ജഗതി വളവിലേക്ക് ബസ്സു വരുന്നതുകണ്ട് സുൽത്താൻ സൈക്കിൾ പെഡൽ ഒന്നു കറക്കിയശേഷം കാൽ പാദം, ആഞ്ഞു ചവിട്ടാൻ തക്കം വീണ്ടും പെഡലിലൂന്നി ജാഗ്രതയിലായി. അവൾ ബസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ബസ്റ്റോപ്പിലേക്കു കയറി അഴിഞ്ഞു പോയ ചെരുപ്പിന്റെ വള്ളിയിട്ട്, മഞ്ഞചുരിദാറിന്റെ അടിത്തെല്ല് കൈകൊണ്ട് നേരെയാക്കി, മുഖാകൃതിക്ക് ഭംഗം വരുത്തിയ കറുത്ത തട്ടത്തിനിടയിലൂടെ വിരൽ കടത്തി ഒരു വട്ടംവരച്ച്, ഉരത്തിൽ കുരുക്കിയ ബാഗിന്റെ വള്ളികളിൽ വിരലാൽ തെരുപിടിച്ച് ജഗതി വളവിലൂടെ നടക്കാൻ തുടങ്ങി.
സുൽത്താൻ സൈക്കിൾ ചവിട്ടി. കാലുകളുടെ വിറകാരണം വിചാരിച്ച വേഗതയിലല്ല സൈക്കിൾ റോഡിലെ വെള്ളവരക്കു ചാരി നീങ്ങുന്നത്. ജഗതിവളവിന്റെ മധ്യേ അവളോട് തൊട്ടുചാരി അവൻ ബ്രേക്കിട്ടു. “നൂറാ…..”സുൽത്താൻ സ്നേഹാർദ്രമായിട്ടാണ് വിളിച്ചതെങ്കിലും ആ വിളിയിൽ ഒരു ശൂരത കലർന്നിരുന്നു. അവൾ ശങ്ക സ്ഫുരിക്കുന്ന കണ്ണുകളോടെ ഒന്നു നോക്കിയ ശേഷം ഉടലോടെ തിരിഞ്ഞ് സുൽത്താന് അഭിമുഖമായി നിന്നു.
“നൂറാ…. എനിക്ക് നൂറയെ ഇഷ്ടമാണ്. നൂറയുടെ കോളേജിലാണ് ഞാൻ പഠിക്കുന്നത്. നൂറക്ക് അറിയാം എന്നാണ് എന്റെ ധാരണ. എനിക്കിഷ്ടം പറഞ്ഞു പുറകെ നടക്കാനൊന്നും സമയം ഇല്ല. അതുകൊണ്ട് നൂറ പത്ത് ദിവസത്തിനുശേഷം ജഗതി വളവിൽ വെച്ചുതന്നെ എനിക്ക് മറുപടി തരണം. മറുപടി എന്താണേലും പറയണം. അത്രയും ദിവസം നൂറ എന്നെ നിരീക്ഷിച്ചോളൂ….. ഞാൻ പോണ്……” ഇത്രയും പറഞ്ഞ് അവൻ സൈക്കിൾ ഹാൻഡിൽ തിരിച്ച് വേഗതയിൽ അകന്നു. കാറ്റുകയറി വീർത്ത സുൽത്താന്റെ കുപ്പായവും നോക്കി അവൾക്ക് നിശ്ചലയായി നിൽക്കാനെ കഴിഞ്ഞുള്ളൂ.
നീണ്ട രാത്രിക്കു ശേഷം, നൂറ ഉടുത്തൊരുങ്ങി ദർപ്പണത്തിനു മുന്നിലായി വന്നു നിന്നു. അവൾ അവളോട് തന്നെ ചിരിക്കുന്നു. നാണം കുണുങ്ങുന്നു. നാണിക്കുന്നേരം ഇടത്തോട്ടുള്ള കവിൾ വലിവിനാണ് ഭംഗി കൂടുതൽ. ചിരിക്കുമ്പോൾ ചുണ്ടുകൾ അടരുന്നതു ശ്രദ്ധിക്കണം. വെള്ളക്കറ പുരണ്ട മുമ്പല്ല് ഒരുകാരണവശാലും വെളിയിൽ കാണരുത്. ഇടംവലം ചിരിച്ചു നോക്കിയതിൽ കണ്ണുകൾക്ക് അൽപ്പം അഭംഗിയുണ്ട്. സുറുമയിടാം … അലമാരയുടെ ദർപ്പണപാളി അമർത്തിപ്പിടിച്ച് മറുപാളി മാത്രം തുറന്നു നൂറ സുറുമക്കുപ്പി എടുത്തു. സുറുമക്കോൽ കുപ്പിയുടെ വായവട്ടം തൊടാതെ ഉയർത്താൻ ശ്രമിക്കവേ ഒരു ഉൾവിളിയാൽ ആ ശ്രമം ഉപേക്ഷിച്ച് അവൾ ടപ്പി അടച്ചു. അയ്യേ… ഇന്നെന്താ ഇത്ര പ്രത്യേകത… ഒരു സുറുമയിടൽ… അതൊന്നും വേണ്ട…. അയ്യേ….. അവൾ കണ്ണാടിയിൽ നോക്കി മുഖം ചുളിച്ചു. മഞ്ഞ ചുരിദാറിനു മുകളിൽ കറുത്ത തട്ടനും ധരിച്ച് നൂറ പ്രാതലിനായി അടുക്കളയിലേക്ക് പരപാഞ്ഞു.
ചപ്പാത്തിയും പരിപ്പുകറിയും അമ്മി ടേബിളിൽ അവൾക്കായി ഒരുക്കിവെച്ചിരുന്നു. “അമ്മീ….. രാജസ്ഥാനീന്നിപ്പോഴും പോന്നില്ലേ…… ഇത് കേരളമാണ് …. ഒരു ഉണക്ക ചപ്പാത്തിയും പരിപ്പും….”നൂറ പുക്കാറിട്ടു. തൽക്ഷണം അടുപ്പിലെ പുകയോടു കൂടി രാജസ്ഥാനീ ചിരിധൂമങ്ങളും അടുക്കള മുറ്റേ പരന്നുയർന്നു പോയി. ചപ്പാത്തി പരിപ്പിലുരുട്ടി വിഴുങ്ങുന്നതിനിടെ നൂറയെ ഒരു ആവലാതി വരിയാൻ തുടങ്ങി. ഒടുക്കം ഉമ്മറപ്പടിയിൽ നിന്ന് വള്ളിച്ചെരുപ്പിന്റെ വള്ളിയിടാൻ തുനിഞ്ഞ നൂറയേ ആ ആവലാതി തിരികെ റൂമിലെത്തിച്ച് സുറുമക്കോലുകൊണ്ട് ഇരു കണ്ണുകളിലും ന്യൂന ചിഹ്നങ്ങൾ വരപ്പിച്ചു.
