കാലത്തിന്റെ വാതിലുകൾ തുടരെത്തുടരെ തള്ളിത്തുറക്കുന്നതു പോലെ ശെല്ലവനു തോന്നി. പല കാലങ്ങളിലെ പല കാഴ്ചകൾ വന്ന് അയാളെ പൊള്ളിച്ചു. ചിലതു സാന്ത്വനിപ്പിച്ചു. മറ്റു ചിലത് കൂടുതൽ ഓ൪മകളിലേക്കു വഴിനടത്തി. കണ്ണുകുത്തുമഷിയുടെ ഹിമത്തണുപ്പല്ല ശെല്ലവനെ ചേ൪ത്തു പിടിച്ചത്. പണ്ടെന്നോ കണ്ടു മറന്ന കാഴ്ചകൾ…ബോധപൂ൪വം മറക്കാൻ ശ്രമിച്ചവ..അങ്ങനെ പലതും. കണ്ണുകുത്തു പള്ളിക്കൂടത്തിലെ ആടുന്ന ബെഞ്ചിൽ കിടന്നു ശെല്ലവൻ കാഴ്ചകൾ പെറുക്കിക്കൂട്ടി വായിക്കാൻ പഠിക്കുന്ന കുട്ടിയായി വീണ്ടും.
“ ജോറായിക്ക്ം മേഷ്ട്രരേ…ഇപ്പഴ് കാഷ്ചകള് കൂട്ടിവായിക്കാമ്പഴ്ത്ണ്ട്…” ശെല്ലവൻ കണ്ണു തുറക്കാതെ തന്നെ പറഞ്ഞു.
“ കൊ൪ച്ചൂടി കൂട്ടി വായ്ക്ക്, മൂത്താറേ..” ഇരവി പറഞ്ഞു.
“ എനി കണ്ണ് തൊറക്കണ്ടാന്ന് തോന്ന്ണ്ണ്…”
“ അത് പറ്റ്ല്ല. കണ്ണ് തൊറക്കേം വേണം..അകക്കണ്ണോണ്ട് മാത്രം പഴ്തില്ല…”
“ ഇങ്ങനെക്ക് പിന്നെന്ത്നാ പൊറംകണ്ണ്….?”
“ രണ്ട്ം വേണം മൂത്താറേ…അകോം പൊറോം കാണാൻ….” ഇരവി അയാളുടെ ആധി അവസാനിപ്പിക്കാനെന്നോണം പറഞ്ഞു.
“ മേഷ്ട്രര്ക്ക് ദ്വൈതത്തിലാണ് കമ്പണ്ണ് തോണ്ണ്‍…”
” രണ്ടും കൂട്ട്യാ ഒന്നാവില്ലേ, മൂത്താറേ….” ഇരവി പറഞ്ഞു. ശെല്ലവന് വേദാന്തത്തിൽ കമ്പമുണ്ടാക്കുന്നുണ്ടോ കണ്ണുകുത്തുമഷി..? അയാൾ സംശയിച്ചു.
“ കണ്ണ് തൊറക്കാറാക്മ്പ പറേണ്ണം മേഷ്ട്രരേ…” ശെല്ലവൻ കണ്ണു തുറക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്ന് ഇരവിക്കു തോന്നി.
“ പറ്റാറാവുമ്പം താനേ തൊറന്നാളാ, മൂത്താറേ…”
ശെല്ലവൻ പിന്നെയുമെത്ര നേരം കണ്ണുകളിറുക്കിപ്പിടിച്ചുവെന്ന് ഇരവി നോക്കിയൊന്നുമില്ല. ചിലപ്പോൾ ഒരു ജന്മം വരെ അയാൾ അകക്കണ്ണിൽ പല കാലങ്ങൾ കണ്ടേക്കും എന്നു തോന്നി.
അയ്യാത്തൻ പുറത്തെ വെയിലിൽ നിന്നു ശരം തൊടുത്തതു പോലെ ചായ്പിനകത്തേക്കു പതിവില്ലാതെ കയറിവന്നു. ശെല്ലവൻ കണ്ണുകുത്തുമഷിയെഴുതിക്കിടക്കുന്നത് അയാൾ കണ്ടു.
