പൂഹൂയ്…..കിഴക്കൻ മലയിൽ ഉരുൾ പൊട്ടീന്നാ കേക്കണേ….
ടൗണിൽ റബ്ബർഷീറ്റ് വിറ്റിട്ട് സൈക്കിളിൽ പാഞ്ഞു വരികയായിരുന്ന കൊച്ചൗതയുടെ നിലവിളി പൊടുന്നനെയാണ് ഗ്രാമമൊട്ടുക്ക് ഒരു വെപ്രാളത്തിന് തിരി കൊളുത്തിയത്. രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയ്ക്കൊടുവിൽ ഒരു ചെറുവെളിച്ചം കണ്ടപ്പോൾ മുടങ്ങിക്കിടന്ന പുറം പണികൾ തീർക്കാനുള്ള കൊണ്ടുപിടിച്ച തിരക്കിലായിരുന്നു പലരും. ഏറെ താമസിയാതെ അത്തിമറ്റം കപ്പേളയിൽ കൂട്ടമണി മുഴങ്ങി. പ്രകൃതിക്ക് സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളെ തിരിച്ചറിഞ്ഞിട്ടെന്ന പോലെ നാൽക്കാലികൾ അസാധാരണമാം വിധം കൊമ്പു കുലുക്കി. കാലുകൾ കൊണ്ട് മണ്ണിളക്കി, അർത്ഥം വച്ച് അമറി.
കലുങ്കുകളിൽ വിടുവായിത്തം പറഞ്ഞിരുന്നവരൊക്കെ വാണം വിട്ട പോലെ ആറ്റുവക്കിലേക്കോടി.
ഭ്രാന്തെടുത്തു വരുന്ന മലവെള്ളത്തിൽ തങ്ങളുടെ നാൽക്കാലികൾ പ്രാണവേദനയോടെ കൈകാലിട്ടടിക്കാതിരിക്കാൻ അവറ്റകളുടെ മൂക്കുകയറിൽ പിടിച്ച് ബലമായി നടത്തിച്ചു. പച്ചപ്പാവാടയുടുത്ത് ചുരത്താൻ വെമ്പി നിൽക്കുന്ന റബ്ബർ മരങ്ങൾക്കിടയിൽ ടാപ്പിങ്ങ് ജോലി നടത്തിക്കൊണ്ടിരുന്നവരും ഞൊടിയിടയിൽ അതൊക്കെ നിർത്തി താന്താങ്ങളുടെ കൂരകളിലേക്കോടി.
ദാ പറയും മുമ്പേ മലവെള്ളമിങ്ങെത്തും….. ടാ മക്കളേ നിങ്ങളാ ചായ്പ്പീന്ന് തോണി അഴിച്ചിറക്ക്.
കോഴീം താറാവുമൊക്കെ ആറ്റിറമ്പിലാണെന്നു തോന്നുന്നു.
ഇമ്മിണി വറ്റിങ്ങെടുത്തേ. ഞാനവറ്റകളെയൊക്കെ വിളിച്ചു കൂട്ടട്ടെ…
അതല്ലേൽ മലവെള്ളത്തിന്റെ പേരും പറഞ്ഞ് ഓരോത്തന്മാർ പിടിച്ചോണ്ടങ്ങ് പോകും കള്ളിന്റെ കൂടെ കടിച്ചു വലിക്കാൻ…. പാർവ്വതിയമ്മ ഉടുമുണ്ട് അല്പം പൊക്കിക്കുത്തി വെയിലത്തേക്കിട്ട റബ്ബർ ഷീറ്റുകൾ പുകപ്പുരയിലേക്ക് തന്നെ തിരികെയിട്ട് പൂട്ടി ഭദ്രമാക്കി ആറ്റിറമ്പിലേക്ക് ധൃതി വച്ച് നടന്നു.
ഗ്രാമത്തിലെ എല്ലാ വീടുകളിലും ഇതു തന്നെയായിരുന്നു അങ്കം. മഴയത്തിളകിയ ഈയലുകളെപ്പോലെ ആളുകൾ തലങ്ങും വിലങ്ങും തങ്ങളുടേതായ ജംഗമ വസ്തുവകകൾ കെട്ടുകെട്ടി എത്തവണത്തേയും പോലെ കുന്നുകര എൽ പി സ്കൂൾ ലക്ഷ്യമാക്കി അഭയാർഥികളെപ്പോലെ നീങ്ങിക്കൊണ്ടിരുന്നു.
