തൊട്ടുമുന്നിലെത്തിയ ഇരുട്ടിനെ തിരിച്ചറിയാന്‍ വൈകരുത്

ഹരീഷ് 

തോറ്റത് നിങ്ങളല്ല, മൊത്തം എഴുത്തുകാരും അവരെ സ്നേഹിക്കുന്ന ലോകവുമാണ് 

ബെന്യാമിൻ 

ഹരീഷ്, താങ്കൾ നിസാരമായി കീഴടങ്ങി. എഴുത്ത് ലോകം ഭീരുക്കളുടേതും അവസരവാദികളുടെയും ഒളിച്ചോട്ടക്കാരുടേതുമാണെന്ന പ്രതീതി സൃഷ്ടിച്ചു. അരാഷ്ട്രീയവാദിയായ ഒരാൾക്ക് പ്രശ്നങ്ങളെ താൻ തനിച്ച് നേരിടാനുള്ളതാണ് എന്നൊരു തോന്നൽ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതാണ് താങ്കളുടെ കാര്യത്തിലും സംഭവിച്ചത്. എനിക്കും എന്റെ കുടുംബത്തിനും ഞാൻ മാത്രമേയുള്ളൂ എന്നും ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ മറ്റാരും കൂടെ കാണില്ല എന്നും താങ്കളെക്കൊണ്ട് ചിന്തിപ്പിച്ചത് ആ അരാഷ്ട്രീയബോധം തന്നെയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല ഒരു സമൂഹത്തിന്റെ പ്രശ്നമാ‍ണ് ഞാൻ ആ സമൂഹത്തിനൊപ്പം നില്ക്കുകയും അവർ നല്കുന്ന പിന്തുണയിൽ വിശ്വസിക്കുകയും വേണം എന്ന് ചിന്തിക്കാൻ താങ്കൾക്ക് കഴിയാതെ പോയതിന്റെ കാരണവും അതുതന്നെ. ഇത് താങ്കൾ ഒരാളുടെ മാത്രം പ്രശ്നമല്ല. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നതും ഇനി എഴുതാനിരിക്കുന്നവരുമായ ഒരായിരം എഴുത്തുകാരുടെ പ്രശ്നമാണ്. സ്വതന്ത്രമായി ജീവിക്കാനും സ്വതന്ത്രമായി ആവിഷ്കാരം നടത്താനും ആഗ്രഹിക്കുന്ന ഭാവിയിലെ ഓരോ മനുഷ്യന്‍റെയും പ്രശ്നമാണ്. നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ട പ്രശ്നം അല്ലിത്. കേരളം അങ്ങനെ ഒരെഴുത്തുകാരെനെയും കുടുംബത്തെയും അക്രമികൾക്ക് വിട്ടുകൊടുക്കില്ല എന്ന് നിങ്ങൾ വിശ്വസിക്കണം.’

കഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിൻ എസ്. ഹരീഷിനെഴുതിയ തുറന്നകത്ത്.

പ്രിയപ്പെട്ട ഹരീഷ്, എന്റെ പ്രിയ എഴുത്തുകാരാ,

ഞങ്ങൾ ആവേശത്തോടെ വായിച്ചു വന്ന ‘മീശ’ പിൻ‌വലിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത് എന്നുപറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല. അതിനു കാരണമായി താങ്കൾ മുന്നോട്ട് വയ്ക്കുന്ന എല്ലാ ആധികളും ശരിയാണെന്ന് ഉൾക്കൊണ്ടുകൊണ്ട് തന്നെ ആ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നു.

ഈ തീരുമാനത്തിലൂടെ നിങ്ങൾ എതിരാളികൾക്ക് വിജയഭേരി മുഴക്കുവാനുള്ള അവസരമാണ് ഒരുക്കിക്കൊടുത്തത്. നിങ്ങളുടെ ഈ പ്രവർത്തിയിലൂടെ തോറ്റത് നിങ്ങൾ അല്ല, മൊത്തം എഴുത്തുകാരും അവരെ സ്നേഹിക്കുന്ന സാഹിത്യ – സാംസ്കാരിക ലോകവുമാണ്. എല്ലാക്കാലത്തേക്കുള്ള അപകടകരമായ ഒരു മണിമുഴങ്ങൽ ആ തോറ്റുകൊടുക്കലിന്റെ പിന്നിൽ ഉണ്ട്. അതിന്റെ രാഷ്ട്രീയം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ. ഭാവി നമ്മളെ ഭീതിയോടെ ഉറ്റുനോക്കുന്നുണ്ട്.

സമാനമായ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരെഴുത്തുകാരൻ എന്ന നിലയിൽ ഇത് നിങ്ങളെ ഓർമ്മിപ്പികക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എനിക്കുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ആടുജീവിതം ഇറങ്ങിയപ്പോഴും അൽ അറേബ്യൻ നോവൽ ഫാക്‌ടറി പ്രസിദ്ധീകരിച്ചപ്പോഴും നിരവധി വിഷയങ്ങളിൽ അഭിപ്രായം തുറന്നു പറഞ്ഞപ്പോഴും സമാനരീതിയിലൂള്ള പരിഹാസങ്ങൾക്കും ചീത്തവിളികൾക്കും വിധേയനായ ഒരെഴുത്തുകാരനാണ് ഞാൻ. എന്നാൽ എഴുതിയത് ഞാൻ ഉറച്ച ബോധ്യത്തോടെ എഴുതിയതാണെന്നും അതിൽ ഉറച്ചു നില്ക്കാനുമായിരുന്നു എന്റെ തീരുമാനം. ആ നോവലുകൾ ചില ഇടങ്ങളിൽ നിരോധിച്ചപ്പോൾ പോലും അതിൽ നിന്ന് പിന്മാ‍റാൻ ഞാൻ തയ്യാറാ‍യില്ല. എഴുത്തിന്റെ മൂല്യത്തെക്കുറിച്ചും എഴുത്തുകാരന്റെ സാമൂഹിക ദൗത്യത്തെക്കുറിച്ചുമുള്ള ഉറച്ച ബോധ്യത്തിൽ നിന്നാണ് എനിക്ക് അങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞത് എന്ന് ഞാൻ വിചാരിക്കുന്നുണ്ട്. അതിന് താങ്കൾക്ക് കഴിയാതെ പോയതിന്റെ കാരണം എന്തെന്ന് ഞാൻ വിനീതമായി ഓർമ്മിപ്പിക്കട്ടെ. താങ്കളുടെ ഉള്ളിലെ തികഞ്ഞ അരാഷ്ട്രിയവാദം അല്ലാതെ മറ്റൊന്നുമല്ല അത്. താങ്കളുടെ അടുത്തിടെ പ്രസിദ്ധീകരിച്ചു വന്ന ചില അഭിമുഖങ്ങൾ എന്റെ നിരീക്ഷണത്തെ ശക്തമായി ശരിവയ്ക്കുന്നുണ്ട്.

അരാഷ്ട്രീയവാദിയായ ഒരാൾക്ക് പ്രശ്നങ്ങളെ താൻ തനിച്ച് നേരിടാനുള്ളതാണ് എന്നൊരു തോന്നൽ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതാണ് താങ്കളുടെ കാര്യത്തിലും സംഭവിച്ചത്. എനിക്കും എന്റെ കുടുംബത്തിനും ഞാൻ മാത്രമേയുള്ളൂ എന്നും ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ മറ്റാരും കൂടെ കാണില്ല എന്നും താങ്കളെക്കൊണ്ട് ചിന്തിപ്പിച്ചത് ആ അരാഷ്ട്രീയബോധം തന്നെയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല ഒരു സമൂഹത്തിന്റെ പ്രശ്നമാ‍ണ് ഞാൻ ആ സമൂഹത്തിനൊപ്പം നില്ക്കുകയും അവർ നല്കുന്ന പിന്തുണയിൽ വിശ്വസിക്കുകയും വേണം എന്ന് ചിന്തിക്കാൻ താങ്കൾക്ക് കഴിയാതെ പോയതിന്റെ കാരണവും അതുതന്നെ.

വളരെ ന്യൂനപക്ഷമായ മതജാതി ഭ്രാന്തന്‍മാരുടെ ജല്പനങ്ങൾ നടക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷവും ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയും എഴുത്തുകാർക്കൊപ്പം നില്ക്കുകയും ചെയ്യുന്ന കേരളം പോലെ സുരക്ഷിതമായ ഒരിടത്തിൽ ഇരുന്നുകൊണ്ട് നിങ്ങൾക്ക് പറയാനുള്ളത് പറയാൻ നിങ്ങൾ ആർജ്ജവം കാണിക്കുന്നില്ലെങ്കിൽ ഇനി ലോകത്തിൽ എവിടെ പോയാലും അത് താങ്കളെക്കൊണ്ട് സാധ്യമാവില്ല എന്ന് വിനീതപൂർവ്വം ഞാൻ ഓർമ്മിപ്പിക്കട്ടെ. കാരണം ലോകത്തിലെ ഭൂരിപക്ഷം ഇടങ്ങളും ഇതിനേക്കാൾ മോശം തന്നെയാണ്. അത് ഈ പുതിയ കാലത്തിൽ മാത്രമല്ല എന്നും രാഷ്ട്രീയവും മതവും ജാതികളും എഴുത്തിനെ അടിച്ചമർത്താനും ഇല്ലായ്മ ചെയ്യുവാനും മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പക്ഷേ നമുക്ക് മുൻപേ നടന്നു പോയ എഴുത്തുകാർ ആരും അതിൽ ഭയന്ന് തങ്ങൾക്ക് പറയാനുള്ളത് പറയാതെ പോയിട്ടില്ല. നിങ്ങൾ എന്നെ ഏത് തീക്ഷ്ണമായ വേദനകളിലേക്ക് തള്ളിയിട്ടാലും ഞാൻ എഴുതുക തന്നെ ചെയ്യും എന്ന് അവർ ഉറക്കെപ്പറഞ്ഞതുകൊണ്ടാണ് നമുക്ക് മികച്ച കൃതികൾ ലഭ്യമായത്. അവർ ഭരണകൂടങ്ങളെയോ മതത്തിനെയോ ഭയന്നല്ല ജീവിച്ചത്. അതുകൊണ്ടുകൂടിയാണ് ലോകം ഇന്നും എഴുത്തിനെയും എഴുത്തുകാരനെയും ആദരിക്കുകയും ചിലർ അതിനെ ഭയക്കുകയും ചെയ്യുന്നത്. ‘വഴിയിലൂടെ നടന്നുപോകുമ്പോൾ തേങ്ങാ വീണ് ചാവുന്നതിനേക്കാൾ എനിക്കിഷ്ടം, ഇത്തരം മതഭ്രാന്തന്മാരുടെ പിച്ചാത്തിയ്ക്ക് ഇരയാവുന്നത്’ എന്ന് നിങ്ങൾ പറയും എന്ന് ഞാൻ കരുതി.