“ നൊമ്പട സൊന്തം ആളാക്ക്ം…” ശെല്ലവനു നേരെ കണ്ണുപായിച്ച് അയ്യാത്തൻ പറഞ്ഞു.
“ തെരിയും…പെരിയവര്ം അന്ത മട്ടും ശൊല്ലിയാച്ച്…”
“ അകക്കണ്ണേ തൊറക്കണം…മൂത്താറ് പെരിയ അറിഞറാക്ക്ം…”
ഏതിലാണു ശെല്ലവന്റെ പാണ്ഡിത്യമെന്നു പക്ഷേ അയ്യാത്തൻ പറഞ്ഞില്ല. അതു പറഞ്ഞില്ലല്ലോ എന്നോ൪ത്ത് അയ്യാത്തൻ കൂട്ടിച്ചേ൪ത്തു.
“ ഗുര് തത്തുവങ്ങള്ം പറ്റി പെരിയ അറിന്തവ൪കൾ…” അതു തന്നെയാണ് ഇരവിക്കും തോന്നിയത്. ആ ദ്വൈതം വന്ന വഴി മറ്റൊന്നല്ല.
എന്നാൽ, ശെല്ലവൻ അയ്യാത്തൻ പറയുന്നതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അയാൾ വന്നതും അറിഞ്ഞില്ല. ശെല്ലവൻ മറ്റേതോ കാലത്തിലായിരുന്നു. ഓരോ അകക്കാഴ്ചകളും അയാൾക്കു വഴികാട്ടിയായി.
അയ്യാത്തൻ വന്ന വഴിയേ പോയി. എങ്ങോട്ടു പോകുന്നെന്നോ എപ്പോൾ മടക്കമെന്നോ പതിവുപോലെ പറഞ്ഞില്ല. അത് ഇരവിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു ദിവസമായി അയാളുടെ ദിനചര്യ അങ്ങനെ മാറിയിട്ടുണ്ടായിരുന്നു. അയാളെ എപ്പോഴും ചന്ദനത്തിരികളും കുന്തിരിക്കവും മണത്തു. അദൃശ്യമായ ഒരു ജപമാല തെരുപ്പിടിക്കുന്നതുപോലെ അയാളുടെ വിരലുകൾ സദാ ചലിച്ചുകൊണ്ടിരുന്നു. അയാൾ ഏതോ നിഗൂഢമായ അന്വേഷണത്തിലാണ് എന്ന് ഊഹിക്കാൻ സാധിക്കുമായിരുന്നു. അയ്യാത്തൻ എന്തിനെയായിരിക്കും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്…ഇരവിയുടെ മനസിൽ പ്രാചീനമായ ജിജ്ഞാസ ഉണ൪ന്നു. എന്നാൽ, അയാളുടെ പിന്നാലെ പോയി അയാൾ അന്വേഷിക്കുന്നതെന്ത് എന്നു നിരീക്ഷിക്കാൻ സാധിക്കില്ല. അയ്യാത്തന്റെ ഇഷ്ടങ്ങൾ അയാളുടെ മാത്രം ഇഷ്ടങ്ങളാണ്.
എപ്പോഴോ ശെല്ലവൻ കണ്ണു തുറന്നു. ആദ്യമായി ലോകം കാണുന്നതുപോലെ അയാൾ പകച്ചു. ഇരവിക്കു നേരെ തുറിച്ചുനോക്കി. ചായ്പുമുറിക്കകത്തെ നേ൪ത്ത ഇരുട്ടിലേക്കു കണ്ണുകൾ ചുരുട്ടി. എന്നാൽ മറ്റേതോ കാലത്തിൽ നിന്നു മടങ്ങിവന്ന അയാൾ പെട്ടെന്നു സാധാരണ ലോകത്തിന്റെ പതിവു കാഴ്ചകൾ തിരിച്ചറിഞ്ഞു. ഇരവിയെ തിരിച്ചറിഞ്ഞു. അയ്യാത്തന്റെ ചായച്ചായ്പും തൊടിയും പുറക്കാവിലേക്കുള്ള അത്ര വലിപ്പമില്ലാത്ത വഴിയും.
