ഞാനക്കുറൾ – 20

ആകാശത്തേക്കു ശിഖരങ്ങൾ അള്ളിപ്പിടിച്ചു പോതിയുടെ പുളി നിന്നു. അതിന്റെ ഏറ്റവും മുകളിലുള്ള ശിഖരം കാണാൻ കഴിഞ്ഞ പക്ഷികൾ പോലുമുണ്ടോ എന്നു കാഴ്ചക്കാരെ അതു നിതാന്തം വിസ്മയപ്പെടുത്തി. കാഴ്ചവട്ടം മുഴുവൻ മറച്ചുനിന്ന അതിന്റെ ഇലയടിവാരത്തിനു താഴെ ഇരവി നിന്നു. ചുറ്റും തീയാട്ടു പന്തങ്ങൾ നിന്ന നിലയിൽ കത്തി.

പുളിങ്കൊമ്പത്തെ പോതിക്കു തീത്തിറയാട്ടു പുറക്കാവിൽ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ലെന്ന് ഉത്സാഹക്കമ്മിറ്റിയായി നിന്ന ഗാന്ധി ചന്ദ്രമോഹന്നായര് ഇരവിയുടെ കാതിൽ ഉറക്കെ പറഞ്ഞു. എന്നാൽ അയാൾ കേട്ടതു ചന്ദ്രമോഹന്നായരു മന്ത്രിക്കുന്നതുപോലെ. കാരണം, പുളിങ്കൊമ്പത്തെ പോതിയുടെ തോറ്റത്തിനു കാതടപ്പിക്കുന്ന ഒച്ചയായിരുന്നു. തോറ്റം കഴിഞ്ഞിട്ടു കാണാമെന്നോ കൂടുതൽ സംസാരിക്കാമെന്നോ ഒക്കെ ചന്ദ്രമോഹന്നായരു ആംഗ്യം കാണിച്ചു.

പണ്ടു പോതിയുടെ പുളിഞ്ചോട്ടിൽ ചതുപ്പു പിടിച്ചുകിടന്ന പണിക്കൻപൊട്ട പുരാവൃത്തങ്ങളിൽ മാത്രം. ഇന്ന് അവിടെ പുളിഞ്ചോട് കോട്ടം ആയിരിക്കുന്നു. ഒരു പുല്ലു പോലും മുളക്കാതെ വെട്ടിയൊതുക്കിയ വെളിമ്പറമ്പ്..ചാണകം മെഴുകിയ തറ…തെച്ചിപ്പൂക്കളും ഗുരുതിപ്പൂക്കളും നിറഞ്ഞിരുന്നു അവിടെ…പോതിയുടെ മുഖത്തെഴുതിയ മുഖത്തെഴുത്തിനും അതേ നിറം…പോതിയുടെ തോറ്റത്തിൽ ദാരികനെ കൊന്ന പ്രചണ്ഡശക്തിക്കു ചേ൪ന്ന വാഴ്ത്ത്. പുരാണങ്ങളിൽ ശാന്തയായും ദു൪ഗയായും പോതി വാമൊഴിയിറങ്ങി.

പുളിഞ്ചോട്ടിൽ പണ്ടു താമസിച്ചിരുന്നുവെന്നു കരുതുന്ന കണിയാരെയും മകളെയും പറ്റിയും തോറ്റക്കാരൻ ഓ൪ത്തെടുക്കുന്നുണ്ട്. വെള്ളം തേടിയെത്തിയ കുപ്പണിപ്പട പുളിഞ്ചുവടിനൊപ്പം പുളിഞ്ചോട്ടിലെ പെണ്ണിനെയും തീണ്ടിയെന്നും പോതി അതിനു പകരം പറഞ്ഞു കുപ്പണിപ്പടയെ ഒന്നാകെ വകവരുത്തിയെന്നും തോറ്റക്കാരൻ പഴമ്പാട്ട് എണ്ണിപ്പറഞ്ഞു. പുളിങ്കൊമ്പിൽ താമസമാക്കിയ പണിക്കത്യാരുടെ പ്രേതത്തെയും നാട്ടിലെ പെണ്ണുങ്ങളുടെ മാനത്തെയും പുളിങ്കൊമ്പത്തെ പോതി കാത്തു. ദാരികനെ കൊന്ന കാളിയുടെ കലിയിറങ്ങി. ശാന്തയായ പോതിയായി ആകാശം മുട്ടെ വള൪ന്നുവെന്നു തോറ്റക്കാരൻ വാഴ്ത്തി.

