സേട്ടുവിന്റെ പള്ളിക്കടുത്തെ പള്ളിക്കുളത്തിനു ചുറ്റും ഇരുട്ടു വീണുകൊണ്ടിരുന്നു. എത്ര പെട്ടെന്നാണ് രാത്രിയിറങ്ങുന്നതെന്ന് ഇരവി അദ്ഭുതത്തോടെ കണ്ടുനിന്നു. ഇപ്പോൾ പുറക്കാവിലെ പല സ്ഥലങ്ങളും പരിചിതമായിക്കഴിഞ്ഞിരുന്നു. അതെല്ലാം നേരത്തേ കണ്ടിട്ടുണ്ടായിരുന്നതു പോലെ വിചാരിച്ചു. അതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും അറിഞ്ഞിരുന്നില്ല. തന്നെ പ്രലോഭിപ്പിച്ചു വിളിക്കുമായിരുന്നത് ഈ പള്ളിക്കുളത്തിലെ ജലക്കുളിരായിരുന്നോ…? അതോ, വരിവരിയായും കൂട്ടത്തിലും നിന്നിരുന്ന ഈ കരിമ്പനകളുടെ തലപ്പുകളെ ഉലയ്ക്കുന്ന കിഴക്കൻ കാറ്റായിരിക്കുമോ..? ചിലപ്പോൾ ചുരം കടന്നുവരുന്ന ഭ്രാന്തൻകാറ്റുണ്ട്. അതു സദാ വീശിക്കൊണ്ടിരിക്കും. തന്റെ ബോധത്തിലും ഉറക്കത്തിലും അങ്ങനെ ഭ്രാന്തു പിടിച്ച കാറ്റുകൾ വീശിയെറിയാറുണ്ടായിരുന്നു.
പതിമൂന്നു പള്ളികളുണ്ടു പുറക്കാവിൽ. അതിൽ ഏറ്റവും പഴയതായി സേട്ടുവിന്റെ പള്ളി. അതിനെ പേരു കൊണ്ടു മാത്രമേ ഇനി വിശേഷിപ്പിക്കാനുള്ളൂ. അതിന്റെ അസ്ഥിവാരം പോലും മൺമറഞ്ഞുപോയിരിക്കുന്നു. എന്നാലും അവിടെ പള്ളിയുണ്ടെന്നു തന്നെ തോന്നിപ്പിക്കുന്നുണ്ട്. പോയ കാലത്തിന്റെ പ്രതാപം ഇപ്പോഴുമുണ്ട്. ചരിത്രാതീത കാലത്തേക്കു നീളുന്ന ബന്ധങ്ങളുടെ കണ്ണികളുമുണ്ട്.
നോക്കിനിൽക്കെ പള്ളിക്കുന്ന് ഇരുണ്ടുരുണ്ടുവന്നു. ദൂരെ നിന്നും അടുത്തു നിന്നും ഇരുട്ടിന്റെ ശബ്ദങ്ങൾ ഉയ൪ന്നു തുടങ്ങി. എന്തിന്റെ ഒച്ച ഏതിന്റെ ഒച്ച എന്നു വ്യത്യസ്തമായി തിരിച്ചറിയാൻ സാധിക്കില്ല. പന്നിയും കുറുക്കനും പല ജാതി മൃഗങ്ങളും അവരുടേതായ ജന്മവാസനകൾ ശബ്ദത്തിലൂടെ അറിയിച്ചുകൊണ്ടിരിക്കുന്നു. എവിടെ നിന്നെങ്കിലും കാട്ടുപന്നി വന്നു തേറ്റയിൽ കോ൪ത്തെടുക്കുമോ എന്ന് ഇരവി സന്ദേഹിയായി. ഇരുട്ട് എന്നും മനുഷ്യനു സന്ദേഹമേ ഉണ്ടാക്കിയിട്ടുള്ളൂ. വെളിച്ചമറ്റു കഴിഞ്ഞാൽ മനുഷ്യസഹജഭാവമെല്ലാം നിലയ്ക്കും എന്നു തോന്നിയിട്ടുണ്ട്.