പക്ഷേ ഹരീഷ്, താങ്കൾ നിസാരമായി കീഴടങ്ങി. എഴുത്ത് ലോകം ഭീരുക്കളുടേതും അവസരവാദികളുടെയും ഒളിച്ചോട്ടക്കാരുടേതുമാണെന്ന പ്രതീതി സൃഷ്ടിച്ചു. ഇത് താങ്കൾ ഒരാളുടെ മാത്രം പ്രശ്നമല്ല ഹരീഷ്. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നതും ഇനി എഴുതാനിരിക്കുന്നവരുമായ ഒരായിരം എഴുത്തുകാരുടെ പ്രശ്നമാണ്. സ്വതന്ത്രമായി ജീവിക്കാനും സ്വതന്ത്രമായി ആവിഷ്കാരം നടത്താനും ആഗ്രഹിക്കുന്ന ഭാവിയിലെ ഓരോ മനുഷ്യന്‍റെയും പ്രശ്നമാണ്.

നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ട പ്രശ്നം അല്ലിത്. കേരളം അങ്ങനെ ഒരെഴുത്തുകാരെനെയും കുടുംബത്തെയും അക്രമികൾക്ക് വിട്ടുകൊടുക്കില്ല എന്ന് നിങ്ങൾ വിശ്വസിക്കണം. പെരുമാൾ മുരുകൻ മുതൽ സന്തോഷ് ഏച്ചിക്കാനം വരെയുള്ളവർ ഇതിനു മുൻപ് ഇത്തരം പ്രശ്നങ്ങളെ നേരിട്ടപ്പോൾ നമ്മൾ ഒന്നിച്ച് നിന്നാണ് അതിനെ നേരിട്ടത്. ഇനിയും അതങ്ങനെ തന്നെയുണ്ടാവും എന്ന് താങ്കൾ വിശ്വസിച്ചില്ല. തികഞ്ഞ അരാഷ്ട്രീയ വാദം മനസിൽ കൊണ്ടുനടക്കുന്ന എഴുത്തുകാർ എന്നും നേരിടുന്ന പ്രശ്നമാണിത്.

ഇനിയും സമയമുണ്ട് ഹരീഷ്, നോവൽ വാരികയിൽ നിന്ന് മാത്രമേ പിൻ‌വലിച്ചിട്ടുള്ളൂ. എത്രയും വേഗം അത് പുസ്തകരൂപത്തിൽ പുറത്തിറക്കാനുള്ള ആർജ്ജവം നിങ്ങൾ കാണിക്കണം. രാഷ്ട്രീയ ബോധമുള്ള ഭൂരിപക്ഷ കേരളം നിങ്ങൾക്കൊപ്പമുണ്ട്. അരാഷ്ട്രിയത വെടിഞ്ഞ് അവരെ വിശ്വസിക്കൂ. അക്ഷരങ്ങൾക്കുവേണ്ടി, എഴുത്തിനുവേണ്ടി, സാ‍ഹിത്യത്തിനുവേണ്ടി, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യനുവേണ്ടി ധീരനായി എഴുനേറ്റു നില്ക്കൂ..

കാലം നമ്മളെ, നമ്മുടെ തലമുറയെ ഭീരുക്കൾ എന്ന് വിലയിരുത്താതിരിക്കട്ടെ.

സ്നേഹത്തോടെ

ബെന്യാമിൻ. 

സാഹിത്യം മനസ്സിലാക്കേണ്ടത് മതവികാരം കൊണ്ടല്ല

 എൻ.പ്രഭാകരൻ 

സാഹിത്യകൃതികളെ മനസ്സിലാക്കേണ്ടത് ഇടുങ്ങിയ മതബോധത്തിന്റെയും വ്രണപ്പെടാൻ കാത്തു നിൽക്കുന്ന മതവികാരത്തിന്റെയും ഉള്ളിൽ നിന്നുകൊണ്ടല്ല എന്നും സമൂഹശരീരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗീയതയുടെ അതിവേഗത്തിലുള്ള വ്യാപനം തടയുന്നതിന് പോയകാലത്തിന്റെ ഓർമകളെ തിരിച്ചു പിടിക്കണമെന്നും കഥാകൃത്തും നോവലിസ്റ്റുമായ എൻ.പ്രഭാകരൻ 

എസ്.ഹരീഷിന് മാതൃഭൂമി ആഴ്ചപ്പിതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന തന്റെ നോവൽ പിൻവലിക്കേണ്ടി വന്നത് കേരള സമൂഹത്തിന് ആകമാനം അവമതിയുണ്ടാക്കുന്ന സംഭവമാണ്. നോവലിലെ ഒരു സംഭാഷണം ഹിന്ദുമത വിശ്വാസികളെയും ക്ഷേത്രത്തിലേക്ക് പോകുന്ന സ്ത്രീകളെയും അപമാനിക്കുന്നുവെന്നു പറഞ്ഞ് പലരും നോവലിസ്റ്റിനെയും കുടുംബത്തെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭീഷണി പുതിയ രൂപങ്ങൾ കൈക്കൊണ്ടേക്കുമോ എന്ന ഭീതി രൂപപ്പെട്ടു തുടങ്ങുകയും ചെയ്തിരുന്നു. 

സമൂഹം പാകമാവുമ്പോൾ തന്റെ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുമെന്ന് ഹരീഷ് പ്രസ്താവിച്ചിട്ടുണ്ട്. അത്തരമൊരു പാകപ്പെടലിന് ഇനിയും എത്രകാലം വേണ്ടിവരുമെന്ന ആശങ്ക കേരള സമൂഹത്തിലെ ബഹുഭൂരിപക്ഷവും പങ്കുവെക്കുന്നതാണ്. ഹരീഷിന്റെ നോവൽ ഹിന്ദുസമുദായത്തെ അപമാനിക്കുന്നതാണ്; സമാനസ്വഭാവമുള്ള ഒരു നോവൽ മുസ്ലീംസമുദായത്തെപ്പറ്റി എഴുതാനാവുമോ എന്ന് ചോദിക്കുന്നവരുണ്ട്. ഹരീഷിനു നേരെ ഉയർന്നു വന്നിരിക്കുന്ന ഭീഷണിയെ ന്യായീകരിക്കാനാണ് ആ ചോദ്യം ഉന്നയിക്കുന്നത് എന്നതാണ് അതിൽ അടങ്ങിയിരിക്കുന്ന അപകടം.

വായനയും സാഹിത്യാസ്വാദനവും ഇങ്ങനെയേ നിർവഹിക്കാവൂ എന്നു പറയാനുള്ള അധികാരം ആർക്കുമില്ല. അതേ സമയം സാഹിത്യകൃതികളെ മനസ്സിലാക്കേണ്ടത് ഇടുങ്ങിയ മതബോധത്തിന്റെയും വ്രണപ്പെടാൻ കാത്തു നിൽക്കുന്ന മതവികാരത്തിന്റെയും ഉള്ളിൽ നിന്നുകൊണ്ടല്ല എന്ന് ജാതിമതഭേദമില്ലാതെ  മുഴുവൻ ജനങ്ങളെയും ബോധ്യപ്പെടുത്തേണ്ടത് അടിയന്തിരാവശ്യമായിത്തീർന്നുവെന്ന തിരിച്ചറിവിലേക്ക് എല്ലാ സാംസ്‌കാരിക പ്രവർത്തകരും മാധ്യമപ്രവർത്തകരും അധ്യാപകരും വിദ്യാർത്ഥികളും സാഹിത്യത്തെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന മുഴുവനാളുകളും ഉടനടി ഉണരേണ്ടിയിരിക്കുന്നു.

വിവാദം ഒരു വ്യവസായം ആണെന്നുപറയുന്നവരോട് 

ഒരു സാഹിത്യരചനയിലെ ഏതെങ്കിലുമൊരു ഭാഗത്തെച്ചൊല്ലി തികച്ചും അനാവശ്യമായി വിവാദം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാൽ വിവാദമുണ്ടായിക്കിട്ടിയല്ലോ, ഇനി ഒരുപാട് പേർ വായിക്കുമല്ലോ. എഴുത്തുകാരന്റെ ലക്ഷ്യം അതുതന്നെയല്ലേ എന്ന് യാതൊരു മടിയുമില്ലാതെ ചോദിക്കുന്നവരുണ്ട്. തങ്ങൾക്ക് ശരിയെന്നു തോന്നിയ കാര്യങ്ങൾ പ്രസംഗത്തിലും എഴുത്തിലും ആവിഷ്‌കരിച്ചതു കൊണ്ടു മാത്രം വർഗീയതീവ്രവാദികളാൽ കൊല്ലപ്പെട്ടവരെപ്പറ്റി അവർ പ്രശസ്തരായിത്തീർന്നില്ലേ, പിന്നെന്താ വേണ്ടത് എന്നു ചോദിക്കാനും ഇക്കൂട്ടർ മടിച്ചെന്നു വരില്ല.