പുറക്കാവിലെ പഴയ പള്ളികളെയത്രയും പുതുക്കിപ്പണിയണമെന്നു ദേവകളോടു പറഞ്ഞ പുളിങ്കൊമ്പത്തെ പോതിയെ രാവുത്തമ്മാരും അമ്മയെപ്പോലെ കരുതിപ്പോന്നു. തീത്തിറയാട്ടു കാണാൻ വന്നവരിൽ അവരിൽ ചിലരുമുണ്ടായിരുന്നു. ഒരു ഭാഗത്തായി ഒരുക്കിയ കനൽക്കൂനയിൽ അന്തിസൂര്യൻ തിളച്ചുതൂകി. ആൾക്കൂട്ടത്തിലെവിടെയോ അയ്യാത്തന്റെയും തലവെട്ടം കണ്ടു. പെണ്ണായ പെണ്ണുങ്ങളൊക്കെ ദൂരസ്ഥലങ്ങളിൽ നിന്നും പുളിങ്കൊമ്പത്തെ പോതിക്കോട്ടം തേടിയെത്തും, പല നാടുകളിൽ നിന്നും..പാതിവ്രത്യത്തിന്റെ ശക്തിയാണ്..പോതിയുടെ പോരിമ ഓരോ പെണ്ണും ഇടയ്ക്കിടെ സ്വന്തം ഉടലിൽ കണ്ടു.

“ അന്ത പോതി വന്ത് പുളിങ്കൊമ്പത്ത് മട്ട്മല്ലൈ വാസം….” അയ്യാത്തൻ നേരത്തേ പറഞ്ഞിരുന്നു. തീത്തിറയാട്ടിനെപ്പറ്റി പറഞ്ഞ കൂട്ടത്തിൽ…

“ പിന്നെയെങ്കെയ്…?”

“ അത് ഒര് വിസ്വാസം മാത്തിരം…”

“ പോതിക്ക് ഏതാവത് എങ്കെയാനാലും തങ്കവേണ്ട്മേ…?”

“ അത് ഇന്ത ഊരിലെ ഓരോ പെണ്ണ്ന്റ ഉള്ള്ല്ം…മേഷ്ട്രരേ…”

“ ആനാൽ…?”

“ തന്നെ..അന്ത പുളിമരം ഒര് സൂചനൈ മട്ട്ം…പെണ്ണിന്റ ഉള്ളിലാക്ക്ം നേരാന ശക്തി…”

അയ്യാത്തൻ പുളിങ്കൊമ്പത്തെ പോതിയുടെ അസ്തിത്വത്തെ മറ്റൊരു തരത്തിൽ ദ൪ശിക്കുകയാണെന്ന് ഇരവി വിശ്വസിച്ചു. അങ്ങനെയും വ്യാഖ്യാനിക്കാം അതിനെ. പല കാലങ്ങൾ കണ്ടുതുടങ്ങിയ അയ്യാത്തൻ ലോകത്തെക്കുറിച്ച് സ്വന്തം കാഴ്ചപ്പാടുകളെടുത്തു.

തീത്തിറയാട്ടിന്റെ പ്രധാന ഉപചടങ്ങുകളെല്ലാം തീ൪ന്നിരിക്കുന്നു എന്നുവേണം കരുതാൻ..പുളിഞ്ചുവടു കോട്ടത്തിൽ ആരാധനയും പോതിഭക്തിയും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ഉച്ചഭാഷിണിയിലൂടെ ഭഗവതിത്തോറ്റം ഏതാണ്ടു ചൊല്ലിത്തീരാറായിട്ടുണ്ട് എന്നു തോന്നിച്ചു. ഇപ്പോൾ ഉപസംഹാര കീ൪ത്തനങ്ങളാണു തോറ്റക്കാരൻ ചൊല്ലുന്നത്. ഇരവിക്ക് അതെല്ലാം പുതുതാണെങ്കിലും എല്ലാം മുമ്പേ കണ്ടിട്ടുള്ളതാണെന്നൊരു തോന്നൽ ഉണ്ടായി..

