ഞാനക്കുറൾ – 19

ഞാറ്റുപുരയിൽ ഇരവി പലവട്ടമെത്തി…നേരത്തേ പോലെ അയ്യാത്തന്റെ ചായച്ചായ്പിലെ പകൽച്ചൂടും പുറക്കാവിന്റെ വിജനതകളിലെ അന്തിച്ചുവപ്പും അയാൾക്കില്ല. അയാൾ അതിൽനിന്നുള്ളതിനേക്കാളേറെ അലച്ചിൽ ഇപ്പോൾ അനുഭവിക്കുന്നതു ഞാറ്റുപുരയിലാണ്.

ആരുടേയോ പ്രേതം മാത്രം ഞാലിയിലെ മാറാലകൾക്കിടയിൽ തൂങ്ങിക്കിടന്ന് അയാളിലേക്കു കണ്ണുമിഴിച്ചു. ഇരവി ശരിക്കും അവിടെ ചെയ്യുന്നതെന്താണെന്ന് ഇടയ്ക്കിടെ തിടുക്കം കാട്ടി. വെയിലിന്റെ ഉൾച്ചൂടിൽ നിരതെറ്റിയ പൊട്ടുകല്ലുകളുടെ വിളുമ്പുകളിൽ നിന്നു പുറത്തു ചാടിയ എട്ടുകാലികളെ തിന്നു. എല്ലാം ഇരവി അറിയുന്നുണ്ടായിരുന്നു. എന്നാൽ, ആരുടേയോ പ്രേതത്തിന്റെ ജിജ്ഞാസകളെ അയാൾ കണ്ടില്ലെന്നു നടിച്ചു. അതേക്കാളും വലിയ ജിജ്ഞാസ അയാളെ പിന്തുട൪ന്നുകൊണ്ടിരുന്നു.

ഞാറ്റുപുര കാലത്തിന്റെ വാ൪ധക്യം ഉടുത്തിരിക്കുന്നു. അകാലമല്ല, അത് അവിടെ വ൪ഷങ്ങളെത്രയോ ആയി നിൽക്കുന്നു. ആര് എന്ന് ഉണ്ടാക്കിയതാണെന്ന് ഇപ്പോൾ അറിയുന്ന പുറക്കാവുകാ൪ ആരുമുണ്ടായിരിക്കില്ല. മേച്ചുപലകകളിൽ ചെളിയും കരിയും പറ്റിക്കിടന്നു. പൊട്ടുകല്ലുകളുടെ ഏങ്കോണിപ്പുകളിൽ ഒട്ടിനിൽപ്പിന്റെ ചാന്തുപശ തേഞ്ഞുപോയിരിക്കുന്നു. മുറികളിൽ ഇരുട്ടും ചിതലും പുറ്റുകളായി വള൪ന്നു.

എല്ലാം ഒന്നു വൃത്തിയാക്കാൻ ആരെയെങ്കിലും കിട്ടിയാൽ നന്നായിരുന്നു എന്ന് ഇരവിക്ക് എന്തുകൊണ്ടോ തോന്നി. അവിടെ തനിക്കുള്ള എന്തോ എവിടെയോ മറഞ്ഞിരിക്കുന്നു എന്നൊരു വിചാരം വന്നു മൂടി…അങ്ങനെയൊരു ഞാറ്റുപുര അയാൾ ആദ്യമായാണു കാണുന്നതു തന്നെ. ഞാറ്റുപുരകൾ വേറെ കണ്ടിട്ടുണ്ട്…കുഞ്ഞുലക്ഷ്മിയമ്മയുടെ നോക്കെത്താത്ത വയലുകൾക്കു നടുവിലും ഒന്നുണ്ടായിരുന്നു. ഒരു കുട്ടിവീടു പോലെത്തന്നെ ഉണ്ടാക്കിയത്. അവിടെ താഴത്തെ അറകളിൽ വിത്തും വളവും സൂക്ഷിച്ചു. മുകളിലെ മുറികളിൽ താമസിക്കാമായിരുന്നു. വിശാലമായ മുകൾവരാന്തകൾ വയൽപ്പച്ചയ്ക്കു മേലേക്കു പറക്കാൻ തയ്യാറാക്കിനി൪ത്തിയ ഒരു വിമാനം പോലെ തോന്നിപ്പിച്ചിരുന്നു.

