ജാനി

“ഏത് നേരോം ഓടിക്കളി തന്ന്യാ.. കുറച്ച് നേരമെങ്കിലും നിനക്ക് ഒതുങ്ങി ഇരുന്നൂടെ.. ? ഇങ്ങനേം ഉണ്ടോ പെങ്കുട്ട്യോള്? വല്ല്യ കുട്ടി ആയീന്ന് ള്ള വല്ല വിചാരോ ണ്ടോ.”

കുളപ്പടവലിരുന്ന് ,ശ്വാസം അടക്കിപിടിച്ച്‌, കാൽപാദങ്ങൾ രണ്ടും വെള്ളത്തിൽ അനങ്ങാതെ വച്ച് പരലുകളെ ക്ഷണിക്കുന്ന തിരക്കിലായിരുന്നു ജാനകി.

“ജാനു..!! നിന്നോടാ ഞാനീപ്പറേണത്.” അവളുടെ നീണ്ട മുടിയിൽ കാച്ചിയ എണ്ണ തേച്ച്‌ കൊടുക്കുന്ന അമ്മയുടെ ശബ്ദം ഒന്ന് കൂടി ഉയർന്നു.

“ഈ അമ്മടെ ഒരു കാര്യം,നോക്ക്യോക്കൂ.. എല്ലാതും പോയി..” തന്റെ കാൽ വിരലുകളെ തേടി വന്ന മീനുകളെല്ലാം ഓടിയൊളിച്ച വിഷമത്തിൽ ജാനകി പരാതി പറഞ്ഞു.

“അവളുടെ ഒരു കുട്ടിക്കളി.”

തലക്ക് ഒരു കിഴുക്ക്‌ തന്ന് അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞു.നിർത്താൻ ഭാവം ഇല്ല എന്ന് മനസ്സിലായപ്പോൾ ജാനകി വിഷയം മാറ്റാൻ വെറുതെ ഒരു ചോദ്യം അമ്മയോട് ചോദിച്ചു..

“സുദേവനും, സുനീധീം മനക്കല് എത്തീട്ട് ണ്ടാവോ ഇപ്പൊ.. അതോ കൊക്കർണി ടെ അവടെയോ..?”

“അവര് വരമ്പത്ത് എവടേം കളിച്ച് നിന്നില്ല്യാ ച്ചാൽ മനക്കില് എത്തീട്ടുണ്ടാവും..” അമ്മയുടെ മറുപടി.

ജാനകി ഉള്ളിൽ ചിരിച്ചുകൊണ്ട് തന്റെ കഴിവിനെക്കുറിച്ച് അഭിമാനിച്ചു.

താൽപര്യമില്ലാത്ത വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ അവൾ മിടുക്കിയായിരുന്നു. അത്,തന്നെ സംബന്ധിക്കുന്ന കാര്യമാണെങ്കിൽ പ്രത്യേകിച്ചും. സംസാരിക്കുന്ന ആളെ വിഷയത്തിൽ നിന്നും വഴി തിരിച്ചു വിടാൻ ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങൾ ചോദിക്കും. പക്ഷേ ഈ തന്ത്രംഏറ്റവും കൂടുതൽ പ്രയോഗിക്കേണ്ടിവരിക അമ്മയോടാണെന്നു മാത്രം. പിന്നെ കൂട്ടുകാരോടും.

ജാനകിയുടെ പ്രിയപ്പെട്ട കൂട്ടുകാരാണ് സുദേവനും, സുനീധിയും. പക്ഷേ അവരെ വേനലവധിക്കാലത്ത് മാത്രമേ കളിക്കാൻ കിട്ടൂ. അപ്പോഴേ അവര് അമ്മാത്ത് വരാറുള്ളൂ. ദൂരെ അച്ഛന്റെ ജോലിസ്ഥലത്തിന് അടുത്തുള്ള സ്കൂളിലാണ് അവര് പഠിക്കുന്നത്. ഓണം അവധിക്കും, വേനലവധിക്കും പിന്നെ കാവിലെ പൂരത്തിനും അവര് അമ്മാത്തേക്ക്‌ വരും. സുനീധിക്കും, ജാനകിക്കും ഒരേ പ്രായം, 13 വയസ്സ്. പക്ഷേ കണ്ടാൽ ജാനകി വലുതാണെന്നേ പറയൂ.12 വയസ്സിൽ തന്നെ ഋതുമതി ആയതുകൊണ്ട് അവൾക്ക് “വല്ല്യ കുട്ടി’ എന്ന വിശേഷണം ഇടക്കിടെ കേൾക്കേണ്ടി വരാറുണ്ട്.