തീത്തിറയാട്ടിന്റെ അടുത്ത ഘട്ടത്തിലുള്ള ഭഗവതിക്കോലത്തിന്റെ വരവിനായാണു ആളുകൾ കാത്തിരിക്കുന്നതെന്നു വീണ്ടും എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ചന്ദ്രമോഹന്നായരു പറഞ്ഞു. ഇരവിക്ക് ഇതിലെല്ലാം താൽപ്പര്യമുണ്ടെന്നത് അയാളുടെ ഉത്സാഹം ഇരട്ടിപ്പിച്ചു. വേദാന്തം പഠിച്ചവ൪ക്കൊന്നും ഇതും മറ്റും ഇഷ്ടപ്പെടില്ലെന്നൊരു ധാരണയായിരുന്നു അയാൾക്ക്…

” എന്നാൽ ഗാന്ധിയമ്മാരിക്കോ..?” ഇരവി ചോദിച്ചു.

“ ഗാന്ധിയമ്മാരിക്ക് എല്ല ദെയിവങ്ങളോട്ം ഭക്ത്യാവാം…ഈശര അല്ലാ തേരേം നാം, സബ്കോ സന്മതി ദേ ഭഗവാൻ എന്നാണല്ലോ ഗാന്ധി….?” ചന്ദ്രമോഹന്നായര് അ൪ധോക്തിയിൽ നി൪ത്തി.

“ തന്നെ തന്നെ…എന്നാല്ം..” ഇരവി അതു ശരിവയ്ക്കുന്നതു പോലെ പറഞ്ഞു.

“ ഒര് എന്നാല്മില്ല മാഷേ…” അയാൾ ഒന്നു ചുറ്റും നോക്കിക്കൊണ്ടു പറഞ്ഞു. “ ഒന്ന്ങ്ങന വിട്ട്കൊടക്കാൻ പറ്റാത്ത കാലാണ് വെര്ന്നത്…സെക്കുല൪ ഗാന്ധിയമ്മാരിക്ക് എല്ലാറ്റ്ല്ം ഒര് പിടി വേണം. അല്ലാച്ചാ ആപത്താണ്…”

“ ആയിക്ക്ട്ട്…” ഇരവി പറഞ്ഞു. എല്ലാവ൪ക്കും എല്ലാത്തിലും ഓരോ പിടിയുള്ളതു നന്ന്…ആര്ം ഒന്നും കുത്തക വയ്ക്കില്ലല്ലോ…

“ അങ്ങന ചെലത് നടക്കാമ്പഴ്ത്ണ്ട്…”

ആയിരിക്കാം എന്ന് ഇരവിക്കു തോന്നി.

” ഇപ്പത്തന്ന…” ചന്ദ്രമോഹന്നായരു വീണ്ടും ശബ്ദം താഴ്ത്തി. “ ഇപ്പത്തന്ന പുളിങ്കൊമ്പത്തെ പോതിക്ക് തീത്തിറയാട്ട് ആയി…നല്ല കാര്യന്നെ…”

“ ജനങ്ങള്ടെ ഉത്സവല്ലെ ഗാന്ധിയേ… “

“ ജനങ്ങള്ട ഉത്സവം ജനാധിപത്യംന്നല്ലേ നെഹ്റു…”

“ എല്ലാഞ്ചേ൪ന്നതല്ലേ ജനാധിപത്യം…”

“ ആവൂ…അങ്ങനേം പറയാം, മേഷ്ഷേ…തീയാട്ട് കയ്ഞ്ഞ്ട്ട് ഒരീസം വിശദായി ഇരിക്കണം…ജനാധിപത്യോം ഫെഡറലിസോം എല്ലാം നെറച്ച്ട്ട്…”

“ ആവാലോ…” ഇരവി പറഞ്ഞു. അയാൾക്ക് അങ്ങനെ ഇരിക്കുന്നതിനോട് താൽപ്പര്യമില്ലെങ്കിലും.

“ അയ്ന് മേഷ്ഷ് പിന്നേം ഇട്ടെറിഞ്ഞ്റ്റ് പോവ്വോ ഇബ്ടന്ന്…?”

ചന്ദ്രമോഹന്നായര് അങ്ങനെ പറഞ്ഞതിൽ ഇരവി എന്തോ കന്മഷം കണ്ടു. അയാൾ തന്നെപ്പറ്റി എന്തൊക്കെയോ അന്വേഷിച്ച് അറിഞ്ഞുവച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണല്ലേ അത്. തന്റെ നിരന്തരമായ അലച്ചിലിനെപ്പറ്റി അയാൾ എന്തെങ്കിലും മനസിലാക്കിവച്ചിട്ടുണ്ടോ…?”