എഴുത്തിനെപ്പറ്റി പ്രാഥമികമായ ധാരണകൾ പോലും ഇല്ലാത്തവരാണ് വിവാദം വഴിയുണ്ടാവുന്ന ലാഭത്തെക്കുറിച്ച് വാചാലരാവുന്നത്. ഒരാൾ കഥയോ കവിതയോ നോവലോ ഒക്കെ എഴുതുന്നത് പ്രശസ്ത/ പ്രശസ്തൻ ആയിക്കളയാം എന്നുകരുതിയിട്ടല്ല. എഴുതുന്നയാളുടെ പരമപ്രധാനമായ ലക്ഷ്യം ആത്മാവിഷ്‌കാരത്തിലൂടെ കൈവരുന്ന ആനന്ദമാണ്. ആത്മാവ് എന്നത് ശുദ്ധശൂന്യമായ എന്തെങ്കിലുമല്ല. പ്രാഥമികമായ ജീവതകാമന മുതൽ നാനാതരം അനുഭവങ്ങളിലൂടെ താൻ ജീവിക്കുന്ന കാലത്തെയും ലോകത്തെയും കുറിച്ച് ഒരാൾ സ്വരൂപിക്കുന്ന ധാരണകൾ, സമൂഹത്തിൽ താൻ നടത്തേണ്ട ഇടപെടലുകളെക്കുറിച്ചും താൻ അകന്നുമാറി നിൽക്കേണ്ടുന്ന സാമൂഹ്യ വ്യവഹാരങ്ങളെക്കുറിച്ചും അയാൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾ, സാഹിത്യം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ചെറുപ്പം തൊട്ടേ ഉള്ളിൽ ഊറിക്കൂടുന്നതും വായനയിലൂടെയും ചിന്തയിലൂടെയും സംവാദങ്ങളിലൂടെയുമെല്ലാം നവീകരിക്കപ്പെടാനും ചിലരുടെ കാര്യത്തിൽ കാര്യമായ ഒരു നവീകരണത്തിനും വിധേയമാകാതിരിക്കാനും സാധ്യതയുള്ള സങ്കൽപങ്ങൾ ഇവയെല്ലാം മറ്റു പലതിനോടും പ്രതിപ്രവർത്തിച്ചുകൊണ്ടേയിരിക്കുന്ന ഇടമാണ് ആത്മാവ്. ആവിഷ്‌കാരത്വര അതിന്റെ സ്വഭാവമാണ്.എഴുത്തുകാർ എഴുത്തിലൂടെ ഈ ത്വരയ്ക്ക് സാഫല്യം നൽകുന്നു. 

എഴുത്തുകാരല്ലാത്തവർ അവരവരുടേതായ മറ്റ് മാർഗങ്ങൾ കണ്ടെത്തുന്നു. പ്രശസ്തിക്കുള്ള മോഹമല്ല അതിനെ പ്രവർത്തിപ്പിക്കുന്നത്.ഏത് മാധ്യമം സ്വീകരിച്ചുള്ള ആവിഷ്‌കാരവും അതിന്റെ ആസ്വാദകരെ വിഭാവനം ചെയ്യുന്നുണ്ടാവുമെന്നതിൽ സംശമില്ല.എഴുതുന്ന ഏതൊരാളും തന്റെ എഴുത്ത് ആകാവുന്നത്ര കൂടുതൽ ആളുകളിൽ എത്തിച്ചേരണ മെന്ന് ആഗ്രഹിക്കാൻ തന്നെയാണ് സാധ്യത. (ആ ആഗ്രഹം ഒരു തിടുക്കമായോ ശല്യമായോ ഒരിക്കലും അയാൾ അനുഭവിച്ചില്ലെങ്കിൽപ്പോലും.) ഇതിനെ പ്രശസ്തിക്കുള്ള ദാഹമായി തെറ്റിദ്ധരിക്കരുത്. മറ്റ് മനുഷ്യരിൽ എത്തിച്ചേരാനുള്ള വെമ്പലാണത്. എഴുത്തിന് കിട്ടുന്ന അനുകൂല പ്രതികരണം താൻ മനസ്സിലാക്കപ്പെടുന്നതിന്റെ ആനന്ദം അയാൾക്ക്/ അവൾക്ക് നൽകുകയും ചെയ്യും. ഇതിലപ്പുറമുള്ള സംഗതികളെല്ലാം പിന്നീട് വരുന്നവയാണ്. എന്തായാലും വിവാദം വഴി പ്രശസ്തനാവുക എന്നത് തന്റെ സർഗോർജം  ഗൗരവബോധത്തോടെയും സത്യസന്ധമായും വിനിയോഗിക്കുന്ന ഒരെഴുത്തുകാരന്റെയും/ എഴുത്തുകാരിയുടെയും പരിഗണനയിൽ വരുന്ന സംഗതിയല്ല.

ഇനി ചില ഓർമപ്പെടുത്തലുകൾ

പുതിയ കാലവുമായി തട്ടിച്ചു നോക്കുമ്പോൾ അമ്പത് വർഷം മുമ്പുള്ള കേരളം പല കാര്യങ്ങളിലും എത്രയോ പുറകിലായിരുന്നുവെന്നതിൽ സംശയമേയില്ല. പക്ഷേ,വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള സൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും കാര്യത്തിൽ നമ്മുടെ സമൂഹത്തിന്റെ അവസ്ഥ വളരെ ഭേദമായിരുന്നു. ഓരോ മതത്തിന്റെയും വിശ്വാസിസമൂഹം അന്യമതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെയും ഉത്സവങ്ങളെയുമെല്ലാം വളരെ താൽപര്യത്തോടെയാണ് നിരീക്ഷിച്ചിരുന്നത്. ആരാധനാലയങ്ങളുടെ നിർമ്മാണം, ഉത്സവങ്ങളുടെ നടത്തിപ്പ് എല്ലാം പരസ്പരസഹകരണത്തോടെ നടത്തുന്നതിൽ ആഹ്‌ളാദിക്കുന്ന ഒരു ജനതയായിരുന്നു നമ്മൾ. വിശ്വാസികൾക്കിടയിൽത്തന്നെ കടുത്ത നിരീശ്വരവാദികളും ആരാലും ഭീഷണിപ്പെടുത്തപ്പെടാതെ ഇവിടെ ജീവിച്ചിരുന്നു. നാലഞ്ച് ദശകങ്ങൾക്കു മുമ്പ് വരെയും  പല തലങ്ങളിലും ഒട്ടൊക്കെ ഒരു ഫോക്‌സമൂഹമായിരുന്നു നമ്മുടേത്. അത്തരം സമൂഹങ്ങളിലും ഫോക്‌സംസ്‌കാരത്തിലും വർഗീയതയ്ക്ക് ഇടം ലഭിക്കില്ല. പോയകാലത്തെ തിരിച്ചു പിടിക്കുക സാധ്യമല്ല. പക്ഷേ ,ഓർമകളെ തിരിച്ചു പിടിക്കാം. അവയെ ആവിഷ്‌കാരത്തിന്റെ പല ഇടങ്ങളിലായി നട്ടുനനച്ച് വളർത്താം. സമൂഹശരീരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗീയതയുടെ അതിവേഗത്തിലുള്ള വ്യാപനം തടയുന്നതിന് ആ ഔഷധ സസ്യങ്ങൾ ചെറുതല്ലാത്ത അളവിൽ സഹായകമാവുക തന്നെ ചെയ്യും. 

സാഹിത്യ സാക്ഷരത നേടിയിട്ടില്ലാത്തവർ   

മനോജ് കുറൂർ 

സാഹിത്യ കൃതികൾ വായിക്കാനുള്ള സാക്ഷരത നേടിയിട്ടില്ലാത്തവരാണ് ഹരീഷിന്റെ നോവലിനെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതെന്ന് കവിയും നോവലിസ്റ്റുമായ മനോജ് കുറൂർ.

ഹരീഷിന്റെ മീശ എന്ന നോവൽ പിൻവലിക്കാനുള്ള തീരുമാനം നിർഭാഗ്യകരമാണ്. നോവലിനെ എതിർക്കുന്നവർക്ക് കൂടുതൽ ധൈര്യം നൽകുന്ന നടപടിയാണത്. കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ എഴുതിയ ആളെ ഭീഷിണിപ്പെടുത്തുകയും നോവൽ പ്രസിദ്ധീകരിക്കുന്നത് നിർത്തിവയ്ക്കുകയും ചെയുന്ന സാഹചര്യം ഇവിടെ ഉണ്ടാകരുത്. സാഹിത്യകൃതിയെ അത്തരത്തിൽ തന്നെ വായിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. 

രണ്ടുമൂന്നു അധ്യായം വായിച്ച് ഒരു നോവലിനെ വിലയിരുത്തുന്നത് എങ്ങനെയാണ്. നോവലിസ്റ്റിന്റെ അഭിപ്രായം എന്തെന്ന് അറിയാൻ നോവൽ പൂർണമായും വായിക്കണം. ഒരു കൃതിയിലെ ആഖ്യാതാവിനെ നോവലിസ്റ്റിറ്റായി കാണാൻ കഴിയുമോ. നോവലിനോട് അഭിപ്രായവ്യത്യാസം ഉണ്ടായാൽ പോലും എഴുത്തുകാരനെതിരെയുള്ള ആക്രമണത്തിന് ഒരു ന്യായീകരണവുമില്ല. എഴുത്തുകാരെ ഭീഷിണിപ്പെടുത്തുന്നത് പ്രാകൃതമാണ്. ഭരണകൂടത്തിന്റെ ബാധ്യതയാണ് എഴുത്തുകാരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത്. ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ തന്നെ ആ പ്രസ്ഥാനത്തെ വിമർശിക്കാം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കാൻ ആർക്കും അവകാശമില്ല.  ഈ സാഹചര്യത്തിൽ ഹരീഷിന് പിന്തുണ നൽക്കേണ്ടത് പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ബാധ്യതയാണ്.  

പ്രാകൃതകാലം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു   

പി. രാമൻ 

നോവൽ പിൻവലിച്ചത് സ്വമേധയാ അല്ല. ഭീഷണിപ്പെടുത്തിയുള്ള നിരോധനം തന്നെയാണ്. നിരോധിച്ചത് ഭരണകൂടമല്ല, വർഗ്ഗീയ വിഷം തീണ്ടിയ, കലയുടെ പാരമ്പര്യമെന്തെന്നറിയാത്ത, അക്രമാസക്തമായ ആൾക്കൂട്ടമാണ്. പൊതു സമൂഹം തന്നെ ഇങ്ങനെയൊരു ആൾക്കൂട്ടമായിത്തീരാൻ അധികം താമസമില്ല. സാഹിത്യവും കലകളുമെല്ലാം അപ്രത്യക്ഷമാവുന്ന പ്രാകൃത കാലം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും ജനാധിപത്യ രാഷ്ട്രീയ കക്ഷികളും നോവൽ നിരോധനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് വ്യക്തമാക്കേണ്ട അടിയന്തര സാഹചര്യമാണിതെന്ന് കവി പി.രാമൻ.

എസ്. ഹരീഷ് നോവൽ പിൻവലിച്ചെന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. നമ്മുടെ നാട് അതിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ നല്ല വശങ്ങളെല്ലാം (തീർച്ചയായും ചീത്ത വശങ്ങൾ അതിലേറെയുണ്ട്) കൈവിട്ട് ഇരുട്ടിലേക്കു പോകുന്നതിന്റെ ഭയജനകമായ ചിത്രം ചുറ്റും ഇരുണ്ടു വരുന്നു.