അൽഫോൺസാമ്മേടെ തിരുമുന്നിൽ മൂന്നു കൂട് മെഴുകുതിരി ഇന്നലേം കത്തിച്ചതല്ലേയുള്ളൂ ന്റെ കർത്താവേ…. എന്നിട്ടും എന്തിനീ പരീക്ഷണം?
കിഴുതടിയൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ലോണെടുത്ത് ഓർക്കിഡ് കൃഷി തുടങ്ങിയ റാഹേൽ തലയിൽ കൈ വച്ച് വിലപിച്ചു.
ആശ്രയമറ്റവരുടെ മുറിഞ്ഞ പ്രാർഥനകൾക്ക് ചിറകുമുളച്ചിട്ടെന്ന പോലെ കിഴക്കേ മലയിൽ വെള്ളം അപ്പോഴേക്കും അനുസരണക്കേട് തുടങ്ങിക്കഴിഞ്ഞിരുന്നു.
മഴ കനക്കുമ്പോൾ അത്തിമറ്റത്തുകാരുടെ നെഞ്ചിൽ ദുഖം കനക്കുക പതിവാണ്. അവർ ഇന്നും ഇന്നലേയും കാണാൻ തുടങ്ങിയതല്ല വെള്ളത്തിന്റെ ഈ പരാക്രമം. തുലാവർഷമോ ഇടവപ്പാതിയോ ആകട്ടെ, കുടമുരുട്ടിമലയിൽ ഉരുൾ പൊട്ടുക സാധാരണമാണ്. കയറൂരി വിട്ട സ്വാതന്ത്ര്യമെന്നോണം മടപൊട്ടി ഒഴുകി വരുന്ന മണ്ണും കലക്കവെള്ളവും താങ്ങാനാവാതെ കരകൾ ഇടിഞ്ഞു താഴുമ്പോൾ മീനച്ചിലാർ ഒരു നവവധുവിന്റെ നിസ്സഹായത പ്രകടിപ്പിക്കുന്ന ഇടവേളകൾ. ഇരു കരകളും കവിഞ്ഞ് സമീപപ്രദേശങ്ങളെയാകെ ജലപ്രവാഹം കീഴടക്കും. വെള്ളവുമായി വല്ലാത്തൊരു ആത്മബന്ധമായിരുന്നതുകൊണ്ടു തന്നെ ജലമുറിവുകളെ അതിജീവിക്കുവാനുള്ള സഹജമായ മനുഷ്യഗുണം അന്നാട്ടുകാർക്കുണ്ടായിരുന്നു. എത്ര കണ്ടാലും മതിവരാത്തത്ര ഒരു വശീകരണം മീനച്ചിലാറിനുണ്ട്. പശ്ചിമഘട്ടങ്ങളിലെ പാറക്കൂട്ടങ്ങൾ പൊട്ടിപ്പിളർഞ്ഞു വരുന്ന പ്രകൃതിയുടെ സ്തന്യം അതിന്റെ ബാല്യകൗമാരങ്ങൾ പിന്നിട്ട്, കണ്ണീരുപോലെയുള്ള തെളിവെള്ളമായി വേമ്പനാട്ടു കായൽ ലക്ഷ്യമാക്കി നഗ്നമായൊഴുകുമ്പോൾ, പതിനേഴ് പിന്നിട്ട യുവതിയുടെ സകല ലാലസങ്ങളും അവളിൽ തുളുമ്പും. ഇരു കരകളിലും സമൃദ്ധമായി നിൽക്കുന്ന മരനിരകൾ. പൊന്തക്കാടുകൾ, കാപ്പി കുരുമുളക് തുടങ്ങിയ കൃഷികൾ. ഇല പൊഴിക്കുന്ന റബ്ബർ മരക്കാടുകളിൽ ഉണങ്ങിയ കായ്കൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന പട പടാ ശബ്ദവും വെള്ളത്തിന്റെ ചിതറിച്ചയും കാറ്റിന്റെ ചൂളം വിളിയും ഒക്കെച്ചേർന്നുണ്ടാകുന്ന സംഗീത സദിര്. വർഷത്തിൽ കവിഞ്ഞൊഴുകുമെങ്കിലും വേനൽ കനക്കുമ്പോൾ പുഴ വല്ലാതങ്ങ് വറ്റി വരളും. വെറും മണൽപ്പുറങ്ങൾ മാത്രം ബാക്കി വച്ച്, ഇല ഞരമ്പുകളെപ്പോലെ ഇടമുറിയാത്ത കൊച്ചു കൊച്ചു നീർച്ചാലുകൾ മാത്രമായി ചുരുങ്ങുന്നു. ആ സമയങ്ങളിൽ ആർക്കും വളരെയെളുപ്പം കാൽനടയായി പുഴ മുറിച്ചു കടക്കാം, പന്തു കളിക്കാം. ഗ്രീഷ്മകാലത്തെ മീനച്ചിലാറിന്നെ കാണുന്നവർ, ഒരിക്കലും രൗദ്രമായ പ്രളയത്തിന്റെ നീക്കിയിരിപ്പുകളാണ് ആ മണൽപ്പുറങ്ങളെന്ന് വിശ്വസിക്കാനേയിടയില്ല. അനന്തമായ ഒഴുക്കിനൊടുവിൽ അരികുകൾ തേഞ്ഞ് മിനുസപ്പെട്ട ഉരുളൻ കല്ലുകൾ വെയിലിൽ വെട്ടിത്തിളങ്ങുന്നതും അക്കാലത്താണ്.