പിന്നെ ഉള്ളത് വടക്കേ വീട്ടിലെ കല്ല്യാണി ആണ്. കുളക്കരയിൽ നിന്ന് നോക്കിയാൽ മുകളിൽ വലതുഭാഗത്ത് ആണ് വടക്കേ വീട്. ചുറ്റും കവുങ്ങിൻ തോപ്പാണ്. ജാനകിയും, കല്ല്യാണിയും ഒരേ ക്ലാസ്സിലാണ്. സ്കൂളിൽ പോക്കും,വരവും എല്ലാം ഒരുമിച്ച്. പക്ഷേ പൊങ്ങച്ചം പറയുന്ന കല്യാണിയെ ജാനുവിന് വല്ല്യ ഇഷ്ടമല്ല .

“സ്വപ്നം കണ്ടിരിക്കാണ്ടെ വേഗം കുളിച്ച് കയറാൻ നോക്ക്ണ് ണ്ടോ കുട്ടീ നീയ്യ്.”

തേഞ്ഞ സോപ്പ് കല്ലിൽ പതിപ്പിച്ച് തുണികൾ കുത്തിതിരുമ്മുന്നതിനിടയിൽ അമ്മ പിറുപിറുത്തു. തണുത്ത വെള്ളത്തിൽ കഴുത്തറ്റം മുങ്ങി നിൽക്കുമ്പോൾ ജാനുവിന്റെ നോട്ടം മുകളിൽ വടക്കേവീട്ടിന്റെ മുറ്റത്തേക്ക് ചെന്നു. ഉവ്വ്‌,പ്രതീക്ഷിച്ച ആള് അവിടെയുണ്ട്. കുഞ്ഞുണ്ണിഏട്ടൻ..! കല്യാണിയുടെ ഏട്ടനാണ്. ഉണ്ണികൃഷ്ണൻ എന്നാണ് പേര്. പക്ഷേ എല്ലാവരും കുഞ്ഞുണ്ണീന്നാണ്‌ വിളിക്കാറ്.

കല്യാണിയെക്കാളും 8 വയസ്സിന് മൂപ്പുണ്ട് ഏട്ടന്. ഭയങ്കര ബുദ്ധിജീവിയാണ്. ജാനകിക്കും, കല്യാണിക്കും കണക്കിലെ സംശയങ്ങൾ മുഴുവൻ തീർത്തുകൊടുക്കുന്നത് കുഞ്ഞുണ്ണിയേട്ടനാണ്. ഇപ്പോ ദൂരെയുള്ള കോളേജിൽ ഡിഗ്രി അവസാന വർഷം പഠിക്കുന്നു. പഠിച്ചു കളക്‌ടർ ആവാൻ പൂവാണ് ഏട്ടൻ എന്നാണ് കല്യാണി പറയുന്നത്. ജാനുവിന് വല്ല്യ വിശ്വാസം വന്നില്ല. എങ്കിലും അച്ഛനും അമ്മയും ഒരിക്കല് സംസാരിക്കുന്നത് ജാനു കേട്ടു.

“കളക്ടറുദ്യോഗം കിട്ടാനാ ത്രേ വടക്കേലെ കുഞ്ഞുണ്ണി ശ്രമിക്കണത്. മിടുക്കനാ അവൻ..”

അത് ശരിയാണ്. ജാനുവിന് കുഞ്ഞുണ്ണിയേട്ടൻ ഒരു അത്ഭുതമായിട്ടാണ് തോന്നാറ്. ലോകത്തുള്ള എന്തിനെ ക്കുറിച്ച് ചോദിച്ചാലും അറിയാം. വായിച്ച് കൂട്ടുന്ന പുസ്തകങ്ങൾക്ക് കണക്കില്ല. ‘കുട്ടികളായൽ പുസ്തകങ്ങൾ വായിക്കണം’ എന്ന് പറഞ്ഞ് ജാനകിക്കും കൊടുക്കാറുണ്ട് ഇടക്ക്.

സ്വപ്നം കാണുന്ന പ്രായം ആയത് കൊണ്ട് ജാനുവിന്റെ അത്ഭുതം പെട്ടന്ന് തന്നെ ആരാധനയായി. പിന്നീടങ്ങോട്ട് അവളുടെ പുരുഷ സങ്കല്പത്തിലെ മുഖം കുഞ്ഞുണ്ണിഏട്ടന്റേതായി. പകൽക്കിനാവിലെ സ്ഥിരം സാന്നിദ്ധ്യം..