“ എങ്കെ പോക വേണ്ടുമേ…? നാൻ ഇങ്കേത്താൻ ഇര്ക്ക്ം…” ഇരവി അയാൾ മറ്റെന്തെങ്കിലും ആലോചിച്ചുകൂട്ടുന്നതിനു മുന്നേ പറഞ്ഞു.

“ അല്ല. ഒര് സന്ദേഹം…” ചന്ദ്രമോഹന്നായ൪ പെട്ടെന്നു തരം മാറ്റി.

“ ഒര് ഗാന്ധിയൻ സന്ദേകം…?”

“ അങ്ങനെയൊണ്ണ്മില്ല മേഷ്ഷേ..അല്ലെങ്കിലും എവിടെ പോവാനാണ്…ഇതോളം നന്ന് മണ്ണ് വേറെ എവിടെയുമില്ല…”

ഭഗവതിക്കോലം ഇറങ്ങുന്നതിന്റെ കൊട്ടുമുറുകിക്കഴിഞ്ഞിരുന്നു. പടുകൂറ്റൻ ഉയരത്തിലുള്ള തീമുടിയുമായി പുളിങ്കൊമ്പത്തെ പോതി കോലത്തിൽ ഇറങ്ങി. പിന്നെ കുറെ നേരത്തേക്കു ലോകം പുളിഞ്ചുവടു കോട്ടത്തിലേക്കു ചുരുങ്ങി. അയ്യാത്തൻ തന്റെ പുതിയ സംശയങ്ങളും കാഴ്ചകളുമായി ആൾക്കൂട്ടത്തിനിടയിൽ ഊളിയിട്ടു. പോയ കാല കഥകളിലെ കഥാപാത്രങ്ങളായി പുറക്കാവിലെ നടപ്പുതലമുറയെ ഇരവി കണ്ടു. അവരുടെ മാറിവന്ന ഭക്തിഭാവനകളിൽ ഒന്നായി പുളിങ്കൊമ്പത്തെ പോതിയുടെ തീത്തിറയാട്ടിനെയും.

ഭഗവതിക്കോലം കുറെ നേരം നിന്നാടി..പിന്നെ ഒരു പീഠമിട്ട് ഇരുന്നു പോതിയെ പക൪ന്നാടി. ഇടയ്ക്കിടെ തൊട്ടപ്പുറം കനൽക്കണ്ണുകളിളക്കിനിന്ന തീക്കൂനയെ കടാക്ഷിച്ചു. കുപ്പണിപ്പടയുടെ കൂട്ടക്കുരുതിക്കായി വാരിയെറിഞ്ഞ ജീവന്റെ ആയുധങ്ങളുടെ പുന൪ക്കോലങ്ങളാണു കനൽക്കൂന. തീയായിരുന്നു പോതിയുടെ ആയുധം. എന്നാൽ വന്നുവീണവരിൽ അതു ജീവനുള്ള മരണമായി മാറി…ഊരിലെ പെണ്ണുങ്ങളുടെ മാനത്തിന്റെ കാവൽക്കാരിയെന്ന നിലയിൽ പോതി ഉറഞ്ഞാടി. പെണ്ണായ പെണ്ണൊക്കെ അതു മനസിൽ കൊണ്ടു. തിരിച്ചുപോകുമ്പോൾ പുളിങ്കൊമ്പത്തെ പോതിയുടെ അനുഗ്രഹം ആ ഉൾക്കരുത്ത്. ആ കരുത്തിൽ ഓരോ പെണ്ണും തന്റെ മാനത്തെ പ്രതിരോധിച്ചുനിന്നു.

ഏതു നിമിഷവും എന്തും സംഭവിക്കാമെന്നൊരു ഉദ്വേഗത്തിൽ നിൽക്കുകയാണ് പുരുഷാരം. അവ൪ പോതിക്കോലത്തിൽ നിന്ന് എന്തോ പ്രതീക്ഷിക്കുന്നുണ്ട്. ഓ൪മയിൽ പരതിയെങ്കിലും ഇരവിക്ക് അതെന്താണെന്നു മനസിലായില്ല. എന്നാൽ, അയാളും ആകാംക്ഷയിലായിരുന്നു. പോതിയുടെ പക൪ന്നാട്ടത്തിനു മുന്നിൽ നിൽക്കുന്ന ഓരോ സ്ത്രീയും ഞാൻ ഞാൻ എന്നു പറയുന്നുണ്ടെന്ന് അയാൾക്കു തോന്നി. അപ്പോൾ അവരെന്തിനോ കാത്തിരിക്കുക തന്നെയാണ്.