അയകളുടെ ഗുണന ചിഹ്നങ്ങളിൽ തൂങ്ങിയാടുന്ന വസ്ത്രങ്ങൾക്കിടയിലൂടെ അവൾ അതിവേഗം ഗേറ്റു കടന്ന് റോഡിറമ്പിലൂടെ നടക്കാൻ തുടങ്ങി. ജഗതി വളവിലെ ബസ്റ്റോപ്പിൽ റോഡിനു കുറുകെ നിൽക്കുമ്പോൾ നൂറക്ക് ഒന്ന് പരിസരം വീക്ഷിക്കണമെന്നുണ്ട്. താൻ സ്നേഹത്താൽ നിരീക്ഷിക്കപ്പെടുമ്പോൾ ആരിലാണ് മാനസികമായി ആനന്ദം ഉണരാത്തത് ….? ചുറ്റും നോക്കിയെങ്കിലും ബസ്സ്റ്റോപ്പിലെ ഒന്ന് രണ്ട് കിളവികൾ അല്ലാതെ ആരും തന്നെ ചുറ്റുവട്ടത്തില്ല. ഇന്നുമുതൽ കൃത്യം ഒമ്പതാം ദിവസത്തെ സായാഹ്നത്തിൽ അവൻ വീണ്ടും പുറകിൽ നിന്ന് വിളിക്കും. വായടപ്പൻ മറുപടി കേട്ട് അവൻ വിഷണ്ണനായി തിരിഞ്ഞു പോകും. ഈ രാജസ്ഥാനിയെ ഇഷ്ടപ്പെടാൻ മാത്രം അവന് എന്ത് അർഹതയാണുള്ളത്. നൂറ മനസ്സിൽ മാത്രമായി മന്ത്രിച്ചു.
കോളേജ് ലാബിൽ പ്രാക്ടിക്കൽ വർക്ക് ചെയ്യുമ്പോൾ കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ കുട്ടികളോടുകൂടെ അവനെ നൂറ കണ്ടിട്ടുണ്ട്. ആങ്കിൾ ഓഫ് പ്രിസം കാണാൻ വേണ്ടി ടെലസ്കോപ്പിൽ സ്ക്രീൻ ക്ലിയർ ചെയ്യാൻ പലപ്പോഴും അവളുടെ മുഖമാണ് സുൽത്താൻ ഉപയോഗിക്കാറ്. ടൈട്ട്രേഷൻ ചെയ്യുമ്പോൾ അമ്ലക്കുപ്പികൾ നിരത്തിയ സ്റ്റാൻഡിലൂടെ സുൽത്താന്റെ ഇമ വെട്ടാൻ പോലും മറന്നുപോയ കണ്ണുകളേയും അവൾ കാണാറുണ്ട്. കോളേജ് മുറ്റത്തെ കവുങ്ങിൻ ചുവടെ പുല്ലു പാകിയ നിലത്ത്, ചെത്തു കല്ലുകളുടെ വൃത്തത്തിന് നടുവിലായി കൂടിയ കൂട്ടാളികളോട് ഘോരഘോരം സുൽത്താൻ സംസാരിക്കുന്നത് നൂറ ശ്രദ്ധിക്കാറുമുണ്ട്. അവളുടെ കാൽകൊലുസിന്റെ ധ്വനം ഉയരേ സുൽത്താന്റെ സംസാരം പെട്ടെന്ന് ഗർജ്ജന സമാനമാവുന്നേരം കൊമ്പുകളിൽ തൂങ്ങിയാടുന്ന “സൊറക്കൂട്ടം” എന്നെഴുതിയ ബോർഡിലേക്ക് നോക്കുന്ന വ്യാജേനെ നൂറ സുൽത്താനെ ഇടംകണ്ണിടും. പക്ഷേ, ഈ വെകിളിത്തരങ്ങൾ എല്ലാം താൻ അറിയുന്നത് നൂറ സുൽത്താനെ അറിയിക്കാറില്ല.
എന്നാൽ ഇന്നലെ അവൻ എല്ലാ അഭിനയവും അവസാനിപ്പിച്ചിരിക്കുന്നു. നൂറയോട് മനസ്സു തുറന്നിരിക്കുന്നു. പത്തുദിവസം കഴിഞ്ഞാൽ നൂറയും സകല അഭിനയവും അവസാനിപ്പിക്കും. നിർദാക്ഷ്യണ്യം അവനോട് പറയും സുൽത്താൻ എനിക്ക് നിന്നെ ഇഷ്ടമല്ല. നിനക്ക് പോവാം…. ഞാൻ ഒരു രാജസ്ഥാനി പാരമ്പര്യമുള്ള സുന്ദരിയാണ്….. എന്റെ സൗന്ദര്യത്തെ ആവാഹിക്കാൻ മാത്രം നിന്റെ കണ്ണുകൾക്ക് വിശാലത പോരാ … പറ്റുമെങ്കിൽ രണ്ടുവരി ഗസലും മൊഴിയും….. ആത്മഗതം അവളുടെ നുണക്കുഴികളിൽ ഒരു കള്ളച്ചിരി ഉളവാക്കി.
മൂന്ന് ദൈവപ്രതീകങ്ങൾ ചാർത്തിയ പ്രൈവറ്റ് ബസ്സിന്റെ മുൻസീറ്റിൽ നൂറയിരുന്നു. യാത്ര ചെയ്യുന്നവരിൽ മൂന്നു വിശ്വാസികളെ ഉള്ളൂ എന്ന ധാരണയിലാണോ മുസ്ലിം പള്ളിയെയും, ഗണപതിയേയും യേശുവിനെയും ലാമിനേറ്റ് ചെയ്ത് പ്രകാശ കവചിതമായി ഡ്രൈവർക്കു പിന്നിലായി ഞാത്തിയിട്ടിരിക്കുന്നത്. ബുദ്ധജൈനന്മാർ,
ഭൂലോകത്തിന് ഒരു കാരണമില്ല എന്ന് ധരിക്കുന്ന ചാർവാകന്മാർ അങ്ങനെ എത്ര എത്ര വിഭാഗങ്ങൾ. ഇവരെയൊന്നും പരിഗണിക്കാത്തതെന്തുകൊണ്ട് ….? മൂന്ന് ദൈവങ്ങൾ പൊതുമണ്ഡലത്തെ മുറ്റും ഗ്രസിച്ചിരിക്കുന്നതിനാലാവാം.