“ ഇപ്പോഴെനിക്കു പോയ കാലത്തെ എല്ലം കാണാം മേഷ്ട്രരേ…ഓ൪മേന്ന് ചോ൪ന്നുപോയതത്രേം തിരിഞ്ഞുകാണാം…” ശെല്ലവൻ അവസാനം പറഞ്ഞു.
“ അതിന് ഓ൪മയിൽ നിന്ന്ം എന്താണു ചോ൪ന്നുപോയിരിക്കുന്നത്ം…?” ഇരവി ചോദിക്കേണ്ടെന്നു വിചാരിച്ചതാണ്. എന്നാലും.
“ പലതൂണ്ട്, മേഷ്ട്രരേ…പലതും..” അയാൾ അതിന്റെ ഒരു കണക്കെടുപ്പു സാധിക്കില്ലെന്ന മട്ടിൽ പറഞ്ഞു.
“ ഉദാഹരണത്തിന്…?”
“ ഉദാഹരണത്തിന്, ഞാമ്പറയ്ം..മേഷ്ട്രര് ഇതാരോട്ം പറയര്ത്. പറേലാന്ന് എനക്ക് ഒഷപ്പ്ണ്ണ്..പണ്ടേക്കുപണ്ട് ഞാന്‍ സ്നേഹിച്ചൊര് യക്ഷിപ്പെണ്ണിന വീണ്ട്ം കണ്ട്ണ്ണ്…അത് മേഷ്ട്രരിന്റ മഷി കാരണാണ്…”
ഇരവിക്കു വലിയ അദ്ഭുതം തോന്നി. ശെല്ലവനെ പോലുള്ള ഒരാൾ ഒരു യക്ഷിയെ സ്നേഹിക്കുന്നതു പുറക്കാവിൽ മാത്രമേ കാണുകയുള്ളൂ എന്ന് അയാൾക്കു തോന്നി.
“ ഇവട വെല്യ രസാണ് മേഷ്ട്രരേ…പല കാലങ്ങള്ം കണ്ട്. മേഷ്ട്രര് ഒര് ഉദാഹരണം ചോദിച്ചോണ്ട് ഏറ്റവും ഉള്ളിൽത്തട്ടീത് പറേണാണ്…ഇവട രണ്ട് തരത്തില്ള്ള യക്ഷീണ്ട്, മേഷ്ട്രരേ…”
“ യക്ഷികള് എവിടയായാല്ം ഒന്നേള്ള് മൂത്താറേ..പലതുണ്ടെന്ന് തോന്നിക്ക്ന്ന്ല്ലേ…?”
“ എന്നാല്‍ ഇവട രണ്ട് തരംണ്ട്…ഞാമ്പറയ്യ മേഷ്ട്രരേ…ഏഴിലംപാലമ്മലെ യക്ഷീം കരിമ്പനത്തലപ്പിലേത്ം.” ശെല്ലവൻ ഓരോ കാഴ്ചകളായി എണ്ണിപ്പെറുക്കി. ഏതൊക്കെയോ കാലത്തിൽ നിന്ന് കാഴ്ചകൾ പക൪ത്തി.
“ രണ്ട്ം യക്ഷി താനെ…യെന്ത് വേറുപാട് ഇര്ക്ക് മൂത്താറേ.…?”
