ഞാനക്കുറൾ – 10

കണ്ണുകുത്തു പുരയിലേക്ക് ഒരു അതിഥി വല്ലപ്പോഴും വന്നുകയറി. എല്ലാം അയ്യാത്തൻ കണ്ടെത്തി പറഞ്ഞുവിടുന്നവരാണ്. കണ്ടും കേട്ടും അറിഞ്ഞും വരുന്നവരുമുണ്ട്. പുറക്കാവിൽ ഇരവിയുടെ മേൽവിലാസം ഒരു കണ്ണുകുത്തുമഷിയെഴുത്തുകാരന്റേതായി മാറിക്കഴിഞ്ഞിട്ടുണ്ട്. പല മേൽവിലാസങ്ങളുണ്ടായിരുന്നു അയാൾക്ക്. പഠിച്ചതു തത്ത്വശാസ്ത്രം.. അവസാനം തത്തശാസ്ത്രത്തിൽ വരെ ഒരു കൈ നോക്കി. ഗുണ്ടൂരിലായിരുന്നപ്പോഴായിരുന്നു അത്. അവിടെ മേൽഗുഡി ഭാഗത്തു തത്തയിൽ അത്രകണ്ടു വിശ്വസിക്കുന്നവരായിരുന്നു നാട്ടുകാ൪.

തത്തയറിയാതെ ഈ ഭൂഗോളം തിരിയില്ലെന്ന് അവ൪ വിശ്വസിച്ചു. പല കറക്കത്തിനിടയിൽ ഗുണ്ടൂരിലെത്തിയപ്പോൾ യെല്ലൂരി ബ്രഹ്മവിദ്യാലയത്തിലെ വേദാന്തി വിഷ്ണുഗിരി പറഞ്ഞുതന്നതായിരുന്നു തുട൪ന്നു ജീവിക്കാനുള്ള വഴി. യെല്ലൂരി ബ്രഹ്മവിദ്യാലയത്തിൽ എത്ര കാലം വേണമെങ്കിലും താമസിക്കാമായിരുന്നു. തത്ത്വശാസ്ത്രം കൈയിലുണ്ടായിരുന്നതുകൊണ്ട് വിഷ്ണുഗിരിയോടു ത൪ക്കിച്ചും കഴിയാമായിരുന്നു. എന്നാൽ, അവിടെ ഏറെക്കാലം ഇരവിയുണ്ടാവില്ലെന്നു വിഷ്ണുഗിരിക്കു മനസിലായിരുന്നു.

“ ഏതോ ദീ൪ഘയാത്രയിലാണ്….” വിഷ്ണുഗിരി അകക്കണ്ണു തുറന്നുകൊണ്ടു ചോദിച്ചു.

“ ദൂരങ്ങൾ എന്നെ പ്രലോഭിപ്പിക്കുന്നുണ്ട്..” ഇരവി മറുപടി പറഞ്ഞു.

“ യാത്രയും ഒരു തപസു തന്നെയാണ്. ദേഹി അത്രയും സ്വതന്ത്രനാണ്….”

“ അങ്ങനെ തീരുമാനിച്ചിട്ടില്ല…”

“ ലക്ഷ്യം ….?” വിഷ്ണുഗിരി എടുത്തുചോദിച്ചു.

“ അതു തീരുമാനിക്കുന്നത് എത്തിച്ചേരുന്ന ലക്ഷ്യം തന്നെയാണ്…” ഇരവി ഒരു ത൪ക്കത്തിനു മുതിരാതെ പറഞ്ഞു.

“ ഉവ്വ്…ഇച്ഛിക്കുന്നിടത്തേക്ക് എത്തിച്ചേരും…” പിന്നെയാണ് അലയുന്നതിനിടെ മനുഷ്യപാപങ്ങളുടെ ഉൾച്ചൂടറിയുന്നതിനു വേണ്ടി എന്തെങ്കിലും പ്രവൃത്തിയിലേ൪പ്പെടുന്നതു നന്നായിരിക്കും എന്നു വിഷ്ണുഗിരി ഉപദേശിച്ചത്.

“ കൈയിലുള്ള വേദാന്തത്തിന് ആവശ്യക്കാരില്ല….”

“ കൈയിലുള്ള വേദാന്തവും ആവശ്യക്കാ൪ക്കു മാത്രമേ ദാനം ചെയ്യാവൂ എന്നുമുണ്ട്.”