സമൂഹത്തിൽ അനാചാരങ്ങളും അസമത്വവും നിലനിന്നിരുന്ന പഴയ കാലത്തുപോലും എഴുത്തുകാരുൾപ്പെടുന്ന കലാകാരന്മാർക്ക് സ്വേച്ഛയാ ചിന്തിക്കാനും ആവിഷ്കരിക്കാനുമുള്ള സ്വാതന്ത്ര്യം കുറേയൊക്കെ കേരളത്തിലുണ്ടായിരുന്നു. കൂടിയാട്ടം, കൂത്ത്, തുള്ളൽ എന്നീ കലകൾ ആസ്വാതന്ത്ര്യത്തിന്റെ കൂടി മാതൃകകളാണ്. ക്ഷേത്രത്തോടു ചേർന്നുള്ള കൂത്തമ്പലത്തിൽ നടക്കുന്ന പുരുഷാർത്ഥക്കൂത്തിലാണ് ചാക്യാർ താഴെ കൊടുത്ത ശ്ലോകം ചൊല്ലി വിശദീകരിക്കുന്നത് :

‘ശാന്തി ദ്വിജ പ്രകുരുതേ ബഹു ദീപശാന്തിം

പക്വാജ്യ പായസ ഗുളൈർ ജoരാഗ്നി ശാന്തിം

തത്രത്യ ബാല വനിതാ മദനാർത്തി ശാന്തിം

കാലക്രമേണ പരമേശ്വര ശക്തി ശാന്തിം.’

ശാന്തിക്കാർ സ്വതേ കള്ളന്മാരാ. ദേവന്നു വരുന്ന സാധനങ്ങളിലെ ഒരു ഭാഗം എത്ര മനസ്സിരുത്യാലും ശരി, അവർ കക്കാതിരിക്കില്ല. വിളക്കു വയ്ക്കാൻ എണ്ണയോ നിവേദ്യത്തിന് അരിയോ പായസം വയ്ക്കാൻ നാളികേരം, ശർക്കര തുടങ്ങിയതോ ആരെങ്കിലും കൊണ്ടു വന്നാൽ ആദ്യം ശാന്തിക്കാരൻ തന്റോഹരി ആരും കാണാതെ എടുത്തു വയ്ക്കും. മാത്രമല്ല, കാണാൻ കൊള്ളാവുന്ന സ്ത്രീകളാരെങ്കിലും ക്ഷേത്രപരിസരത്തുണ്ടെങ്കിൽ അവരുടെ മദനാർത്തി ശമിപ്പിക്കലും ശാന്തി പ്രവൃത്തിക്കാരന്റെ പണ്യാ. സുന്ദരികളായ ചെറുപ്പക്കാരെ വ്യഭിചരിക്കലാണ് അവരുടെ പണി എന്നു നീണ്ടുപോകുന്നു ചാക്യാരുടെ കഥ പറച്ചിൽ. (‘പുരുഷാർത്ഥ ക്കൂത്ത് ‘ – കേരള സാഹിത്യ അക്കാദമി പത്തു നാൽപ്പതു കൊല്ലം മുമ്പ് പുറത്തിറക്കിയ കൃതിയിൽ നിന്ന്) ക്ഷേത്രത്തോടു ചേർന്ന കൂത്തമ്പലത്തിൽ കൂത്ത് കേട്ട് രസിച്ചിരുന്ന കാണികൾ അസഹിഷ്ണുതയോടെ ചാക്യാർക്കുനേരെ വാളോങ്ങിയ ചരിത്രമില്ല. ക്ഷേത്രത്തിലിരുന്ന് ഇങ്ങനെ പറയരുത് എന്ന് ശാന്തിക്കാരും ഭക്തരുമടങ്ങുന്ന സദസ്സ് ചാക്യാരെ വിലക്കിയതായും കേട്ടിട്ടില്ല.

നമ്പ്യാരുടെ തുള്ളൽ കൃതികളിൽ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ജനവിഭാഗങ്ങളെ മാത്രമല്ല, പുരാണ കഥാപാത്രങ്ങളെപ്പോലും കണക്കിനു പരിഹസിച്ചിട്ടുണ്ട്.

‘ഉണ്ണികളൊന്നു ധരിച്ചീടേണം

കണ്ണനനേകം വിദ്യകളുണ്ട്

എന്നതുകൊണ്ടവനന്തിക സീമനി

നിന്നു കളിക്കരുതെന്നറിയേണം

കാലേലുള്ള ചിലമ്പും മണിയും

ചാലേ വന്നു പിടിച്ചു പറിക്കും.’

എന്നു സ്യമന്തകത്തിലും,

‘പാഞ്ചാലിയെന്നൊരു പെണ്ണിനെക്കണ്ടിട്ടു

പഞ്ചബാണാർത്തി പിടിപെട്ടഹോ നിങ്ങ –

ളഞ്ചു പേരും ചേർന്നു കൈക്കുപിടിച്ചു കൊ-

ണ്ടഞ്ചാതെ വേളി കഴിച്ചെന്നു കേട്ടു ഞാൻ

അഞ്ചെങ്കിലഞ്ചും കണക്കെന്നവൾക്കൊരു

ചാഞ്ചല്യവുമില്ല തെല്ലു പോലും നിങ്ങ –

ളഞ്ചു ജനത്തെയും കൺമുനത്തല്ലിനാൽ

വഞ്ചിപ്പതിന്നവൾ പോരും വൃകോദരാ

നാലഞ്ചു ഭർത്താവൊരുത്തിക്കു താനതു

നാലു ജാതിക്കും വിധിച്ചതല്ലോർക്കണം.’

എന്ന് കല്യാണസൗഗന്ധികത്തിലുമുള്ള വരികൾ ഉദാഹരണം.വിവിധ ജാതികളെ കളിയാക്കുന്ന വരികൾക്ക് കണക്കില്ല. ഈ കാവ്യഭാഗങ്ങളെല്ലാം ആസ്വദിച്ചു രസിച്ച് നമ്പ്യാരെ ജനകീയ കവിയാക്കിയത് നിരീശ്വരവാദികളോ ബുദ്ധിജീവികളോ അല്ല, മത വിശ്വാസവും ഭക്തിയും പുലർത്തിയിരുന്ന സാധാരണ മനുഷ്യരാണ്. 

ഇരുപതാം നൂറ്റാണ്ടിലും ഈ പാരമ്പര്യം മുറുക്കെ പിടിച്ചെഴുതിയ എഴുത്തുകാരെ സമൂഹം ആദരിച്ചു പോന്നു. എഴുത്തും വായനയും സാർവത്രികമായതോടെ സ്വന്തം സമുദായത്തിലേയും മതത്തിലേയും അനാചാരങ്ങളെ വിമർശിച്ചു കൊണ്ട് എത്രയോ എഴുത്തുകാർ രംഗത്തുവന്നു. പൊൻകുന്നം വർക്കി, എം.പി.പോൾ, സി.ജെ.തോമസ്, വൈക്കം മുഹമ്മദ് ബഷീർ, കെ.ടി.മുഹമ്മദ്, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങി എത്രയോ പേർ. ആ മഹത്തായ പാരമ്പര്യത്തിന് മുറിവേറ്റിരിക്കുന്നു എന്നതാണ് മീശക്കെതിരായ അസഹിഷ്ണുത നമ്മെ ഓർമ്മിപ്പിക്കുന്നത്.

രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണത്തിൽ കടന്നു വരുന്ന അഭിപ്രായങ്ങൾ ഒരിക്കലും എഴുത്തുകാരന്റേതല്ല. എഴുത്തുകാരന്റെ സ്വന്തം നിലപാടുകളുടെ പ്രഖ്യാപനമാണ് സാഹിത്യ കൃതികൾ എന്നതു തന്നെ കേരളത്തിൽ സമീപകാലത്ത് വന്നു പെട്ടിട്ടുള്ള  മൂഢ ധാരണയാണ്. ജീവിതത്തെ സമഗ്രമായി നോക്കിക്കാണുന്ന കലാകാരൻ സ്വതന്ത്രമായി ഒരു ലോകം സൃഷ്ടിക്കുകയാണ്. തന്റെ കഥാപാത്രങ്ങളെ സൃഷ്ടിച്ചും സംഹരിച്ചും തന്നിഷ്ടത്തോടെ പെരുമാറാൻ അവരെ അനുവദിച്ചും പോരുന്ന ലീലാലോലുപനായ സൃഷ്ടികർത്താവാണയാൾ. അത്രമേൽ ആത്മനിഷ്ഠമായ ഒരു കവിതയിലെ പോലും ആഖ്യാതാവ്,അതെഴുതിയ കവിയുടെ കേവല വ്യക്തി സത്തയല്ല.’ മീശ ‘യുടെ രണ്ടാം അധ്യായത്തിലെ ആഖ്യാതാവായ ഞാൻ എസ്.ഹരീഷല്ല. ബുദ്ധിജീവി നാട്യമുള്ള, സ്വതന്ത്ര ചിന്തകനെന്ന മട്ടിൽ മുൻപിൻ നോക്കാതെ അഭിപ്രായങ്ങൾ തട്ടിവിടുന്ന, മദ്യപനായ ഒരാളാണ് ഇതിലെ ആഖ്യാതാവ്. അത്തരമൊരു കഥാപാത്രത്തിന്റെ വാക്കുകളിലൂടെ തെളിഞ്ഞു വരുന്ന ഒരു സംഭാഷണ ശകലത്തെ മുൻനിർത്തി, നോവൽ പിൻവലിക്കണമെന്നു ശഠിക്കുന്നതും എഴുത്തുകാരനെ വ്യക്തിപരമായി ഉപദ്രവിക്കുന്നതും കാണുമ്പോൾ ഇന്നത്തെ കേരളീയ സമൂഹം ചെന്നുവീണിരിക്കുന്ന ഇരുൾക്കുണ്ടിന്റെ ആഴം നമ്മെ ഞെട്ടിക്കുന്നു.

വർഗ്ഗീയതയുടേയും വിഭാഗീയതയുടേയും ഇരയായി എഴുത്തുകാരൻ മാറുകയാണ്. അവർ, ഇവർ എന്ന വിഭാഗീയതയിലേക്ക് എഴുത്തുകാരനേയും വലിച്ചിഴക്കുന്നു. അവരെ വിമർശിച്ചാൽ അവർ ശരിപ്പെടുത്തും, അപ്പോൾ ഞങ്ങളെ വിമർശിച്ചാൽ ഞങ്ങളും ശരിപ്പെടുത്തും എന്ന വാദം ഉച്ചത്തിൽ മുഴങ്ങിക്കേൾക്കുന്നു. 

