അഞ്ച് മണിയുടെ ഡെസ്ക് മീറ്റിങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് പതിവുപോലെ സദാനന്ദന് ചേട്ടന് ഓടിയെത്തി. സ്ഥായിയായ ചമ്മല് മുഖത്ത് ഒളിച്ചിരുന്നു.’മനപൂര്‍വമല്ല, കേട്ടോ’ എന്നൊരു അപേക്ഷയും അതിനോടൊപ്പം ഒട്ടിച്ചുവച്ചിരുന്നു. അന്നത്തെ മീറ്റിങ്ങില്‍ എല്ലാവരും വളരെ അസ്വസ്ഥരായിരുന്നു. എം.ഡി പങ്കെടുക്കുന്നു എന്നതായിരുന്നു കാരണം. അത് പതിവുള്ളതല്ല. രാവിലെ നടക്കുന്ന മാനേജ്മെന്റ് മീറ്റിങ്ങില്‍ പതിവായി പങ്കെടുക്കുന്ന എം.ഡി പ്രധാനപെട്ട നയപരമായ തീരുമാനങ്ങള്‍ അറിയിക്കാന്‍ മാത്രമായിരിക്കും സാധാരണ ഡസ്ക് മീറ്റിങ്ങില്‍ എത്തുക. മൂര്‍ത്തിസാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോടെയാണ് സാധാരണ മീറ്റിങ്ങ് തുടങ്ങുന്നത്. പത്രത്തിന്റെ സീനിയര്‍ എഡിറ്ററാണ് മൂര്‍ത്തി സാര്‍. ഭാഷയെ ഉദ്ധരിക്കാന്‍ പത്രം പണ്ട് നടത്തിയിരുന്നതും വലിയ നഷ്ടത്തില്‍ ഒടുങ്ങിയതുമായ ‘സാധകം’ എന്ന മാസികയുടെ പത്രാധിപരായിരുന്നു മൂര്‍ത്തിസാര്‍. വലിയ പണ്ഡിതനും സാത്വികനും. എന്നാല്‍ അതാത് ദിവസത്തെ പത്രത്തെ തലനാരിഴ കീറി വിമര്‍ശിക്കുന്ന റിവ്യു റിപ്പോര്‍ട്ടില്‍ സാക്ഷാല്‍ നരസിംഹാവതാരമായിരുന്നു അദ്ദേഹം.
ജനറല്‍ ഡെസ്കിലെ ശ്യാമും അച്യുതനും വളരെ അസ്വസ്ഥരായിരുന്നു. ഒന്നാം പേജില്‍ കയറേണ്ടിയിരുന്ന വാര്‍ത്ത അപ്രധാനമായി അഞ്ചാം പേജില്‍ പ്ലേസ് ചെയ്തതിന് രണ്ടു പേരുടെയും തല കൊയ്യുമെന്ന് ന്യൂസ് എഡിറ്റര്‍ കുര്യാക്കോസ് ഡെസ്കില്‍ വെച്ച് അലറിയതിന്റെ പ്രതിധ്വനി അവരുടെ മുഖത്ത് നിഴലിച്ചിരുന്നു.
സ്പോര്‍ട്സ് പേജ് ചെയ്തിരുന്ന സുജിത്ത് മാത്രമാണ് പ്രസന്നനായിരുന്നത്. അന്നത്തെ പേജ് ഗംഭീരമായിരുന്നു എന്ന് പത്രത്തിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റുകളും ലൈക്കുകളും കൊണ്ട് നിറഞ്ഞതായിരുന്നു കാരണം. ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ ചരിത്രവിജയം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഫുട്ബോളിലെ വാര്‍ത്തകളും ചിത്രങ്ങളും എന്നിവ ബാലന്‍സ് ചെയ്ത് അവതരിപ്പിച്ച അന്നത്തെ സ്പോര്‍ട്സ് പേജ് ആകര്‍ഷകമായ തലക്കെട്ടുകള്‍ കൊണ്ടും സമ്പന്നമായിരുന്നു.
മികച്ച പേജുകളുടെ സംവിധാനത്തിന് ന്യൂസ് എഡിറ്ററുടെ സര്‍പ്രൈസ് സമ്മാനങ്ങളുമുണ്ടാകും. സാധരണ പേന മുതല്‍ എക്സ്ട്രാ ഓഫ് ഡേ വരെ എന്തുമാവാം അത്. ലീവുകള്‍ ഞങ്ങള്‍ക്ക് അനുവദിച്ചിട്ടില്ലായിരുന്നു.
