തണ്ണിമത്തനും അവളും ഞാനും

1.
തണ്ണിമത്തനും എനിക്കുമിടയിൽ
ചില നീക്കുപോക്കുകൾ ആവശ്യമായിരുന്നു.

വിളഞ്ഞുപഴുത്ത
തണ്ണിമത്തൻ കായകൾ
അരുണരക്താണുക്കളെക്കൊണ്ടു
നിറഞ്ഞിരുന്നു.

പിടിവാശിക്കാരിയായ
എൻ്റെ കാമുകിയെപ്പോലെ
ഏതുണക്കിലും തുടുത്ത്
ഉള്ളാകെയത്
മധുരം നിറച്ചിരുന്നു.

വെളുത്ത മാന്നിയിൽ
അവളുടെ ചുണ്ടുകളുടെ രുചിയറിഞ്ഞു.

എങ്കിലും
ഞങ്ങൾ ഇരുവർക്കിടയിൽ
ഒരു തണ്ണിമത്തൻ്റെ സാന്നിദ്ധ്യം
അസ്വസ്ഥജനകമായിരുന്നു
എന്നു പറയാതെ വയ്യ

2.
വഴിയരികിൽ കൂട്ടിയിട്ട തണ്ണിമത്തൻ തോടുകൾ,
കോൺസൺട്രേഷൻ ക്യാമ്പിലെ
തലയോട്ടികളുടെ ഓർമയെഴുതി.
ചിത്രകാരനായ ഒരഡ്മിറൽ
തലയോട്ടികളിൽ നിറങ്ങൾ പൂശി
രസിക്കുമായിരുന്നുവത്രേ!

തണ്ണിമത്തൻ വളർന്ന പാടത്ത്
പുരുഷന്മാരുടെ പഴയ ഷർട്ടുകളിട്ട്
സ്ത്രീകൾ ജോലിയിലേർപ്പെട്ടു.
അവരുടെ പാട്ടുകളും വിശേഷങ്ങളും കേട്ട്
മത്തനുകൾ വിളഞ്ഞു മധുരംവച്ചു.

വിളവെടുപ്പുകാലമായി.
അവരൊത്തിരി തിരക്കിലാരുന്നു.
കാപറിക്കൽ
മണ്ണുതൂത്തുകളയൽ
മകൻ്റെ ഫീസും
മകളുടെ മരുന്നും
ഒരിക്കലും തികയാത്ത പരാതികളുടെ
ഇലപൊതിയൽ.
സ്വയം ദുഷണങ്ങൾ
മുലയിൽ മാത്രം നോക്കുന്ന കച്ചവടക്കാരുടെ
വിലപേശൽ
ഭർത്താക്കൻമാരുടെ.അമർഷങ്ങൾ.
പുരുഷനെന്ന
നിഷ്ഫലമായ ആനന്ദിക്കലുകൾ
കായകൾ വണ്ടികളിൽ നിറഞ്ഞ്
യാത്രയാകുമ്പോൾ

അവർക്കിടയിലൂടെ ഞങ്ങൾ
ബൈക്കിൽ സവാരി ചെയ്തു.

അവൾ ഒരു തണ്ണിമത്തൻ
കയ്യിലെടുത്തിരുന്നു.

3.
ഞങ്ങൾക്കിടയിൽ ഇങ്ങനെയൊന്ന്…
ഒരുകുട്ടിയെപ്പോലെ,
ജാരനെപ്പോലെ,
അവൾക്കു മാത്രം വേണ്ടപ്പെട്ട
അത് നിലകൊണ്ടു. .

4.
ഞങ്ങൾ ഒന്നിച്ച് യാത്രപോയി.
മലമുകളിലെ
സുഖവാസകേന്ദ്രത്തിൽ
തണുപ്പിൽ ഞങ്ങൾക്കിടയിൽ
അതു കിടന്നു,
ഒരു ഗർഭിണി
ഉദരത്തെയെന്ന പോലെ
തണ്ണിമത്തനെ പരിലാളിച്ച്.
അവളുറങ്ങി.

ശ്രദ്ധയോടെ പിറ്റേന്നു പുലർച്ചെ
ഞങ്ങൾ മല കയറി.
ഉച്ചയ്ക്ക് മുൻപ് ഞങ്ങൾ
മുനമ്പിലെത്തി.

മൂടൽമഞ്ഞിലൂടെ നരച്ച സൂര്യൻ
ഞങ്ങളെ നോക്കി.
ആഴം,
ആയിരം കൈകളും
ആയിരം നാവുമായി വിളിക്കുകയാണ്.

ഞങ്ങളെ ചൂഴുന്ന തണുത്തകാറ്റിൽ
അതിൻ്റെ ലഹരിയൂറുന്ന മന്ത്രണം.
ഞാൻ കേട്ടു.

5.
താഴേക്കുള്ള യാത്ര ആരംഭിച്ചു.
കഥകളിലെന്നപോൽ
ഓർമ്മകൾ കാഴ്ചകളായി
പിന്തിരിഞ്ഞു കാണാനാരംഭിച്ചു.
ഗർത്തം
അവളുടെ അമ്മയായി.
നിലം തൊടും മുമ്പ് ഞങ്ങൾ അദൃശ്യരായി

6.
തണ്ണിമത്തൻ മാത്രം
കരിമ്പാറയിൽ തട്ടി ചിതറി.

ചോരയിൽ കുളിച്ച
ഒരു പിഞ്ചുകുഞ്ഞ്
അതിൽ നിന്നും പിടഞ്ഞും
തെന്നിയും
വീണും
ഉയർന്നു.
പിച്ചവച്ച്
അതു മുകളിലേയ്ക്ക് കയറിപ്പോയി.

7.
മുകളിലെമ്പാടും
തണ്ണിമത്തൻ വള്ളികൾ
പടർന്ന്
ആകാശം മൂടിയിരുന്നു.

അവയിലെല്ലാം കായകൾ
അതിവേഗം വളർന്നു.

എൻ്റെ ഭീതിദസ്വപ്നങ്ങളിൽ
അവയൊക്കെയും
ഗ്രഹങ്ങളെപ്പോലെ
ഭ്രമണം ചെയ്തേയിരുന്നു.

ഉള്ളു ചുവന്നതെന്ന മിത്തിനപ്പുറം
ലാവയൊലിച്ച്
പാറകൾ നനഞ്ഞുമലിഞ്ഞും
തുടർന്നു.

കവിയും ചലച്ചിത്ര സംവിധായകനുമായ രാ. പ്രസാദ് , ആലപ്പുഴ ജില്ലയിൽ തകഴി സ്വദേശിയാണ്. ഇല, കടൽ ഒരു കുമിള ,മേഘമൽഹാർ, പ്രേമത്തിന്റെ സുവിശേഷം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരണി എന്ന ചിത്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മണ്ണെഴുത്ത് മാസികയുടെ പത്രാധിപരാണ്.