ജീവചരിത്രം

ഉണർന്നിരിക്കുമ്പോൾ
കാഴ്ചകളുടെ ക്യാൻവാസിൽ
മേലനങ്ങാതെയുള്ള
ഡിജിറ്റൽ ലോക ജീവിതസുഖം.

ഒന്ന് മുതൽ പൂജ്യം വരെ
വിരലമർത്തി വിളിക്കുമ്പോൾ
നിമിഷങ്ങൾക്കുള്ളിൽ
ഡെലിവറി ചെയ്യുന്ന വിപണികൾ .

ഇൻകമിംഗ് കാളുകളിൽ
ചുവപ്പ് ജങ്ക് കാളുകളും
അടുത്ത ബന്ധുക്കളുടെ
ക്ഷേമാന്വേഷണവുംമാത്രം .

അക്ഷരങ്ങളൊരുക്കുന്ന
സെർച്ച് എഞ്ചിൻ സവാരിയിൽ
ലോകവാർത്തകളുടെ തകർപ്പൻ
ദൃശ്യ വിസ്മയബഹളങ്ങൾ.

ഡയറി കുറിപ്പുകളിൽ
ഇടപാടുകൾക്കുള്ള ആപ്പുകളുടെ
നമ്പർ ലോക്ക്പാറ്റേണുകളും
വരവ് ചെലവ് കണക്കുകളുംമാത്രം .

ഇമോജികളും സ്മൈലികളും ചേർന്ന
മൗനത്തിന്റെ സുവിശേഷങ്ങളിൽ                  
നെടുവീർപ്പിട്ട് പിൻവാങ്ങുന്ന                          
നിശബ്ദമായവാക്കുകൾ.

സൈബർ വനങ്ങളിൽ നിറയെ
യൂട്യൂബ് ബ്ലോഗർമാർ മേയുമ്പോൾ
ആനയും ആകാശവും കടലും
അലോസര കാഴ്ചകളാകുന്നു .

മെസ്സഞ്ചറിലൊരു ജപ്പാൻകാരി
ചാറ്റ് ചെയ്തിരിക്കുമ്പോൾ
മുറ്റത്തെ ചെടികൾ വാടുന്നത്
ഡിലീറ്റ് ഫോർ മി അടിച്ചു .

വിശ്രമവേളകളിൽ റീലുകളും
കോമഡി ഷോകളും കാണുമ്പോൾ
ഇൻകമിംഗ്‌ കാളുകൾ ഒഴിവാക്കാൻ
ഫ്ലൈറ്റ് മോഡ് ഓൺ ചെയ്യുന്നു .

ഇൻബോക്സിൽ കിടക്കുന്ന
ഇമെയിലുകൾ വായിക്കുന്നതിനിടക്ക്
വരാന്തയിലെ ആഴ്ചപ്പതിപ്പുകൾ
ഒരിക്കലും കണ്ണിൽ പെടാറില്ല.

ചതികളുടെ നെറ്റ് വർക്കിൽ
ഡിജിറ്റൽ  ജീവിതം മടുത്തപ്പോൾ
ആത്മകഥക്ക്  അൽഗോരിതം
നിർമ്മിക്കാൻ ഗൂഗിളിൽ പരതിനോക്കി.

മേൽവിലാസം മെയിൽഐഡിയുമായി
ലിങ്ക് ചെയ്തിരിക്കുന്നതിനാൽ
ബ്രൗസിങ് ഹിസ്റ്ററി ജീവചരിത്രമായി
എഐ ഡൌൺലോഡ് ചെയ്തുതന്നു.

ആത്മകഥഎഴുതാനുള്ള വാക്കുകൾ
കീബോർഡുകളുടെ മോർച്ചറിയിൽ
പ്രണയവും സൗഹൃദവും സ്‌നേഹവും
കാണാതെ  അനക്കമറ്റ് കിടക്കുന്നു .

വടകര,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ആണ്.