“വീട്ടിൽ ചെന്ന് നിറുകില് രാസ്നാദിപ്പൊടി തിരുമ്മണം, നീരെറങ്ങും ഇല്ല്യേങ്കില്”

തലമുടി തുവർത്തികഴിഞ്ഞ് കെട്ടിട്ടു തന്നുകൊണ്ട് അമ്മ പറഞ്ഞു. തുണികളെല്ലാം കയ്യിലൊതുക്കി പിടിച്ച് പടവുകൾ കയറുമ്പോൾ ഏറുകണ്ണിട്ട് ഒന്നുകൂടെ നോക്കിയപ്പോൾ ആളെ അവിടെ കാണാനില്ലായിരുന്നു. അങ്ങനെ ആരും അറിയാതെ ആ ഇഷ്ടം ജാനകി മനസ്സിൽ കൊണ്ട് നടന്നു. കുഞ്ഞുണ്ണി ഏട്ടനോട്  പറഞ്ഞാൽ തെറ്റായി പോകുമോ എന്ന ഭയം അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു. ആവുന്ന വിധത്തിൽ എല്ലാം അവൾ സങ്കൽപ്പങ്ങൾ മെനഞ്ഞു പകരം വീട്ടി. ഇടക്ക് തന്റെ വിഡ്ഢിത്തം ആലോചിച്ച് സ്വയം ചിരിച്ചു. ഒരു ദിവസം, പഠിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും വഴിതെറ്റിപ്പോയ മനസ്സിനെ തിരിച്ചുകൊണ്ടുവരാൻ ഉള്ള കഠിനശ്രമത്തിനിടയിൽ, ജാനകി യദൃശ്ച്യാ മുത്തശ്ശിയും, അച്ഛനും ,അമ്മയും സംസാരിക്കുന്നത് കേട്ടു.

അച്ഛനാണ് തുടങ്ങിയത്. “ഞാൻ ഇന്ന് അങ്ങാടിയിൽ നിന്ന് നമ്മുടെ കുഞ്ഞുണ്ണിയെ കണ്ടിരുന്നു. അയാള് സിവിൽ സർവീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പിലാണ്. എന്തൊരു ആത്മവിശ്വാസാന്ന് അറിയോ ആ കുട്ടിക്ക്..?”

“അയാൾക്കൊക്കെ ആദ്യ ശ്രമത്തിൽ തന്നെ കിട്ടും” അമ്മയുടെ ആത്മഗതം.

“കാലായാൽ നമ്മുടെ ജാനൂന് ആലോചിക്കാർന്നു, നല്ല ചെക്കനാ..” മുത്തശ്ശിയാണ്.

“അതിനൊക്കെ ഇനി എത്ര കാലം കഴിയണം അമ്മേ.. അവളും പഠിക്കട്ടെ.. ആവോളം പഠിച്ച് ഒരു ഉദ്യോഗം ഒക്കെ ആവണ്ത് നല്ലതല്ലേ. സമയം ആവുമ്പോ നോക്കാം.”

ശിവ.. ശിവ.. ഇപ്പൊ പെങ്കുട്ട്യോൾക്കും ഇതൊക്കെ വേണോ..?  മുത്തശ്ശിയുടെ ചോദ്യം. “എന്താ ജാനൂന്റെ യോഗം ന്ന് ആർക്കറിയാം. ഒക്കെ വിധി പോലെ വരും.” ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി മുത്തശ്ശി.

ജാനു വലിയ സന്തോഷത്തിലായിരുന്നു. പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ. ഇനിയിപ്പോ മുത്തശ്ശി പറഞ്ഞ പോലെ വിധി അനുകൂലമായി വന്നാൽ. അവളുടെ സങ്കല്പങ്ങൾക്കെല്ലാം ചിറക് വച്ചു. സ്വപ്നങ്ങളുടെ ദൈർഘ്യം കൂടി. പിന്നെയങ്ങോട്ട് എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

———

പക്ഷെ, അധികം വൈകാതെ തന്നെ ജാനുവിനെ വിധി പറ്റിച്ചു. ഗോതമ്പിന്റെ നിറവും, നീണ്ട മൂക്കും, ചെമ്പൻ കണ്ണുകളും ഉള്ള അമൻദീപ്‌ എന്ന പഞ്ചാബി പെണ്കുട്ടിയുടെ രൂപത്തിൽ. കുഞ്ഞുണ്ണിഏട്ടൻ കൂടെ പഠിച്ച കൂട്ടുകാരിയെ തന്നെ ജീവിതത്തിലും കൂടെ കൂട്ടാൻ തീരുമാനിച്ചു. ആദ്യം എതിർപ്പ് കാണിച്ച വടക്കേ വീട്ടുകാരൊക്കെ സാവധാനം സമ്മതം മൂളി. പഠിപ്പെല്ലാം കഴിഞ്ഞ് പോസ്റ്റിംഗിന് മുൻപ് പെണ്കുട്ടിയുമായി കുഞ്ഞുണ്ണി നാട്ടിലേക്ക് വന്നു.