നോവലിസ്റ്റ് നോവൽ പിൻവലിച്ച വാർത്ത പുറത്തു വന്നിരിക്കുന്നു. അത് സ്വമേധയാ പിൻവലിക്കലല്ല,  ഭീഷണിപ്പെടുത്തിയുള്ള നിരോധനം തന്നെയാണ്. നിരോധിച്ചത് ഭരണകൂടമല്ല, വർഗ്ഗീയ വിഷം തീണ്ടിയ, കലയുടെ പാരമ്പര്യമെന്തെന്നറിയാത്ത, അക്രമാസക്തമായ ആൾക്കൂട്ടമാണ്. പൊതു സമൂഹം തന്നെ ഇങ്ങനെയൊരു ആൾക്കൂട്ടമായിത്തീരാൻ അധികം താമസമില്ല. സാഹിത്യവും കലകളുമെല്ലാം അപ്രത്യക്ഷമാവുന്ന പ്രാകൃത കാലം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും ജനാധിപത്യ രാഷ്ട്രീയ കക്ഷികളും നോവൽ നിരോധനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് വ്യക്തമാക്കേണ്ട അടിയന്തര സാഹചര്യമാണിത്.

നോവൽ പിൻവലിച്ചത് ശരിയായില്ല  

ഇന്ദു മേനോൻ 

ഇന്ത്യയിലിഴയുന്ന ഫാഷിസത്തിന്റെ ഇരുട്ട് കേരളത്തിലുമെത്തുകയാണ്. ജനാധിപത്യത്തെ വിശ്വസിക്കുന്നവരുടെ, ഏഴുത്തിനെ വിശ്വസിക്കുന്നവരുടെ പ്രതീക്ഷകൾ അറ്റിരിക്കുന്നു. എങ്കിലും നോവൽ മൊത്തമായി പിൻവലിക്കുക ശരിയായ നടപടിയായില്ല. ബുദ്ധിയേറെയുള്ള കലാകാരന്മാർ സ്വാതന്ത്ര്യത്തെ ഗൂഢമായ് ഒളിപ്പിച്ച് സൃഷ്ടികൾ ഉണ്ടാക്കുമെന്ന് കഥാകാരിയും നോവലിസ്റ്റുമായ് ഇന്ദു മേനോൻ  

മഷിയിട്ട് നോക്കിയാൽ മതത്തെ സ്പർശിക്കുന്ന ഒന്നും തന്നെ ഹരീഷ് എഴുതിയത്തിലില്ല. ആ ഖണ്ഡിക മാത്രമെടുത്ത്  നോവലിനെ മറന്ന് വായിച്ചാൽ ആ പാരഗ്രാഫിൽ അൽപ്പം സ്ത്രീവിരുദ്ധത വായിച്ചെടുക്കാം. അതു കൊണ്ടെന്താണ് ഹരീഷിന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെ തടയിടാൻ ആർക്ക് അധികാരം? ഇന്ത്യയിലിഴയുന്ന ഫാഷിസത്തിന്റെ ഇരുട്ട് കേരളത്തിലെത്തുകയാണ്. ഹരീഷിനും മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരിക്കാം. എങ്കിലും നോവൽ മൊത്തമായി പിൻവലിക്കുക ശരിയായ നടപടിയായില്ല. ജനാധിപത്യത്തെ വിശ്വസിക്കുന്നവരുടെ, ഏഴുത്തിനെ വിശ്വസിക്കുന്നവരുടെ പ്രതീക്ഷകൾ അറ്റിരിക്കുന്നു. എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിൽ ഹരീഷിൻറെ ഉത്തരം കഴുത്ത്‌ എന്നതാണ്. ദീപക് ശങ്കര നാരായണനെ പോലെ ഹരീഷും നിശ്ശബ്ദനാകും എന്ന് ഭയക്കുന്നു. 

നിയന്ത്രണമാണ് ഈ കാലഘട്ടത്തിൽ ഒരു കലാകാരൻ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നം. ഏറ്റവും റിമോട്ടായ നിയന്ത്രണം പോലും, സൃഷ്ടിപരതയുടെ കടയ്ക്കൽ തന്നെ ആയുധം വെച്ച് മുറിച്ചറുത്ത്, ആ ചിന്തയെ തന്നെ ഇല്ലായ്മ ചെയ്യുകയാണ്. ഒരു ചിന്തയുടെ വികാസം നിലവിലെ അധികാരഘടനയ്‌ക്കോ ദേശീയതയ്‌ക്കോ നിലവിലെ ദേശീയതാ സങ്കൽപ്പങ്ങൾക്കോ എതിരായേക്കാം എന്ന ഭയത്തിൽ ഒരു ചിന്തയുടെ ഏറ്റം തുടക്കത്തിൽ തന്നെ ആ മനുഷ്യരുടെ മേൽ നിയന്ത്രണം കൊണ്ട് വരുന്ന ഒരു പുതു രീതി. ഇത് അത്യധികം അപകടകരമാണ്. ചിന്ത തുടക്കത്തിൽ തന്നെ കൺഫേർമിസ്റ്റാവുന്നു. ഒരു ചിന്തയുടെ അന്തിമമായ ഉത്പന്നം കൺഫേർമിസ്റ്റാവുന്നതിൽ അത്ര വലിയ കുഴപ്പമില്ല.  ചിന്തയ്ക്ക് സ്വാതന്ത്ര്യം വേണം. ഒരു ചിന്തയുടെ പ്രധാനപ്പെട്ട പ്രോപ്പെർട്ടി പറയുകയാണെങ്കിൽ അത് എല്ലാത്തരം വിദൂര സാധ്യതകളെയും അപഭ്രംശങ്ങളെയും കൂടെ വെയ്ക്കുവാൻ പ്രാപ്തിയുള്ള ഒന്നായിരിക്കണം. എല്ലാത്തരം അബെറേഷനുകളെയും പരിഗണിക്കാൻ കഴിയുമെങ്കിൽ മാത്രമേ ഒരാൾക്ക് നന്നായ് ചിന്തിക്കാനാകൂ, എഴുതുവാനാകൂ.

നിലവിലെ സംവിധാനത്തെ അഥവാ സിസ്റ്റെത്തെ ശല്യപ്പെടുത്താതെ, ഇത്തരം എല്ലാ ശല്യസാധ്യതകളെയും ഒഴിവാക്കിക്കൊണ്ട് ഒരു എഴുത്തുകാരൻ ചിന്തിക്കേണ്ടി വരും. ഇതൊരുതരം കോഡ് ലാംഗ്വേജ്ജ് ചിന്തയുമായിരിക്കും. ഇന്ന് ഇന്ത്യയിൽ നിയന്ത്രണം ഭയാനകമാണ്. തികച്ചും സ്വതന്ത്രവും നന്നായി വിനിമയം ചെയ്യുവാൻ പ്രാപ്തിയുമുള്ള ഒരു വിഷയത്തെ, ഒരു ഭാഷയെ നമ്മൾ ചിന്തയുടെ ഗർഭപാത്രത്തിൽ വെച്ചേ ഭ്രൂണഹത്യ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു. കാരണം കലാകാരന്റെ സ്വാതന്ത്ര്യം വലിയ ഭീഷണിയാണ് ഉത്പാദിപ്പിക്കുന്നത്. ഇന്നത്തെ ദേശീയതയുടെ ലോകത്ത് ആ ചിന്ത അപകടകരമാം വിധം വളർന്നു വരുമെന്ന് അവർ ഭയക്കുന്നു. ഒരു കുഞ്ഞ് റിസ്ക് ഞാനെഴുതുന്നതിലുണ്ടെന്ന സാധ്യത വരുമ്പോൾ തന്നെ എഴുത്തുകാരന്റെ മുഴുവൻ ചിന്താധാരയും അടഞ്ഞു പോവുന്നു. പരീക്ഷണങ്ങൾ പ്രതിരോധത്തിലാവുന്നു. ഇതാണു ലാർജർ ദേശീയത മുമ്പോട്ട് വെയ്ക്കുന്ന ഏറ്റവും  വലിയ പ്രശ്നം. ലോകത്തെവിടെയും ലാർജർ ദേശീയതകൾ ഏകശിലാരൂപകം ആയാണ് നിൽക്കുന്നത്. അപ്രകാരം വരുമ്പോൾ ചിന്ത, എഴുത്ത്, പ്രതീക്ഷകൾ, സാധ്യതകൾ എന്നിവയൊക്കെ ഈ ഏകശിലാരൂപത്തിലേക്ക് പരുവപ്പെടുത്തേണ്ട ബാധ്യത ഓരോ എഴുത്തുകാരനും വരും.

ഇന്ത്യയിലെ കാര്യം, ഹിന്ദി ബെൽറ്റിന്റെ അഥവാ അധികാര ബെൽറ്റിന്റെ ഒരു പരിസരത്ത് മാത്രമേ ചിന്തയെ വെക്കുവാൻ പറ്റുകയുള്ളു. ചിന്തയുടെ വൈവിധ്യത്തെ, വൈജാത്യത്തെ ഇത് തകർത്ത് കളയും. സ്വാഭാവികമായ് എഴുത്തിന്റെ  വൈവിധ്യം ആദ്യമേ തകർന്നു പോകും. ഉപസംസ്കാരങ്ങളുടെ (ഉപദേശീയത എന്ന പദത്തിലെ ശരിയില്ലായ്മകൊണ്ടാണു ഈ ബദൽ ഉപയോഗിക്കുന്നത്) ആവിഷ്കാരങ്ങൾ അധികാരഘടനയിൽ മുഖ്യസംസ്കാരം എന്ന സ്ഥാനത്ത് നിൽക്കുന്ന, എന്നാൽ സംസ്കാരിക ഘടനയിൽ അത്തരത്തിലൊരു അപ്രമാദിത്യവും ഇല്ലാത്ത ഒരു ബെൽറ്റിനോ വ്യവസ്ഥയ്ക്കൊ വേണ്ടി പരുവപ്പെടുത്തുകയാണ്. ഹിന്ദി ഭാഷ നോക്ക്, കവിതയും സാഹിത്യവുമൊക്കെ ദുർബലവും ശുഷ്കവുമായ ഭാഷകളിലൊരെണ്ണം. അതിന്റെ ഉത്പന്നങ്ങൾ പരിമിതവും പരിതാപകരവുമാണ്. എന്നാൽ ഇന്ത്യയിൽ അതൊരു റെഫെറെൻസ് സ്കെയിൽ ആയി മാറുന്നു. ലാർജെർ ദേശീയത – റെഫെറെൻസ് സ്കെയിൽ ആയിമാറുന്നതോടെ ഈ ദേശീയതയ്ക്ക് എതിരു നിൽക്കുന്ന ഒരു കാര്യത്തെ പറ്റി സംസാരിക്കുന്നത് നേരിട്ട് ഭീഷണമായ് വന്നില്ലെങ്കിലും ചിന്തയ്ക്കു മേൽ കടന്നു കയറ്റം ഉണ്ടാക്കുന്നു.

