ജനിക്കുമ്പഴേക്കും വീണു ചാകുന്ന ഓരോ അച്ചിങ്ങകളെയും
നിറയെ നേരമുള്ള കാൽപാദം കൊണ്ട് തട്ടിക്കളിച്ചും,
മിനുസമുള്ള ഉള്ളംകൈയിൽ അമ്മാനമാടിയും
ഒരു ബാല്യകാലം ഉരുണ്ട് പോകുന്നു.
തെങ്ങുകയറ്റക്കാരനെ കാണാതെ മറഞ്ഞതോ
തെങ്ങുകയറ്റകാരൻ കാണാതെ പോയതോ
ആയ സുന്ദരി തേങ്ങകൾ
അതേ ഇരിപ്പിലെ ഋതുഭേദങ്ങൾക്ക് ശേഷമാവണം
ഉൾജലം വറ്റി തന്റെ തലമുറകൾ
ചാടി മരിച്ച അതേ തീ നിലത്തിലേക്ക്
അടർന്നു വീഴുന്നത്.
മരണം വരിക്കുന്നത്.
ഇതിനിടയിൽ ഒരു ജീവിതമുണ്ട്,
തെങ്ങുകയറ്റകാരനും തേങ്ങകളും തമ്മിലുള്ള ദാമ്പത്യം.
ഞാനത് പറയാം.
അരുവിയോരങ്ങളിൽ, തെങ്ങുനിറയുന്ന സുന്ദരികൂട്ടത്തിലേക്ക് ദൂരെനിന്നും
ഇളനീർകണ്ണുള്ള ഒരാൾ
തളപ്പിട്ട് വരുന്നു.
ഭൂമിക്കും ആകാശത്തിനുമിടയിലുള്ള ഒരു സുന്ദരദ്വീപിലേയ്ക്ക്
അയാൾ കയറിപോകുന്നു.
തളപ്പിട്ട കാലുകൾ തെങ്ങിൽ മുറുകുമ്പോൾ
വേരുകൾ അതിന്റെ എല്ലാശക്തിയുമാഴ്ത്തി
മണ്ണിലമർന്നു കിടക്കുo.
തന്റെ മക്കളെ കാണാൻ വരുന്നൊരു കല്യാണചെക്കനെ പോലെ
തെങ്ങ് അയാളെ കാക്കുന്നു.
വഴിയിൽ തടസമാകുന്ന പഴയ ഓർമ്മകളെ
വലിച്ചിട്ട് ഒറ്റകയറ്റമാണ്.
ജന്മം മുതൽ
മഴക്കും വേനലിനും മുകളിൽ സുന്ദരികളെകാത്ത പച്ചമുടിയോലകളെ വിട്ട്
തേങ്ങകൾ അയാൾക്കൊപ്പം
ഭൂമിയിലേക്ക് പോകുന്നു.
തെങ്ങാരുകയറി ചുവന്നു തഴമ്പിച്ച
വലംകൈ കൊണ്ട്
ഓരോ തേങ്ങകളെയും അയാൾ തട്ടിവിളിക്കുന്നു.
നിറഞ്ഞു നിൽക്കുന്ന ഇളനീർ കണ്ണുകളിലേക്ക്
സ്നേഹം കൊണ്ട് പാകമാകുന്നവർ
കൂടെ പോകുന്നു.
ഒത്തിരിപേർ മറ്റൊരാൾക്ക് വേണ്ടി കാത്തിരിക്കുന്നു.
ഏറ്റവുമൊടുവിൽ
തന്റെ ഇഷ്ട്ടക്കാരെയോർത്ത്
തെങ്ങോലകൾക്കിപ്പുറത്തുനിന്നും ഇറങ്ങിവന്ന
സുന്ദരികളെ
മുതലാളിമാർക്ക് കൊടുക്കേണ്ട ഗതികേടിൽ
അയാൾ വിയർത്തുകുളിക്കുന്നു.
അന്യവൽക്കരണ്ണത്തിന്റെ
വേദനപൂണ്ടയാൾ
ഒട്ടും കൈവിടാനാകാത്ത
രണ്ട് സുന്ദരികളെ കൂടെ കൊണ്ട് പോകുന്നു.
വിയർത്തുരുണ്ട ഭൂമിയിൽ തേങ്ങകൾ വെയിലുകൊണ്ട് നടന്നു.
മറ്റൊരാളുടെ രുചിയിലേക്ക് ഒരേനേരം
നെഞ്ചുവെട്ടിപൊളിഞ്ഞു.
വേരുകൾ വേദന കൊണ്ടു.