ഏറെ ആയാസപ്പെട്ട് കോഴികളേയും താറാവുകളേയും ഓരോന്നായി വലയ്ക്കുള്ളിലേക്ക് പിടിച്ചിട്ട് കഴിഞ്ഞപ്പോഴേക്കും മഴ വീണ്ടും തുള്ളിയിട്ടു തുടങ്ങി. മഴ നനവ് ശരീരകലകളിലേക്ക് പടർന്നപ്പോൾ പാർവ്വതിയമ്മ ആസ്ത്മാ രോഗികളെപ്പോലെ നിന്നു കിതച്ചു. ഉണക്ക മരത്തിലെ പഴുത്തു തുടങ്ങിയ ഒറ്റയിലയെപ്പോലെ ഏതു നിമിഷവും നിലച്ചു പോകാവുന്ന ശ്വാസത്തിന്റെ നേർത്ത നൂലുകളെ മുറുകെപ്പിടിച്ച് കിതപ്പാറ്റാനായി അവർ സ്വല്പനേരം പടിഞ്ഞാറേപ്പടിയിൽ ചടഞ്ഞിരുന്നു.
മാനത്ത് മഴമേഘങ്ങളെ പരതി പ്രകൃതിയുടെ സൂക്ഷ്മചലനങ്ങൾ പോലും വായിച്ചെടുക്കുമായിരുന്നു ഭർത്താവ് ഉത്തമൻ നായർ. ആറും പുഴയും മണ്ണും പ്രകൃതിയുമെല്ലാം മനുഷ്യജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്ന വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അയാൾക്ക്. അതുകൊണ്ടു തന്നെയാണ് കൂടെക്കൂടെയുണ്ടാകുന്ന പ്രളയം മുന്നിൽ കണ്ട് വീടിന് ഒരു നില കൂടി വേണമെന്ന വാശിയിൽ പണി തുടങ്ങിയത്. പക്ഷേ അതു പൂർത്തിയാക്കാനുള്ള നിയോഗമില്ലാതെ ചെറിയൊരു നെഞ്ചുവേദന വന്നു വിളിച്ചപ്പോൾ പോകേണ്ടി വന്നു പാവത്തിന്. ഭർത്താവിന്റെ ചിതയ്ക്കരികിൽ മുടങ്ങാതെ കത്തിക്കാറുള്ള നാരങ്ങാ വിളക്കു നോക്കി പാർവ്വതിയമ്മ നെടുവീർപ്പിട്ടു. ആകെയുണ്ടായിരുന്ന രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച ശേഷമാണ് അങ്ങനെയൊരു ദുരന്തം നടന്നത് എന്നതുകൊണ്ടു തന്നെ ഒറ്റയ്ക്കുള്ള ജീവിതത്തിൽ അവർക്ക് വല്ലാതെ അല്ലൽ നേരിട്ടില്ല.