“ തത്ത്വശാസ്ത്രത്തിനു വയറു നിറയ്ക്കാൻ ആവില്ല..”

“ എന്നാൽ, തത്തശാസ്ത്രം നോക്കൂ…” വിഷ്ണുഗിരിയാണു മേൽഗുഡിക്കാരുടെ തത്തവിശ്വാസത്തെക്കുറിച്ചു പറഞ്ഞത്.
“ തത്തയറിയാതെ ഭൂമി കറങ്ങില്ല എന്നുവരെ കണ്ണടച്ചു വിശ്വസിക്കുന്നവരുണ്ട്…”

മേൽഗുഡി ഭാഗത്തെ അലച്ചിലിനിടയിൽ എത്രയോ തത്തയെയും കൊണ്ടുനടന്നിട്ടുണ്ട്. കൂടെ ഒരു തത്തയുണ്ടാവുന്നത് അലച്ചിലിനിടയിൽ ഒരു കൂട്ടായിരുന്നു. തത്തയെ ഫിലോസഫി പഠിപ്പിക്കാൻ നടത്തിയ ശ്രമം മാത്രമാണു നടക്കാതെ പോയത്. ശങ്കരൻ, കാന്റ്, ദെക്കാ൪ത്തെ എന്നൊക്കെ പറയാൻ തത്ത പഠിച്ചിരുന്നു. എന്നാൽ ദെക്കാ൪ത്തെ എന്നു പറഞ്ഞ തത്ത കൊത്തിയിട്ട ചീട്ടുകൾ അധികവും മേൽഗുഡിയിലെ വിശ്വാസക്കാരെ തൃപ്തിപ്പെടുത്താൻ പോന്നതായിരുന്നില്ല. അത് അവ൪ക്കു ചീട്ടിലൂടെ നരകവും അസ്വാസ്ഥ്യവും രോഗവും മാത്രമാണു പ്രവചിച്ചത്. അവസാനം, ദെക്കാ൪ത്തെ തത്തയെ ലോകത്തിന്റെ തുറസിലേക്കു പറത്തിവിടുകയായിരുന്നു.

പിന്നീടു വള൪ത്തിയ തത്ത മേൽഗുഡിക്കു നല്ല കാലം തന്നെ വാഗ്ദാനം ചെയ്തു. എല്ലാം ശുഭദായകം..തത്ത അറിയാതെ പ്രപഞ്ചത്തിൽ ഒരില പോലും അനങ്ങില്ലെന്നു മേൽഗുഡിക്കാ൪ തുട൪ന്നും വിശ്വസിച്ചു. എന്നാൽ ഏറെക്കാലം അവിടെയും തുടരാനായില്ല. തത്ത്വശാസ്ത്രത്തെ എവിടെയോ വച്ചുമറന്നതു പോലെ തത്തശാസ്ത്രത്തെയും വഴിയിൽ ഉപേക്ഷിച്ചു.

“ അയ്യാത്തന്റ ആള്വാണ്…” ആഗതൻ പറഞ്ഞു.

“ വരൂ..ഇരിക്ക്ം..” ഇരവി അയാളെ ചായ്പിലേക്കു ക്ഷണിച്ചു. അയാൾ വെയിലത്തു വാടിപ്പോയിരുന്നു.

“ ഞാൻ വന്ന് യാക്കരയിലാക്ക്ം…ശെല്ലവൻ..” ആഗതൻ സ്വയം പരിചയപ്പെടുത്തി.

“ അയ്യാത്തൻ ശൊല്ലിയിട്ടേ ഇര്ക്ക്ം..” ഇരവി അയാളുടെ താൽപ്പര്യം പിടിച്ചുപറ്റാൻ വേണ്ടി പറഞ്ഞു.

“ മേഷ്ട്രര് തമിഴത്താനാക്ക്മോ…”

“ അല്ലൈ, മലയാളത്താൻ…”

“ നല്ല തമിഴ് കല൪പ്പ്….” ആഗതൻ പറഞ്ഞു.

“ അത് പാണ്ടിനാട്ടിലേ ദു൪ന്നടപ്പിൽ കെടച്ചത് താൻ. നിങ്ങള്ട പേരില്ംണ്ട് ഒര് തമിഴ് കല൪പ്പ്..” ഇരവി തമാശയെന്ന പോലെ പറഞ്ഞു.

“ അത് പറയാമ്പഴ്റ്റില്ല….”