ആ ദിവസം ജാനകി മറക്കില്ല. ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിന്റെ അപേക്ഷ പോസ്റ്റ് ചെയ്യാനായി ഇറങ്ങിയതായിരുന്നു. 10 മണിയുടെ ബസ് കിട്ടാനുള്ള ഓട്ടത്തിനിടയിൽ പാടവരമ്പിന് എതിർവശം ആള് വരുന്ന കാര്യം അറിഞ്ഞതേയില്ല. ഏകദേശം അടുത്തെത്താറായപ്പോൾ ജാനകി കണ്ടു. മുൻപിൽ കുഞ്ഞുണ്ണിയേട്ടൻ. യാത്ര കൊണ്ടാണോ അതോ അന്യനാട്ടിലെ താമസം കൊണ്ടാണോ എന്തോ ഒട്ടും എണ്ണമയമില്ലാത്ത മുടി.

“ജാനൂ… ” സ്വതസിദ്ധമായ ചിരിയോടെയുള്ള ആ വിളി. ജാനുവിന് എന്ത് ചെയ്യണം എന്ന് നിശ്ചയമുണ്ടായില്ല. പെട്ടന്ന് കുഞ്ഞുണ്ണി പുറകിലുള്ള ആളെ കാണാവുന്ന രീതിയിൽ ചെരിഞ്ഞു നിന്നു. കുഞ്ഞുണ്ണിഏട്ടന്റെ ചൂണ്ടുവിരലിൽ കോർത്തുപിടിച്ചിരുന്ന കൊലുന്നനെയുള്ള ആ വിരലുകളാണ് ആദ്യം ശ്രദ്ധിച്ചത്.

“ജാനു ഇത് അമൻ..വിവരങ്ങളൊക്കെ..”

പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപ് തന്നെ ജാനകി ഭാവവ്യത്യാസമില്ലാതെ മറുപടി പറഞ്ഞു.

“അറിഞ്ഞു”

“അമൻ..യെ അപ്നാ ജാൻകി..”

പിന്നെയെന്തൊക്കെയോ പറഞ്ഞു കുഞ്ഞുണ്ണി. അതൊന്നും ജാനു കേട്ടില്ല. അവളുടെ ശ്രദ്ധ മുഴുവൻ അവരിലായിരുന്നു. വിടർന്ന കണ്ണുകൾ.. കുഞ്ഞുണ്ണിയുടെ വിവരണങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നു. കണ്ണുകൾ കൊണ്ട് സംസാരിക്കുന്നത്‌ പോലെ. നീണ്ട് ഉയർന്ന മൂക്കിൽ ഇടത് ഭാഗത്ത് തിളങ്ങുന്ന കുഞ്ഞു വെള്ളക്കൽ മൂക്കുത്തി. കൈ നിറയെ വളകൾ. കാറ്റിൽ പറക്കുന്ന നീണ്ട മുടി. സാരി ഉടുത്തിരിക്കുന്നത് കണ്ടാൽ അറിയാം അവർക്കത് ശീലമില്ലാത്തത്‌ ആണെന്ന്. എങ്കിലും വല്ലാത്ത ഒരു ആകർഷണം. അത്രയേ ശ്രദ്ധിക്കാൻ പറ്റിയുള്ളൂ. അപ്പോഴേക്കും അവളുടെ നേരെ അമൻ ദീപിന്റെ “നമസ്തേ” വന്നു.

ജാനകി ചിരിച്ചെന്നു വരുത്തി തലയാട്ടി.

‘എങ്ങോട്ടാ’ എന്നുള്ള കുഞ്ഞുണ്ണിഏട്ടന്റെ ചോദ്യത്തിന്‌ മറുപടി പറയുന്നതിനൊപ്പം ജാനു പത്തടി തിരിച്ചു നടന്ന് അവർക്ക് പോകാൻ വഴിയൊരുക്കി. വടക്കേ വീട്ടിലേക്കുള്ള വരമ്പ്‌ തിരിയുന്ന ഭാഗത്ത് അവൾക്ക് അഭിമുഖം അവർ രണ്ടുപേരും വീണ്ടും നിന്നു.

“ജാനൂനെ വിസ്തരിച്ച് കാണണം.,പഠിത്തത്തിനെ പറ്റി സംസാരിക്കണം. സൗകര്യം പോലെ ഒരീസം വീട്ടിലേക്ക് വരൂ. ഞങ്ങൾ ഇവിടെ കുറച്ചീസം ണ്ടാവും.”