പാർവ്വതിയമ്മയ്ക്കും ഉത്തമൻ നായരുടെ തൊണ്ണൂറു കഴിഞ്ഞ അമ്മ ജാനകിക്കും ഇപ്പോൾ കൂട്ട്, അടുത്തുള്ള സഹകരണ കോളേജിൽ പഠിക്കാനെത്തി, അവരോടൊപ്പം പേയിങ്ങ് ഗസ്റ്റായി താമസിക്കുന്ന നാലു പെൺകുട്ടികളാണ്. ശ്രീലത, ദീപ്തി, സറീന, ആനി. നാലു പേരും പട്ടണത്തിൽ നിന്നെത്തിയ് പച്ചപ്പരിഷ്കാരികൾ. കൗമാരത്തിൽ നിന്ന് യൗവ്വനത്തിലേക്ക് കാലെടുത്തു വച്ച് കാറ്റിലുലയുന്ന പട്ടം കണക്കേ, കല്ലു പാകിയ ആ വീട്ടിനുള്ളിൽ, പാർവ്വതിയമ്മയുടെ കൈപ്പുണ്യത്താൽ പിറവിയെടുക്കുന്ന കപ്പപ്പുഴുക്കും ചക്ക അവിയലും ഇലക്കറികളൂമൊക്കെ കഴിച്ച് കുറച്ചു കാലത്തേക്കെങ്കിലും അവരും ആ കുടുംബത്തിലെ അംഗങ്ങളായി. മറ്റു മൂവരും പാർവതിയമ്മേ എന്നു വിളിക്കുമ്പോൾ സറീന മാത്രം അമ്മേ എന്ന് സംബോധന ചെയ്യുന്നതുകൊണ്ടോ എന്തോ, അവളോടായിരുന്നു പാർവതിയമ്മയ്ക്ക് പ്രിയം കൂടുതൽ. അല്പം താന്തോന്നിത്തരം കയ്യിലുള്ള വിവേകമതിയായ ഭ്രാന്തിയെന്നാണ് അവളെ പാറുവമ്മ വിലയിരുത്തിയത്. കണ്ണുകളിൽ സദാ സമയവും അസാധാരണമായ ഒരു ജിജ്ഞാസ ജ്വലിച്ചു നിന്നിരുന്നു. എന്നിട്ടും കണ്ണുകൾ കൊണ്ടായിരുന്നില്ല ഹൃദയം കൊണ്ടായിരുന്നു അവൾ കാഴ്ചകളെ സമീപിച്ചിരുന്നത്. മറ്റുള്ളവർ പുസ്തകപ്പുഴുക്കളായി മുറിയടച്ചിരിക്കുമ്പോൾ പുഴക്കരയിലെ ഇരുണ്ട മരങ്ങൾക്കു താഴെയിരുന്ന് വെയിലിനൊപ്പം ഒലിച്ചിറങ്ങുന്ന പുഴയെപ്പറ്റി കവിതയെഴുതുന്നവൾ. മീനച്ചിലാറിന്റെ സൗന്ദര്യം മുഴുവൻ വാക്കുകളിലൂടെ വർണിക്കുമ്പോഴും പുഴയെ തൊട്ടറിയാൻ വല്ലാതെ ഭയപ്പെട്ടിരുന്നവൾ. കൂട്ടുകാരികളൊക്കെ അന്നാട്ടിലെ സ്ത്രീകൾക്കൊപ്പം പുഴയിൽ തുടിച്ചു കുളിക്കുമ്പോഴും ഭയപ്പാടോടെ കരയ്ക്കിരിക്കുന്നവൾ. ചുഴികളും മലരികളും ഒളിപ്പിച്ച് വച്ച് കുതിച്ചൊഴുകുന്ന പുഴ അവൾക്കെന്നും ഭീതിദമായ ഒരു നോവ് പോലെയായിരുന്നു.
പഠനസമയം കഴിഞ്ഞാൽപ്പിന്നെ, കൂടുതൽ സമയവും മുത്തശ്ശിയുടെ പഴമ്പുരാണം കേൾക്കാനാണ് അവൾക്ക് താൽപര്യം. എണ്ണയും കുഴമ്പും മണക്കുന്ന അവരുടെ മുറിയിൽ രാമായണ പരായണം കേട്ടിരിക്കുന്നതിനിടയിൽ നാട്ടിലെ സകലമാന വൃത്താന്തങ്ങളും ഇരുവരും പങ്കുവയ്ക്കും.
സറീനക്കൊച്ചേ നിനക്കറിയുമോ…?
പണ്ട് ഒരു മഹർഷിയുടെ കമണ്ടലു മറിഞ്ഞപ്പോഴുണ്ടായ ജലപ്രവാഹത്തിൽ നിന്നാണ് ഈ മീനച്ചിലാറ് ഇങ്ങനെ ഒഴുകാൻ തുടങ്ങിയത്.
അതാപ്പോ നന്നായേ. ഒക്കെ ഐതീഹ്യങ്ങളല്ലേ മുത്തശ്ശീ. ചെലോര് പറേണ കേക്കാം, പണ്ട് ഇവിടെ ഭരിച്ചിരുന്ന തമിഴന്മാരുടെ ദൈവമായ മധുരമീനാക്ഷീടെ പേരിൽ മീനാക്ഷിയാറ് എന്നു വിളിച്ച് വിളിച്ച് അതു പയ്യെപ്പയ്യെ മീനച്ചിലാറായതെന്ന്. ആവോ ആർക്കറിയാം സത്യാവസ്ഥ. എങ്ങനെയൊക്കെയാണേലും ആള് ഒരു ഒന്നൊന്നര സുന്ദരി തന്നെയാണേയ്.