ഒട്ടും ജനാധിപത്യപരമായിരുന്നില്ല ഞങ്ങളുടെ പത്രത്തിന്റെ ഘടന. 20 വര്‍ഷത്തെ പരിചയമുള്ള കുര്യാക്കോസ് സാര്‍ മാത്രമായിരുന്നു സ്ഥിരനിയമനം ലഭിച്ച എക പത്രാധിപസമിതിയംഗം. ബാക്കി ഒന്‍പത് സഹപത്രാധിപന്മാരും താല്കാലിക ജീവനക്കാരായിരുന്നു. ഇവരില്‍ സദാനന്ദന് ചേട്ടന് ശരിക്കും പറഞ്ഞാല്‍ പത്രം തുടങ്ങിയ കാലം മുതലേ ഉള്ള ആള്, പത്രപ്രവര്‍ത്തനത്തില്‍ ഇരുപത്തഞ്ച് വര്‍ഷത്തെ കാലഗണിതം കുറിച്ചയാള്‍.
എന്നാല്‍ കമ്പനിയുടെ തലവേട് പുസ്തകത്തില്‍ സദാനന്ദന് ചേട്ടന്റെ പേരില്ല. ചരമ പേജിന്റെ സ്പെഷ്യലിസ്റ്റായിരുന്നു ചേട്ടന്. ചിത്രഗുപ്തന് എന്നായിരുന്നു ഞങ്ങള്‍ ഇളംമുറക്കാര്‍ കളിയായി വിളിച്ചിരുന്നത്. മരണാനന്തര കര്‍മ്മം നിര്‍വഹിക്കുന്ന കര്മികളെ പോലെ യോഗ നിശബ്ദതയോടെയാണ് അദ്ദേഹം ചരമ പേജുകള്‍ ചെയ്തിരുന്നത്. ചെറിയ പത്രമായതിനാല്‍ ആദ്യകാലത്ത് ഓഫീസില്‍ നേരിട്ടെത്തുന്ന ചരമവാര്‍ത്തകളും ചിത്രങ്ങളും കുറവായിരുന്നു. തലേദിവസം മറ്റ് പത്രങ്ങളില്‍ വന്ന ചരമവാര്‍ത്തകളും ചിത്രങ്ങളും ശേഖരിച്ച് പിറ്റേദിവസത്തെ പേജ് മരണ സമ്പന്നമാക്കും ചേട്ടന്.
25 വര്‍ഷം തുടര്‍ച്ചയായി പേജ് ചെയ്തിട്ടും ഒരിക്കല്‍പോലും ആ കര്‍മ്മത്തില്‍ പിഴച്ചില്ല. പഴികളോ പരാതികളോ കേട്ടിട്ടില്ല. സദാനന്ദന്ചേട്ടന്റെ ഓഫ്ഡേയില്‍ ചരമപേജ് ചെയ്യുക എന്നത് ഞങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു. മിക്കവാറും പടം മാറും. വാര്‍ത്ത ആവര്‍ത്തിക്കും, മെമ്മോയും കിട്ടും. അലങ്കോലപെട്ട യജ്ഞ സദസ്സുപെലെയാകും ചിതറിത്തെറിച്ച ചിത്രങ്ങളുമായി പിറ്റേദിവസം പത്രമിറങ്ങുന്നത്.
‘20 വര്‍ഷമായി ചരമപേജ് മാത്രം ചെയ്യുന്നത് ബോറടിക്കുന്നില്ലേ. എക്സ്ക്ലൂസിവുകള് സൃഷ്ടിക്കുന്ന റിപ്പോര്‍ട്ടര്‍ ആകാനും അല്ലെങ്കില്‍ ജനറല്‍ ഡെസ്കില്‍ തിളങ്ങാനും ചേട്ടന് മറ്റുള്ളവരെപോലെ മോഹം തോന്നുന്നില്ലേ’ ഒരിക്കല്‍ കാന്റ്റിനില്‍ വെച്ച് കിഷോര്‍ ചോദിച്ചു. പൊതുവേ നിശബ്ദനായ സദാനന്ദന്ചേട്ടന് അപ്പോഴും ചിരിയോടെ മിണ്ടാതിരുന്നു. സോഷ്യല്‍ മീഡിയയിലൊന്നും സജീവമല്ലാതിരുന്ന സദാനന്ദന്ചേട്ടനുവേണ്ടി കിഷോര്‍ അന്ന് ഓര്‍ക്കൂട്ടില്‍ കമ്യൂണിറ്റി തുടങ്ങി. അതില്‍ വന്ന പ്രതികരണങ്ങള്‍ ഞങ്ങളെ അമ്പരിപ്പിച്ചു. അസൂയയോടെ നോക്കികാണുന്ന പല മുതിര്‍ന്ന പത്രപ്രവര്‍ത്തകരും സദാനന്ദന് ചേട്ടന്റെ സഹപ്രവ്രത്തകരായിരുന്നുവെന്നും ആദരവോടെ അദ്ദേഹത്തെ കാണുന്നവരുമായിരുന്നുവെന്നും അന്ന് മനസ്സിലാക്കി.