നൂറ കിളിവാതിലിലെ കമ്പികളിൽ കവിൾ വെച്ച് പുറത്തോട്ടു നോക്കി. കമ്പിയുടെ മരണത്തണുപ്പേറ്റ് അവളുടെ പല്ലു പുളിച്ചു. യാത്രയെ കാത്തിരിക്കുന്ന വഴികൾ, നടക്കാവ് വൃക്ഷങ്ങൾ, പരസ്യബോർഡുകൾ, മാൻഷനുകൾ, ഇപ്പോഴിതാ കാത്തിരിക്കുന്ന സ്വയം പ്രേരിത കാമുകനും. എന്തുകൊണ്ടും യാത്ര ഒരു ആശയാണ്.
അതിനിടെ ഐഡന്റിറ്റി കാർഡ് കണ്ടു തലചൊറിഞ്ഞു കണ്ടക്ടർ അഞ്ചുരൂപ ശിഷ്ടം തന്നു. അവകാശത്തോടെ അത് ഏറ്റു വാങ്ങി നൂറ ബാഗിലിടുകയും ചെയ്തു. വെറുപ്പു കലർന്ന നോട്ടം നോക്കി അയാൾ കണ്ണുവെട്ടിച്ചു പോയി. സാധാരണ പോകാറുള്ള ബസ്സിനു മുന്നേ വന്ന ബസ്സിൽ കയറുമ്പോൾ തന്നെ ഇന്ന് പതിവിലും നേരത്തെയാണെന്ന ബോധം നൂറയിൽ ഉണ്ടായിരുന്നു.
കോളേജ് പടിയിൽ ബസ്സിറങ്ങി നടക്കുമ്പോഴാണ് തന്നെ കൂടാതെ കോളേജിലെ ഒന്ന് രണ്ട് കുട്ടികളും കൂടി ബസ്സിലുണ്ടായിരുന്നതായി നൂറ അറിയുന്നത്. അവരെല്ലാം നൂറയുടെ ജൂനിയേഴ്സ് ആണ്. ഫസ്റ്റ് ഇയേഴ്സിലെ കുട്ടികൾക്ക് പൊതുവേ ആവേശം കൂടുതലാണെല്ലോ ….? പതിയെപ്പതിയെ അത് കെട്ടടങ്ങുകയും ചെയ്യും.
ഇന്നലെ ചെയ്തുവെച്ച ബാങ്ക്ഡ് റോഡിന്റെ ഡെറിവേഷൻ ബോർഡിൽ മായാതെ കിടക്കുന്നത് കണ്ട് ഉലർച്ചബാധിച്ച പോലെ നൂറ അവസാന ബെഞ്ചിലേക്കായി നടന്നു. പശ്ചിമഘട്ടത്തിന്റെ മേരുമാല്യത്തെ നോക്കിക്കൊണ്ട് ദീർഘനേരം ജനലിനരികിലായി തന്നെ അവളിരുന്നു. താഴെ കറുത്ത മുർദ്ധാവുകൾ നിരനിരയായി കോളേജിലേക്ക് വരുന്നുണ്ട്. വാസരകാറ്റ് അവളുടെ ചെവിയിലേക്കിറങ്ങി രഹസ്യം പറയാൻ തുടങ്ങി. അപ്പോഴാണ് അപ്രതീക്ഷിതമായി അവളുടെ സ്വാസ്ഥ്യം കെടുത്തി ബെഞ്ചിന്റെ ഇരുമ്പ് പാദുകങ്ങളാലുള്ള കറകറപ്പുയർന്നത്.
മുല്ലപ്പൂവിൻ ഗന്ധം ….. അർച്ചന കൂടെ വന്നിരുന്നു.
“എന്താണ് രാവിലെ… ഒരു ആലോചന……” അർച്ചന അവളുടെ എളിയിളക്കി ചോദിച്ചു. നൂറ ഇക്കിളി പെട്ടു കുതറി.
“ഒന്നുമില്ല ……” അർച്ചനയുടെ മുഖം നോക്കാതെ മറുപടി കൊടുത്തു.”അതേയ് ….. ബെല്ലടിച്ചു ….. ഓർഗാനിക്കാ……”
അർച്ചന ധൃതിപൂണ്ട് ബാഗിൽ പുസ്തകം തിരയുന്നതിനിടെ ഓർമ്മപ്പെടുത്തി. അല്പനേരത്തിനു ശേഷമാണ് നൂറക്ക് സ്വബോധം വന്നത്. “ഞാൻ ബുക്ക് എടുത്തിട്ടില്ല…….” നൂറയുടെ ആളിച്ചയേ അർച്ചന ചിരിച്ചുതള്ളി. ബാഗിന്റെ സിബ് തുറന്നതും ചോറ്റുപാത്രത്തിൽ നിന്നും ഇന്നലെത്തെ അവശിഷ്ട്ടങ്ങളുടെ ദുർമന്നലുകൾ ഉയർന്നതും അവൾക്ക് ശർദ്ദിൽ വന്നു.
“ഓ …… മേം…. ഉസെ ലീനാ ഭൂൽഗയാ……” അവൾ ബാഗടച്ച് തലയിൽ കൈവച്ചു.
“ഒന്നു നിർത്തെന്റെ രാജസ്ഥാനി …. നിനക്ക് എന്നാ പറ്റി …..ബുക്കില്ല… ചോറില്ല …..
എന്തോന്നടെ….മൊഞ്ചത്തി …. വന്നപാടെ ഒരു ആലോചനയും……”
പ്രൊഫസർ ഐ, യു, പി, എസ്, സി നാമങ്ങൾ പറയുന്നതൊന്നും ചെവികൊള്ളാതെ അർച്ചന തിരക്കിയെങ്കിലും ഒന്നും ഉരിയാടാതെ നൂറ ബെഞ്ചിൽ തലവെച്ചു കിടന്നു. കൂടെ അർച്ചനയും. നൂറ തന്റെവിരലറ്റം കൊണ്ട് ബെഞ്ചിൽ വൃത്തങ്ങൾ വരക്കാൻ തുടങ്ങി. “ഒന്ന് പറ എന്റെ നൂറാ…….” അർച്ചന തിടുക്കം കൂട്ടി.
“റിച്ചു….. എന്നെ ഇന്നലെ ഒരുത്തൻ പുറകീന്ന് വിളിച്ച് പറയാ….എന്നെ ഇഷ്ടാണ്ന്ന്….. ഞാൻ ആകെ അന്ധാളിച്ചു. പത്ത് ദിവസം കഴിഞ്ഞ് മറുപടി പറയാൻ പറഞ്ഞ് അവൻ പോയി ……”
അർച്ചന അല്പസമയത്തെ സ്തോഭാവസ്ഥക്കു ശേഷം നൂറയെ കുലുക്കാൻ തുടങ്ങി.
“ആരാണ്ന്ന് പറ ……. ആരാണ്ന്ന് പറ ………….”
“ആ സൊറകൂട്ടത്ത് എപ്പോഴും സംസാരിക്കാറില്ലേ ……. അവൻ …..”