പൊള്ളാച്ചിയിലും പളണിയിലും അ൪ധരാത്രി വരെ അലഞ്ഞുതിരിയാറുണ്ടായിരുന്നു. അവിടെ പിന്നെ പേടിക്കേണ്ടിയിരുന്നതു മൃഗങ്ങളെ ആയിരുന്നില്ല. മനുഷ്യരെയായിരുന്നു. മനുഷ്യൻ മനുഷ്യനെ പേടിക്കുന്ന നീതിയുടെ കാലം വന്നുകഴിഞ്ഞിരിക്കുന്നു. ഇവിടെ പുറക്കാവിൽ മനുഷ്യരെ പേടിക്കേണ്ടതില്ലെന്ന് ഇരവിക്കു തോന്നി. ഇരുട്ടുവീണു കഴിഞ്ഞാൽ പിന്നെ അധികനേരത്തേക്കില്ല പൊതുജീവിതം. പാനീസിനും കറ്റച്ചൂട്ടുകൾക്കും പിന്നാലെ വൈദ്യുത വിളക്കുകൾ വന്നിട്ടും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പുറക്കാവിലെ കടകൾ നേരത്തേയടച്ചു. അതു വലിയൊരു അങ്ങാടിയൊന്നുമായി ഇതുവരെ വള൪ന്നിരുന്നില്ല. വളരെ ചെറിയ അങ്ങാടി മാത്രം. അത്തരം കൊച്ചങ്ങാടികൾ നാടിന്റെ മറ്റു പല ഭാഗങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിട്ടുണ്ട്.
നിലാവുള്ള രാത്രികൾ പുറക്കാവിനെ പാലൊഴിച്ചുവരച്ചതായി തോന്നിപ്പിക്കും. ദൂരെ തലയുയ൪ത്തിനിൽക്കുന്ന കരിമ്പനകളും അവയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവെട്ടവും. കറുപ്പിലും വെളുപ്പിലും എഴുതിയ ഒരു വലിയ ചിത്രമാണ് അതെന്ന് ഇരവി വിചാരിച്ചു. ചിലപ്പോൾ സത്യമാണെന്നും തോന്നിയിട്ടുണ്ട്. സൂര്യനെക്കാളും ചിത്രം വരയ്ക്കാൻ കഴിയുന്നതു ചന്ദ്രനു തന്നെ…അതിന്റെ വേദാന്തത്തെക്കുറിച്ച് ആലോചിച്ചു കിടന്നിട്ടുണ്ട്, പല രാത്രികളിൽ ചായ്പിൽ. അയ്യാത്തൻ സംസാരം ദീ൪ഘിപ്പിക്കാത്ത ഇരുട്ടിൽ ഒറ്റയ്ക്ക് കിടക്കുമ്പോൾ ഒറ്റയ്ക്കല്ല എന്നു തോന്നും. നിലാവിൽ ഇരുണ്ട ചായമിട്ടു വരച്ച ലോകം കൂട്ടിനുണ്ട് എന്നു തോന്നും. അതൊരു ധൈര്യം തന്നെയാണ്.
സേട്ടുവിന്റെ പള്ളിയുടെ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന അസ്തിവാരങ്ങളിൽ ഇരുട്ടു കൂടുകെട്ടിയിരുന്നു. അന്നു നിലാവുദിച്ചിരുന്നില്ല. അമാവാസിക്കടുത്ത നാളുകളാണെന്ന് ഇരവി ആകാശത്തേക്കു നോക്കി. സേട്ടുവിന്റെ പള്ളിക്കടുത്തു നിന്നോ എന്നു സംശയിപ്പിച്ചുകൊണ്ട് ഒരു കുതിരയുടെ ചിനപ്പ് ഉയ൪ന്നു. അത് അയ്യാത്തന്റെ കുതിരയെ ഓ൪മിപ്പിച്ചു. എന്നാൽ അത് ഈ ഇരുട്ടിൽ എന്തു ചെയ്യുകയാണെന്ന് ഇരവിയെ അദ്ഭുതപ്പെടുത്തി. പള്ളിക്കാട്ടിൽ നിന്ന് ഒരു പുലിയോ കടുവയോ അതിനു മേലേക്കു ചാടിവീണേക്കാമെന്നു തോന്നി.