എഴുത്തുകാർ പൊതുവെ ദുർബലരാണ്. അതുകൊണ്ടാണു ഇടക്കിടെ വീരവാദങ്ങളും ധീര ധീര സ്റ്റേറ്റ്മെന്റുകളും നടത്തിക്കൊണ്ടിരിക്കുന്നത്. ഭയപ്പെടുന്ന ആർട്ടിസ്റ്റ്, ദുർബലനും സ്ഫടികം പോലെ ഫ്രജൈലുമായ ആർട്ടിസ്റ്റ്, താൻ ഉത്പാദിപ്പിക്കുന്നത് നിലവിലെ സംസ്കാരിക സാമൂഹിക അധീശത്വങ്ങൾക്ക് എതിരാകുമെന്ന് ഭയന്ന് എഴുത്തിനെ കൺഫേർമിസ്റ്റാക്കുന്നു. പാകപ്പെടുത്തുന്നു. പരുവപ്പെടുത്തുന്നു. ഭയം പാകപ്പെടുത്തിയുണ്ടാക്കുന്ന സൃഷ്ടികൾക്ക് വക്കീൽ നോട്ടീസ്സിന്റെയോ ആധാരമെഴുത്തിന്റെയോ സ്വഭാവമായിരിക്കും. അതിനു സാഹിത്യസൃഷ്ടിയോ കലാസൃഷ്ടിയോ ആകൽ അത്ര എളുപ്പമല്ല. ചരിത്രത്തിൽ അത്തരം അസംഖ്യം സൃഷ്ടികൾ നമുക്ക് കാണാം. ചരിത്രമെന്നത് കൺസ്റ്റ്രെയിൻഡായ കലാസൃഷ്ടികളുടെ കൂമ്പാരമാണ്.

ബുദ്ധിയേറെയുള്ള കലാകാരന്മാർ സ്വാതന്ത്ര്യത്തെ ഗൂഢമായ് ഒളിപ്പിച്ച് സൃഷ്ടികൾ ഉണ്ടാക്കും. ജനാധിപത്യ സമൂഹത്തിനു മുമ്പുള്ള സമൂഹങ്ങളിലും വെളിയിലുള്ള സമൂഹങ്ങളിലും കല നിഗൂഢാത്മകതയിൽ അതിഷ്ഠിതമാണെന്നു കാണാം. ഗൂഡമല്ലെങ്കിൽ പരന്ന, ബാഹ്യമായ കലാസൃഷ്ടികൾ മാത്രമേ ഉണ്ടാകൂ. നിലവിലുള്ള അധികാരഘടനയെ പ്രത്യക്ഷത്തിലെതിർക്കുവാനോ അതിനകത്ത് പ്രതിരോധത്തിന്റെയോ എതിർപ്പിന്റെയോ വിദൂരസാധ്യതയെ വ്യാഖ്യാനിക്കാനുള്ള സാധ്യതപോലും, അത്തരം സമൂഹങ്ങളിൽ തലപോകുന്ന ഭീഷണിയാണ്. ഇത്തരം അപകട സാധ്യതകളെ മറികടക്കലായിരുന്നു ഒരു കാലത്ത് കലയുടെ പ്രസക്തി. ഇറാനിൽ നിന്നിറങ്ങുന്ന സിനിമകൾ നോക്കൂ. ജനാധിപത്യ സമൂഹങ്ങളിൽ കല ദുർബലമാകാനും കാരണമിതാണ്. കലയുടെ പ്രച്ഛന്നരൂപങ്ങളില്ലതെ മനുഷ്യർക്ക് നേരിട്ട് സംസാരിക്കാം, എതിർപ്പുകളുയർത്താം, രാഷ്ട്രീയത്തെ അഡ്രെസ്സ് ചെയ്യാം. അതുകൊണ്ട് വികസിച്ച ജനാധിപത്യ സമൂഹങ്ങളിലെ കലയിൽ നേരിട്ടുള്ള രാഷ്ട്രീയത്തിന്റെ അംശങ്ങൾ പൊതുവെ കുറവായിരിക്കും. എന്നാൽ ഇടുങ്ങിയ സമൂഹങ്ങളിൽ കല കൂടുതൽ ഗുപ്തവും ഗൂഢവും രഹസ്യാത്മകവും ശക്തവുമായിരിക്കും. അണുകിരണങ്ങളെന്ന പോലെ ശക്തമായ രാഷ്ട്രീയത്തെ അവ സ്ഫുരിപ്പിക്കും. ഗുപ്തതയിലേക്ക് സഞ്ചരിക്കൽ ചിന്തകന്റെ വലിയ പ്രശ്നമാണ്.

തൊട്ടുമുന്നിലെത്തിയ  ഇരുട്ടിനെ തിരിച്ചറിയാന്‍ വൈകരുത്

​സുസ്മേഷ് ചന്ത്രോത്ത്  

ഇത് ഘട്ടം ഘട്ടമായുള്ള പേടിപ്പിക്കലുകളുടെ ഒരു അവസ്ഥ മാത്രമാണ്. അതിനിത്ര വേഗത കൈവരിക്കാനായത് ഉപരിവര്‍ഗ്ഗ, മദ്ധ്യവര്‍ഗ്ഗ മലയാളിയുടെ കൈയില്‍ നവമാധ്യമശൃംഖല ലളിതമായതോടെയാണ്. ഫേസ്ബുക്കും വാട്‌സ്ആപ്പുമില്ലായിരുന്നെങ്കില്‍ മീശയ്‌ക്കെതിരെയുള്ള സംഘടിത, സംയുക്ത ആക്രമണം ഇത്രകണ്ട് അസഹിഷ്ണുതയെ വാരിപ്പുണര്‍ന്ന് മുന്നോട്ടു കുതിക്കുകയില്ലായിരുന്നു. ​ഒന്നും സംഭവിക്കുകയില്ലെന്നും വെറുതെ ജപിച്ചിരുന്നാല്‍ തൊട്ടുമുന്നിലെത്തിയ ഇരുട്ടിനെ തിരിച്ചറിയാന്‍ വൈകിയതിന്റെ കൊടിയ വില കൊടുക്കേണ്ടിവരും. ഇരയെ ഭയപ്പെടുത്തി തനിക്ക് വശംവദരാക്കുകയെന്ന ഫാസിസത്തിന്റെ തന്ത്രത്തെ അതിജീവിക്കാന്‍ ഒന്നിച്ചുനിന്നെങ്കില്‍ മാത്രമേ സാധിക്കൂ എന്ന് കഥാകൃത്ത് സുസ്മേഷ് ചന്ത്രോത്ത് 

നോവിലിലെ രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണത്തെ ചൊല്ലി സംഘടിക്കുന്നത് സാധാരണക്കാര​ല്ല. സംഘടിപ്പിച്ചെടുക്കുന്ന ഒരു പറ്റം മനുഷ്യരാണ് സാധാരണക്കാരുടെ പ്രതിച്ഛായ സ്വീകരിച്ച് വ്രണപ്പെട്ട മതവികാരത്തിന് പകരം ചോദിക്കാന്‍ മുന്നോട്ടുവരുന്നത്. ഇത്തരത്തില്‍ സംഘടിപ്പിച്ചെടുക്കുന്ന ആള്‍ക്കൂട്ടം വായിക്കുന്നവരോ ചിന്തിക്കുന്നവരോ ആകുകയില്ല. 

എസ് ഹരീഷ് കൂടി പങ്കെടുക്കേണ്ടിയിരുന്ന ഒരു സാഹിത്യ പരിപാടിക്കിടയില്‍ വച്ചാണ്, അനവധി ഹിന്ദു സംഘടനകളുടേയും വര്‍ഗ്ഗീയ രാഷ്ട്രീയ ശക്തികളുടേയും മതവിശ്വാസികളുടേയും എതിര്‍പ്പിന്റെ ഫലമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനും എസ് ഹരീഷിനും മീശ എന്ന നോവല്‍ ആഴ്ചപ്പതിപ്പിലെ തുടര്‍ പ്രസിദ്ധീകരണത്തില്‍നിന്നും പിന്‍വാങ്ങേണ്ടിവന്നതായ സന്ദര്‍ഭത്തെപ്പറ്റി അറിയാനിടയായത്. 

മീശ എന്ന നോവിലിലെ രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണത്തെ ചൊല്ലി സംഘടിക്കുന്നത് സാധാരണക്കാരാണെന്ന് ഞാന്‍ കരുതുന്നില്ല. സംഘടിപ്പിച്ചെടുക്കുന്ന ഒരു പറ്റം മനുഷ്യരാണ് സാധാരണക്കാരുടെ പ്രതിച്ഛായ സ്വീകരിച്ച് വ്രണപ്പെട്ട മതവികാരത്തിന് പകരം ചോദിക്കാന്‍ മുന്നോട്ടുവരുന്നത്. ഇത്തരത്തില്‍ സംഘടിപ്പിച്ചെടുക്കുന്ന ആള്‍ക്കൂട്ടം വായിക്കുന്നവരോ ചിന്തിക്കുന്നവരോ ആകുകയില്ല. അത് വിശാലഹിന്ദു എന്ന ഐക്യത്തെ പ്രതിനിധീകരിക്കാന്‍ നിയുക്തരാക്കപ്പെട്ടവരാണ്. ഈ വിശാലഹിന്ദു ഉണ്ടായത് ഇവിടെ ജാതിക്കൊടുമ ഇല്ലാതായപ്പോഴാണ്. അതെപ്പോഴാണ് വിശാലഹിന്ദുവിന്റെ ബാനറിനു കീഴില്‍ മുണ്ടുമടക്കിയുടുത്ത് നില്‍ക്കുന്ന അടിസ്ഥാനവര്‍ഗ്ഗം, ദളിത് വിഭാഗം തിരിച്ചറിയുന്നത്? തങ്ങള്‍ ഒറ്റപ്പെട്ടവരും ഇന്നും അധകൃതരുമാണെന്ന് അവര്‍ തിരിച്ചറിയാത്തിടത്തോളം കാലം വിശാലഹിന്ദു എന്ന ലേബല്‍ കേരളത്തില്‍ വിജയിക്കും. അതിന്റെ കൂടെ നില്ക്കാന്‍ ആളുണ്ടാവും. അവരെ ചേര്‍ത്തുനിര്‍ത്തി ലക്ഷ്യം നിറവേറ്റാനാണ്, അത് വിജയിപ്പിക്കാനാണ് ഇത്തരം കൊലവിളികളുടെ അണിയറശില്പികള്‍ കേരളത്തിലെ ഹിന്ദുക്കളില്‍ ദൈവത്തെയും മതത്തേയും കൂട്ടുപിടിച്ചുള്ള കലാപങ്ങള്‍ക്ക് അരങ്ങൊരുക്കുന്നത്. 

