തുത്തൻഖാമന്റെ മുഖാവരണം – ഗ്രാമീണ ജീവിതത്തിന്റെ നേർചിത്രം

ശ്രീ സൂനകുമാറിന്റെ തുത്തൻഖാമന്റെ മുഖാവരണം എന്ന കൃതിയിലൂടെ അനാവരണം ചെയ്യപ്പെടുന്നത് ഗ്രാമീണ ജീവിതത്തിന്റെയും കൃത്രിമത്വം ലേശവും കലരാത്ത വാഗ്ധോരണികളുടെയും സമ്മിശ്രാനുഭവങ്ങളാണ്…… ഉള്ളടക്കത്തിലെ അദ്ധ്യായങ്ങളിൽ പലതും കഥാകാരന്റെ ജീവിതത്തോട് ചേർന്നു നിൽക്കുന്നതും ആത്മ കഥാംശം കലർന്ന് നർമ്മത്തിൽ ചാലിച്ചവയുമാണെങ്കിൽ ചുരുക്കം ചില കഥകൾ ഹൃദയം തുളച്ച് കണ്ണിനെ ഈറനണിയിക്കുന്നവയാണ്….

പുകയില്ലാത്ത അടുപ്പ് എന്ന ചെറു കഥയിലെ കുട്ടിയും ചെമ്പിയിലെ ഗർഭിണി പശുവും സൂചിയിലെ അനുവും മനസ്സിനു കഥനത്തിന്റെ ചെറുഭാരമേകുമെങ്കിലും തിരുമേനിയുമൊത്തുള്ള കഥാകാരന്റെ ഇരുചക്രവാഹന യാത്രയിലുടനീളം സഹയാത്രികരായി നർമ്മാസ്വാദനവും നേത്രോല്പലൻമാഷിന്റെ നേന്ത്രക്കുലകളിൽ കഥാകാരന്റെ കുറ്റാന്വേഷണ മനസ്സ് മാഷിൽ സന്നിവേശിപ്പിച്ചിരിക്കുന്നതും രസവും ചിന്തയും കലർന്ന വായനാനുഭവമേകുന്നു….

“ഊഷര മനസ്സിനെ ഉർവ്വരമാക്കാൻ ഉള്ളിൽ പ്രണയം വേണം… ലൈഫിനൊരു പ്രസാദം വേണം.. എന്തിനോടെങ്കിലും അഭിനിവേശം വേണം…. ” എന്നെ ഏറ്റവുമധികം ആകർഷിച്ച കഥാകാരന്റെ പീപ്പിൾ യൂ മേ നോയിലെ സൈക്കോളജിക്കൽ മോട്ടിവേഷൻ ടിപ്പ്…

Cell diggers, ആ പ്രായത്തിൽ കിട്ടേണ്ടതായ പല ആനുകൂല്യങ്ങളും വഴി മാറിയൊഴുകിയത് കാരണം എന്റെ അനുജൻ അനുദിനം ശോഷിച്ചു വന്നു, പാമ്പിനെ റേഷൻ കടയിൽ വച്ച് മറന്നു തുടങ്ങിയ നർമ്മത്തിൽ പൊതിഞ്ഞ വാക്യങ്ങൾ ചുണ്ടിൽ ചെറുപുഞ്ചിരിയേകും…
സിനിമയിലെ സീനുകൾ എന്ന പോലെ ചെറുകഥകളിലെ സംഭവ വികാസങ്ങളെ ഒന്നിനു പുറകെ ഒന്നായി വർണ്ണിച്ച് തീയറ്റർ അനുഭവം നൽകുന്നതിൽ കഥാകാരൻ വിജയം കൈവരിച്ചിരിക്കുന്നു..

ശ്രീ. സൂനകുമാറിന്റെ തൂത്തൻഖാമന്റെ മുഖാവരണം എന്ന ചെറുകഥാ സമാഹാരം നിങ്ങളെ പഴയ കാലത്തിന്റെ ഊടുവഴികളിലൂടെ ഒരിക്കൽ കൂടെ നടത്തും, ഉറപ്പ്…

തുത്തൻഖാമന്റെ മുഖാവരണം (കഥകൾ)
സൂനകുമാർ
മാക്സ് ബുക്സ്, കോട്ടയം

ഗവ. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ. നവമാധ്യമങ്ങളിൽ എഴുതുന്നു