വരാം.. എന്ന മറുപടി പറഞ്ഞു. അപ്പോഴാണ് വരമ്പത്ത് നഷ്ട്ടപ്പെട്ട 5 മിനുറ്റിനെ പറ്റി അവൾ ആലോചിച്ചത്. അവരോട് യാത്ര പറഞ്ഞ് വീണ്ടും ഓടാൻ തുടങ്ങി. റോഡിലെത്തി ബസ് സ്റ്റോപ് ലക്ഷ്യമാക്കി വേഗം നടന്നു. ആ നടത്തത്തിൽ ഒരായിരം ചിന്തകളും അവളോടൊപ്പം കൂടി. കല്യാണിയുടെ കയ്യിൽ നിന്നും വാങ്ങിയ കുഞ്ഞുണ്ണിയേട്ടന്റെ വിലാസത്തിൽ ഒരു തവണ എങ്കിലും എഴുതിയിരുന്നെങ്കിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ എഴുതി കീറിക്കളഞ്ഞ ഒരു എഴുത്തെങ്കിലും പോസ്റ്റ് ചെയ്യാൻ താനെന്തേ മടി കാണിച്ചത്..? യോഗം ഇതല്ലാത്തതുകൊണ്ടോ..? വിധി തന്നെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതോ..? ഉത്തരമില്ലാതെ കുറേ ചോദ്യങ്ങൾ.

നടക്കാതെ പോയ ആ ഇഷ്ടത്തിനെ മനസ്സിന്റെ ചാപല്യം എന്ന് ഡയറിയിൽ കുത്തിക്കുറിച്ച് മറക്കാൻ ശ്രമിച്ചു. അച്ഛനും, അമ്മയും, മുത്തശ്ശിയും സൗകര്യപൂർവ്വം അന്നത്തെ ആ “ആലോചന” മറന്നു. കുറച്ച് അധികം ദിവസം എടുത്തെങ്കിലും ജാനകിയും എല്ലാം മറന്നു. പക്ഷേ അന്ന് മുതൽ വിധിയും, യോഗവുമെല്ലാം വല്ലാത്ത ഒരു ‘പ്രഹേളിക’ ആയിട്ടാണ് അവൾ ഉൾക്കൊണ്ടത്.

കാവില് വച്ച് ജാനകി കുഞ്ഞുണ്ണ്യേട്ടനേം, ഭാര്യയെയും പിന്നെയും കണ്ടു. വടക്കേ വീട്ടുകാരുടെ വക ചുറ്റുവിളക്ക് വഴിപാട് ആയിരുന്നു അന്ന്. മുണ്ടും നേര്യതും ഉടുത്ത് സുന്ദരിയായ അമൻ അന്ന് അവളോട് സംസാരിച്ചു. കുറച്ച് ഇംഗ്ലീഷും ബാക്കി മുറി ഹിന്ദിയും ഒക്കെ ആയി അന്ന് ജാനകി ഒപ്പിച്ചു. കല്യാണിക്ക് ഏട്ത്തിയമ്മയെ പറ്റി പറയാൻ നൂറ് നാവായിരുന്നു. ഏട്ടൻ “അമ്മു”ന്നാണത്രേ അവരെ വിളിക്കണത്. അവരുണ്ടാക്കുന്ന ഭക്ഷണങ്ങളും, അവരുടെ രീതികളും, പറഞ്ഞിട്ടും, പറഞ്ഞിട്ടും മതി വരുന്നില്ല കല്യാണിക്ക്. ജാനു ഒട്ടും താൽപര്യമില്ലാതെ എല്ലാം കേട്ടു. ഉള്ളിൽ എന്തിനെന്നറിയാതെ ദേഷ്യവും, സങ്കടവും, വാശിയും തോന്നി. പിന്നീട്, വിധിച്ചിട്ടില്ലാത്തതിനെകുറിച്ച് ആലോചിച്ച് വിഷമിക്കണ്ട എന്ന്‌ സ്വയം തീരുമാനിച്ചു. ‘വിധി’ ആണല്ലോ വില്ലൻ. അതിന് വാശിയും ദേഷ്യവും തോന്നിയിട്ടെന്ത് കാര്യം. ജാനു ഡയറിയിൽ കുറിച്ചു.

എന്തായാലും രണ്ട് ദിവസം കഴിഞ്ഞ് വടക്കേ വീട്ടിൽ ചെന്നു. ചെല്ലാം എന്ന് വാക്ക് കൊടുത്തതല്ലേ. കുഞ്ഞുണ്ണി ഏട്ടന്റെ ഉപദേശവും, നിർദേശങ്ങളും അനുസരണയുള്ള കുട്ടിയെന്ന പോലെ കേട്ട് നിന്നു. പിന്നെ അമൻ ഉണ്ടാക്കിയ പായസം കഴിക്കാൻ തന്നു. അവരുടെ നാട്ടിൽ “ഖീർ” എന്നാണത്രെ അതിന് പറയുന്നത്. വല്ല്യ രുചിയൊന്നും തോന്നിയില്ലെങ്കിലും കഴിച്ച് തീർത്തു. പോരാൻ നേരം ബുക് ഷെൽഫിൽ നിന്ന് കുറച്ച് ബുക്കുകൾ എടുത്ത് തന്റെ നേരെ നീട്ടി കുഞ്ഞുണ്ണിയേട്ടൻ പറഞ്ഞു.