ശരിക്കാലോചിച്ചാല്‍ ഇതൊന്നും, മീശയെ ചൊല്ലിയുണ്ടാകുന്ന വിവാദങ്ങളൊന്നും, സാധാരണക്കാരന്റെ പ്രശ്‌നമല്ല. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രശ്‌നവുമല്ല. കാരണം, ഈ സാധാരണക്കാരും അടിസ്ഥാനവര്‍ഗ്ഗവും കൂടിയാണ് കാലാകാലങ്ങളില്‍ കേരളത്തില്‍ തുള്ളലും സാമൂഹിക നാടകങ്ങളും കഥാപ്രസംഗങ്ങളും വിജയിപ്പിച്ചിട്ടുള്ളത്. അല്ലാത്തവര്‍ അമര്‍ഷം ഉള്ളിലൊതുക്കി മിണ്ടാതിരിക്കുകയാണ് ചെയ്തത്. അവരാണ് ഭൂരിപക്ഷം. തുള്ളലിലും രാഷ്ട്രീയ സാമൂഹിക നാടകങ്ങളിലും അതത് കാലത്തെ വ്യവസ്ഥിതിക്കു നേരെ രൂക്ഷമായ വിമര്‍ശനം നടത്തിയിട്ടുള്ളതും ഈ പാവപ്പെട്ട കലാകാരന്മാരും അവരെ കാണാന്‍ ചെന്നിരുന്ന സാധാരണക്കാരുമായിരുന്നു. അന്ന് മറഞ്ഞുനിന്ന ഭൂരിപക്ഷമാണ് ഇന്ന് വാളെടുത്ത് മുന്നോട്ടുവരുന്നത്. ഇതിന്റെ ഭാഗമായി വാദിക്കാം, ഇന്നുള്ളത് അന്നത്തെ കേരളമല്ലെന്ന്. അങ്ങനെ പറയാന്‍ വരട്ടെ. അന്നത്തെ കേരളം തന്നെയാണിന്നും. അന്നത്തെ മലയാളി എങ്ങും പോയിട്ടില്ല. അതായത് അന്നും ഒരു ന്യൂനപക്ഷമാണ് പുരോഗമന പക്ഷത്തുനിന്നിട്ടുള്ളത്. ബാക്കിവരുന്ന ഭൂരിപക്ഷം നാരായണഗുരു മുതല്‍ ഇ. എം. എസ് വരെയുള്ള നവോത്ഥാന ദേശീയ പുരോഗമന വാദികളും സോഷ്യലിസ്റ്റുകളുമായ നേതാക്കന്മാരെ കൊഞ്ഞനം കുത്തിക്കൊണ്ട് മാറിനില്‍ക്കുകയായിരുന്നു. 

അത് വ്യക്തമായത് അടുത്ത കാലത്ത് നവസാമൂഹിക മാധ്യമങ്ങള്‍ ഇത്ര ശക്തമായപ്പോഴാണ്. ഫേസ് ബുക്കും വാട്‌സ്ആപ്പും ജനകീയവും സക്രിയവുമായ ഘട്ടത്തിലാണ് അവരുടെ തനിനിറം പുറത്തുവന്നുതുടങ്ങിയത്. മനുഷ്യനെ സൃഷ്ടിച്ച നൂറ്റാണ്ടെന്നൊക്കെ ഈ ശതകത്തെ വിശേഷിപ്പിക്കാമെങ്കിലും അതൊക്കെ വെറുമൊരു സങ്കല്‍പ്പം മാത്രമായിരുന്നുവെന്നും ജാതിവെറികളുടേയും ഉച്ചനീചത്വങ്ങളുടേയും കെട്ടനാറ്റത്തില്‍നിന്നും മലയാളി തരിമ്പും മാറിയിട്ടില്ലെന്നും നാമറിഞ്ഞത് നവമാധ്യമങ്ങള്‍ സജീവമായപ്പോഴാണ്. പുരോഗമനത്തിന്റെയും സോഷ്യലിസത്തിന്റേയും ചുവന്ന ഉടുപ്പിന്റെ ഉള്ളില്‍ മലയാളിയിട്ട കാവിയുടേയും പച്ചയുടേയും മറ്റ് വര്‍ഗ്ഗീയഫാസിസത്തിന്റെയും അടിയുടുപ്പുകള്‍ നാം തിരിച്ചറിഞ്ഞത് സങ്കുചിത ജീര്‍ണ സ്വരൂപങ്ങളില്‍ മലയാളി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടിയപ്പോഴാണ്. അതുകൊണ്ട് സംസ്‌കാരത്തിനെതിരെയുള്ള പോരാട്ടം എന്ന് പ്രചരിപ്പിക്കപ്പെടുന്ന ഈ വൈകാരികനാടകം പെട്ടെന്ന് രൂപപ്പെട്ടു വന്നതാണെന്ന് കരുതുക വയ്യ. ഈ നാടകത്തെ ഏറ്റെടുക്കാന്‍ , ഇതിനെ കലാപമാക്കി മാറ്റിയെടുക്കാന്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള മലയാളി കാത്തിരിക്കുകയായിരുന്നു. ഇതിന് ഇനി വംശീയതയുടെ നിറം വരും. വംശശുദ്ധീകരണത്തിന്റെ അടര്‍ക്കളവും വൈകാതെ രൂപപ്പെടും. അപ്പോഴാണ് വിശാലഹിന്ദുവില്‍ അവര്‍ണനും വനവാസിയും മുക്കുവനും ഒന്നുമുണ്ടാവുകയില്ലെന്ന് അവര്‍ തിരിച്ചറിയുക. 

ഇത് ഘട്ടം ഘട്ടമായുള്ള പേടിപ്പിക്കലുകളുടെ ഒരു അവസ്ഥ മാത്രമാണ്. അതിനിത്ര വേഗത കൈവരിക്കാനായത് ഉപരിവര്‍ഗ്ഗ, മദ്ധ്യവര്‍ഗ്ഗ മലയാളിയുടെ കൈയില്‍ നവമാധ്യമശൃംഖല ലളിതമായതോടെയാണ്. ഫേസ്ബുക്കും വാട്‌സ്ആപ്പുമില്ലായിരുന്നെങ്കില്‍ മീശയ്‌ക്കെതിരെയുള്ള സംഘടിത, സംയുക്ത ആക്രമണം ഇത്രകണ്ട് അസഹിഷ്ണുതയെ വാരിപ്പുണര്‍ന്ന് മുന്നോട്ടു കുതിക്കുകയില്ലായിരുന്നു. അതിനുള്ള വാര്‍ത്താവിതരണ സൗകര്യം മുമ്പില്ലാതിരുന്നു. ഇന്നുണ്ട്. അതുപയോഗിക്കാന്‍ അവസരം നോക്കിയിരിക്കുന്നവര്‍ക്ക് അതാകുന്നുമുണ്ട്. അതില്‍ ഭൂരിപക്ഷവര്‍ഗ്ഗീതയുടേയും ന്യൂനപക്ഷവര്‍ഗ്ഗീതയുടേയും അധികാരികള്‍ ഒരുപോലെയുണ്ട്. 

വര്‍ഗ്ഗീയ ഫാസിസം അതിന്റെ പല്ലും നഖവും പ്രയോഗിക്കുന്നത് പല രൂപത്തിലാണെന്ന് സമീപകാലത്ത് കേരളത്തിലും നാം കണ്ടു കഴിഞ്ഞു. കുരീപ്പുഴ ശ്രീകുമാറിനെ മര്‍ദ്ദിക്കുന്നതും അഭിമന്യുവിനെ കൊല്ലുന്നതും സക്കറിയയെ ക്രൂശിക്കുന്നതും എല്ലാം വര്‍ഗ്ഗീയ ഫാസിസത്തിന്റെ പേയിളകിയ സാന്നിദ്ധ്യത്തെ മാത്രമാണ് വ്യക്തമാക്കുന്നത്. ഇതിനെതിരെ പ്രതിരോധ നിരയുണ്ടാകേണ്ടത് ചരിത്രത്തെ പുനര്‍വായിച്ചുകൊണ്ടും ചരിത്രം മറന്നവരെ അതോര്‍മ്മിപ്പിച്ചുകൊണ്ടും വേണം. കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ നാടാണെന്നും ഇടതുപക്ഷത്തിന് ഭൂരിപക്ഷവും അധികാരവും ഉള്ള നാടാണെന്നും നമുക്കിടയില്‍ ഗൗരി ലങ്കേഷും പെരുമാള്‍ മുരുകനും ഒന്നും സംഭവിക്കുകയില്ലെന്നും വെറുതെ ജപിച്ചിരുന്നാല്‍ തൊട്ടുമുന്നിലെത്തിയ ഇരുട്ടിനെ തിരിച്ചറിയാന്‍ വൈകിയതിന്റെ കൊടിയ വില കൊടുക്കേണ്ടിവരും. ഇരയെ ഭയപ്പെടുത്തി തനിക്ക് വശംവദരാക്കുകയെന്ന ഫാസിസത്തിന്റെ തന്ത്രത്തെ അതിജീവിക്കാന്‍ ഒന്നിച്ചുനിന്നെങ്കില്‍ മാത്രമേ സാധിക്കൂ. ഒന്നാം ലോക മഹായുദ്ധകാലത്തെ ചാരസാന്നിദ്ധ്യമെന്ന് കുപ്രസിദ്ധി നേടിയ മാതാഹരിയുടെ ഛായയുമായി ഭാഷാപോഷിണിയില്‍ ടോം. ജെ. വട്ടക്കുഴി അന്ത്യഅത്താഴത്തിന് ചിത്രകാരന്റെ സ്വാതന്ത്ര്യത്തില്‍ നിന്നുകൊണ്ട് ദ്യശ്യവ്യാഖാനം ചമച്ചപ്പോള്‍ മലയാള മനോരമയ്ക്ക് ചെയ്യേണ്ടിവന്നതും മറ്റൊന്നല്ല. ടോം ജെ. വട്ടക്കുഴിയെ പുറത്താക്കി മനോരമയ്ക്ക് വിശ്വാസികളില്‍ നിന്നും രക്ഷ നേടേണ്ടിവന്നു. മാസങ്ങള്‍ക്കിപ്പുറം, ഇപ്പോള്‍ ഒരുപടി കൂടി കടന്ന് ഹരീഷിന് തന്നെ തന്റെ നോവല്‍ പിന്‍വലിക്കേണ്ടതായി വന്നിരിക്കുന്നു. വാസ്തവത്തില്‍ ഉണ്ടാവേണ്ടിയിരുന്നത് ആ നോവലിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തെ ചൊല്ലി, അല്ലെങ്കില്‍ ആ ചിത്രത്തെച്ചൊല്ലി വായനാലോകം നടത്തേണ്ട ആശയപരമായ തര്‍ക്കമാണ്. അത്തരത്തിലുള്ള തര്‍ക്കത്തിനുള്ള ഇടത്തെ ഇല്ലാതാക്കാന്‍ കാലങ്ങളായി കൊതിച്ചിരുന്ന ജീര്‍ണ്ണമലയാളിയുടെ ഭൂരിപക്ഷമാണ് ഇപ്പോള്‍ മുണ്ട് മാടിക്കുത്തിയിറങ്ങിയിരിക്കുന്നതെന്ന് തിരിച്ചറിയുക. അതിനാല്‍ നാം മനുഷ്യനെ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ട മഹാശയന്മാരുടെ പിന്മുറക്കാരാണെന്ന് ദുഖത്തോടെ തിരിച്ചറിയാം. 