കേൾക്കേണ്ട താമസം അർച്ചനയുടെ കണ്ണുകൾ ഊളൻ കണ്ണുപോലെ തെക്കോട്ട് പൊന്തി.
അവളുടെ ചിന്താമണികൾക്ക് കണ്ടെത്താനാവാത്തതിനാൽ നൂറയെ വീണ്ടും ഇളക്കാൻ തുടങ്ങി. പട്ടം പോലുള്ള മായ്പ്പുശീല രണ്ടുപേരുടെയും ശിരസ്സിനെ ഉരുമ്മിതെറിച്ചപ്പോഴാണ് അവർക്ക് പരിസര ബോധം കൈവന്നത്. നൂറയുടെ കറുത്ത തട്ടനിൽ വെള്ളത്തുരുത്തുകൾ തെളിഞ്ഞു. മുടിയിഴപിരിഞ്ഞ അർച്ചനയുടെ ശിരസ്സിന്റെ നെറുകയിൽ നിന്ന് കീഴ്പോട്ട് ഇറങ്ങുന്ന വെള്ളത്തണ്ടിൽ വെള്ളിലകൾ വിരിഞ്ഞു.
“സൈലന്റ് ………”
പ്രൊഫസറിൽ നിന്നുള്ള ശകാരവർഷം രണ്ടാവർത്തി പ്രതിധ്വനിച്ചടങ്ങി. ക്ലാസ് മുറിയാകെ സാന്ദ്രമായ മൗനം. മണിനാദങ്ങളാൽ ബാഷ്പീകരിക്കപ്പെട്ടതും പ്രൊഫസർ കറുത്ത മുഖവുമായി ക്ലാസ്സ് വിട്ടു.
തേട്ടം മുട്ടിയ അർച്ചന വീണ്ടും നൂറയെ ഇളക്കി.
“നൂറ…….. പറയ്…. എനിക്ക് മനസ്സിലായില്ല ആരാണ് …..” നൂറ കവിളിൽ കൈ താങ്ങി അർച്ചനയുടെ മുഖത്തേക്ക് നോക്കി. അവളിലെ യാചകിയെ കണ്ട് നൂറക്ക് ഉള്ളിൽ ചിരിവന്നു. പക്ഷേ പുറത്തെടുന്നില്ല ….
“ഹലോ ഡിയേഴ്സ് ……. സൊറക്കൂട്ടം കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച മെഹന്ദി ഫെസ്റ്റിലെ മത്സരവിജയിയെ പ്രഖ്യാപിക്കുകയാണ്…. ക്ഷമിക്കണം…. കോളേജ് ഓഡിറ്റോറിയം ഇന്നുവിട്ടു തരില്ലെന്ന തിട്ടൂരത്തിന് എതിരെയുള്ള ഒരു പ്രതിഷേധം കൂടിയാണ് ക്ലാസിൽ വന്നുള്ള ഈ പ്രഖ്യാപനം. നിങ്ങളുടെ ക്ലാസിലെ ഒരു കുട്ടിക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.” യൂണിയൻ ഭാരവാഹികളുടെ സംസാരം കേൾക്കേണ്ട താമസം വിദ്യാർത്ഥികൾ പല താളങ്ങളിലായി കൈകൊട്ടിൻ തുടങ്ങി.
ഭാരവാഹികൾ തുടർന്നു.
“ഇതാ പ്രഖ്യാപിക്കുന്നു…..ഒന്നാം സമ്മാനം… നൂറ അബൂബക്കർ ഖാൻ…..
സമ്മാനം ഏറ്റുവാങ്ങുന്നതിനുവേണ്ടി നൂറയേയും നൽകുന്നതിനുവേണ്ടി പ്രോഗ്രാം ആസൂത്രകൻ സുൽത്താനേയും ക്ഷണിക്കുന്നു…..”
നൂറ സ്വപ്നപ്രായേനെ കയ്യടിനാദങ്ങൾക്കിടയിലൂടെ അടിവെച്ചു. ഭാരവാഹികളുടെ പുറകിൽ നിന്ന് തന്നോട് ഇഷ്ടം പറഞ്ഞ ആ ഇരുണ്ടമുഖം ലജ്ജയോടെ മുന്നോട്ടേക്കു വന്ന് വർണ്ണക്കടലാസുകൊണ്ട് കവചിതമായ സമ്മാനം അവളിലേക്ക് നീട്ടി. ചുംബനം ഏറ്റുവാങ്ങുന്ന പ്രതീതിയിൽ നൂറ സമ്മാനം ഇരുകയ്യും നീട്ടി വാങ്ങി. അവളുടെ കണ്ണിൽ ആശ്ചര്യത്തിന്റെ തിളക്കം പരന്നു. കയ്യടിയുടെ താളം പെരുകുന്നത് അവൾ അറിഞ്ഞതേയില്ല. സമ്മാനം ഏറ്റുവാങ്ങി അവിടെ നിന്നും വികർഷിച്ചെങ്കിലും കാന്തത്തിന്റെ എതിർഭുജം പോലെ അവൾ സുൽത്താനിലേക്ക് വലിഞ്ഞു കൊണ്ടിരുന്നു. ക്ലാസിൽ വീണ്ടും നിശബ്ദത കനപെട്ടുവന്നു.
“ഓ ഇലക്ട്രോണിക്സ് …….വരുന്നുണ്ട്…..” അർച്ചനയുടെ കാറപള്ള് മുഴങ്ങിയതും നൂറ സഹികെട്ട് ബഞ്ചിൽ വീണ്ടും തലവെച്ചു കിടന്നു.
ടെക്സ്റ്റ് ബുക്കിലെ സെനർ ഡയോഡിന്റെ ത്രികോണത്തിനകത്ത് പേന കൊണ്ട് വരച്ച് നൂറ പറഞ്ഞു.
“എനിക്ക് സമ്മാനം തന്നില്ലേ …. അവൻ …..”
“അവനോ …… ആ കാന്റീനിൽ ഇടയ്ക്ക് പണിയെടുക്കുന്ന ആ …..കറുത്തവനോ ….
അല്ല ….വൺവേ അല്ലേ മോളേ …….”
അർച്ചനയുടെ ത്രസിപ്പിൽ നൂറ തലചായ്ച്ച് മൗനിയായി.
“എന്റെ നൂറാ…. നിനക്ക് ഭ്രാന്താണോ …… നിങ്ങൾ രാവും പകലും പോലാ….ഒരു ചേലും ഇല്ലാത്തവനാ ടീ ……”
അർച്ചനയുടെ നീരസപ്പേച്ചിന് കടിഞ്ഞാണിടാൻ വേണ്ടി നൂറ ഇടപെട്ടു.