“വായിക്കാൻ ഇഷ്ടമാണെന്ന് അമ്മ പറഞ്ഞു. അത്യാവശ്യം എഴുതും എന്നും പറഞ്ഞല്ലോ.. നിർത്തരുത്, തുടരണം. എഴുതിയതൊക്കെ ഇടക്ക് അയച്ചു തരൂ.. എനിക്കും വായിക്കാലോ..”

പുതിയ വിലാസം കയ്യിൽ വച്ച് തരുമ്പോൾ ആ മുഖമൊന്ന് നോക്കി. നഷ്ടബോധം തികട്ടി വരുന്നതിന് മുൻപ് തന്നെ കണ്ണുകളെടുത്തു. അവരോട് യാത്ര പറഞ്ഞ് ഇറങ്ങി. വരമ്പിലൂടെയുള്ള നടത്തം ഒഴിവാക്കാൻ കവുങ്ങിൻ തോപ്പ് വഴി ആണ് നടന്നത്. പോകുന്ന വഴി ഓരോന്ന് ആലോചിച്ച് കാൽ വിരൽ ഇരടി മുട്ടി ചോര പൊടിഞ്ഞതും, ദാവണി തുമ്പ് അത്താണിയിൽ ഉടക്കി കീറിയതും അവൾ ശ്രദ്ധിച്ചില്ല. അവൾ സ്വയം പിറുപിറുത്തു..” പിന്നേ.. കലക്ടർ ന് എന്റെ വിഡ്ഢി എഴുത്തുകൾ വായിക്കലല്ലേ പണി.. വെറുതേ ഭംഗി വാക്ക് പറഞ്ഞതാവും.. അയക്കണം ന്ന്. അല്ലെങ്കിലും പറയാൻ എളുപ്പം ആണല്ലോ.. പ്രവൃത്തിയിൽ വരുത്താൻ മാത്രേ ബുദ്ധിമുട്ടുള്ളൂ. പറയുന്ന ആളിന് വെറും വാക്ക്, കേൾക്കുന്ന ആളിന് നൈമിഷികമായിട്ടുള്ള കേൾവിസുഖം, പിന്നെ ആദ്യന്തമുള്ള ആകാംക്ഷയും.അത്രമാത്രം”.

—–

ജാനകി പിന്നീട് ഒരുപാടെഴുതി.. പക്ഷെ അവളുടെ രചനകൾ ഒരിക്കലും പുതിയ വിലാസത്തിൽ കുഞ്ഞുണ്ണിയെതേടി ചെന്നില്ല. ആ അദ്ധ്യായം അവിടെ കഴിഞ്ഞു. അല്ല .., ജാനു അതിനെ അറിഞ്ഞുകൊണ്ട് കുഴിച്ചുമൂടി. എന്നിട്ടത് വിധിയോടുള്ള തന്റെ പ്രതികാരമായി സ്വയം ആശ്വസിച്ചു.

——

ചൊവ്വാ ദോഷത്തിന്റെ പേരിൽ മുടങ്ങിപ്പോകുന്ന ഓരോ കല്യാണാലോചനകളും ജാനുവിനെ സന്തോഷിപ്പിച്ചു. അതെന്താണങ്ങിനെ എന്ന് അവൾപോലും ആശ്ചര്യപ്പെട്ടു. വിവാഹ ജീവിതമേ വേണ്ട എന്നൊരു നിലപാടൊന്നും ജാനകിക്ക് ഇല്ലായിരുന്നു. എന്തോ ഒരു താത്പര്യക്കുറവ്. മനസ്സിൽ കുഴിച്ചുമൂടിയ ഇഷ്ടം, പ്രായത്തിന്റെ ചാപല്യമോ, തിരിച്ചറിവില്ലായ്മയോ അല്ലെന്ന് അന്നവൾ മനസ്സിലാക്കി. പുസ്തകങ്ങളും, എഴുത്തും, വായനയും ചേർന്നുള്ള ഒരു ലോകം അവൾ സൃഷ്ടിച്ചു. അക്ഷരങ്ങൾ കൊണ്ടവൾ യുദ്ധം ചെയ്തു പകരം വീട്ടി. വാക്കുകൾക്കിടയിൽ ഉള്ള ദൂരങ്ങളിൽ ജാനകി കണ്ണുകളടച്ച് സ്വപ്നം കണ്ടു. പിന്നീട് ആ സ്വപ്നങ്ങൾ അവളുടെ കഥാതന്തുക്കളായി മാറി.

