വിധിയുടെ ക്രൂരകരങ്ങൾ കവർന്ന തൻ
പ്രിയതമൻ തന്ന കുരുന്നുകൾ മക്കളെ,
ദുരിതക്കയത്തിൽ നിന്നൊരുകരയെത്തിക്കാൻ
ഒരുപാടുനീന്തിയിരുൾപകലില്ലാതെ
പലരാത്രി നെടുവീർപ്പു മോന്തിക്കുടിച്ചുതാ-
ണരുമയാം മക്കൾക്കു പട്ടിണിമാറ്റുവാൻ,
ഗതിയറ്റപ്രേതമായ് സ്വപ്നങ്ങളുഴറവേ
തളരാതെ പോറ്റിവളർത്തിതൻ മക്കളെ
സുഖമോഹവാഞ്ചകൾ ഗർഭത്തിലേമരിച്ച-
തിലൊന്നുമിടറാതെജീവിച്ചുമക്കൾക്കായ്
ദിനരാത്രമെരിതീയിലുരുകുന്നതൊന്നുമേ
അറിയിച്ചതില്ലെൻ്റെ മക്കളെ ഒരുനാളും
പഠനം നിലയ്ക്കാതിരിക്കുവാൻ പലവേല-
ചെയ്തെൻ്റെമക്കൾക്കു തണലേകും മരമായി
ഉയരത്തിലെത്തുന്നതിമപോലുമിടറാതെ
അനുദിനം നോക്കിഞാനാഹ്ലാദിച്ചുള്ളിൽ
വലുതായി മക്കളിന്നുന്നതസ്ഥാനത്തു
വിരാജിക്കയാണവർക്കന്യയായ്ത്തീർന്നുപോയ്,
ശിഖരങ്ങളോരോന്നുണങ്ങിയിട്ടിലകൊഴി-
ഞ്ഞടരുവാൻനില്ക്കുന്ന പടുവൃക്ഷമായി ഞാൻ
കരുതലും താങ്ങുമായ് നില്ക്കേണ്ട മക്കൾ
അരികത്തുനിന്നാട്ടിയകറ്റുന്നു ദൂരെ
അറിവില്ലയഴകില്ല, അമ്മയെന്നോതുവാൻ
മടിയാണവർക്കന്യവൃദ്ധയായ് തീർന്നു ഞാൻ
പരിഭവം തെല്ലില്ല മക്കളെ നിങ്ങളും
ഒരുനാളുവൃദ്ധരായ് തീരും നിയതിയാൽ,
ഗതിയറ്റയമ്മതൻ ഗതി വരാതിതെന്നുമേ
കഴിയണം, കാലം പൊറുക്കട്ടെ സർവ്വതും.