പെട്ടെന്നാണ്, അതിലൊരു പെണ്ണിനെ എടുത്തുകൊണ്ടു പുളിങ്കൊമ്പത്തെ പോതി കനൽക്കൂനയിലേക്ക് അപ്രത്യക്ഷമാവുന്നത്. തൊട്ടടുത്ത നിമിഷം പുളിഞ്ചോടു കോട്ടത്തിന്റെ മുഖ്യപടിവാതിൽക്കൽ ഒരു പോറലുമില്ലാതെ പോതി പ്രത്യക്ഷപ്പെട്ടിരുന്നു. ആ ഭഗവതിക്കോലത്തിനു പെണ്ണിന്റെ ഉയിരായിരുന്നു. നേരത്തേ ഭഗവതിക്കോലം കെട്ടിയിരുന്ന കോലധാരിയല്ല അപ്പോൾ..ആൾക്കൂട്ടത്തിൽ നിന്നു പോതി എടുത്ത പെണ്ണായിരുന്നു അത്…പുളിങ്കൊമ്പത്തെ പോതിയെ കാണാനെത്തിയ ഓരോ പെണ്ണുമായിരുന്നു അത്. പാലക്കാടൻ പ്രദേശത്തെ പെണ്ണുങ്ങളുടെ ശക്തിസ്വരൂപിണിയായി പുളിങ്കൊമ്പത്തെ പോതി ആകാശം മുട്ടിയ പുളിമരത്തിലേക്കു തന്നെ തിരിച്ചുപോയി.

അപ്പോഴേക്കും രാത്രി വളരെ വൈകിയിരുന്നു. ആളുകൾ നടന്നും വാഹനങ്ങളിലും തിരിച്ചുപോയി. ഇരവി ചായ്പിലെത്തിയപ്പോഴേക്കും അയ്യാത്തൻ മടങ്ങിയെത്തിയിരുന്നു.

“ ഇത് താൻ ഇന്ത നാട്ടിലെ പെരിയ തിരുവിഴ…മേഷ്ട്രരേ…” അയ്യാത്തൻ സ്വന്തം നാടിന്റെ ഒരു കാര്യം എന്ന മട്ടിൽ പറഞ്ഞു.

“ ഇപ്പോത് എങ്കേയും ചിന്ന തിരുവിഴ കെടയ്ക്കാത്, അയ്യാ….”

“ എല്ലാം പെരിയത്…മനിതൻ മട്ട്ം എപ്പോവും ചെറ്ത്…അല്ലവാ…?”

“ മനിതന് ഒര് സൈസ്ക്ക് അപ്പ്റം പോക മുടിയാത്…”

“ ആനാ അവന്റ ക൪പനൈ അന്ത മട്ട്ം അല്ലൈ….”

മനുഷ്യന്റെ ഭാവനയ്ക്ക് അങ്ങനെ ഒരു പരിമിതി ഇല്ലെന്ന് ഇരവിക്കും തോന്നി. മനുഷ്യന് എന്നാൽ ഒരു വലിപ്പത്തിൽ കൂടുതൽ വളരാൻ കഴിയില്ല. അയ്യാത്തൻ ഏതോ കാലത്തിലിരുന്നു പുതിയ കാലത്തെ കാഴ്ചയളവുകൾ തിട്ടപ്പെടുത്തുകയാണെന്ന് ഇരവിക്കു തോന്നി.

ഭാവനയെപ്പറ്റിയുള്ള വിചാരങ്ങൾ ഇരവിയുടെ ഓ൪മകളെ ലക്ഷ്മിയിലേക്കു കൊണ്ടുചെന്നു. അവളുടെ ഏറ്റവും പുതിയ ഭാവന എന്തായിരിക്കും. കുഞ്ഞുലക്ഷ്മിയമ്മ ഇപ്പോൾ ഏതുതരെ കെട്ടുകഥകളായിരിക്കും കേൾക്കുന്നുണ്ടാവുക..മകനെക്കുറിച്ചുള്ള കല്ലുവച്ച ഭാവനകളിൽ ജീവിക്കുന്നവളായി അവ൪ തീ൪ന്നിരിക്കുന്നു. ലക്ഷ്മിയുടെ കഥകൾ ഇല്ലാതിരുന്നെങ്കിലോ..? ആ അവസ്ഥയെക്കുറിച്ച് ഇരവിക്കു ചിന്തിക്കാനേ സാധിക്കില്ല. ലക്ഷ്മിയുടെ കഥകൾ മാത്രമാണ് അവരുടെ വൃഥാവിലായ ജന്മത്തെ ഇങ്ങനെ ഇത്രയും വലിച്ചുനീട്ടുന്നത്. മറ്റെന്താണ്…? നോക്കെത്താത്ത ദൂരത്തെ നെൽവയൽപ്പച്ചയൊന്നും അവരുടെ ജീവിതത്തെ ബാധിക്കുന്നതേയില്ല. എന്നാൽ ഇല്ലാത്ത കഥകൾ അവ൪ക്കു ജീവിക്കാൻ പ്രലോഭനമാവുന്നു.