വിധി പിന്നേയും പല രൂപത്തിൽ അവളോട് മത്സരിക്കാനെത്തി. എത്ര ശ്രമിച്ചിട്ടും, എല്ലായിടത്തും അവൾക്ക് പൊരുതി തോൽക്കേണ്ടി വന്നു. അനുഭവങ്ങൾ അക്ഷരങ്ങളിലേക്ക് വഴി മാറിയപ്പോൾ ജാനി എന്ന തൂലികാ നാമത്തിൽ അവളുടെ ഏറ്റവും മികച്ച സൃഷ്‌ടി “വിധിയിൽ നിന്ന് അനുഭവത്തിലേക്കുള്ള യാത്ര” ഏറെ ശ്രദ്ധിക്കപ്പെട്ടു..

നാട്ടിൽ നിന്നും ഒരുപാട് ദൂരെയാണ് ജോലി സ്ഥിരപ്പെട്ടത്. മലയാളം അധ്യാപിക ആയിട്ട്. വീട്ടിൽ നിന്ന് മാറി നിൽക്കുക എന്നത് ആ സമയത്ത് അവളെ സംബന്ധിച്ച് വലിയ ആശ്വാസം ആയിരുന്നു. മാസത്തിൽ ഒന്നോ രണ്ടോ തവണ അവധി ദിവസം നോക്കി വീട്ടിലേക്കെത്തും. കുട്ടികളുടെ പ്രിയപ്പെട്ട ജാനകി ടീച്ചറായും, വായനക്കാരുടെ പ്രിയ എഴുത്തുകാരി ‘ജാനി’ ആയും, മറ്റൊന്നും ചിന്തിക്കാൻ സമയമില്ലാതെ അവൾ ഒഴുക്കിനൊപ്പം നീന്തി.

കൂട്ടുകാർക്കെല്ലാം കുടുംബജീവിതം ആയി. വീട്ടിലെത്തുമ്പോഴെല്ലാം സങ്കടം പറയാനേ അച്ഛനും, അമ്മക്കും നേരം ഉണ്ടായിരുന്നുള്ളൂ. മുത്തശ്ശി തീരെ കിടപ്പിലായിരുന്നു.തന്റെ ഓരോ എഴുത്തുകളും വായിച്ച് കേൾക്കണം എന്നുള്ളത് മുത്തശ്ശിടെ നിർബന്ധം ആയിരുന്നു. ഒരു ദിവസം വായനക്കിടക്ക് മുത്തശ്ശി കൈകൾ പിടിച്ച് കൊണ്ട് ചോദിച്ചു. “ന്റെ കുട്ടിക്ക് കുഞ്ഞുണ്ണ്യേ ഇഷ്ടായിരുന്നു ല്ലേ.. മനസ്സില് ആഗ്രഹിച്ചിരുന്നൂ ച്ചാൽ ന്തേ നിന്റെ അച്ഛനോട് പറയാഞ്ഞേ..? “

ഒരു നിമിഷത്തേക്ക് അമ്പരന്ന് പോയ ജാനകി ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു..”മുത്തശ്ശി നേരമ്പോക്ക് പറയാതെ ഞാൻ വായിക്കണത് ശ്രദ്ധിക്കൂ ട്ടോ .. ഇല്ല്യേങ്കിൽ പിന്നെ ഞാൻ കഥയിൽ നിന്ന് ഓരോ ചോദ്യങ്ങള് ചോദിക്കും.. ഉത്തരം പറഞ്ഞില്ല്യാച്ചാൽ ഞാൻ വായന നിർത്തും.. ഹാ..!” മുത്തശ്ശിയുടെ കണ്ണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീര് കാണാത്ത ഭാവത്തിൽ അവൾ വായന തുടർന്നു. കണ്ണുകൾ അക്ഷരങ്ങളിലൂടെ സഞ്ചരിച്ചെങ്കിലും, മനസ്സ് മറ്റൊരു വഴിക്കായിരുന്നു യാത്ര.

അന്ന് രാത്രി അവൾക്ക് ഉറക്കം വന്നില്ല.
ജനാലയിലൂടെ നിലാവ് നോക്കി കിടക്കുമ്പോൾ ജാനകി ഓർത്തു. മുത്തശ്ശിയുടെയും,അച്ഛന്റെയും, അമ്മയുടെയും വിഷമം. തന്നെക്കുറിച്ചുളള അവരുടെ ആധി. പക്ഷേ അത് അവളെ ഒരിക്കലും അലട്ടിയില്ല. മറിച്ച് അവൾ സന്തോഷത്തിലായിരുന്നു. ജീവിതം ഇതിൽപ്പരം എങ്ങനെ ആസ്വദിക്കും. വിവാഹം, കുടുംബം എന്നുള്ളത് മാത്രമല്ലല്ലോ പൂർണത..