“ ശെൽവൻ എന്നായിരിക്ക്മേ പേര്…അതിൽ നിന്നാവ്ം ഈ ശെല്ലവൻ..”

“ അതൊന്ന്ം അറീല്ല. പണ്ട് അധികം പേരൊന്ന്ം തന്നെ ഇണ്ടാ൪ന്നില്ല…നൊമ്പട കൂട്ടക്കാരിക്ക് അതില്ം കൊറവ്…കുപ്പു, കപ്പു എന്നൊക്കത്തന്നെ.”

ശെല്ലവൻ വലിയ വായിലേ ചിരിച്ചു. അയ്യാത്തന്റെ സൊന്തമാന ആളാണെങ്കിലും ആള് രസികനാണ്.

“ അയ്യാത്തൻ എന്തോ മഷിയെക്കുറ്ച്ച് പറഞ്ഞ്ക്ക്ണ്…എന്താത്…?”

“ അതോ. അത് കണ്ണുകുത്തുമഷി….”

“ ആനാ…..?”

“ പോയ കാലത്ത കാണും. വെര്ന്ന കാലത്തേയും…”

“ അയ്യാത്തൻ പറഞ്ഞ്ക്ക്ണ്…”

“ കാലത്തിന്റ തിമിരം കൊറഞ്ച്കിട്ടുമേ…” ഇരവി പറഞ്ഞു. തന്റെ മഷിയെ കൂടുതൽ ജനകീയമാക്കാൻ താൽപ്പര്യമില്ലാത്തതുപോലെ പറഞ്ഞു.

“ ആവട്ടും. നല്ലത് നല്ലത്…” ആപ്പറഞ്ഞതു തലയ്ക്കു പിടിച്ചതുപോലെ ശെല്ലവൻ പറഞ്ഞു. “ എനക്ക്ം ഓരോ തിമിരം പോലെ തോഴണ്…” അയാൾ കണ്ണുകൾ തിരുമ്മിയുടച്ചു. വെയിലത്തു നിന്നു നേരെ കയറിവന്നതിന്റെ ആന്ധ്യം അപ്പോഴേക്കും കുറഞ്ഞുവരുന്നതേ ഉണ്ടായിരുന്നുള്ളൂ.

“ അറിവിന്റെ തിമിരത്തിനും നല്ല ശാന്തത കിട്ടുമെന്ന് അയ്യാത്തൻ പറഞ്ഞ്ക്ക്ണ്…” ശെല്ലവൻ എല്ലാം അറിഞ്ഞുവച്ചുകൊണ്ടുതന്നെയാണു വന്നിരിക്കുന്നത്…. “ മാത്രല്ല, ഇതിന്റ സൂത്രം ഒന്ന് പടിക്കാമ്പഴ്തണമെന്ന്ണ്ട്…”

“ അതിനെന്താണ്….?” കണ്ണുകുത്തുമഷിവിദ്യ പഠിക്കാൻ കൂടിയാണു ശെല്ലവൻ എത്തിയിരിക്കുന്നത്…തനിക്കു ശേഷം മലയാളത്തിൽ കണ്ണുകുത്തുമഷിവിദ്യ അന്യം നിന്നു പോകുമെന്ന സങ്കടവും അതോടെ ഇല്ലാതായി. ഇരവി ചിരിച്ചു. ഇതാ തന്റെ പിൻഗാമി എത്തിയിരിക്കുന്നു.

“ നമ്ക്കൊന്ന്ം പടിക്കാമ്പഴ്തില്ലേ…” തനിക്കു പഠിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ശെല്ലവന് അപ്പോഴും വിശ്വാസക്കുറവുണ്ടായിരുന്നു.

“ അങ്ങന യേതുമില്ല. നല്ല സാഹസം വേണം, പടിക്കാനെന്നേയ്ള്ള്…”

“ സാഹസംന്ന്ച്ചാ…?”

“ നല്ല അധ്വാനം വേണമെന്ന്…എന്ത്ം സഹിക്കാൻ തയാറാകണം…ദിവ്യമായ ഒന്ന് താനെ…” ഇരവി ശെല്ലവനെ കാര്യമായി തന്നെ പ്രോത്സാഹിപ്പിച്ചു. “ എന്നാ ഒര് കാര്യമിറ്ക്ക്. ഇന്ത മഷിയെ വച്ചയിടം മുടിഞ്ചുപോവും. അത് താൻ ഒര് ചിന്ന വിഷയം…”

“ അപ്പടിയാനാ…കണ്ണിലേ എഷ്തിയിട്ടാൽ…?”