ഞങ്ങളുടെ പത്രത്തില്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് ഒരു യൂണിയനുണ്ടാക്കണമെന്നത് കിഷോറിന്റെ വാശിയായിരുന്നു. അങ്ങനെ ഒരു യൂണിയന് ഉണ്ടാകുമ്പോള്‍ അതിന്റെ ആദ്യ പ്രവര്‍ത്തനലക്ഷ്യം സദാനന്ദന് ചേട്ടന് മുന്‍കാലപ്രാബല്യത്തോടെ കണ്ഫര്മേഷന് നല്‍കണമെന്നായിരിക്കും. ചേട്ടനെ ചീഫ് ന്യൂസ് എഡിറ്ററായി നിയമിക്കണമെന്ന് കാണിച്ചു കൊണ്ട് കിഷോര്‍ എം.ഡിക്ക് മെയില്‍ അയച്ചിരുന്നു.
സമര്‍ഥനായ കിഷോറിനെ പല മുന്‍നിര പത്രങ്ങളും നോട്ടമിട്ടിരുന്നു. ഈ ജോലി പോയാലും പോട്ടെ സദാനന്ദന് ചേട്ടന് അര്‍ഹിക്കുന്നത് നേടിക്കൊടുക്കും എന്നൊരു വാശി കിഷോറിനുണ്ടായിരുന്നു. എന്നാല്‍ പാവം സദാനന്ദന് ചേട്ടന് ഇതൊന്നും അറിഞ്ഞിരുന്നില്ല. പതിവ് യോഗനിശബ്ദതയില് തന്നെയായിരുന്നു അന്നത്തെ ഡെസ്ക്മീറ്റിങ്ങിലും അദ്ദേഹം. എം.ഡി എത്താന്‍ വൈകും അതിനാല്‍ മൂര്‍ത്തി തുടങ്ങട്ടെ എന്ന കുര്യാക്കോസിന്റെ ആജ്ഞ ശരിക്കും നിരാശയിലാഴ്ത്തിയത് സുജിത്തിനെയായിരുന്നു. തന്റെ സ്പോര്‍ട്സ് പേജിന്റെ മികവിനെകുറിച്ചുള്ള വര്‍ണന എം.ഡി കേള്‍ക്കാതെ പോകുമല്ലോ എന്നതായിരുന്നു സങ്കടം.
മൂര്‍ത്തിസാര്‍ തുടങ്ങി. പതിവുപോലെ ജനറല്‍ ഡെസ്കിനെതിരെ രൂക്ഷ വിമര്‍ശനം. വാര്‍ത്തള്‍ പ്ലേസ് ചെയ്തതിലെ അപാകത, ലേഔട്ടിലെ പിഴവ്, ക്യാച്ച് വേര്‍ഡുകളുടെ ഭംഗികുറവ് തുടങ്ങി മൂര്‍ത്തിസാര്‍ കത്തിക്കയറുമ്പോഴാണ് എം.ഡി കടന്നുവന്നത്. സദസ്സ് ഒരുനിമിഷം നിശബ്ദമായി. മൂര്ത്തിസാറിനോട് തുടരാന്‍ ആംഗ്യം കാണിച്ച് എം.ഡി ഇരുന്നു.
മൂര്‍ത്തിയുടെ റിപ്പേര്‍ട്ട് വായന കഴിഞ്ഞയുടന്‍ കിഷോര്‍ ചാടിയെഴുന്നേറ്റു ‘ഞാന്‍, അയച്ച മെയില്‍ എം.ഡിക്ക് കിട്ടിയിരുന്നോ?’ കിഷോറിന്റെ താര്‍ക്കികതയെ പതിഞ്ഞ മൗനം കൊണ്ട് എം.ഡി നേരിട്ടു. അത് കിഷോറിനെ കൂടുതല്‍ പ്രകോപിതനാക്കി. ‘ഇന്നത്തെ മീറ്റിങ്ങില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണം. ഒഴിഞ്ഞുകിടക്കുന്ന ചീഫ് ന്യൂസ് എഡിറ്ററുടെ സീറ്റില്‍ സദാനന്ദന്ചേട്ടന് ഇരിക്കണം. അതിന്റെ പേപ്പറുകള്‍ ഇന്നുതന്നെ അദ്ദേഹത്തിന് നല്‍കണം, അല്ലെങ്കില്‍ നാളെ പത്രം ഇറങ്ങില്ല. ഞങ്ങള്‍ സബ് എഡിറ്റര്‍മാര്‍ ജോലിക്കു കയറില്ല.