“എന്ത് രാവുംപകലും ….. അതല്ലേ പ്രകൃതിതത്ത്വം….. അല്ലാതെ രാവും രാവുമോ പകലും പകലുമോ അല്ലല്ലോ”
നീയാ ബ്ലാക്ക് ബോർഡിലേക്കൊന്ന് നോക്കിയേ…… എന്തുതന്നെയായാലും വെള്ള ചോക്ക് കൊണ്ട് അതിലെഴുതുമ്പോഴല്ലേ…. തെളിച്ചം കൂടുതൽ….. എടീ കറുപ്പും വെളുപ്പുമാണ് അർത്ഥവത്തായ ജോഡികൾ …..”
പറഞ്ഞു നിറുത്തിയതും ജൈസല്മറിലെ എടുപ്പുകൾ പോലെ സ്വർണ്ണം പൂശിയ നൂറയുടെ ചുണ്ടുകൾ വിരിഞ്ഞു. നയനാമൃതമായ കാഴ്ച കാണും പോലെ അവളുടെ കണ്ണുകൾ തിളങ്ങി. അർച്ചന ചിന്താമഗ്നയായി.
“അവനെ …. നിനക്കിഷ്ടമാണല്ലേ…. അർച്ചന ഒരു ഉൾവിളിയാൽ ചോദിച്ചു…..” ” “അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ ……..”
“എന്റെ രാജസ്ഥാനീ നിന്റെ മുഖം പറയുന്നുണ്ട് …. കണ്ണുകൾ പറയുന്നുണ്ട് …. ഒരു കാര്യം ചെയ്യ് ….ലാസ്റ്റ് പിരീഡ് മിസ്സാക്കി അവനോടൊത്ത് കാന്റീനിൽ പോ ….. എന്നിട്ട് സംസാരിക്ക് …..ശേഷം ഒരു തീരുമാനത്തിലെത്ത് …….” നൂറയുടെ മുഖം രാജസ്ഥാൻ മരുഭൂമി പോലെ ചുവന്നു.
“ഒന്ന് പോയെടീ……” അവൾ അർച്ചനയുടെ ഉപദേശത്തെ പാടെ തള്ളിക്കളഞ്ഞു കുണുങ്ങി.
മണിനാദം മുഴങ്ങിയതു കേട്ട് അർച്ചന തന്റെ വീതച്ചോറ് രണ്ടു ഭാഗങ്ങളാക്കി, പൊരിച്ച മുട്ടക്ക് നടുവിലൂടെ ന്യൂനചിഹ്നം വരച്ച് അച്ചാറിൽ ഒരു കിടങ്ങുമിട്ട് ചോറ്റുപാത്രം നൂറക്കു മുന്നിലായി വെച്ചു. ജനലഴിയിലൂടെ ബോട്ടിലിൽ നിന്ന് വെള്ളമൊഴുക്കി കൈ കഴുകിയ ശേഷം രണ്ടുപേരും പാത്രത്തിൽ നിന്ന് അശിക്കാൻ തുടങ്ങി.
നീണ്ട നേരത്തെ തിരച്ചിലിനൊടുക്കം ലൈബ്രറിയുടെ മൂലയിൽ അക്ഷരങ്ങളിൽ തലവച്ചുറങ്ങുന്ന നിലയിലാണ് നൂറ സുൽത്താനെ കണ്ടെത്തിയത്. അവൾ ഒരു ദാക്ഷിണ്യവും കൂടാതെ വിളിച്ചു
“സുൽത്താൻ എനിക്ക് സംസാരിക്കണം ….”
അവൻ എഴുന്നേറ്റ് നൂറയുടെ കരിങ്കൂവളം വിടർന്ന കണ്ണിലേക്ക് നോക്കിനിന്നു. ആ തകയിൽ അവനിലെ അയസ്കാന്തനുണർന്നു. രോമശമായ അവന്റെ കൈത്തടം പിടിച്ച് നൂറ നടക്കുമ്പോൾ സുല്ത്താൻ അമുങ്ങിപ്പോയി. അവൻ ഒറ്റകയ്യാൽ കുപ്പായ വക്കിലെ അഴിഞ്ഞ പിത്താനിട്ട ശേഷം തോമസേട്ടന്റെ കാന്റീനിലെ മേശക്കരികിലേക്കായി വലിഞ്ഞു നടന്നു.
“അല്ല സുൽത്താൻ നിന്റെ ധൈര്യം കെട്ടടങ്ങിയോ …….”
“ഹേയ് …. ഒരിക്കലുമില്ല ….. സ്നേഹം ഭാരമാണ് നൂറ….” സുൽത്താൻ ഉത്തമാംഗമുയർത്തി നൂറക്ക് മറുപടി നൽകി.
അവൾ കാന്റീനിലെ ഗവാക്ഷത്തിലൂടെ പശ്ചിമഘട്ടത്തെ മൃദുലമായി ഒന്നു നോക്കി.
“നൂറ ചോദിച്ചോളൂ എന്താണ് എന്നെക്കുറിച്ച് അറിയേണ്ടത് ……”
അവൾ പശ്ചിമഘട്ടത്തിൽ നിന്നും കണ്ണൂരി.
“ഞാൻ സുൽത്താനെ ജഗതി വളവിൽ വെച്ചല്ല കാണുന്നത്. അതിനു മുന്നേ ഞാൻ കണ്ടിരുന്നു. രണ്ടര വർഷമായി ഒരേ ക്യാമ്പസിൽ പഠിക്കുമ്പോൾ കാണുക എന്നത് സ്വാഭാവികം. പക്ഷേ പ്രണയത്തിന് ഒരു വളർച്ചാ കാലഘട്ടം ഉണ്ടല്ലോ ….. ഞാൻ ജഗതി വളവിൽ വച്ച് സുൽത്താനെ കാണുമ്പോൾ സുൽത്താൻ പൂർണ്ണവളർച്ചയെത്തിയ കാമുകനായിരുന്നു. എന്നെക്കുറിച്ച് എല്ലാം അറിയുന്ന കാമുകൻ …….”
നൂറ അർത്ഥഗർഭങ്ങൾ ഒളിപ്പിച്ചു വിരാമമിട്ടപ്പോൾ സുൽത്താനിൽ നിന്ന് ആത്മവിശ്വാസത്തിന്റെ ഒരു പുഞ്ചിരി ചാടി.
“നൂറയെ ഞാൻ ആദ്യമായി കാണുന്നത് എനിക്ക് മറക്കാനാവാത്ത ഒരു ദിവസമാണ്.