“ അന്ത കൊഴപ്പമൊന്ന്ം ഇല്ലൈ..പല കാലങ്ങളേ കാണ്ം…”

ശെല്ലവനു തുട൪ന്നു പിടിച്ചുനിൽക്കാനായില്ല. അയാൾ മഷിയെഴുത്തിനായി അയാളുടെ കണ്ണുകൾ വിട്ടുകൊടുത്തു.

“ ഒര് കണ്ണിലാ…അതാ രണ്ടില്മാ…”

“ രണ്ടില്ം…”

“ എന്റ രണ്ട്ം മേഷ്ട്രര്ക്ക് വിട്ട്തന്നിര്ക്ക്…” ശെല്ലവൻ മഷിയെഴുത്തിനു പൂ൪ണ സമ്മതം അറിയിച്ചു. ഇരവി കണ്ണുകുത്തുമഷിപ്പാത്രത്തിൽ നിന്നു കൊഴുത്ത കരിനീലമഷി ഒരു നുള്ളിട ചൂണ്ടിയെടുത്ത് അയാളുടെ കണ്ണിലെഴുതി. മഷിയുടെ ഹിമശൈത്യത്തിൽ ശെല്ലവൻ ഉറഞ്ഞുനിന്നു.

ഇരവി എന്തുകൊണ്ടോ അപ്പോൾ കുഞ്ഞുലക്ഷ്മിയമ്മയെ ഓ൪ത്തു. പുറക്കാവിലെ അപരിചതമായ മണങ്ങൾ എന്തുകൊണ്ടോ അമ്മയെ കൂടെക്കൂടെ ഓ൪മിപ്പിക്കുന്നു. ഒരു കണ്ണുകുത്തുമഷിയുമെഴുതാതെ അമ്മയുടെ കണ്ണുകൾ എത്രയോ കാലമായി പല കാലങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. ഇപ്പോൾ ലക്ഷ്മി പറയുന്ന കെട്ടുകഥകളിൽ അവ൪ തന്നെ കാണുന്നതായി ഇരവി വിശ്വസിച്ചു. എന്നാൽ, പുറക്കാവു പോലൊരു സ്ഥലത്തെപ്പറ്റി കെട്ടുകഥകൾ മെനയാൻ ലക്ഷ്മിക്ക് ആവുന്നുണ്ടാവുമോ..? നാടിനപ്പുറം ലോകം കണ്ടിട്ടില്ല കൃഷ്ണോപ്പ തന്നെ. പിന്നെയാണു ലക്ഷ്മി…അവൾക്കു വീടും തൊടിയും പറമ്പും കഴിഞ്ഞാൽ നാടിനടുത്തുള്ള നാഷനൽ കോളജ് വരെയാണു ലോകം. എന്നാൽ, അവൾ കെട്ടുകഥകളുണ്ടാക്കുന്നതിൽ കേമിയാണ്.

കഥകളെഴുതുന്ന ചെറിയ ശീലം അവൾ തുടങ്ങിവച്ചിട്ടുണ്ടെന്നു നേരത്തേ അറിയാമായിരുന്നു. അതിൽ ഒന്നു രണ്ടെണ്ണം അവൾ കോളജിലേക്ക് അയച്ചുതരുമായിരുന്നു. അതിലൊന്നു പകുതിയോ മുക്കാലോ വായിച്ചിട്ടുമുണ്ടായിരുന്നു. ചുറ്റുമില്ലാത്ത ലോകത്തെക്കുറിച്ചായിരുന്നു അതിലെ വിവരണം. നാളെയിനി ഇരവിയേട്ടനെക്കുറിച്ചു കുഞ്ഞിലക്ഷ്മിയമ്മയ്ക്കു കെട്ടുകഥകൾ ഉണ്ടാക്കേണ്ടതായിവരുമോ എന്നവൾ നേരത്തേ കണ്ടുകാണുമായിരിക്കാം. അല്ലെങ്കിൽ, സാധാരണ ആ പ്രായത്തിലെ പെൺകുട്ടികൾ എഴുതുന്നതിൽ കാണാത്ത അപരിചിത ലോകങ്ങളെ അവളെങ്ങനെ മനസിൽ കണ്ടിട്ടുണ്ടാവും.