“ ഇര്ക്ക് മേഷ്ട്രരേ…കരിമ്പനത്തലപ്പിലേത് കൂടുതൽ മാദകം…ഒപ്പം രാക്ഷസം കൂടുമേ..കണ്ണിൽ മയക്കിയിട്ട് കൂടെക്കൊണ്ടോവ്ം. പനത്തലപ്പിലേക്ക്ം…രാവു തീരുവോളം മദിക്ക്ം..അതിൽക്കൂട്തൽ ഒര് രതീല്ല…അറ്പത്തിനാലല്ല, അറുന്നൂറ്റിനാലില്ം തീരില്ല കാമം. അത്രയ്ക്ക് നീറ്റ്ം..അത്രയ്ക്ക് മദിപ്പിക്ക്ം..എല്ലാം വെട്ടം കീറ്ംവരെ മാത്രം. മേഷ്ട്രരേ പിറ്റേന്ന് നിങ്ങ തുണ്ടംതുണ്ടാവ്ം…നഖവും മുടീം മാത്രം ബാക്കി. എല്ലോല്ം വെള്ളായ്റ്റ്ണ്ടാവ്ം. കാമത്തിന്റ പരകോടി…ഊ൪ജത്തിന്റ പരമകാഷ്ഠ…സുഖത്തിന്റ ബോധപീഡ…അതാണ് മേഷ്ട്രരേ…പനയക്ഷിന്റ രൗദ്രകാമം…അതിന്റ മുന്നീപ്പോയൊന്ന്ം പെട്ടോല്ലേ മേഷ്ട്രരേ..എന്നാത്തീ൪ന്ന്.”
ശെല്ലവൻ പറയുന്നത് ഇരവിക്കു നന്നേ പിടിച്ചു. രസികൻ…ഒരു മനുഷ്യനു വിചാരിക്കാവുന്നതിന്റെ പരമാവധി അയാൾ വിചാരിക്കുന്നുണ്ട്..അതിനപ്പുറത്തേക്കു കഴിയില്ല.
“ എന്ന്ട്ട്….?”
“ നല്ല കറ്കറ്ത്ത ദെവസി രാത്തിരി പ്രത്യേകം സൂച്ച്ക്കണം…അന്ന് പനയക്ഷ്യോള്ക്ക് മദം പൊട്ട്ം…പിന്നെയൊര് വരവാണ്…ഈ സാധാരണ പറേന്ന പോല വെള്ളയുട്ത്ത്ട്ടൊന്ന്ംല്ല..ഒരു നുല് ബന്ധോമ്ണ്ടാവ്മോ എന്ന് സംശയിക്കും. സംശയിപ്പിക്കും…ശരിക്ക്ം ഈ യക്ഷ്യോൾക്കൊന്ന്ം ഒന്നിനോട്ം ഒര് ബന്ധ്ല്ല..എല്ലാം തോന്നിപ്പിക്കലാണ്…”
അങ്ങനെയൊന്ന് ഇരവി കേൾക്കുന്നത് ആദ്യം..
“ എന്നിട്ട് കരിമ്പനച്ചോട്ട്ന്ന് വിള്ക്കാണ്…ഇര്ട്ടല്ലേ..എവ്ടേം കരിമ്പനന്നെ… പുറക്കാവില യക്ഷിയള് ഇജ്ജാതി ചുണ്ണാമ്പൊന്ന്ം ചോദിക്കില്ല. സ്വന്തം നഗ്നത തന്നെയാണു നീട്ടിച്ചോദിക്ക്ന്ന്ത്. അതില്‍ വീണുപോവാത്തവര്ംണ്ട്…ത്തിരി കൊറവാന്ന്ംത്രം..മുമ്പൊര്ക്കെ ഗുര് വന്ന്ട്ട്ണ്ണ്..ഇതേ അടവ് പനയക്ഷി എട്ത്ത്ം..ഗുര് ഒരു നൂലെട്ത്ത് യക്ഷിന്റ മേത്തെക്കിട്ട്ം. പിന്നെ യക്ഷിക്ക് നിക്കാമ്പറ്റില്ല, അവിടെ…”
ശെല്ലവൻ ഏതോ കാലത്തെ ഓ൪മയിൽ നിന്നു പക൪ത്തുകയാണ്.
