
പൊക്കത്തിൽക്കുറവ്
അവൾക്കായിരുന്നു
പ്രായത്തിൽക്കുറവ്
അവനും.
പുസ്തകത്തിലെ
ആദ്യതാളിൽതന്നെ
അവർപരസ്പരം
പ്രണയബദ്ധരായി.
പിന്നീട്
അഞ്ചാംപേജിലെ
അവസാനവരികളിലാണ്
അവനവളോട്
വെള്ളാരംകുന്നിലെ
അസ്തമനത്തെക്കുറിച്ച്
വാചാലനായത്.
ശേഷം
ആറാംപേജുമുതൽ
നാൽപ്പതാംപേജുവരെ
അവൾ
അവനൊപ്പം
വെള്ളാരംകുന്നിൽ
അസ്തമനത്തിന്റെ
മായക്കാഴ്ച്ചകളിൽ
ഭ്രമിച്ചിരുന്നു
ഒടുവിലവർ
വെള്ളാരംകുന്നിറങ്ങുമ്പോഴുള്ള
ആത്മസംതൃപ്തി
നാൽപ്പത്തിയൊന്നാംപേജിലെ
അടക്കിപ്പറച്ചിലുകളിൽ
വ്യക്തമായിരുന്നു.
നാൽപ്പത്തിരണ്ടുമുതൽ
അൻപതുവരെയുള്ള
പേജുകളിലായിരുന്നു
നഷ്ടം
അവിടങ്ങളിൽ
അച്ചടിപ്പിശകുമൂലം
അക്ഷരങ്ങൾ
അവ്യക്തമായിരുന്നു
വാക്കുകൾ വികൃതവും
ഊഹങ്ങൾക്ക്മാത്രമായിരുന്നു
അവിടങ്ങളിലെ
സ്ഥാനം
ഇനി മറിച്ചുനോക്കാനുള്ളത്
ഏകം
പുസ്തകത്തിന്റെ
പുറംചട്ട
ദാവൂദ്….
അവിടം നിന്റെ
തലകുനിച്ച്
പുറംതിരിഞ്ഞുനടക്കുന്ന
ചിത്രമാണല്ലോ…!