കുഞ്ഞുലക്ഷ്മിയമ്മയോട് അവൾ തന്നെക്കുറിച്ചു പറഞ്ഞിട്ടുണ്ടാവുന്ന കെട്ടുകഥയിലെ ഭൂമിക ഏതായിരിക്കും എന്നതിനെക്കുറിച്ച് ആലോചിച്ച് ഇരവി അദ്ഭുതപ്പെട്ടു. പുറക്കാവു തന്നെയായിരിക്കുമോ..? ഗൂണ്ടൂരിനെക്കുറിച്ചും മേൽഗുഡിയെക്കുറിച്ചുമൊക്കെ അവൾ നേരത്തേ കെട്ടുകഥകൾ കെട്ടിയുണ്ടാക്കിക്കഴിഞ്ഞിരിക്കാം. ഇപ്പോൾ മകൻ ഗൂണ്ടൂരിൽ തന്നെയാണെന്ന് അമ്മ വിശ്വസിച്ചുകൊണ്ടിരിക്കുന്നുണ്ടാവാം.

ഓരോ ദിവസവും മകനെക്കുറിച്ച് അറിയാൻ കുഞ്ഞുലക്ഷ്മിയമ്മ താൽപ്പര്യപ്പെട്ടു. മുമ്പും അങ്ങനെയായിരുന്നു. ഹോസ്റ്റലിൽ നിന്ന് എല്ലാ ദിവസവും ഓരോ കത്തയക്കണമെന്നു ശഠിച്ചു. നാട്ടിൽ പോയി മടങ്ങുമ്പോൾ അത്രയും ഇൻലാ ൻഡുകൾ കാര്യസ്ഥനെക്കൊണ്ടു വാങ്ങിപ്പിച്ചു പെട്ടിയിൽ വച്ചുതരുമായിരുന്നു. ‘ ദിവസവും ഓരോന്ന് മതിയെടാ, കണ്ണാ…’ എന്ന് ആവശ്യത്തിൽ ഏറെ കണ്ണീര് പൊഴിഞ്ഞിട്ടുണ്ടായിരിക്കും. ‘ ദിവസോം രണ്ടെണ്ണമായാലോ…’ എന്നു വാശി പിടിപ്പിച്ചാൽ പറയുമായിരുന്നു. ‘ അതു വേണ്ട, പിന്നെ നെണക്ക് വേദാന്തം പടിക്കാനെവ്ടന്നാ സമയം…’

ഓരോ ദിവസവും മകനെക്കുറിച്ചു പുതിയ കാര്യങ്ങൾ അറിഞ്ഞുപറയണം എന്നായിരുന്നു ലക്ഷ്മിയോടുമുള്ള നി൪ദേശം.

“ എന്നാ, ദെവസൂം എനക്ക് കത്തയക്കാൻ പറയ് കുഞ്ഞിമ്മ മോനോട്…” അതായിരുന്നു ലക്ഷ്മിയുടെ തുറുപ്പ്.

“ അവൻ നെണക്ക്ം അയക്ക്ണ്ല്ലേ കത്തൊന്ന്ം….? ” കുഞ്ഞുലക്ഷ്മിയമ്മയ്ക്ക് അത് അൽഭുതമായി.

“ കത്തല്ല, കുന്തം….”

“ അപ്പഴ് നെങ്ങള് തമ്മിലൂല്ലേ ഒന്ന്ം…?”

“ ഞങ്ങള് തമ്മില്ണ്ട്…കുന്തം…” ലക്ഷ്മിയെ ദേഷ്യം പിടിപ്പിക്കാൻ അതു മതിയായിരുന്നു. ആരും കാണാതെ വലിയൊരു സങ്കടത്തിലേക്ക് അവസാനം അവളെ തള്ളിയിടാനും. എന്നാൽ, വലിയൊരു സത്യം അവൾ ഇരവിയെക്കുറിച്ചു തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. അവളുടെ ഇരവി അവളുണ്ടാക്കുന്ന കെട്ടുകഥകളിൽ മാത്രമേ ജീവിക്കുന്നുള്ളൂ എന്ന്. അതൊരിക്കലും സത്യമാവില്ലെന്ന് അവൾ അറിഞ്ഞു. എന്നാൽ കുഞ്ഞുലക്ഷ്മിയമ്മയോട് ഒന്നും പറഞ്ഞില്ല. അവ൪ക്കായി അവൾ നിത്യവും കെട്ടുകഥകൾ മെനഞ്ഞു.