എന്തും ചെയ്യാന്‍ കരുതിക്കൂട്ടി വരുന്ന സവിശേഷബുദ്ധിയില്ലാത്ത ആള്‍ക്കൂട്ടത്തിനു മുന്നില്‍ തോറ്റുപോകുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പും എസ്. ഹരീഷുമാണെന്ന് ഞാന്‍ കരുതുന്നില്ല. തോറ്റുപോയത്, ഈ സാഹചര്യത്തിലേക്ക് നമ്മളെ എത്തിച്ച മഹാശയന്മാരാണ്. മലയാളിയെ മനുഷ്യനാക്കിയ നൂറ്റാണ്ടിന് വിത്തിട്ട മഹാമനീഷികള്‍. നൂറ്റാണ്ടുകള്‍ കടന്നു ഇനിയും പ്രോജ്വലിക്കുമെന്ന് അവര്‍ വിഭാവന ചെയ്ത സംസ്‌കാരമാണ് സമീപകാലത്തെ ഏതാനും വര്‍ഷങ്ങളുടെ ഫലമായി ഇന്ന് നശിച്ചുപോയത്. നമുക്ക്, ചിന്താശേഷിയും വകതിരിവുമുള്ള സാധാരണക്കാര്‍ക്ക് ശിരസ്സ് കുനിക്കേണ്ടിവന്നത് ഇങ്ങനെ സംഭവിച്ചതിലാണ്. നമ്മളതിന് സാക്ഷിയാകേണ്ടിവന്നതിന്റെ കറ നമ്മളുള്ളിടത്തോളം കാലം നമ്മില്‍നിന്നും മായുകയില്ല. 

കേരളത്തിന്റെ, മലയാളിയുടെ രൂപീകരണം എവിടെ മുതലാണ് ? കൃത്യമായി കണക്കാക്കിയാല്‍ പത്തൊമ്പതാം ശതകത്തിന്റെ ആരംഭത്തിലാണ്, അതായത് 1800 ല്‍, ബ്രിട്ടീഷുകാരുടെ അധീനത്തിലേക്ക മലബാര്‍ എന്ന നാട്ടുരാജ്യം ചേരുന്നത് മുതലാണെന്ന് കാണാം. കൊച്ചിയും തിരുവിതാംകൂറും ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മയെ അംഗീകരിക്കുന്നതും അതോടെയാണല്ലോ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഭാരത മഹാജനസഭ 1885 ല്‍ സ്ഥാപിതമായി. ദേശീയ പ്രസ്ഥാനത്തിന്റെ വിത്തു ഇന്ത്യന്‍ മണ്ണില്‍ വീഴുന്നതോടെ കേരളീയര്‍ക്ക് നാം ഇന്ത്യയുടെ ഭാഗമാണെന്ന ആദ്യത്തെ ബോധം തലയില്‍ വന്നു. അതായത്, ഇന്ന് ഹൈന്ദവ സംഘടനകള്‍ ആക്രോശിക്കുന്ന ഹിന്ദുദേശീയതയുടെ ഭാഗമായി നാം മാറിയിട്ട് ഒരു നൂറ്റാണ്ടിന്റെ ആയുസ്സേ ആയിട്ടുള്ളുവെന്നര്‍ത്ഥം. അതുവരെ തിരുവിതാംകൂറിലും കൊച്ചിയിലും ജാതിപ്രശ്‌നങ്ങള്‍ കൊടുമ്പിരി കൊള്ളുകയായിരുന്നു. മതം അവിടെ ഒരു ചര്‍ച്ചയായിരുന്നില്ല. മലബാറിലാവട്ടെ, ഈ ജാതിബോധം വേരുപിടിച്ചിരുന്നുമില്ല. ഇങ്ങനെ ജാതിയാല്‍ നശിച്ചു പോകാന്‍ വെമ്പിനിന്ന ഒരു സമൂഹത്തെയാണ് നവോത്ഥാനശില്പികള്‍ മാനാഭിമാനവും ജീവഭയവും ദാരിദ്ര്യവും മാറ്റിവച്ച് ഉണര്‍ത്തിയെടുക്കാന്‍ നോക്കിയത്. അയ്യാ വൈകുണ്ഠസ്വാമികളും ചട്ടമ്പിസ്വാമികളും വാഗ്ഭടാനന്ദനും ശ്രീനാരായണഗുരുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും മന്നത്ത് പത്മനാഭനും വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും പണ്ഡിറ്റ് കെ. പി കറുപ്പനും സന്യാഹുല്ലാ മക്തി തങ്ങളും വി. ടി ഭട്ടതിരിപ്പാടും ഒക്കെച്ചേര്‍ന്നാണ് കേരളത്തിന്റെ മണ്ണിനെ സാംസ്‌കാരികമായി പാകപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം ഗുണ്ടര്‍ട്ടും ബെഞ്ചമിന്‍ ബെയ്‌ലിയും തോമസ് നോള്‍ട്ടണും ഉള്‍പ്പെടുന്ന വലിയ സംഘം മിഷണറിമാരുമുണ്ട്. പാശ്ചാത്യ വിദ്യാഭ്യാസത്തിന് വഴി തെളിച്ച ജസ്യൂട്ട് മിഷണറിമാരും ഉന്നത വിദ്യാഭ്യാസത്തിന് തുടക്കമിട്ട ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും മൂന്നായി കിടന്ന നാട്ടുരാജ്യങ്ങളെ ഭാഷാപരമായി ഏകോപിപ്പിക്കുന്നതിനും സാംസ്‌കാരികമായി നവീകരിക്കുന്നതും ഒട്ടേറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. 

കേരളത്തിലെ നാട്ടുരാജ്യങ്ങളില്‍ ദുരമൂത്ത് നിന്നിരുന്ന ജാതിഭ്രാന്ത് ഇല്ലാതായില്ലായിരുന്നെങ്കില്‍, നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം കമ്യൂണിസം കൂടി ത്വരിതപ്പെടുത്തി ജന്മിത്വം ഇല്ലാതാക്കിയില്ലായിരുന്നുവെങ്കില്‍, ഇന്ന് ഹൈന്ദവനെന്ന് ആക്രോശിക്കാന്‍ അണികളെ കിട്ടില്ലായിരുന്നു സംഘപരിവാര രാഷ്ട്രീയത്തിന്. ഹിന്ദു എന്ന ബോധത്തിലേക്ക് മലയാളി വന്നെത്തിയത് ഈ നാട്ടില്‍ ജാതി ഇല്ലാതായതോടെയാണ്. പൂര്‍ണമായും ഇന്നും ഇല്ലാതായിട്ടില്ലാത്ത ജാതിയാണ് കേരളത്തിലങ്ങോളമിങ്ങോളം അവര്‍ണരെ ദുഖാകുലരാക്കിയും പതിതരാക്കിയും അവശേഷിപ്പിച്ചുനിര്‍ത്തുന്നതെന്നതൊരു വലിയ സത്യമാണല്ലോ. ഇതറിയാത്തവരല്ല ഇന്ന് ഹൈന്ദവരെന്ന് ഊറ്റം കൊള്ളുന്ന സവര്‍ണ ജാതിക്കാര്‍. അവരുടെ കൂട്ടത്തില്‍ കീഴാളനില്ല. മിശ്രവിഹാഹിതനില്ല. ശാസ്ത്രയുക്തിയോടെ ചിന്തിക്കുന്നവനില്ല. കീഴാളന്‍ ഇന്നും സവര്‍ണ ഹിന്ദുവിന്റെ കണ്ണില്‍ ഉത്തമഹിന്ദുവല്ല. കീഴാളനും വനവാസിയും കടലോരവാസിയും ഇന്നും മലയാളിക്ക് മനുഷ്യന്‍ പോലുമല്ല. അവനെ ‘അഡ്ജസ്റ്റ് ‘ ചെയ്യുന്നു എന്നേയുള്ളൂ. ഇതാണ് യാഥാര്‍ത്ഥ്യം. കേരളത്തെ ഉത്തരേന്ത്യയും മദ്ധ്യേയിന്ത്യയും ആക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സംഘശക്തികളുടെ നേതൃത്വത്തിന്, കണ്ണില്ലാത്ത ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കാനുള്ള ബുദ്ധിയുണ്ട്. അവരുടെ ഇന്നലെകളെ ഓര്‍മ്മിപ്പിച്ചുകൊടുക്കാന്‍ ആളില്ലാത്തിടത്തോളം കാലം ഹിന്ദു എന്ന ദേശീയ ബോധത്തിനു വേണ്ടി ഈ ചരിത്രബോധമില്ലാത്ത ജനത പോരാടും. അതാണിവിടെ കാണുന്നത്.