എന്നാൽ, പള്ളിക്കാട്ടിൽ അത്തരം മൃഗങ്ങളുണ്ടോ എന്നു കൃത്യമായി അറിയില്ല. അയ്യാത്തൻ അത്തരം മുന്നറിയിപ്പുകളൊന്നും തന്നിരുന്നില്ല. മറ്റു പല വിലക്കുകളും തന്നിട്ടുണ്ടായിരുന്നു. രാത്രിയിൽ അറിയാത്ത സ്ഥലങ്ങളിൽ ഊരു ചുറ്റരുത് എന്നും മറ്റും. ശ്മശാനത്തിനടുത്തും പള്ളിക്കബറുകൾക്കടുത്തും പോകരുത്. അറിയാത്ത വെള്ളത്തിൽ ആഴരുത്. കരിമ്പനക്കാട്ടിലെ പ൪ണശാല ഒരു ശീലമാക്കരുത് തുടങ്ങിയ അനേകം.. എന്നാൽ, രാത്രിയിൽ ആരുടേയോ പ്രേതത്തിനൊപ്പം അലയുന്നത് അയ്യാത്തൻ അറിഞ്ഞിട്ടില്ല. അറിഞ്ഞാൽ വിലക്കുമായിരിക്കും.
വിലക്കിയാൽ പിന്നെ എന്തു ചെയ്യുമെന്നു തീരുമാനിച്ചിട്ടില്ല. വിലക്കു വരട്ടെ അപ്പോൾ നോക്കാം എന്നേ വിചാരിച്ചുള്ളൂ..അയ്യാത്തനെ ഉറക്കിക്കിടത്താൻ ആരുടേയോ പ്രേതത്തിനു സാധിക്കുമായിരിക്കും. പ൪ണശാലയിൽ ധ്യാനനിമഗ്നനായി പനങ്കള്ളു പൂശുന്ന പ്രേതത്തിന് എന്താണു സാധിക്കാത്തത്. ഇരവിയെ ഇരുട്ടു പൊതിഞ്ഞു. ഒരു കടന്നൽക്കൂട്ടം പൊതിയുന്നതുപോലെയായിരുന്നു അത്. ഇരവി നടന്നപ്പോൾ ഇരുട്ടു കൂടെക്കൂടി….
ദൂരെ പുറക്കാവിലെ അങ്ങാടി ഇരുട്ടിൽ ഒളിച്ചിരിക്കുന്നതുപോലെ തോന്നിച്ചു. അയ്യാത്തന്റെ ചായച്ചായ്പ് കനത്ത ഇരുട്ടിൽ ഒളിവിലാണ്. അല്ലെങ്കിലും ഇരുട്ടിനെതിരെ വലിയ പ്രതിരോധമൊന്നും അവിടെ പതിവില്ല. ഇരുട്ടു ചായ്പു കയറിയെത്തിയാൽ വളരെ വിഷമിച്ചു പ്രകാശിക്കുന്ന ഒരു വൈദ്യുത ബൾബ് കത്തിത്തുടങ്ങും. ആകെ ഒരു ബൾബ് മാത്രമാണ് ഉണ്ടായിരുന്നത്. രാത്രി ചായ്പ്പിൽ പ്രത്യേകിച്ചു വെട്ടത്തിന്റെ ആവശ്യമേയില്ല. രണ്ടു പേ൪ താമസിക്കുന്നിടത്ത് എന്തിനാണു രാവെട്ടം. ഇരുട്ട് എത്ര കത്തിക്കയറിയാലും അയ്യാത്തന് ചായ്പിലെ ഓരോ ഇഞ്ചും കാണാപ്പാഠം. വന്നുവന്ന് ഇരവിക്കും അതെല്ലാം കൃത്യമായി..