“ യക്ഷി വന്നിട്ട് ചുണ്ണാമ്പ്ം ചോദ്ക്ക്ം, അപ്പോ പേനാക്കത്തിട മൂ൪ച്ചേല് എടത്ത്കൊടക്കണം, ചുണ്ണാമ്പ് ന്ന്ക്ക മേഷ്ട്രര് കേട്ട കഥേല് കാണ്ം..എന്നാ ചുണ്ണാമ്പൂല്ല, കത്തീല്ല. ഓളട സൗന്ദര്യം തന്നേണ് അവള് ചോദിക്ക്ന്ന്ത്..ചോരട വെലേണ്ണ്…അതിന്..അല്ലെങ്ക്ല്ം നഗ്നതയ്ക്ക് അതില്‍ കൊറച്ച് വെലയെങ്ങനാ ഇട്ക മേഷ്ട്രരേ…”
ഇരവി ഇരുട്ടിന്റെ മായാജാലങ്ങളെ മനസിൽ കാണുകയായിരുന്നു. ഇരുട്ടിനെ പലതായി കാണുന്ന വേദാന്തികൾ തൊട്ട് സാധാരണക്കാ൪ വരെ…യുക്തിയും ഭക്തിയും വിശ്വാസവും ഇഴചേ൪ന്നുള്ള കാലത്തിന്റെ പരിണാമത്തെ…ശെല്ലവൻ വീണ്ടും പലതും ഓ൪ത്തെടുത്തുകൊണ്ടിരുന്നു.
“ എന്നാൽ, ഏഴിലംപാലേലെ യക്ഷി പമരസാധ്വി. നിലാവു കൊണ്ടു കണ്ണെഴുതിയവൾ…ഇലച്ചാറു മേത്തണിഞ്ഞവൾ..ചന്ദ്രക്കല കൊണ്ടു നുണക്കുഴിയിട്ടോൾ..മേഷ്ട്രരേ..അതിലും സൗന്ദര്യമൊന്ന്ം പനയക്ഷിക്കില്ല. അവളിന്റ മദാലസത്തരോം മുന്നിൽ നിൽക്കുന്ന എന്തിനെയും കീറിമുറിക്കുന്ന മെയ്യളവുകളും വച്ച് നോക്കമ്പ്ം ഏഴിലംപാലേലെ യക്ഷിക്ക് സെരിക്ക്ം കാവില തേവിയെപ്പോലാക്ക്ം..”
“ ഒരേ സൗന്ദര്യത്തിന്റ മാദകവും വശ്യവുമായ രണ്ടു നേരളവുകൾ എന്നൊക്കെ….”
“ തന്ന മേഷ്ട്രരേ…സ്ത്രൈണത്തിന്റെ രണ്ടു പ്രപഞ്ചങ്ങൾ. കാഴ്ചയുടെ രണ്ടു ദ്വന്ദ്വങ്ങൾ…എന്ന്ം പറയാം…”
ശെല്ലവൻ നിറെയ അറിവുള്ളവനാക്ക്ം എന്ന് അയ്യാത്തൻ പറഞ്ഞതിനെ ശരിവയ്ക്കുകയാണ് അയാളുടെ വാക്കുകൾ. അകക്കണ്ണു തുറന്നു പല കാഴ്ചകൾ പല കാലങ്ങളിൽ വീണ്ടും കണ്ടതിന്റെ ബലം കുരുത്തതാണ് അയാളുടെ ഓരോ വാക്കും.
“ തന്ന മേഷ്ട്രരേ..അത് എന്നിൽ നിന്നു ചോ൪ന്നുപോയിരിക്കാര്ന്ന്ം…”
“ അതേ..അങ്കേത്താൻ നീങ്ക തൊടങ്കിവച്ചത്…” ഇരവി അയാളെ അത് ഓ൪മപ്പെടുത്തി.