കിഷോറിന്റെ സമരാഹ്വാനം കേട്ട് ഞങ്ങള്‍ ഞെട്ടി. അവനെ പൊക്കാന്‍ മുന്‍നിര പത്രങ്ങള്‍ നിരന്നുനില്ക്കും. എന്നാല്‍ ഞങ്ങള്‍ക്ക് മുന്നില്‍ തെരുവില്‍ വിരിക്കാന്‍ മാത്രമേ പത്രങ്ങള്‍ ഉണ്ടാവൂ എന്ന് ഉറപ്പായിരുന്നു.
ന്യൂസ് എഡിറ്റര്‍ കുര്യാക്കോസ് പെട്ടെന്ന് ഇടപെട്ടു. ‘ഇല്ല , ഈ തീരുമാനം കിഷോറിന്റെ മാത്രമാണ്. ഞങ്ങളാരും ഇതിന്റെ ഭാഗമല്ല.’
മറ്റുള്ളവരുടെ നിശബ്ദത കിഷോറിന് സഹിച്ചില്ല. ഇരുന്ന കസേര ചവിട്ടിതെറിപ്പിച്ച് അയാള്‍ ഇറങ്ങിപോയി.
എം.ഡി അപ്പോഴും നനഞ്ഞ ചിരിയുമായി ഇരിക്കുകയായിരുന്നു. ഞങ്ങളെല്ലാവരും പ്രതികരണത്തിനായി സദാനന്ദന് ചേട്ടനെ നോക്കി. അദ്ദേഹം നിശബ്ദനായിരുന്നു.
എം.ഡി പെട്ടെന്നൊരു കവര്‍ തുറന്നു . അതില്‍ നിന്ന് ഒരു കടലാസ് എടുത്തുകാട്ടി . എന്നിട്ട് പറഞ്ഞു. ഇത് ശ്രീ സദാനന്ദന് എനിക്ക് നല്കിയ രാജിക്കത്താണ്. വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഞാനിത് വാങ്ങിയത്. അന്ന് അതില്‍ തീയതിയില്ലായിരുന്നു എന്നാല്‍ ഇന്നത്തെ തീയതിയിട്ട് ഇപ്പോള്‍ ഞാനീ രാജിക്കത്ത് സ്വീകരിച്ചിരിക്കുന്നു.
അപ്പോഴും സദാനന്ദന്ചേട്ടന് പ്രതികരണമില്ലായിരുന്നു. അടുത്തിരുന്ന സുജിത്ത് കുലുക്കി വിളിച്ചപ്പോള്‍ അവിടെ ബാക്കിയുണ്ടായിരുന്ന നിശബ്ദതയുടെ പറവയും സ്വാതികതയുടെ ആ കൂടുവിട്ട് പറന്നുപോയിരുന്നു.
സദാനന്ദന് ചേട്ടന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പത്രത്തെ പ്രതിനിധികരിച്ച് മൂര്‍ത്തി സാര്‍ മാത്രം പോയാല്‍ മതിയെന്ന് എം.ഡി ഉത്തരവിട്ടു. ഒപ്പം കിഷോറിനെ ടെര്‍മിനേറ്റ് ചെയ്തുകൊണ്ടുള്ള കത്തും. സദാനന്ദന് ചേട്ടന്റെ പകരക്കാരനായി ചരമപേജ് ചെയ്യേണ്ട ചുമതല എനിക്കായിരുന്നു. സിസ്റ്റത്തില്‍ നിന്ന് എടുത്ത് അദ്ദേഹത്തിന്റെ ഒരു ചിത്രം പേജിന്റെ മുകളിലത്തെ നിരയില്‍ ഒന്നാമതായി പേസ്റ്റ് ചെയ്തു. അപ്പോള്‍ എന്റെ കൈവിറച്ചിരുന്നു. ‘ചെറ്റേ’ എന്ന കിഷോറിന്റെ മെസഞ്ചര്‍ പോസ്റ്റ് എന്റെ ഉള്ളില്‍ തിളച്ചുകിടന്നു. പക്ഷെ, ചിത്രത്തില്‍ ഇരുന്ന സദാനന്ദന് ചേട്ടന് അപ്പോഴും കരുണയോടെ ചിരിച്ചു.
‘മഹേഷ്, നിനക്ക് എം.ഡിയുടെ സന്ദേശമുണ്ട് ‘ കുര്യാക്കോസിന്റെ വിളികേട്ട് ഞാന്‍ ജനറല്‍ ഇന്‍ ബോക്സ് തുറന്നു. അതില്‍ അന്നത്തെ ചരമപേജ് എഡിറ്റര്‍ക്കുള്ള എം.ഡിയുടെ കര്‍ശനമായ ഉത്തരവുണ്ടായിരുന്നു.
‘ശ്രീ. സദാനന്ദന്റെ ചരമവാര്‍ത്തയും പടവും ചരമപേജില്‍ ഏറ്റവും താഴത്തെ നിരയില്‍ ഒടുവിലായി കൊടുക്കുക. ഒപ്പം പത്രത്തിന്റെ ആദരാഞ്ജലിയും.