ഉവ്വ് ഉവ്വ്. സുന്ദരി. ചെലപ്പോൾ പൂതനയായി മാറുമെന്നു മാത്രം. ഇക്കാണുന്ന സൗന്ദര്യമൊക്കെ അപ്പഴും പറയണം.
ജലാദി ജലാന്തം എന്നല്ലേ മുത്തശ്ശീ. ഒരു പ്രളയം വരാനിരിക്കുന്നേയുള്ളു. സർവ്വവും ഒഴുക്കിക്കൊണ്ട് പോകാൻ. അവൾ വാക്കുകൾ പാതി വഴിക്ക് നിർത്തി.
ഓഹ്..തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം പോലെ ഒന്നും ഇനി ഊണ്ടാകില്ല. അന്ന് മൂന്നാറിലെ തേയിലത്തോട്ടങ്ങൾ വരെ മുങ്ങിപ്പോയില്ലേ.
അതീ അടുത്ത കാലത്താണോ മുത്തശ്ശീ.?
അല്ല കുട്ടീ, കൊല്ലവർഷം 1099. എനിക്കന്ന് ആറേഴ് വയസ്സു കാണും. തേയിലക്കാടുകളിൽ എത്രയെത്ര മൃതദേഹങ്ങളാ കുരുങ്ങിക്കിടന്നതെന്നറിയ്യോ നിനക്ക്? മരണ സംഖ്യ രേഖപ്പെടുത്താനാവാതെ കുഴങ്ങിയ നാടുവാഴികൾ. തന്നെ എന്നന്നേക്കുമായി അനാഥത്വത്തിലേക്ക് വലിച്ചെറിഞ്ഞ വെള്ളത്തിന്റെ ക്രൂരതയോർത്ത് അവരുടെ കണ്ണുകളിൽ നനവു പടർന്നു. സ്വരമിടറി.
സറീന വേഗം കയറു കട്ടിലിൽ ചെന്നിരുന്ന് അവരുടെ ചുമലിൽ കൈ വയ്ക്കും. ക്ഷണ നേരത്തേക്ക് അവിടമാകെ നിശബ്ദത പടരും. ആവർത്തനവിരസതയില്ലാത്ത ഒരു സിനിമ പോലെ ഇവർ തമ്മിലുള്ള ഈ സംഭാഷണം എത്രയോ തവണ ആവർത്തിച്ചിരിക്കുന്നു. സാക്ഷിയായി പാർവ്വതിയമ്മയും.
എത്രമേൽ ആർദ്രമാണെങ്കിലും, അല്പം ഭ്രാന്തിന്റെ രസവും ഉന്മാദത്തിന്റെ മുദ്രയും അവളിൽ ജീവിതപ്പെട്ടു കിടന്നിരുന്നുവെന്ന് പാർവ്വതിയമ്മ നിസ്സംശയം പറയും. അതിന് അകം നിറഞ്ഞ ചിരിയുടെ പൊരുളുകൾ മനസ്സിലാക്കാൻ അവൾ കാട്ടിക്കൂട്ടുന്ന ചില തല്ലുകൊള്ളിത്തരങ്ങൾ മാത്രം മതിയായിരുന്നു. ദീപ്തി, കല്യാണം കഴിഞ്ഞ് തിരിച്ചു വന്ന പുതുമോടിയുടെ നാളുകളിൽ, ഒരിക്കൽ പാതി തുറന്നുകിടന്ന വാതിൽ വിടവിലൂടെ വെറുതെയൊന്നു കാതോർത്തതായിരുന്നു.
