ഇരുൾ നിബിഡമായ
ആമസോൺ വനാന്തരങ്ങളിലെന്നപോലെ
ഒറ്റയ്ക്കിരിക്കുന്നവന്റെ ആകാശം
നിനവുകളുടെ പച്ചപ്പിൽ
കാർമേഘക്കീറുകളാൽ
ചിത്രം വരച്ചവയായിരിക്കും….
ഓർമ്മകൾ പെയ്തൊഴിയുമ്പോൾ
ഒരു വർഷകാലം
അങ്ങകലെയൊരു കഥമെനയും….
ചിന്തകളുടെ മെസ്സപ്പൊട്ടേമിയൻ
കല്ലറകളിൽ നിന്നും
മമ്മിജീവിതങ്ങൾ
സുഗന്ധതൈലങ്ങൾ വാരിപ്പൂശും….
തനിച്ചായാവന്റെ
നഷ്ടസ്വപ്നങ്ങളുടെ
രേതസുകൾ വീണ്ടും
പുനർജനിക്കാനാകാതെ
സ്വയംഭോഗം ചെയ്ത്
നിർവൃതിയടയും….
തിന്നു മടുത്ത പുസ്തകത്തിലെ
ഖലീൽ ജിബ്രാന്റെ
ദേവദാരുമരങ്ങളിൽ
ഇലകൾ കൊഴിയുന്നതും
തളിർക്കുന്നതും
ആകാശമിരുണ്ടു മൂടുന്നതും
മൂകസാക്ഷിയായി
നോക്കിനിൽക്കും….
ഓർമ്മപെയ്ത്തുകളിൽ
നനഞ്ഞൊലിച്ചൊരു ഭൂതകാലം
ഒരിത്തിരിച്ചൂടിനായ്
ഹൃദയത്തിനിറയത്തു
നോവിന്റെ തീയണഞ്ഞ
ഞെരിപ്പോടിൽ വീണ്ടും
കനലുകൂട്ടി ചൂടുകായും….
ജീവിതത്തിന്റെ മൊത്തം
നഷ്ടലാഭങ്ങളുടെ
സംഖ്യകൾ നിരത്തി
കണക്കിൽ പുതിയൊരു
സമവാക്യം രചിക്കും….
ഒറ്റയ്ക്കിരിക്കുമ്പോളൊരുവൻ
വിഹ്വലതകളുടെ ഭൂപടം
മൊത്തമായ് ചുറ്റിക്കാണും.