ആ വിത്തുമേടയോട് ഇരവിക്കു വേണമെങ്കിൽ ഒരു ചിരപുരാതനബന്ധം ആലോചിക്കാമായിരുന്നു. അവിടെ വച്ചാണ് ഏതോ ജന്മത്തിൽ ലക്ഷ്മിയോട് ഇരവി അയാളുടെ സ്നേഹം ആദ്യമായി തുറന്നുപറഞ്ഞത്. പക്ഷെ, ഇപ്പോൾ രണ്ടുപേരും രണ്ടു വഴിക്കായപ്പോൾ അത് ആ ഇണയടുപ്പത്തിന്റെ ശ്മശാനമായിത്തീ൪ന്നു. ഒരു പക്ഷെ, ആദ്യപ്രണയനഷ്ടം ഏതൊരു ആണിനും പെണ്ണിനും ചിരകാലം കൊണ്ടുനടക്കേണ്ട ഒന്നാകേണ്ടതായിരുന്നു. അപരിചിത ദൂരങ്ങൾ തന്നെ വന്നു വിളിച്ചില്ലായിരുന്നെങ്കിൽ…വെയിൽച്ചുടലത്തീയിൽ വറുത്തെടുത്ത മണ്ണിന്റെയും കുതിരച്ചാണകത്തിന്റെയും അലച്ചിലിന്റെയും ഗന്ധങ്ങൾ വന്നു തന്നെ വിളിച്ചിറക്കിക്കൊണ്ടുപോയില്ലായിരുന്നെങ്കിൽ..

ശങ്കരന്നായരുടെ ഞാറ്റുപുര തന്നെ വലിച്ചടുപ്പിക്കുന്നുണ്ട്. ജന്മബന്ധങ്ങളുടെ ചങ്ങലയിൽ ഒന്നായി തന്നെ കണ്ണിചേ൪ക്കുന്നുണ്ട്. ഇവിടെ നിന്ന് ഇനിയുമെന്തൊക്കെയോ കണ്ടെടുക്കപ്പെടാനുണ്ട് എന്നു തോന്നിപ്പിക്കുന്നുണ്ട്. ഓരോ മുറിയും രഹസ്യങ്ങളുടെ ഓരോ നിലവറയാണെന്ന് ഇരവിക്കു തോന്നി. അതെല്ലാം ഒന്നടുക്കിപ്പെറുക്കിവയ്ക്കേണ്ടതുണ്ടെന്ന് തോന്നി. വലിച്ചെറിഞ്ഞുപേക്ഷിച്ചുപോയതു പോലെ എന്തൊക്കെയോ ഓ൪മകളുടെ നിലവറയിൽ ബാക്കി..അതു പൊടിയും പ്രായവും പിടിച്ചുനിന്നു. കോണെഴുത്ത് സ്കൂളിലെ ഒറ്റ അധ്യാപകന് ഇതെല്ലാം ഇട്ടെറിഞ്ഞുപേക്ഷിച്ചുപോകേണ്ടുന്ന തിടുക്കമെന്തായിരുന്നു..? ചുവരിലേക്കു വള൪ന്ന ചിതൽപ്പുറ്റിന്റെ അടിയിൽ വായിച്ചുതീരാതെ അടയാളം വച്ചുനിന്ന ഏതോ പുസ്തകത്തിന്റെ ബലിത്തറ ഇരവി അവിടെ കണ്ടു…

അയ്യാത്തനോടു പറഞ്ഞാൽ എല്ലാമൊന്നു വൃത്തിയാക്കിത്തരാൻ ആരെയെങ്കിലും കിട്ടിയേക്കുമെന്ന് അയാൾക്കു തോന്നി. പക്ഷെ, എന്തിന് മേഷ്ട്രര് ആരുടേയോ ഞാറ്റുപുര വൃത്തിയാക്കണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു, ആദ്യം.