നൂറ….എനിക്കാരുമില്ല രണ്ടു വർഷങ്ങൾക്കുമുമ്പ് എല്ലാവരും ഒരു ആക്സിഡന്റിൽ ഇല്ലാതായി. ഡിഗ്രിയുടെ വർഷാരംഭത്തിൽ . കാലിലെ വെള്ളിച്ചക്കീറു പഴുത്തതിനാൽ അവരോടൊപ്പം ഞാൻ കല്യാണത്തിന് പോയില്ല. അതുകൊണ്ട് ഞാൻ മാത്രം എല്ലാവർക്കും ഭാരമായിമാറി. പിന്നെ ഉപ്പയുടെ ജേഷ്ഠനാണ് എനിക്ക് അല്പമൊക്കെ പണം തന്ന് സഹായിച്ചിരുന്നത്. പക്ഷേ ഔദാര്യങ്ങൾക്ക് പ്രത്യുപകാരം നിർബന്ധമാണല്ലോ.
എന്റെ പഠനം അവതാളത്തിലാകുമെന്ന് കണ്ട് ആ പണം ഉപേക്ഷിക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു.
അങ്ങനെ തോമസ് ചേട്ടനോട് ഒരു ജോലി തരപ്പെടുത്തി തരാൻ പറഞ്ഞതായിരുന്നു. ഉച്ചക്ക് ശേഷമുള്ള പിരഡുകൾ ഒഴിവാക്കിയാലും പ്രശ്നമില്ല. അല്പം കാശ് കിട്ടിയാൽ മതിയായിരുന്നു. കടയിൽ ആരേയും ആവശ്യം ഉണ്ടായിരുന്നില്ല. എന്നാലും തോമസേട്ടൻ കടയിൽ പണിക്കുവരാൻ പറഞ്ഞു. ദിനബത്തയായി ഇരുന്നൂറു രൂപ കയ്യിൽ തരാനും തുടങ്ങി. ഒരു ദിവസം എന്റെ ദീനത കണ്ടു തോമസ് ചേട്ടൻ പറഞ്ഞു ഇനി മോന് ഇവിടെ പണിക്ക് വരണ്ട …… എല്ലാ ദിവസവും ഇരുന്നൂറു രൂപ ഞാൻ കടമായി തരാം …. മോന് പഠിച്ച് ജോലിയായിട്ട് തിരിച്ചു തന്നാൽ മതി … എനിക്കപ്പോൾ ഉപകാരമായിരിക്കും … അങ്ങനെ ഇരുന്നൂറു രൂപ എന്നും കിട്ടാൻ തുടങ്ങി. പോകെ പോകെ തോമസേട്ടന്റെ ഇരുന്നൂറു രൂപ തികയാതെയായി. വീണ്ടും പഠിപ്പു മുടങ്ങുമെന്നായപ്പോൾ ഞങ്ങളുടെ സൊറക്കൂട്ടം പരിഹാരത്തിനായി കൂടിയിരുന്നു. സ്ഥിരമായി ഒത്തുകൂടുന്ന മരച്ചുവട്ടിലായി ചെറു ഭണ്ഡാഗാരം വെച്ച് ദിവസവും കഴിയുന്ന സംഖ്യ എല്ലാവരും അതിൽ നിക്ഷേപിക്കാനും കൂട്ടം തീരുമാനിച്ചു. ഞാൻ അസ്വസ്ഥനാവുന്നത് അറിഞ്ഞ് അവർ പറയും. എടാ നീ ഡിഗ്രി കഴിഞ്ഞ് ജോലിയെടുത്ത് കോളേജിലേക്ക് വല്ലതും നൽക് …. അതോടെ നിന്റെ വിഷമം തീരും… ഇപ്പോൾ ഇതാവശ്യമാണ്. ആദ്യമൊക്കെ നാനൂറ് രൂപയിലധികം എനിക്ക് കിട്ടാൻ തുടങ്ങി. തോമസേട്ടന്റെ കടപ്പണവും കുറ്റിപ്പണവും കൊണ്ട് അല്ലലില്ലാതെ ജീവിച്ചുപോന്നു.
പക്ഷേ ദിനംതോറും കുറ്റിപ്പണം കുറഞ്ഞുവരുന്നുണ്ടായിരുന്നു. സായാഹ്നത്തിൽ വിദ്യാർത്ഥികളെല്ലാം പോയശേഷം കുറ്റി തുറക്കുമ്പോൾ പിന്നെ നിരാശയായി. ഒടുക്കം ഒരു നൂറു രൂപ നോട്ടല്ലാതെ ഒന്നും കുറ്റിക്കകത്ത് നിന്ന് കിട്ടാതെയായി. പക്ഷേ ആ നൂറു രൂപ നോട്ട് മാത്രം പൂർണമായും നിലച്ചില്ല. അങ്ങനെയാണ് ആകാംക്ഷ ത്രസിച്ചത്. ആരാണ് എപ്പോഴും ആ നൂറുരൂപാ നോട്ടിടുന്നത് എന്നറിയാനുള്ള കൗതുകം മൂലം ഒരു ദിവസം രാവിലെ മുതൽ വൈകിട്ട് വരെ ഒരു പുസ്തകവും പിടിച്ച് ഞാൻ ഈ കാന്റീനിന്റെ മുകളിലിരുന്നു. സ്വറക്കൂട്ടത്തിലെ ആരോ ആണെന്നാണ് കരുതിയത്. പക്ഷേ കോളേജ് വിട്ടനേരം ഒരു പെൺകുട്ടി ധൃതിപൂണ്ട് പോകുന്നതിനിടയിൽ കൈച്ചുരുട്ടായി എന്തോ കുറ്റിയിലിടുന്നത് ഞാൻ കണ്ടു. പിന്നെ നൂറു രൂപ കിട്ടുന്ന ദിവസങ്ങളിലെല്ലാം ഞാൻ ആ കാഴ്ച തന്നെ വീണ്ടും കാണും. നൂറ പറ …. പിന്നെ ഞാൻ ആരെയാണ് പ്രണയിക്കേണ്ടത് …….? എനിക്ക് അവളോട് പ്രണയമാണ് ….. ജീവിതത്തെ കുറിച്ച് എനിക്കറിയില്ല …. ഭാവിയെ ഞാൻ പരിഗണിക്കുന്നില്ല …… പക്ഷേ എനിക്ക് അവളോട് പ്രണയമാണ് …..”
സുൽത്താൻ ദീർഘശ്വാസം വിട്ട് നൂറയുടെ കൈത്തടം ഞമുണ്ടിപ്പിടിച്ചപ്പോൾ അവളിൽ ആശ്ചര്യത്തിന്റെ കടലിരമ്പി. അറിയാതെ അവൾ സ്മേരയായി. എന്തിനാണ് ഇടക്കിടെ പണം ഇട്ടിരുന്നതെന്ന് സുൽത്താൻ ചോദിക്കാത്തതു കൊണ്ട് നൂറ ഉത്തരങ്ങളെയെല്ലാം മൗനത്തിന് നൽകി.