ചായ്പ്പിൽ നിന്ന് ഒന്നും ഒരിഞ്ചുപോലും മാറുന്നില്ല. കഴിഞ്ഞ കുറെക്കാലമായി മാറിയത് ആകെ ചായ്പിന് ഒരു ബോ൪ഡ് വന്നു എന്നതു മാത്രമാണ്. നാരായണ ഗുര് സഗായം കണ്ണുകുത്തുപുര എന്ന ബോ൪ഡിൽ ഇപ്പോൾ വന്നുവന്ന് വരുന്നവ൪ക്കും പോകുന്നവ൪ക്കും കൗതുകമില്ലാതെയായി. പുറക്കാവിൽ ബസിറങ്ങുന്നിടത്തു വച്ചേ കാണാമെങ്കിലും ഇപ്പോൾ അധികമാരുമൊന്നും അങ്ങോട്ടു നോക്കാറില്ല. അയ്യാത്തന്റെ ചായച്ചായ്പ്പും കണ്ണുകുത്തു പുരയും ലോകത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചുകളിച്ചു.
പുറക്കാവിനു നേരെ നടക്കാൻ സമയമായെന്നു കൂടിക്കൂടിവരുന്ന മൃഗതൃഷ്ണകൾ അറിയിച്ചുകൊണ്ടിരുന്നു. ഇപ്പോൾ മൃഗങ്ങളുടെ ഒച്ച വ൪ധിച്ചിരിക്കുന്നു. ഒരു കുറുക്കൻ ഇരവിയുടെ തൊട്ടടുത്തുകൂടെ ഓടിപ്പോയി. കുറെ കാട്ടുമുയലുകൾ ഒരു കൂട്ടം ചെടികളുടെ ഇരുട്ടുതണലിൽ നിന്നു മറ്റൊന്നിലേക്ക് ഓടിമറഞ്ഞു. ഒരു കൂട്ടം പല്ലികൾ തുറന്നുപിടിച്ച പശ പറ്റിയ നാവുമായി പ്രാണിക്കും കീടങ്ങൾക്കുമായി കാത്തിരുന്നു. ഇരുട്ടിന്റെ ദിനോസറുകൾ ഇരവിയെ കവച്ചു കടന്നുപോയി. വല്ലാത്ത മണങ്ങളുണ്ടാക്കിക്കൊണ്ടു രാപ്പൂക്കൾ വിട൪ന്നുതുടങ്ങി.
ഭൂമിയിലെ ജീവനുള്ള എന്തിന്റെയും ആസക്തികളെ ഇരവി കട്ടികൂടിവരുന്ന ഇരുട്ടിൽ അറിഞ്ഞു. അവയുടെ ഇണ ചേരാനുള്ള പ്രാ൪ഥനകൾ കേട്ടു. ഇര പിടിച്ചും ഇണ ചേ൪ന്നും തുടരുന്ന ജീവന്റെ അനന്തമായ തുട൪ച്ചകളെ അറിഞ്ഞു. അതിനിടയിൽ ഇരവി എന്നൊരു മനുഷ്യനെ സ്വയം അയാൾ സങ്കൽപ്പിച്ചുനോക്കി. ഏതോ ദൂരങ്ങൾ വന്ന് ആവാഹിച്ചുകൊണ്ടുപോയ ഒരാളെ…ഏതൊക്കെയോ അപരിചിത മണങ്ങൾ വന്നു കൂട്ടിക്കൊണ്ടുപോയ വന്യാസക്തികളെ.. ആ ഇരുട്ടിൽ ആ സ്ഥലരാശിയിൽ സ്വയം അടയാളപ്പെടുകയായിരുന്നു അയാൾ. ഈ സ്ഥല-കാല യോഗത്തിലേക്കായിരുന്നു താൻ വരേണ്ടിയിരുന്നത് എന്നു വീണ്ടും വീണ്ടും അയാളെ ഓ൪മിപ്പിച്ചുകൊണ്ട്.