“ ഇങ്കേ പണ്ട് ശ൪ക്കാര് വഹ ഒര് മസാൽച്ചി ഇര്ന്തത്….” തന്റെ മനസിലുള്ളതു വായിച്ചതുപോലെ ആരുടേയോ പ്രേതം പെട്ടെന്നു പറഞ്ഞു. അതിന്റെ വായച്ചുണ്ടിൽ ഒരു എട്ടുകാലിയുടെ കാലുകളിലൊരെണ്ണം പറ്റിപ്പിടിച്ചുനിന്നു. ഇരവി അങ്ങോട്ടു നോക്കിയതേയില്ല. വലിയൊരു പെൺചിലന്തി ആയാണ് അത് അപ്പോൾ തോന്നിപ്പിച്ചത്. പ്രണയശേഷം ആൺകാലികളെ തിന്നുന്ന പെൺചിലന്തി…ഇരവി പെട്ടെന്നു കണ്ണുകൾ പിൻവലിച്ചു. തന്നിൽ ജുഗുപ്സ ഉണ്ടാക്കാനാണ് പ്രേതം ശ്രമിക്കുന്നത്. ചിലപ്പോൾ അതിന്റെ പകൽവീടായിരിക്കണം അത്. പുറക്കാവിൽ ഉപേക്ഷിക്കപ്പെട്ട എല്ലാത്തിന്റെയും ആശ്രമമായിരിക്കണം കാലത്തിന്റെ ആ എഴുത്തുപുര.

“ അത് യാരാക്ക്ം…? ഇപ്പോത് കിട്ട്മേ…?”

“ അന്ത ആൾക്കാരെല്ലാം പണ്ടേക്ക്താൻ ഇന്ത പൂമിയേ വിട്ട്പോയാച്ച്…തമ്പീ..”

“ ഇപ്പോത് ജീവിക്ക്ന്നിവര് മട്ട്ം മതി..”

“ പിന്ന വന്ത് ഒര് അസറുമൊതലിയാർ.ശ൪ക്കാര് ശമ്പളം വാങ്കി ഒഴപ്പിവിട്ടാര്…”

“ വെറ്തേ ഞാലിയിലേ തൊങ്കാതെ വന്ത് മസാൽച്ചിവേലൈ പാക്ക മുടിയാതാ….?” ഇരവിക്ക് അതിന്റെ കിണിഞ്ഞുനോട്ടം തീരെ പിടിക്കുന്നുണ്ടായില്ല.

“ ഒര് പ്രേതത്ത്ക്ക് അന്ത വേലൈ മട്ട്ം മുടിയാത്…”

“ പിന്ന…?”

“ അത് കാലങ്കളെ താൻ വായിക്ക്റ്ത്….പൂമിയിലേ വേലൈ പ്രേതത്ത്ക്ക് വിഷയമല്ലൈ..”

“ ആനാൽ, പോയി ഒര് മസാൽച്ചിയെ കൊണ്ടുവാങ്കോ….”

“ ശെരി….” ആരുടേയോ പ്രേതം ഞാലിയിൽ നിന്ന് എങ്ങോട്ടോ പറന്നുപോയി…അത് അടിച്ചുതളിക്കാരിയെയൊന്നും കൊണ്ടുവരാൻ പോകുന്നില്ലെന്ന് ഇരവിക്കു നന്നായി അറിയാമായിരുന്നു. എന്നാലും തൽക്കാലം പോയിക്കിട്ടിയല്ലോ എന്നൊരാശ്വാസം. അത് അടുത്തുണ്ടെങ്കിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ, അതിന്റെ കോങ്കണ്ണിച്ചുനോക്ക് അത്ര ശരിയല്ല. അതു മറ്റുള്ളവരുടെ കാലത്തിലേക്കാണു നോക്കുന്നതെന്ന് ഇരവിക്കു തോന്നി.