“സുൽത്താന് ഞാൻ ഇവിടുത്തുകാരി അല്ലെന്ന് അറിയാമല്ലോ … എന്റെ അഞ്ചാം വയസ്സിൽ പാപ്പയും അമിയും രാജസ്ഥാനിൽ നിന്ന് കേരളത്തിൽ വന്നതാണ്. ആദ്യം പാപ്പ മാർബിളിന്റെ ഏജന്റായിരുന്നു. ഇപ്പോൾ വേങ്ങൂരിലെ രാജസ്ഥാൻ മാർബിൾ എന്റെ പാപ്പയുടേതാണ്……” സുൽത്താൻ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് നൂറ തുടർന്നു. “സുൽത്താൻ എന്തെങ്കിലും പറയൂ …… ഇങ്ങനെ മിണ്ടാതിരിക്കുന്നത് അണുങ്ങൾക്കു പറഞ്ഞതല്ല …”
“എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു … നൂറയാണ് ഇനി പറയേണ്ടത് ഇന്നേക്ക് ഒൻപതാം ദിവസം വൈകീട്ട് ജഗതി വളവിൽ വച്ച് പറയുക……. അതാണല്ലോ നമ്മുടെ പ്രതിജ്ഞ……. ഇഷ്ടമാണെങ്കിൽ മാത്രം നൂറ ജഗതി വളവിൽ വന്നാൽമതി……” സുൽത്താൻ പറഞ്ഞു നിർത്തിയപ്പോൾ അവന്റെ മുഖത്ത് ഒരു യാചന വിരിഞ്ഞിരിപ്പുണ്ടായിരുന്നു. നൂറ തന്റെ ജ്യൂസ് മുഴുമിപ്പിക്കാൻ സ്ട്രോ ആഞ്ഞുവലിച്ചപ്പോഴേക്കും കോളേജിലെ മണിമുഴങ്ങി.
“നൂറാ വേഗം പൊക്കോ…. ഇനി ഒമ്പതാം ദിവസം ജഗതി വളവിൽ നമ്മൾ കണ്ടുമുട്ടും ….. അവസാന സെമസ്റ്റർ വരെ കാത്തു നിന്ന എനിക്ക് ഒരു ഒൻപതു ദിവസം കാത്തുനിൽക്കുന്നതിൽ പ്രയാസമില്ല. സുൽത്താന്റെ നിശ്ചയം കനപ്പെട്ടതായിരുന്നു. അവൾ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു ജോസഫേട്ടന്റെ പണവും നൽകി പുറത്തേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ സുൽത്താനോടായി പറഞ്ഞു “ഒക്കെ സുൽത്താൻ കാണാം ……”
അവൻ തുഷ്ടനായി ഉച്ഛ്വസിച്ച ശേഷം ചുംബനം കലർന്ന ഒരു പുഞ്ചിരിവിട്ടു.
വെകിളിപിടിച്ച് ബസ്റ്റോപ്പിൽ കാത്തിരിക്കുന്ന അർച്ചനയുടെ പിന്നിയ കാർകൂന്തലിനറ്റം പിടിച്ചു വലിച്ചതും അവൾ ഞെട്ടി നൂറയെ നോക്കി.
“നീ ഇതെവിടായിരുന്നു….. ചോറ് കഴിച്ച് കൈ കഴുകാൻ ഒന്നു പുറത്തു പോയപ്പോഴേക്കും നീ മുങ്ങി ……..” അവളോട് അർത്ഥഗർഭമായി നൂറ ഒന്നു ചിരിച്ചു.
“അമ്പടി …… ജിജിന്നാക്കിടി ……..എനിക്കറിയാം നിന്റെ ഈ ചിരി …..”. അർച്ചന അവളുടെ കവിളിലായി പിച്ചി. വിരലാകൃതിയിൽ ചെമന്ന മുഖപ്പാടുമായി അന്നേരംവന്ന കെഎസ്ആർടിസി ബസിൽ നൂറ കയറിയിരുന്നു. വഴിവാലായി അർച്ചനയും.
“ശരി നൂറ.. നാളെ കാണാം …….” അർച്ചന ബസ് ഇറങ്ങുന്നതിനിടെ യാത്ര ചോദിച്ചു. നൂറ തലയാട്ടി പ്രതികരിച്ചു.
ദിനേനെ പോകുന്ന വഴിയാണെങ്കിലും ഒരു വിചിത്രത തന്നെ പിന്തുടരുന്നതായി അവൾക്കു തോന്നി.
റോഡു വക്കിലെ വെള്ള വര മാത്രമാണ് നൂറയുടെ കൂടെ ചലിക്കുന്നത്. സർവ്വ പ്രകൃതിവിത്തങ്ങളും യാത്രയിൽ പിന്നോട്ടു ചലിക്കുന്നു. പോകെ പോകെ കണ്ണെത്താ ദൂരത്തേക്ക് അകലുന്നു. സുൽത്താന്മാർ അവളിൽ നിന്നകലുന്ന പോലെ തോന്നിയതിനാലായിരിക്കണം നൂറ തല കുടഞ്ഞത്.
ജഗതി വളവിനറ്റം കാൺകേ ഇടുങ്ങിയ സീറ്റിൽ നിന്നും പണിപ്പെട്ട് നൂറ ബസ്സിന്റെ മുൻഡോറിന് അരികെയെത്തി. ഉടനെ നൂറയെ രണ്ടടി മുന്നോട്ടേക്കുന്തി ബസ്സ് നിന്നു. അവൾ പെട്ടെന്ന് ഇറങ്ങിയതും ചില്ലുടയുന്ന ശബ്ദത്തിൽ ഡോറടഞ്ഞു ബസ്സ് നീങ്ങി. ചേല ശരിപ്പെടുത്തിയ ശേഷം നൂറ ജഗതി വളവിലൂടെ നടക്കാൻ തുടങ്ങി. റോഡിന്റെ ചാരിടങ്ങളിലായി മുളച്ചുപൊന്തിയ മല്ലികചെടികളിൽ പ്രണയപുഷ്പങ്ങൾ മൊട്ടിട്ടിരിക്കുന്നത് കണ്ട് അവൾ ഒന്നു നിന്നു. നിറഞ്ഞു കണ്ടശേഷം വീണ്ടും നടത്തം തുടർന്നു.
നൂറ ഗൈറ്റിന്റെ തഴനീക്കി അകത്തുകടന്ന് വീണ്ടും സാക്ഷയിട്ടു. വീടിന്റെ മുഖശാലയിൽ പാപ്പാ മസ്തകം ചൊറിഞ്ഞ് ഉലാത്തുന്നത് ഭിത്തിയിലെ ഇരുമ്പഴികളിലൂടെ അവൾക്കു കാണാം. നൂറയെ കണ്ടതും പാപ്പ ചിന്മുദ്രയാൽ മാടി വിളിച്ച് ധൃതിയിൽ അകത്തേക്ക് പോയി. നൂറ ചെരിപ്പഴിച്ച് വരാന്തയിലേക്കു കയറി ബാഗ് കസേരയിലേക്കായി എറിഞ്ഞ് അകത്തെക്കൂളിയിട്ടു. റൂമിൽ അമ്മി വസ്ത്രങ്ങൾ ബാഗിലാക്കുന്ന തിരക്കിലായിരുന്നു. “എന്താണ് അമ്മീ ഇന്നിത്ര ഒരുക്കം ……. ” നൂറ അമ്മിയുടെ ചാരത്തിരുന്നു ആതങ്കം അഴിച്ചുവെച്ചു.