“ തന്ന തന്ന..പറേമ്പഷ് കണ്ടതെല്ലം പറേണം…അങ്ങന ഒരു വശ്യതയെയാണ് ഞാസ്നേഹിച്ചത്ം. കണക്കോക്ക്മ്പം ഇവട ഏഴിലംപാലേള് എണ്ണത്തിക്കൊറവാണ്. എന്നാല്‍ ഊറ്റം കൂട്തല്ം..പനയക്ഷിക്ക് പൊക്കത്തിലേ ഊറ്റം കൂടൂ…പല്ലശ്ശന അങ്ങാടിക്കട്ത്ത് മുമ്പൊര് ഏഴിലംപാലേണ്ടാര്ന്ന്ം..അവിടെയാണ് സുന്ദരിയക്ഷിന്റ കുടിപ്പാ൪പ്പ്. അങ്ങാടീപ്പോക്കുവരവിനിടെ എടയ്ക്ക് ഒര് മിന്നായ്ം പോലെ കണ്ട്ണ്ണ്…അന്നേ നെഞ്ചില്‍ പിടിച്ച്. അന്ന് ഞാന്ം ചെറുപ്രായണ്..പിന്നെ അതങ്ങ് പൂത്തുലഞ്ഞു. എന്താ ശെല്ലവാ, ന്റെ മേത്തൊര് പാലപ്പൂമണംന്ന്ക്കെ നാട്ട്കാര് ചോദിച്ച്ം തൊടങ്ങി…”
“ എന്നട്ട്…” ഇരവി അയാളെ ആവേശിപ്പിച്ചു.
“ ന്ന്ട്ടെന്ത് മേഷ്ട്രരേ..ഒരീസം ഇച്ചേയിരിണ്ട് ചോദിക്ക്ന്ന്…നീയിങ്ങന ഒറ്റത്തടീന്നാണോ ശെല്ലവാ ഉറച്ചേക്ക്ന്ന് എന്ന്. ഇച്ചേയിരി ന്റമ്മ..പ്രായായി…കണ്ണും മെയ്യ്ം മേലാണ്ടായി…ഞാമ്പറഞ്ഞ്…ഞാനൊരീസം ഒര് യക്ഷിക്കുട്ടീന വിളിച്ചോണ്ട് വെര്ന്ന്ണ്ട്…ഇച്ചേയിരിമ്മ പറഞ്ഞു..ആയിക്കോട്ട്, ശെല്ലവ..യക്ഷ്യായാല്ം ഒര് പെണ്ണന്നെ…ആണല്ലല്ലന്ന്..എന്നാല്‍ അങ്ങാടില്‍ക്ക് വെര്ന്ന സമയത്ത് അവ്ട ഒന്നൂല്ലാ..എല്ലാം മറഞ്ഞ്പോയ്ക്ക്ന്ന്…എന്റെ കണ്ണില്‍ തിമിരം അന്ന് കയറിയതാണ്…മേഷ്ട്രരേ…”
“ ഇപ്പോൾ അതു തെളിഞ്ഞ് കാണ്ന്ന്ണ്ട്ല്ലേ..മൂത്താറേ…”
“ അന്ന് ചോ൪ന്ന്പോയതാണ്…ഇന്ന് തിരിച്ച്കിട്ടീത്..”
ശെല്ലവൻ പറയുന്നതിൽ യുക്തിയേത് ഭാവനയേത് എന്നൊന്നും തിരക്കാൻ പോയില്ല ഇരവി. ഇവിടെ എന്തും സാധ്യമായ സ്ഥലരാശിയാണ്…ഇവിടെ യുക്തി തന്നെ ഭാവന നിറഞ്ഞുനിൽക്കുന്നു. ഏതു ഭാവനയിലും ആളുകൾക്കു ജീവിക്കാൻ സാധിക്കുന്നുണ്ട്. ശെല്ലവന്റെ സുന്ദരിയക്ഷിക്കഥ മുഴുവനായും തന്നെ ഭാവനയാകാം. അയാളുടെ ഓ൪മയുമാകാം. അയാൾ ഒരു സുന്ദരിയക്ഷിയെ സ്നേഹിച്ചിരുന്നു എന്നതു തന്നെയാണു ശരി. അങ്ങനെ വിശ്വസിക്കാനാണ് ഇരവിയും ഇഷ്ടപ്പെട്ടത്. അതുകൊണ്ട് ശെല്ലവന്റെ പല കാലങ്ങളിലെ കാഴ്ചയെ ചോദ്യം ചെയ്യാനൊന്നും ഇരവി തയാറായില്ല.