അറിയാനുള്ള മനുഷ്യസഹജമായ ആകാംക്ഷകൾക്കപ്പുറം പ്രഥമരാത്രിയെപ്പറ്റി, ദീപ്തിയോടുള്ള സറീനയുടെ ചില ചോദ്യങ്ങൾ കേട്ട് അമ്പരപ്പ് മത്രമല്ല ഒരു വല്ലാത്ത ജാള്യതയും തോന്നിപ്പോയി. ഒരു കന്യക കന്യകയല്ലാതായിത്തീരുന്ന നിമിഷങ്ങളുടെ വർണനയാണ്. ആദ്യസ്പർശം, നോട്ടം ചുംബനം തുടങ്ങി വിശദമായ രതിവർണനകൾ. പെൺകുട്ടികളുടെ മുഖത്തെ അയഞ്ഞ ഭാവങ്ങൾ ജിജ്ഞാസകൊണ്ട് തരിക്കുന്നതും, കണ്ണുകളിൽ മോഹക്കുമിളകൾ വിരിഞ്ഞു പൊട്ടുന്നതും ഉടലുകൾ കോരിത്തരിക്കുന്നതുമൊക്കെയായ രസാലസ്യങ്ങൾ കണ്ട് പാർവ്വതിയമ്മയ്ക്ക് വല്ലാത്ത ലജ്ജ തോന്നി. ആവേശത്തിന് തീ പിടിച്ചവർ പരിസരബോധമില്ലാതെ കൈമാറുന്ന അർത്ഥം വച്ച തമാശകളും ദ്വയാർത്ഥപ്രയോഗങ്ങളും ലൗകീക ജീവിതത്തിനോട് വിരക്തി വന്ന പ്രായത്തിലും പാറുവമ്മയുടെ ക്ഷണികകാമനകളെ ഉണർത്തി.
വലിയൊരു ആരവത്തോടെ വീണ്ടും മഴത്തുള്ളികൾ ചിതറിയപ്പോൾ അവർ ചിന്തകളുടെ കെട്ടു വിടുവിച്ചു.
അല്ല അമ്മ ഇതെന്താലോചിച്ചിരിക്ക്യാ? ചിറ്റേത്ത് വരെ വെള്ളം കയറിയിരിക്കുന്നു. പിറകിൽ സറീനയുടെ ശബ്ദം കേട്ട് അവർ നടുവിന് കയ്യുകൊടുത്ത് ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു. അപ്പോഴേക്കും കിഴക്കൻ കാറ്റിന് കലിയിളകിയിരുന്നു. കാറ്റിന്റെ മൂളലിൽ റബ്ബർ മരങ്ങൾ ഉറഞ്ഞുതുള്ളി. ആടിയുലയുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ പൊട്ടിച്ചീന്തുന്നു. ആറു കവിഞ്ഞ് വെള്ളം കാപ്പിത്തോട്ടവും റബ്ബർത്തോട്ടവും പിന്നിട്ട് തൊടികളിലേക്ക് ഇരച്ചു കയറി. റബ്ബർ മരങ്ങൾക്കിടയിലെ സോയാബീൻ വള്ളികളുടെ നാമ്പുകൾ വെള്ളത്തിനടിയിൽ ശ്വാസം നിലച്ചു കിടന്നു. ആരോടും അനുവാദം ചോദിക്കാൻ നിൽക്കാതെ ചാണകക്കുഴികളും കിണറുകളും നിറച്ച്, വെള്ളം വീടുകളുടെ പൂമുഖങ്ങളിൽ നിന്ന് അകത്തളങ്ങളിലേക്ക് പരന്നൊഴുകാൻ തുടങ്ങി. നാട്ടുകാരെല്ലാം തന്നെ അവരവരുടെ തോണിയുമായി ഒഴുകിപ്പോകുന്ന വസ്തുവഹകൾ കരയ്ക്കടുപ്പിക്കുന്ന ജോലികളിലേർപ്പെട്ടു.