പിറ്റേന്നോ അതിനു പിറ്റേന്നോ അയ്യാത്തനോടു പറയാം എന്നുവച്ചു. എന്നാലും എന്തിനോ വേണ്ടി അയാൾ തിടുക്കപ്പെട്ടു. ഈയൊരു ഞാറ്റുപുരയിലേക്കു തന്നെയാണു താൻ പ്രലോഭിപ്പിക്കപ്പെട്ടുകൊണ്ടിരുന്നതെന്ന് അയാൾ വിചാരിച്ചു. അതിൽ നിന്നു ദൂരെ നിൽക്കുമ്പോൾ തോന്നുന്നതിനേക്കാളും തോന്നലുകളുടെ വലിയ അലച്ചിലുകളാണ് ഇപ്പോൾ അടുത്തു നിന്നപ്പോൾ തോന്നിയത്.. അതിന്റെ നിലവറകളിൽ സ്വയം നഷ്ടപ്പെടാൻ കൊതിപ്പിക്കുന്ന എന്തോ ഒന്ന് അയാളുടെ മനസിൽ നിറഞ്ഞു. ഉടലിൽ അതു തിടുക്കം കൂട്ടി. എന്തോ ഉണ്ടിവിടെ താനുമായി ബന്ധിപ്പിക്കുന്നതായിട്ട് എന്നയാൾ കൂടുതൽ കൂടുതൽ തിരിച്ചറിഞ്ഞു.

ഞാറ്റുപുര വെറുമൊരു പ്രാചീന ഗുഹാമുഖമല്ല എന്ന് അയാളെ വന്നുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും തോന്നിപ്പിച്ചു. അതൊരു പ്രാചീന ഈടുവയ്പാണെന്നു തിരിച്ചറിയിക്കുന്നതുപോലെ..അയാളുടെ ഉടലിലെ ഓരോ അണുവും എന്തിനോ വേണ്ടി പരതി. എന്തോ അതിനകത്തുനിന്നു കണ്ടെടുക്കപ്പെടാനിരിക്കുന്നു എന്നു തോന്നിപ്പിച്ചു.ചിതലും മൺപുറ്റും തന്നിൽ നിന്ന് എന്തോ മറച്ചുപിടിക്കുക തന്നെയാണ്. തന്റെ ജന്മാന്തരബന്ധങ്ങളുടെ ഒരു മുൻബാക്കി അവിടെ ഒളിക്കപ്പെട്ടിരിക്കുന്നു എന്ന ബോധം…അതിനു താനുമായി ഒരു തുട൪ച്ചയുണ്ടെന്ന ബോധ്യം..ഇരവി ജന്മാന്തരകാമനകളുടെ തുട൪ച്ചയിൽ നിന്നു.

ഞാറ്റുപുരയിലെ ഓരോ കാലബിന്ദുവിനും തന്നോട് എന്തോ സംവദിക്കാനുണ്ടെന്നും തോന്നിപ്പോയ അതേ നിമിഷം ഒരു മസാൽച്ചിയുടെ സഹായമില്ലാതെ തന്നെ മുറികൾ തന്നാലാവും വിധം വൃത്തിയാക്കിയെടുക്കാമെന്ന തീരുമാനത്തിലെത്താൻ വൈകിയില്ല. അധികം മുറികളൊന്നുമില്ല. രണ്ടു ചെറിയ മുറികൾ. ഒരു വരാന്ത. ഒരു ചായ്പ്..അടുക്കളയായി ഉപയോഗിച്ചിരുന്ന അടുക്കള ഏതാണ്ട് അതേ പടിയുണ്ടായിരുന്നു. ഒരു യുദ്ധമോ പ്രകൃതി ദുരന്തമോ ഉണ്ടാവുമ്പോൾ ധൃതിയിൽ പിന്നിൽ ഉപേക്ഷിക്കേണ്ടിവന്ന ഒരിടം പോലെ. ഒന്നുമെടുക്കാനുള്ള സാവകാശമില്ലാതെ ഇറങ്ങിക്കൊടുക്കേണ്ടിവരുമ്പോഴത്തെ അവസ്ഥ പോലെ..ഒന്നും ആരോടും പറയാതെ മരണപ്പെട്ടുപോയ ഒരാളുടെ ജഡം പോലെ തോന്നിക്കുന്ന അടുക്കള..ഗ്ലാസിൽ പണ്ടെങ്ങോ കുടിച്ചു ബാക്കിവച്ച ചായ ഉണങ്ങിപ്പിടിച്ചുനിൽക്കുന്നു.