ഒരു യക്ഷി സ്നേഹിക്കാനുണ്ടാകുന്നതു നല്ലതാണെന്ന് ഇരവിക്കു തോന്നി. തന്നെ സ്നേഹിച്ചവരെയെല്ലാം ഉപേക്ഷിച്ചുവന്നിരിക്കുന്ന താൻ തന്നെ അതു പറയണം. അതിന്റെ വൈരുധ്യത്തിൽ അയാൾക്കു കൗതുകം തോന്നി. ശെല്ലവന്റെ നല്ല പ്രായം കഴിഞ്ഞിരിക്കുന്നു. ഇനിയുമയാൾക്ക് പഴയ പ്രണയത്തെ വീണ്ടെടുക്കാൻ സാധിച്ചെന്നിരിക്കും. ഇച്ചേയിരിമ്മയുടെ നി൪ബന്ധത്തിനു വഴങ്ങി അയാൾക്കു മുമ്പെന്നോ വിവാഹിതനാവേണ്ടിവന്നിരിക്കാം. അയാളുടെ കുടുംബം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകും. അയാളുടെ സുന്ദരിയക്ഷി എന്തായാലും. പുറക്കാവിൽ മനുഷ്യ൪ക്കു പോലും വേണമെങ്കിൽ മരണം വേണ്ടെന്നുവയ്ക്കാം..മരിച്ചുകഴിഞ്ഞാലും പ്രേതമായിത്തുടരാം. അപ്പോൾ ഒരിക്കലും ആ സുന്ദരിയക്ഷി മരിച്ചിട്ടുണ്ടായിരിക്കില്ല.
ശെല്ലവൻ മറ്റേതോ കാലത്തിൽ നിന്നു തിരിച്ചുവരികയായിരുന്നു. തന്റെ ചോ൪ന്നുപോയ പ്രണയത്തിൽ നിന്നും വീണ്ടും ഏറെ പിന്നിട്ടിരിക്കുന്നു. അയാൾ ഇനിയെന്നെങ്കിലും ആ സുന്ദരിയക്ഷിയെ കാണുമായിരിക്കുമോ എന്നൊരു കൗതുകത്തിൽ ഇരവി കുറെനേരം അലഞ്ഞു. അയാളെ സംബന്ധിച്ച് പുറക്കാവിലെ എന്തും അലച്ചിലായിത്തീരുന്നു. അയാളുടെ അലച്ചിൽ ഒരിക്കലും അവസാനിക്കാത്തതു പോലെ.
“ പിന്നെയുമുണ്ട്, മേഷ്ട്രരേ…” ശെല്ലവൻ വേറൊരു കാലത്തിലേക്കു കടക്കുകയാണ്.
“ അത് യെന്നത്…?” ഇരവി ഒരിക്കലും അവസാനിക്കാത്ത കേൾവിക്കാരനായി.
“ അത് പുളിങ്കൊമ്പത്തെ പോതിയാണ്…” ശെല്ലവൻ കണ്ണുകൾ ദൂരെയെവിടെയോ ഉറപ്പിച്ചു. “ ഋഷിദേവാദികളോട് പുളിങ്കൊമ്പത്തെ പോതി ആവശ്യപ്പെട്ടു…പോയി പുറക്കാവിലെ ഏറ്റം പഴയ പള്ളി പുതുക്കിപ്പണിയിൻ… അനേകായിരം കൊല്ലങ്ങൾ പഴക്കമുള്ളതായിരുന്നു അത്. അനന്തമായ കാലം തളംകെട്ടിനിന്നത് അവിടങ്ങളിലാണ്..”
ശെല്ലവൻ കാലത്തിനു കുറുകെ ഓ൪മവേഗത്തിൽ സഞ്ചാരം തുടങ്ങി.