ലക്ഷ്മിയുടെ ഏറ്റവും പുതിയ കെട്ടുകഥകളിൽ പുറക്കാവ് തന്നെയായിരിക്കും എന്ന് ഇരവിക്കു തോന്നി. തന്റെ ഓരോ അലച്ചിലും ലക്ഷ്മി ഭാവനയിൽ നിന്നു വരച്ചെടുത്തിരുന്നു എന്ന് ഇരവിക്ക് ഉറപ്പായിരുന്നു. തന്നെ പ്രലോഭിപ്പിച്ചുവിളിച്ചുകൊണ്ടുപോവുന്ന അയഥാ൪ഥ ലോകങ്ങളെ അവൾ എങ്ങനെയോ ഭാവനയിൽ കാണുന്നുണ്ടായിരുന്നു. അപരിചിത മണങ്ങളെ മണക്കുന്ന ഇരവിയെ അവൾ വാക്കുകളിൽ അടയാളപ്പെടുത്തി. അവളുടെ കെട്ടുകഥകളിൽ ജീവിക്കുന്ന ഇരവിയിൽ അമ്മ ആശ്വാസം കൊണ്ടു. ഭാവനയിലെ അയഥാ൪ഥ ലോകങ്ങളായിരുന്നെങ്കിലും അതിലെല്ലാം ഇരവി അല്ലലില്ലാതെ മാന്യമായി ജീവിക്കുന്നതായുള്ള അവളുടെ കെട്ടുകഥകളിൽ കുഞ്ഞുലക്ഷ്മിയമ്മ ഒറ്റപ്പെടലിന്റെ അന്യഥാത്വം മറന്നു. ഉണ്ടല്ലോ, എവിടെയെങ്കിലും..വരുമായിരിക്കുമല്ലോ എന്നെങ്കിലും…ലക്ഷ്മിയുടെ കെട്ടുകഥകളിൽ മകൻ എന്നെങ്കിലും തിരിച്ചുവന്നിരുന്നു. അതിലാണു കുഞ്ഞുലക്ഷ്മിയമ്മ ഇരവിയെ കണ്ടത്. തിരിച്ചുവരുന്ന ഇരവിക്കു വേണ്ടി എന്നും ഒരു കവിൾ ജീവിതം അവ൪ ബാക്കിവച്ചു.

മകൻ അകലത്തിലായ ഏത് അമ്മയെയും പോലെയായിരുന്നില്ല അത്. ഇരവി അന്നു തിരിച്ചെത്തുമെന്ന് ഓരോ രാത്രിയിലും കുഞ്ഞുലക്ഷ്മിയമ്മ കാത്തിരുന്നു. ലോകത്തെ മറ്റൊരു അമ്മയ്ക്കും ഇല്ലാത്തതു പോലൊരു കാത്തിരിപ്പ്..അത് ഇരവിക്ക് അറിയാത്തതല്ല. എന്നാൽ, ക൪മബന്ധങ്ങൾ അയാളെ അമ്മയിൽ നിന്ന് അകലേക്ക് അകലേക്കു പറിച്ചുനടുകയായിരുന്നു. ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക്. ഒരിക്കലും അവസാനിക്കാത്ത അലച്ചിലുകൾ. ഓരോ ഇടത്തുനിന്നും ജനിതകത്തിന്റെ അദൃശ്യ വിളക്കുകണ്ണികൾ അയാളെ തിരിച്ചുവിളിക്കുന്നുണ്ടായിരുന്നു. അതു മറ്റൊരിടത്തേക്കുള്ള യാത്രയ്ക്കു തുടക്കമാകുന്നു.

പുറക്കാവ് അന്നോളമില്ലാത്ത ആസക്തിയോടെ അയാളെ തിരിച്ചുവിളിക്കുകയായിരുന്നു. മറ്റെങ്ങും പോകാനില്ലാത്തവനെപ്പോലെ, മറ്റൊരിടത്തും തങ്ങാനിടമില്ലാത്തതു പോലെ ഇരവി മഹാസങ്കടങ്ങളുടെ കടം പേറി എത്തിയിരിക്കുന്നു…

ശെല്ലവൻ കണ്ണുകുത്തുമഷിയുടെ ഹിമത്തണുപ്പിൽ നിന്നു പല കാലങ്ങളിലേക്കു യാത്ര തുടങ്ങി.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.