പാതിയാക്കി ഉപേക്ഷിച്ച ഒരു ചിത്രമായിരുന്നു ഞാറ്റുപുര. അങ്ങനെ പെട്ടെന്ന് അതുപേക്ഷിക്കാൻ എന്താണ് അന്നു സംഭവിച്ചത്. കാലത്തിന്റെ ദുരൂഹതകൾക്കു മുന്നിൽ മൂകമായി ഇരവി നിന്നു. ജീവിതത്തിന്റെ പ്രഹേളികകൾക്കു മുന്നിൽ സ്തംബ്ദനായി…ആ കാലത്തിന്റെ ഒരു പിൻകഷ്ണമാണു താനും എന്നൊരു തോന്നൽ അയാളെ ഗ്രസിച്ചു. ഇരവി ഒരു ചിതൽപ്പുറ്റിലെ നൈഷ്ഠികധ്യാനത്തിന്റെ താളം മുറിച്ചു. അയാൾക്കു മുന്നിൽ വലിയൊരു ചിതൽപ്പുറ്റ് അട൪ന്നുവീണു. അതിൽ നിന്നു പുതിയ ഏതോ കാലത്തേക്ക് എടുത്തെറിയപ്പെട്ട ചിതൽക്കണ്ണുകളിൽ ഉദ്വേഗം തിളച്ചു.

ചിതൽപ്പുറ്റിന്റെ അടിയിൽ നിന്ന് പാതിയും കാലം തിന്നുതീ൪ത്ത ഒരു പുസ്തകത്തിന്റെ ഫോസിൽ ഇരവി വലിച്ചെടുത്തു. അതിൽ ചിതൽത്തണുപ്പ് അപ്പോഴും പറ്റിയിരുന്നു. ഏതോ ഉൾപ്പേജിലെ ബാക്കിവന്ന ഭാഗത്തുനിന്നു പുസ്തകത്തിന്റെ പേരു കഷ്ടിച്ചുവായിച്ചെടുത്തു. ‘ കോൾ മി ബൈ ദ് നെയിം ഓഫെ വിൻഡോ’ എന്നോ മറ്റോ ആയിരിക്കണം. എഴുതിയ ആളെ ചിതലുകൾ തിന്നുകഴിഞ്ഞിരുന്നു. അതിന്റെ പേര് അതു തന്നെയാണോ എന്നും ഉറപ്പില്ല. അതിന്റെ ഉള്ളടക്കമെന്തെന്നോ സ്വഭാവമെന്തെന്നോ ചിതലുകൾ മറച്ചുപിടിച്ചു. ഇരവി അങ്ങനെയൊരു പുസ്തകത്തെപ്പറ്റി കേട്ടിരുന്നില്ല. ശതകോടിക്കണക്കിനു പുസ്തകങ്ങൾക്കിടയിൽ അങ്ങനെ എത്ര വിസ്മയിപ്പിക്കുന്ന പുസ്തകപ്പേരുകൾ കണ്ടേക്കും. ഒരു ജനാലയുടെ പേരിട്ടെന്നെ വിളിക്കൂ എന്നൊക്കെ ആലോചിക്കാൻ തന്നെ താൻ പഠിച്ചുവെന്നു വിശ്വസിക്കുന്ന വേദാന്തത്തിനു പോലും കഴിയില്ല. എന്നാലും, അതിനൊരു വല്ലാത്ത അള്ളിപ്പിടിക്കുന്ന അ൪ഥമുണ്ടെന്നു തോന്നി. വിശാലമായ ലോകത്തിന്റെ പേരിട്ടെന്നെ വിളിക്കൂ എന്നു തന്നെയാവാം ആ പുസ്തകം ഉദ്ദേശിക്കുന്നത്. മഹാ പലായനങ്ങളുടെ, അജ്ഞാതമായ ലോകത്തേക്കുള്ള അലച്ചിലുകളുടെ, എല്ലാം ഉപേക്ഷിക്കലിന്റെയൊക്കെ അ൪ഥമാണ് ആ പുസ്തകപ്പേരിന്.

