ജാലകത്തിനപ്പുറം

രാത്രി തനിച്ചാക്കിയ
ഒരു നക്ഷത്രം
നീണ്ട മരങ്ങളുടെ
ഇലച്ചില്ലകളുടെ അറ്റത്ത്
പാതി മറഞ്ഞ്
പാതി മാത്രം തെളിഞ്ഞ്
ആകാശ കൈക്കുടുന്നയിൽ
ചേർന്നിണങ്ങി നിന്നു.

അപ്പോൾ
ഭൂമിയിലൊരു പെണ്ണ്
വർണാഭമായ നഗരത്തിലെ
അപ്പാർട്ട്മെൻറിൽ
ഉയർന്ന ബാൽക്കണിയിൽ
കൈവരിയോട് ചേർന്നുനിന്ന്
കടൽക്കാറ്റിൽ ഒറ്റയ്ക്കലിഞ്ഞ്
പാതിവിടർന്ന നക്ഷത്രത്തെ
ഉറ്റു നോക്കി.

ഒരു നൈറ്റ് ഡ്രൈവ്
പോരാമോ ? എന്നവൾ
വരാമെന്ന് നക്ഷത്രം
കുട്ടിക്കാലത്ത് കേട്ട
ഗന്ധർവ്വൻ്റെ കഥപോലെ
നക്ഷത്രവും അവളും
ഒരുമിച്ച് നടന്നു.

ഇത്തിരിക്കാടും, കാറ്റും
കടലുമാകാശവും
നേർത്തു പിഞ്ഞിയ ഭൂമിയും
കണ്ടു നടക്കവെ….
രാവ് ചുവന്ന്
പകലായ് വിരിഞ്ഞു.
പിരിയുമ്പോളവൾ ചോദിച്ചു.
എനിക്കെന്ത് തരും ?

കാറ്റിൻ്റെ താളം കാടിനും
മഴയുടെ തേങ്ങൽ മണ്ണിനും
മനുഷ്യൻ്റെ  ഭാഷ മനുഷ്യനും
അപരിചിതമായിപ്പോയ
ഈ ലോകത്ത്
നീ തനിച്ചെങ്ങനെ
ഇങ്ങനെ….. ?
എന്ന് നക്ഷത്രം.

ഒരു കനത്ത മൗനത്തിനു ശേഷം
അവൾ പതിയെ പുഞ്ചിരിച്ചു.
നക്ഷത്രം കൈ നീട്ടി.
അവൾ ഭൂമി വിട്ടുയർന്നു.
ഒരു മുത്തശ്ശിക്കഥ പോലെ
പിന്നീടവർ ആകാശത്ത്
ഒറ്റ വൃത്തത്തിൽ
ഒന്നിച്ചുദിച്ചു.

അധ്യാപികയാണ്. കവിതയും കഥകളും ആനുകാലികങ്ങളിൽ എഴുതി വരുന്നു