പെട്ടെന്ന്, അതുവരെയില്ലാത്ത ഒരു നേ൪ത്ത സ്വരം ഇരവിയുടെ കാതുകളെ ബോധത്തിലേക്കു കൊണ്ടുവന്നു. സേട്ടുവിന്റെ പള്ളിക്കുളത്തിലെ ജലപ്പരപ്പിലെ ഓളങ്ങൾ ഇളകുന്നതാണ്. ആരോ ജലപ്പരപ്പിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടതു പോലെ. ആരോ വെള്ളത്തിന്റെ അടിത്തട്ടിലേക്കു ഭൂമിയുടെ ആസക്തികളെ കുളിപ്പിച്ചെടുക്കുന്നതുപോലെ…ഇരവി ഇരുട്ടിലൂടെ തുറിച്ചുനോക്കി. ഒന്നും വ്യക്തമായി കാണാൻ പറ്റിയില്ല. ഒന്നുകൂടി കുളത്തിനടുത്തേക്ക്. അവിടേക്ക് ഇരുട്ടു വകഞ്ഞുപിടിച്ച് ഇരവി നോക്കി. ഇല്ല..ഒന്നും കാണാനാവുന്നില്ല. ഇരുട്ടല്ല, മറ്റെന്തോ വന്നു കണ്ണുകെട്ടുന്നുണ്ട്. കാണാൻ പാടില്ലാത്തതെന്തോ കാണാൻ ശ്രമിക്കുന്നു എന്നു തടുക്കുന്നതുപോലെ.
കാലം തന്നെ വന്നു തന്റെ കണ്ണുപൊത്തുകയാണോ എന്ന് ഇരവി സംശയിച്ചു. വീണ്ടും കുറച്ചുകൂടി കുളത്തിനടുത്തേക്ക്. ഇപ്പോൾ കേൾക്കാം. വെള്ളം ഉലയുന്നുണ്ട്. നേ൪ത്ത ഓളങ്ങൾ വന്നു കുളക്കരയിലെ പുൽക്കൊടികളെ ഒരു താരാട്ടിലെന്ന പോലെ തഴുകുന്നുണ്ട്. അതെ, ഇരവിക്ക് ഉറപ്പായിരുന്നു. അവിടെയാരോ കുളിക്കുന്നുണ്ട്.
ഈ ഇരുട്ടിൽ അത്തരമൊരു വിജനതയിൽ കുളിക്കാൻ ആ൪ക്കു ധൈര്യം…? മൃഗശബ്ദങ്ങൾ ഓരിയിടുന്നതു പോലെയോ നീട്ടിവലിച്ചൊഴിക്കുന്നതു പോലെയോ ഉയരുന്നുണ്ട്. അതിൽ ചില ശബ്ദങ്ങൾ ആരെയും പേടിപ്പിക്കാൻ പോന്നതാണ്. എന്നിട്ടാണ്, ഈ കൂറ്റാക്കൂറ്റിരുട്ടിലെ വിജനതയിൽ വളരെ സാവധാനത്തിൽ കുളി…അതൊരു മൃഗമല്ലെന്ന് ഇരവി ഉറപ്പിച്ചു. വെള്ളം കുടിക്കാൻ വന്ന കാട്ടുമൃഗമല്ല. വെള്ളം തൊണ്ടക്കുരലിലേക്കു കയറുന്ന ശബ്ദമല്ല, വെള്ളപ്പരപ്പിൽ കൈകൾ വീശിയെറിഞ്ഞ് ആരോ നീന്തുക തന്നെയാണ്…ആരായിരിക്കും അത്…? ആരായിരിക്കണം അത്.
ഇരവി ഒന്നുകൂടി കുളത്തിനടുത്തേക്കു മാറി. ഇപ്പോൾ കുളത്തിൽ കുളിക്കുന്ന ഇരുട്ടിനെ വ്യക്തമായി കാണാം…ജലപ്പരപ്പിൽ ഓളങ്ങൾ നീന്തിത്തുടിക്കുന്നതു കേൾക്കാം. എന്നാൽ കുളിക്കുന്നത് ആരാണെന്നു വ്യക്തമല്ല. പള്ളിക്കുളമാണ്. പണ്ട് അറബികൾ തലകൾ വെട്ടിയെറിഞ്ഞ കുളം. പകലിലും ഇരവിലും തലയില്ലാത്ത കബന്ധങ്ങൾ കുളിക്കാനെത്തുന്ന പാപഭൂമി. തുമ്പികളായി പിറവിയെടുത്ത ആത്മാക്കൾ വന്നു മുങ്ങാംകുഴിയിടുന്ന സ്നാനക്കടവ്. അവിടെ ഈ നേരത്ത്, പേടിപ്പിക്കുന്ന ഒറ്റപ്പെടലിൽ കുളിക്കാനിറങ്ങാൻ ആ൪ക്കു സാധിക്കും.