ഇരവിയെ വീണ്ടും വീണ്ടും എന്തോ പ്രലോഭിപ്പിച്ചു. ഇതല്ല ഇതല്ല എന്ന്. ഇനിയും വേറെയുണ്ടെന്ന്. കാലത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചിരുന്ന ഒരു കുറിപ്പുപുസ്തകത്താൾ അടുത്ത മുറിയിൽ നിന്നാണു കിട്ടിയത്. അവിടെയുണ്ടായിരുന്ന എഴുത്തുമേശയും കസേരയും ഏതാണ്ടു പൂ൪ണമായി ചിതലുകൾ കൈയടക്കിയിരുന്നു. എങ്ങനെയോ ആ താൾ രക്ഷപ്പെട്ടിരുന്നു. അതിൽ സൂക്ഷിച്ചുനോക്കണം, മഷിനിറം നരച്ചുപോയ എഴുത്തുകളുടെ നിഴലെങ്കിലും കണ്ടുപിടിക്കാൻ. മലയാളത്തിൽ തന്നെ..തെറിച്ചുതെറിച്ച ചിത്രാക്ഷരങ്ങളായിരുന്നു അതെന്ന് ഇരവിക്കു തോന്നി. എന്നാൽ അക്ഷരങ്ങൾ കൂട്ടിവായനയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

ആ അക്ഷരങ്ങൾ തനിക്കുവേണ്ടിത്തന്നെയാണു കാലത്തിന്റെ കോമ്പല്ലുകൾക്കിടയിൽ നിന്ന് ഒളിച്ചിരുന്നതെന്ന് എന്തുകൊണ്ടോ ഇരവിക്കു തോന്നി. അയാൾ പുറത്തിറങ്ങി കത്തുന്ന വെയിലിൽ അക്ഷരങ്ങൾ പിടിച്ചുനോക്കി. എന്നിട്ടും തെളിയുന്നില്ല നരച്ച ഭാഷ…അലച്ചിലുകളുടെ മാനിഫെസ്റ്റോ എന്നു കൂട്ടിവായിച്ചെടുക്കാവുന്ന ഏതാനും അക്ഷരങ്ങളെ ഇരവി അതിന്റെ ഗൂഢസ്ഥലരാശിയിൽ കണ്ടെത്തി. എന്നാൽ, അതിനപ്പുറം അതേക്കാളും നരച്ചുകിടന്നു. കിട്ടിയതാകട്ടെ രണ്ടു വാക്കുകൾ മാത്രം. അവയെ അങ്ങനെ വായിക്കാമെന്നു തോന്നുന്നതുകൊണ്ടു മാത്രമാണ് അങ്ങനെ വായിക്കാൻ സാധിക്കുന്നുണ്ടായിരുന്നത്.

രഹസ്യങ്ങളുടെ നിലവറയിൽ അങ്ങനെ ഒരു താൾ തീ൪ത്തും നഷ്ടപ്പെടാതെ കാത്തുവച്ചതു തനിക്കുവേണ്ടിയാണ്..ഇരവി അങ്ങനെ വിശ്വസിച്ചു. എന്നെങ്കിലും താൻ വരുന്നുണ്ടായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നില്ല അത് കാലത്തിൽ നിന്ന് ഒളിച്ചിരുന്നത്. മറിച്ച്, എന്നെങ്കിലും ഒരു അന്വേഷകൻ വരികയാണെങ്കിൽ ഒരു കാലത്തിന്റെ തീക്ഷ്ണവും അപകടകരവുമായ വേഗങ്ങളെ കാണാതെ പോകരുത് എന്നുണ്ടായിരിക്കണം. തന്നേക്കാൾ നിഷേധിയായ ആരോ വരാനുണ്ടെന്നതിന്റെ സൂചന. അതിനായിരിക്കുമോ ഇക്കണ്ട അപരിചിത ദൂരങ്ങളെയെല്ലാം തന്നിൽ കാട്ടുതീയായിക്കത്തിച്ചത് എന്നത് ഇരവിയുടെ ബോധ്യം. അയാൾ അത് ഉള്ളിൽക്കൊണ്ടു. ക൪മബന്ധങ്ങളുടെ അന്തമില്ലാത്ത തുട൪ച്ചകളിൽ താൻ ഒരു കണ്ണി…അതാണ് ഇരവിക്കു വേണ്ടി കാലം കാത്തുവച്ചത്.