“ എന്ന മേഷ്ട്രരേ ഒര് യോസനൈ..?” അയ്യാത്തൻ പെട്ടെന്നു ചോദിച്ചപ്പോൾ അത്രയും തിടുക്കത്തിൽ ഉത്തരം പറയാൻ ഇരവിക്കായില്ല.

“ ഓരോര് യോസനൈ….”

“ അല്ലൈ….” അയ്യാത്തൻ എന്തോ മുന്നിൽ കണ്ടെന്ന പോലെ പറഞ്ഞു.

“ ഒണ്ണ്മില്ലൈ…ഉണ്മൈ പൊയ് വെറ്മേ നെജം…അതേപ്പറ്റി വ്യ൪ത്തമാന യോസനൈ…” മുന്നിൽ കാണുന്നതു വ്യാജവും ഒന്നുമില്ലാത്ത ശൂന്യം സത്യവുമാവുന്ന ഒരു അവസ്ഥയെക്കുറിച്ച് അയ്യാത്തൻ മുൻപെപ്പോഴെങ്കിലും വിചാരിച്ചുകാണുമോ എന്തോ…ഇരവി മഹാസത്യത്തിനു മുന്നിൽ പടക്കോപ്പുകളില്ലാതെ നിന്നു.

“ ഏത്ക്ക് അപ്പടി…?” അങ്ങനെ ഒരു വിചാരം വരാൻ കാരണമെന്ത് എന്ന് ആലോചിച്ച് അയ്യാത്തൻ കുണ്ഠിതപ്പെട്ടു. ഇരവിയുടെ മനസിലേക്കു വേണ്ടാത്ത വിചാരങ്ങൾ കയറ്റിവിടുന്നത് ആര് എന്ന് അദ്ഭുതം തോന്നി. പുളിങ്കൊമ്പത്തെ പോതിക്കോട്ടത്തിൽ നിന്നു വരുന്ന വഴി കരിമ്പനക്കാട്ടിലെ പ൪ണശാലയ്ക്കുള്ളിൽ തലയിട്ടുവോ എന്നു സംശയിച്ച. “ അപ്പടി ഒണ്ണ്ം ഇല്ലൈ, മേഷ്ട്രരേ..”

“ കണ്ണക്ക് മുന്നാടി കാണവത് പൊയ്യ്, ആനാ ഒണ്ണ്മേ ഇല്ലാത്ത വൈറ്മൈ നെജം…” ഇരവി ആവ൪ത്തിച്ചു. എന്നാൽ അതിന് അയ്യാത്തനു കൃത്യമായ ഉത്തരം ഇല്ലായിരുന്നു. എന്നാലും അയാൾ പറഞ്ഞു.

“ മേഷ്ട്രരേ…അത് താൻ മായ.”

“ അപ്പോത് നാൻ ഇങ്കേ വന്തത്ം തങ്കറ്ത്ം മായ താനേ…?”

അങ്ങനെ ഒരു ചോദ്യം അയാൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഇരവി പറഞ്ഞുപറഞ്ഞ് ഏതു കാട്ടിലേക്കാണു കയറുന്നത് എന്നയാൾ സന്ദേഹിച്ചു.

” അപ്പടിയാനാ…?”

“ നാൻ ഇങ്കേ വന്തിട്ടേ ഇല്ലൈ…ആനാ എങ്കട്ട്ം പോവത്ം ഇല്ലൈ….”

ഇരവിയുടെ മായാവലയത്തിന്റെ സത്തിയം എന്ന അന്വേഷണത്തിൽ അയ്യാത്തൻ മോഹാലസ്യപ്പെട്ടു.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.