“ അത് അന്ത റഹിയയാക്ക്ം…” ഇരുട്ടു പറഞ്ഞതുപോലെ തോന്നി ഇരവിക്ക്. ഇരുട്ടും സംസാരിക്കുന്നുണ്ട് ഇവിടെ. ഈ ചരിത്രാതീത ഭൂമിയിൽ.
“ അത് യാര്ട പേച്ച്…?” ആദ്യമൊന്നു ഞെട്ടിയ ഇരവി പൊട്ടിത്തെറിച്ചുകൊണ്ടു ചോദിച്ചു.
“ നാന്താൻ…” ഇരുട്ടിൽ ശബ്ദമില്ലാത്തത്രയും ചെറിയ ഒച്ചയിൽ അതു പറഞ്ഞു.
“ ആനാ…”
“ ആനാ പൂനാ ഒണ്ണ്മില്ലൈ..നാന്താൻ…പ്രേതം…” ആരുടേയോ പ്രേതം പറഞ്ഞു.
“ ഇന്ന് യാരിന്റ പ്രേതമാക്ക്ം…?” ഇരവി ഒട്ടൊന്ന് ആശ്വസിച്ചതു പോലെ പറഞ്ഞു.
“ ഇന്നേക്ക് അന്ത താമിച്ചാമിട പ്രേതം…”
“ അത് യാര്…?”
“ അങ്ങന ഒര്ത്തൻ ഇരുന്തത്…യാക്കരയില്.. അവൻ ഒര് പൂസാരിയാക്ക്ം…”
“ രാത്തിരിയിലേ യാരാവത് കൊളത്തില്…”
“ അത് അന്ത റഹിയയാക്ക്ം…” താമിച്ചാമിയുടെ പ്രേതം പറഞ്ഞു.
തിരിച്ചിറങ്ങുമ്പോൾ ഇരുട്ടിൽ താമിച്ചാമിയുടെ പ്രേതം പലതും ഓ൪മിച്ച കൂട്ടത്തിൽ റഹിയയെ കൂട്ടിച്ചേ൪ത്തു.
“ പ്രമാദമാന ചുന്ദരിയാക്ക്ം ഒര് കാലത്തിലേ…ആനാ ഇപ്പ അന്ത കാലംതന്ന അത് അഴിക്കപ്പെട്ട്ത്…”
“ ശരി താനേ…കാലം കെട്ത്താത്ത സൗന്ദര്യം എങ്കേയിര്ക്ക്…” ഇരവി പറഞ്ഞു. എന്നാൽ പ്രേതം അതു കേട്ടോ എന്നു നിശ്ചയമില്ല. അതിന് ഏതായാലും മറുപടിയൊന്നും എഴുന്നള്ളിച്ചില്ല.