മഴയ്ക്ക് ശക്തി കൂടുന്നതനുസരിച്ച് ദിക്കുകളിൽ ഇരുട്ടും കുമിഞ്ഞുകൊണ്ടിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ ചില വീടുകളുടെ മേൽക്കൂരകൾ വരെ മുങ്ങിപ്പോയിരുന്നു. കാണെക്കാണേ ഉയർന്നുകൊണ്ടിരുന്ന ജലപ്പരപ്പിലൂടെ എവിടെ നിന്നൊക്കെയോ ഒഴുകിവന്ന നാൽക്കാലികളുടെ ശ്വാസത്തിനുവേണ്ടിയുള്ള അനാഥ നിലവിളികൾ. എങ്ങും ചെറുവള്ളങ്ങളുടെ ഘോഷയാത്ര. പകൽ വെളിച്ചത്തിൽ ഒഴുകി വന്നതെല്ലാം കരയ്ക്കടുപ്പിച്ച ഊർജ്ജ്വസലരായ ചെറുപ്പക്കാരിൽ പലരും ഇരുട്ടു വീണതോടെ വിശപ്പും ക്ഷീണവും കാരണം സ്കൂളിന്റെ അരത്തിണ്ണയിലിരുന്ന് കിതപ്പാറ്റാൻ തുടങ്ങി. സ്കൂൾ മുറ്റത്ത് ഇപ്പോൾ ഒരു കല്യാണ വീടിന്റെ പ്രതീതിയാണ്. വായ്വട്ടമുള്ള വലിയ ചെമ്പിൽ പെണ്ണുങ്ങൾ കപ്പ വേവിക്കുന്നു. ഒരു കോണിൽ അരി തിളയ്ക്കുന്നു. കുറച്ചു നസ്രാണിപ്പയ്യന്മാർ കൂട്ടം കൂടി കോഴിയും പോർക്കും അരപ്പു പുരട്ടുന്നു. വേറെ ചില വമ്പന്മാർ ഒഴിഞ്ഞ മുറിയിൽ ലഹരി പതപ്പിക്കുന്നു. വെള്ളം വിരുന്നു വന്നാൽ എങ്ങനെ ആഘോഷിക്കണമെന്ന് അന്നാട്ടുകാർക്ക് നല്ല നിശ്ചയമാണ്. ഭക്ഷണം കഴിഞ്ഞതോടെ, ചിലരൊക്കെ നനഞ്ഞ ശീലക്കഷണം പോലെ മുക്കിലും മൂലകളിലും വിരിപ്പ് വിരിച്ച് ഉറക്കം തുടങ്ങി. കത്തിച്ചു വച്ച റാന്തലിനു ചുറ്റും പ്രത്യേകം പ്രത്യേകം കൂട്ടങ്ങളിൽ പരദൂഷണങ്ങളും പൊങ്ങച്ചങ്ങളും നിരുപദ്രവങ്ങളായ വെടിവട്ടങ്ങളും വട്ടം കറങ്ങി. ഉറക്കം വരാത്ത വേറേ ചിലരാകട്ടെ, നിർവ്വികാരമായി വെള്ളം നോക്കി മിഴിച്ചിരുന്നു. ജലം മുറിപ്പെടുത്തിയ പഴയ ഓർമ്മകൾ പങ്കു വച്ചും നാമം ചൊല്ലിയും കുരിശു വരച്ചും കൊന്ത ചൊല്ലിയും സമയം പോക്കുകയാണ് ഏതാനും ചില പ്രായം ചെന്നവർ. വരാന്തകൾ കാറ്റടിച്ച് നനയാൻ തുടങ്ങിയപ്പോൾ അവരും മുറികളിലേക്ക് തള്ളിക്കയറി. കുറഞ്ഞ കാലയളവുകൊണ്ടു തന്നെ ആട്, പട്ടി പൂച്ച കോഴി തുടങ്ങിയ മിണ്ടാപ്രാണികളെല്ലാം തന്നെ ഐക്യമത്യത്തിലായിക്കഴിഞ്ഞു. പന്നിക്കൂട്ടങ്ങളാകട്ടെ പ്ലാശുമരത്തിന്റെ ചോട്ടിലെ ചെളിയിൽ കുഴഞ്ഞു മറിയുന്നു. നിലാവിന്റെ അഭാവം രാത്രിക്കാഴ്ചകളെ നിഷ്പ്രഭമാക്കിയതിനാലും മറ്റൊന്നും ചെയ്യനില്ലാത്തതിനാലും കണ്ടു തീരാത്ത വിസ്മയങ്ങളെ അടുത്ത പുലരിക്കായി ബാക്കി വച്ച് പാറുവമ്മയുടെ പെൺകുട്ടികളും ഉറക്കത്തെ ആശ്ലേഷിച്ചു.