——-

“ജാനീ…” നെറ്റിയിൽ തണുത്ത കൈകൾ പതിഞ്ഞപ്പോൾ,ഓർമകളുടെ മറ നീക്കി, ജാനകി പാതിയടഞ്ഞ കണ്ണുകൾ തുറന്നു. “ഉണ്ണ്യേട്ടനോ..നേരം ഒരുപാടയില്ലേ ന്തേ ഇനീം ഉറങ്ങീല്ല്യാ..?”

“തന്റെ ഇന്നത്തെ എഴുത്ത്‌ വായിച്ചിട്ടാകാം ന്ന് കരുതി. “

“അമ്മു ഉറങ്യോ..? നാളെ രാവിലെ നേരത്തെ പോകാനുള്ളതാ..

ഉവ്വ്‌ .. ഞാൻ പോയി നോക്കിയിരുന്നു.

ശരി.. കേൾക്കട്ടെ,..എന്തായി ടീച്ചറുടെ ആത്മകഥ.? “ദിവസങ്ങൾ കുറച്ചേ ഉള്ളൂ ട്ടോ ജാനീ..”

കൈയിലിരുന്ന കോഫീ മഗ്‌ ജാനുവിന് നേരേ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.

“ഇനിയുള്ളത് എഴുതാൻ എനിക്ക് അധിക സമയം ഒന്നും വേണ്ട ഉണ്ണ്യേട്ടാ.” പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. “എനിക്ക് വിധിച്ചത് എന്നോട് കൂടിച്ചേരാൻ എടുത്ത സമയവും, അത് വരെ ഞാൻ നടത്തിയ ജീവിത യാത്രകളും. അത് എഴുതി ഫലിപ്പിക്കാനല്ലേ ഞാനിത്രയും ദിവസം ബുദ്ധിമുട്ടിയത്. ഇനിയുള്ള എഴുത്തിന് വല്ലാത്ത ഒരു ഒഴുക്കുണ്ടാകും, എനിക്കുറപ്പാണ്. ജാനകി കുഞ്ഞുണ്ണിയുടെ ജാനി ആയതും, കുഞ്ഞുണ്ണി ജാനിയുടെ ഉണ്ണ്യേട്ടൻ ആയതും വിധിയുടെ തീരുമാനം അല്ലാതെന്ത്?”

അതായിരുന്നു ജാനകിയുടെ “യോഗം”

അമൻ.. അമ്മുവിന്റെ കുഞ്ഞുമുഖം കാണാൻ നിൽക്കാതെ അവളെ കുഞ്ഞുണ്ണിയുടെ കൈകളിൽ ഏൽപ്പിച്ച് പോയത് , ജാനുവിന്റെ വിധി നടപ്പാക്കാൻ വേണ്ടി മാത്രം ആയിരുന്നു, എന്ന് വിശ്വസിക്കാനാണ് അവൾക്കിഷ്ടം.

“ഉണ്ണ്യേട്ടൻ കിടന്നോളൂ.. ഞാൻ ഇത് എഴുതി തീർക്കട്ടെ. എന്നിട്ട് ഒരുമിച്ച്‌ വായിക്കാം.. അതല്ലേ എന്റെ സ്വന്തം പ്രൂഫ് റീഡറിന് എളുപ്പം.”

ജാനകിയുടെ അരികിലേക്ക് ഒന്നുകൂടെ ചേർന്ന് നിന്ന് അവളുടെ നെറുകിൽ ചുണ്ടുകൾ ചേർത്ത് കുഞ്ഞുണ്ണി പറഞ്ഞു..” എന്റെ ജീവിതത്തിലേക്ക് വിധി കൊണ്ടെത്തിച്ച പുണ്യം ആണ് ജാനീ താൻ”.

“അത് എഴുതപ്പെട്ടതാണ് ഉണ്ണ്യേട്ടാ.. എത്രയോ മുൻപ്.” ജാനകി കുഞ്ഞുണ്ണിയുടെ കൈകകൾ ചേർത്തു പിടിച്ചു.

മുറിയിലേക്കൊഴുകി വരുന്ന തണുത്ത കാറ്റിനൊപ്പം, ജാനകിയുടെ തൂലിക തുമ്പിൽ നിന്ന് അക്ഷരങ്ങൾ ഒഴുകിക്കൊണ്ടിരുന്നു

പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരം സ്വദേശിനി. പ്രവാസി ആയിരുന്നു, ഇപ്പോൾ പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 'അനാമിക' ആദ്യ കഥ ആണ്.