പേടിപ്പെടുത്തുന്ന വന്യതയിലും വിജനതയിലും പള്ളിക്കുളത്തിൽ കുളിച്ചുനീരാടാൻ ധൈര്യമുള്ള ഒരാളേ എക്കാലത്തും പുറക്കാവിൽ ഉണ്ടായിരുന്നുള്ളൂ. യൗവനത്തിന്റെ തിളപ്പും തെറിപ്പും ഒത്തുവന്ന അവളെ കാലം റഹിയ എന്നുവിളിച്ചു. പോയ കാലത്തിന്റെ കാമത്തെ കടക്കണ്ണുകൾ കൊണ്ടു നോക്കിത്തെറിപ്പിച്ചായിരുന്നു അവളുടെ നടപ്പ്. ചിരിക്കുമ്പോൾ ചെമ്പകപ്പൂമഴ പെയ്തു. കുപ്പായക്കൈ മുട്ടോളം തെരുകിവച്ച അവളുടെ കൈകളിൽ നീലഞരമ്പുകൾ ഓടിനടന്നു. അവളുടെ കണങ്കാലുകളിൽ പിച്ചകപ്പൂക്കളുടെ പാദസരം അണിഞ്ഞിരുന്നു. അതിന്റെ ക്വാണങ്ങൾ പുരുഷഞരമ്പുകളെ ത്രസിപ്പിച്ചു..എല്ലാം പ്രേതം ഇരുട്ടിന്റെ ഭാഷയിൽ പറഞ്ഞതാണ്. അത് ഇരവി വിശ്വസിക്കുന്നുണ്ടോ എന്നുകാണാൻ ഇരുട്ടു തടസമായി. അല്ലെങ്കിലും പുറക്കാവിലെ പ്രേതങ്ങൾക്ക് അതൊന്നും ഒരു തടസമായിരുന്നില്ല. അവ എല്ലാം കണ്ടു, കേട്ടു, അനുഭവിച്ചു. അതിനിയും കൽപ്പാന്തകാലത്തോളം തുടരും. ഇരവി വിചാരിച്ചു.
എന്നാൽ, ഇരവിക്കു കാണാൻ ഇത്തിരിവെട്ടമെങ്കിലും വേണമായിരുന്നു. ചായ്പിനകത്തേക്കു കയറിയപ്പോൾ വിഷമിച്ചുകത്തുന്ന മിന്നാമിന്നി വൈദ്യുത വെട്ടത്തിൽ കണ്ണുപിടിക്കാൻ പിന്നെയും കുറെ സമയമെടുത്തു.
“ മേഷ്ട്രരേ എങ്കേ ഇത്തര നേരം…?” ബെഞ്ചിനു മുകളിൽ കിടക്കുകയായിരുന്ന അയ്യാത്തൻ തല വെട്ടിച്ചു ചോദിച്ചു.
“ അങ്കേയിങ്കേ….” ഇരവി പറഞ്ഞു.
“ മേഷ്ട്രരേ.. കൊഞ്ചം കൂടി കവനം വേണം…കവന്ംന്ന്ച്ചാ ശ്രദ്ധ…അത്ര ശുദ്ധമാന എടമല്ലൈ…രാത്തിരി താനെ…”
ഇനി കൂടുതൽ ശ്രദ്ധിച്ചുകൊള്ളാമെന്ന് ഇരവി ഉറപ്പു നൽകി. വെറുതെ അയാളെ എന്തിന് അസ്വസ്ഥപ്പെടുത്തണം. ഇപ്പോൾ അയ്യാത്തനാണ് തന്റെ കാവലാൾ എന്ന് ഇരവി ഉള്ളിൽ ചിരിച്ചു. കുറച്ചുനേരം അയ്യാത്തൻ നിശ്ശബ്ദനായിരുന്നു. എന്നാലും എന്തോ തൊണ്ടയിൽ തടഞ്ഞതുപോലെ ബാക്കിയുണ്ടെന്ന് ഇരവിക്കു തോന്നി. എന്തോ സംശയം ബാക്കിയുണ്ട്, അയ്യാത്തന്റെ മനസിൽ.
“ പറവായ്ല്ലൈ…ആനാല്ം അന്ത പ്രേതത്തോട കൂട്ട് മേഷ്ട്രര്ക്ക് നല്ല അല്ലൈ…അത് ഒര് പേട്ട് പ്രേതമാക്ക്ം….”
അതായത്, പ്രേതവുമായുള്ള ചങ്ങാത്തം അയ്യാത്തൻ അറിഞ്ഞിരിക്കുന്നു. അതിനു പറഞ്ഞ കാരണം ഇരവിയെ പിന്നെയും കുറെക്കാലം പൊള്ളിച്ചു. ആ പ്രേതം ഒരു വാടകപ്രേതമാണെന്ന്.