നിശബ്ദതയെ ഭേദിച്ചിരുന്ന വെള്ളത്തിന്റെ ഒഴുക്ക് നേർത്തു നേർത്തു വന്നു. ജീവിതത്തിന്റെയും മരണത്തിന്റേയും ധ്യാനസ്ഥലികളിൽ നിലയില്ലാത്ത ജലഭേരികൾ. പ്രകൃതിയെ വിരൂപപെടുത്തിയ ആ രാത്രിക്ക് അവസാനം കുറിച്ച്, സൂര്യൻ വൃക്ഷത്തലപ്പുകൾക്കു മേൽ ശങ്കിച്ചു നിന്നു. വെള്ളമിറങ്ങിക്കഴിഞ്ഞാൽ ചെളി കല്ലിച്ചു കിടക്കുന്ന മുറികൾ വൃത്തിയാക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പിറുപിറുത്തുകൊണ്ടാണ് പാറുവമ്മ ഉറക്കമുണർന്നത്. ഒഴുകിത്തീരാത്ത ജലശേഖരം നോക്കിക്കാണാൻ അതിരാവിലെ പുറപ്പെട്ടവരോടൊപ്പം ഉന്മാദത്തിന്റെ തുമ്പിച്ചിറക് മുളച്ചവളെപ്പോലെ പൊടുന്നനെയാണ് സറീനയും പുറപ്പെട്ടത്. ഒരു പർവ്വതാരോഹകയുടെ ലാഘവത്തോടെ അവൾ തോണിയിൽ വലിഞ്ഞു കയറുമ്പോൾ നിശ്ചേഷ്ടരായ് നോക്കി നിന്നതേയുള്ളു കൂട്ടുകാരികൾ. ഓടിന്റെ പുറത്തേക്ക് ഒടിഞ്ഞുകിടന്ന മാവിന്റെ ശിഖരം വെട്ടി മാറ്റാനായിരുന്നു മാണിയും രാജനും തോണിയിൽ നിന്ന് പുരപ്പുറത്തേക്ക് കയറിയത്. വെള്ളത്തിന്റെ വിസ്മയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവളെപ്പോലെ ക്ഷണനേരം കൊണ്ട് അവരുടെ കണ്ണു വെട്ടിച്ച് സറീന തോണി തുഴഞ്ഞു നീങ്ങി.
‘ഞാൻ കപ്പേള വരെ ഒന്നു പോയി വരാം. തിരികെ ചെമ്പിട്ടമ്പലത്തിലും നോക്കണം ദൈവങ്ങൾ അവിടെത്തന്നെയുണ്ടോ അതോ ജലപ്പരപ്പിലൂടെ നടന്നു പോയോ എന്ന്’. ആരുടേയും മറുപടിക്ക് കാത്തുനിൽക്കാതെ അവൾ സർവ്വശക്തിയുമെടുത്ത് തുഴഞ്ഞു. ഒറ്റവഴുതലിൽ പിടി വിട്ടുപോകും, ശ്വാസം കിട്ടാതെ കൈകാലിട്ടടിക്കും. എന്നൊക്കെ വെള്ളത്തെപ്പറ്റിയുള്ള ഭയപ്പാടുകൾ പങ്കുവയ്ക്കാറുള്ള കുട്ടി തന്നെയാണോ പരന്നൊഴുകുന്ന ജലത്തിന്റെ പായൽ വിരലുകളിൽ പിടിച്ച് നിർഭയം തോണി തുഴഞ്ഞകലുന്നത് എന്ന് ആർക്കും വിസ്മയിക്കാതിറിക്കാൻ ആവില്ല.
ഇതാ നോഹയുടെ പെട്ടകം. ദൈവത്തിങ്കലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്കൊക്കെ ഇതിൽ കയറാം. ചിലമ്പിച്ച ചിരിയോടെ അവൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആർപ്പു വിളികളുമായി തലങ്ങും വിലങ്ങും തോണി തുഴഞ്ഞവർ വെള്ളത്തെ അനായാസം മെരുക്കുന്ന അവളുടെ കുസൃതിത്തെറിപ്പുകൾക്ക് കണ്ണുകൊടുത്തു നിന്നു. പതുക്കെപ്പതുക്കെ അവൾ സർവ്വരുടേയും കാഴ്ചയിൽ നിന്നകന്നുപോയി. കിഴക്കൻ കാറ്റ് കൊണ്ടുവന്ന കരിമേഘങ്ങൾ ആകാശച്ചെരിവിലൂടെ വീണ്ടും മാർച്ച് പാസ്റ്റ് നടത്തി. ഇരുട്ടടച്ച് മഴപെയ്യാൻ തുടങ്ങി. ഒഴുക്കിൽ കൂട്ടം തെറ്റിയ മൽസ്യത്തെപ്പോലെ നെടും വള്ളികൾ പടർന്നു തൂങ്ങുന്ന ആറ്റിറമ്പും പിന്നിട്ട് ഏതോ അജ്ഞാത ദിക്കിലേക്ക് അവളുടെ തോണി ഒഴുകി നീങ്ങി. കാറ്റു പകർന്നു കൊടുത്ത ആവേഗത്തിൽ മരങ്ങൾ ഇളകിയാടി. ഇരുട്ട് കനത്തു പെയ്യുമ്പോഴും തണുത്തലിഞ്ഞ് കെട്ടുപൊട്ടിയ തോണിപോലെ ജലോപരിതലത്തിൽ രാപ്പകലുകൾ ഒഴുകി നടന്നു. ആഴങ്ങളെ പിടിക്കുവാനോ ജീവിതത്തിന്റെ പടി കയറുവാനോ ആവാതെ.