ഇരവി ഞാറ്റുപുരയുടെ വരാന്തയിൽ വന്ന് ഇരുന്നു. വെയിൽച്ചൂട് ഇറയത്തേക്ക് കയറിയിക്കുന്നു. ഞാറ്റുപുരയ്ക്കു ചുറ്റും വെയിൽ തിളച്ചുകിടന്നു. പകലിന്റെ വിയ൪പ്പിനിടയിലൂടെ ഒരു തുമ്പി പാറി..അതിനു പിന്നിൽ ആരുടെയൊക്കെയോ ജൈവികസാന്നിധ്യം അയാൾ തിരിച്ചറിഞ്ഞു. ഇപ്പോൾ പുറക്കാവിൽ തുമ്പികൾ കുറവാണ്. ആത്മാക്കളെല്ലാം തുമ്പികളായി പറന്നുനടക്കുമെന്നു വിശ്വസിക്കാത്തവരില്ല. അങ്ങനെയെങ്കിൽ ഇപ്പോൾ ആത്മാക്കൾ കുറവാണെന്നാണോ..? അയ്യാത്തന് ഒരു പക്ഷെ, ഉത്തരം തരാൻ സാധിക്കുമായിരിക്കും. എന്നാൽ, അങ്ങനെയല്ല ഇരവിക്കു തോന്നിയത്.

പ്രാചീനമായ ഏതോ കാലത്ത്…ആയിരമോ പതിനായിരമോ കൊല്ലങ്ങൾക്കു മുമ്പ് ആർക്കു വേണ്ടിയായിരിക്കണം ആത്മാവുകളെല്ലാം തുമ്പികളായി വേഷം മാറി പറന്നുകൊണ്ടിരുന്നത്? എന്നാൽ, തുമ്പികളെ അതായി മാത്രം കാണാൻ സാധിക്കുന്ന പുറക്കാവിലെ ആളുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ തുമ്പികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ദൂരെ വെയിലിൽ രണ്ടു നേരിയ രൂപങ്ങൾക്കു തിടം വച്ചു. ഏതോ രണ്ടു പേ൪ എങ്ങോട്ടോ വെയിൽ തുഴഞ്ഞു നടക്കുകയാണ്. ചിലപ്പോൾ അന്നത്തെപ്പോലെ രണ്ടു ജീവബിന്ദുക്കളാവാം. അല്ലെങ്കിൽ രണ്ടു ദിനോസ൪ കുഞ്ഞുങ്ങൾ…വെയിലിന്റെ തിളപ്പ് ഇരവിയുടെ മനസിൽ മായക്കാഴ്ചകൾ നിറച്ചു.

പെട്ടെന്ന് ആരുടേയോ പ്രേതം എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ചുട്ടുപഴുത്ത മേൽക്കൂരയുടെ ഞാലിയൽ അതു വീണ്ടും തൂങ്ങിക്കിടന്നു.

“ നീയൊണങ്ങി പൊരിയൽ ആകപ്പോക്ക്മേ…” ഇരവി പറഞ്ഞു.

“ ഒര് പ്രേതത്ത്ക്ക് അപ്പടി മട്ട്ടം ആവാത്…അത് തീയിൽ താൻ മൊളച്ചത്…” പൊള്ളലിലും പ്രേതം ഇളിച്ചു. “ ഒര് ശിന്നക്കാര്യം…അന്ത മസാൽച്ചിവേലൈ നാനേ പാത്ത്ക്കലാം.”

എന്നാൽ, ഇനി ഒരു അടിച്ചുതളിക്കാരിയുടെ ആവശ്യമില്ലെന്ന് ഇരവി പറഞ്ഞില്ല. പകരം പറഞ്ഞു.

“ അപ്പ്റം പാക്കലാം….”

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.