“മദീനെവാലെ സേ മേരാ സലാം കഹ്നാ …….”
അമ്മി ശീലുകൾ ഉരുവിട്ടതോടുകൂടി നൂറക്ക് പൊറുതിമുട്ടി.
“ആമ്മീപറയ് ………. “
“നമ്മൾ ഇന്ന് രാജസ്ഥാനി പോണ് ……” സന്തോഷത്താൽ അമ്മി ഒരു ആരവത്തെ ഒതുക്കിയ ചിരിവിട്ടു.
അപ്രതീക്ഷിതമായ മറുപടിയിൽ നൂറ കിണ്ടംപിടിച്ചു.
“അമ്മീ …..എനിക്ക് ഒൻപതാമത്തെ ദിവസം ക്ലാസ് പരീക്ഷയാ …..ഞാൻ എങ്ങനെ വരും ….?”
“തോടാ സബർ കരോ ……അപ്പോഴേക്കും നമ്മൾ തിരിച്ചെത്തും.
പാപ്പക്ക് ജോലിത്തിരക്കുള്ളതിനാൽ പിന്നെ പോകാൻ കഴിയില്ല….രണ്ടു ദിവസം അവിടെ താമസിച്ച് എട്ടാമത്തെ ദിവസം തന്നെ നമ്മൾ തിരിച്ചെത്തും. ഇനി പ്രശ്നമുണ്ടോ…..?”
മനനോവുണ്ടെങ്കിലും അവൾ അമ്മിയോടായി ചിരിച്ചു.
ദുപ്പട്ടമാറ്റി പൂഞ്ചായലിൽ എണ്ണ തേച്ച് കുളിക്കാനൊരുങ്ങി.
“വേഗം…ഒരുങ്ങ് റിക്ഷ ഇപ്പൊ എത്തും ……..”
പാപ്പ മുറിയുടെ വാതിലിലൂടെ തലയിട്ട് നിർദ്ദേശവും തന്ന് വീണ്ടും പൂമുഖത്തേക്ക് നീങ്ങി. മിനിറ്റുകൾക്കകം തന്നെ നൂറ യാത്രക്കായി ഒരുങ്ങി. അവൾ ഉടലാസകലം പർദ്ദയണിഞ്ഞ് വസ്ത്ര ഭാണ്ഡവും പേറി അമ്മിക്കു വഴിവാലായി പുറപ്പെട്ടു.
ട്രെയിനിൽ കയറിയതു മുതൽ നൂറയുടെ മനസ്സിൽ മോഹഭംഗം ഉരുണ്ടു കൂടാൻ തുടങ്ങിയിരുന്നു. സുൽത്താൻ കോളേജിൽ പരതി നടക്കുമോ അവൻ വിഷമിക്കുമോ ….. നൂറ പെരുത്തു. സാരമില്ല ഒമ്പതാം ദിവസം അവനോട് ഞാൻ എന്റെ പ്രണയം പറയുന്നേരം എല്ലാം മറന്ന് ആ കണ്ണുകൾ വീണ്ടും തിളങ്ങും. നൂറ സ്വയം സമാധാനം കണ്ടെത്തി….
നൂറ ബോഗിയിലെ താഴെ ബർത്തിലായി കിടന്നു. മുകളിലായി അമ്മിയുണ്ട്. എതിർദിശയിലുള്ള ബർത്തിലാണ് പാപ്പ കിടക്കുന്നത്. ബോഗിയിലാകമാനം ഇരുട്ട് പരന്നിട്ടുണ്ടെങ്കിലും പുറമേനിന്ന് കിളിവാതിലിലൂടെ പ്രകാശ രേണുക്കൾ ഇടക്കിടക്ക് ഒളിഞ്ഞു നോക്കും. പാതിരാവിൽ സ്മൃതിക്കു പോലും നഷ്ടപ്പെട്ട ഏതോ യാമത്തിൽ അവളുടെ ചിന്തകെട്ടു. കണ്ണുകൾ സ്വപ്നലോകത്തിലേക്കായി തുറന്നു. സ്വപ്നങ്ങൾ പൂർണതയില്ലാതെ നിറഞ്ഞാടി. ഉറങ്ങിയും ഉണർന്നും യാത്ര വിചിത്രങ്ങളിലൂടെ നീങ്ങിക്കൊണ്ടിരുന്നു.
നഗരങ്ങൾക്കു പകരം വയലേലകൾ കാണാൻ തുടങ്ങി. എടുപ്പുകളുടെ വലുപ്പം കുറഞ്ഞു കുറഞ്ഞു നീണ്ടപാടങ്ങളിലെ ഓരത്തെ കൂരയോളമായി ചുരുങ്ങി. മൊട്ടക്കുന്നുകളും ഹരിതക്കുന്നുകളും കാണാൻ തുടങ്ങി. ബോഗിയിലെ ഭാഷകൾ മാറിക്കൊണ്ടിരുന്നു. സംസ്കാരങ്ങൾ മാറിക്കൊണ്ടിരുന്നു. വയലേലകളുടെ തരാതരം വിസ്മയകരമായി. ഉഴുതുമറിച്ചിട്ട അതിരുകെട്ടിയ ഇളകൾ. നെൽകുറ്റിയുടെ നിരനിരയായ മുഴകൾ.
പോകെപ്പോകെ നെൽപ്പാടങ്ങൾ കാണാതെയായി ഗോതമ്പു പുല്ലുകൾ നിലം മുറ്റിനിൽക്കുന്ന വയലേലകൾ എങ്ങും ദൃശ്യമായി. ധാരാളം വൈറ്റ് ഫ്ലവർ വിരിഞ്ഞിരിക്കുന്ന വിശാലമായ തോട്ടങ്ങളും മുംഫലി തോട്ടങ്ങളും കാൺകായി. മണ്ണിന്റെ നിറം മങ്ങി മങ്ങി നേരിയതായി. പിന്നീട് നീരുവറ്റിയ മണൽത്തരികളായി.
മൂന്നു ദിവസത്തെ യാത്രക്കു ശേഷം രാജമകുടം ചൂടിയ കോട്ടകൊത്തളങ്ങളുടെ ഭേരിമുഴങ്ങുന്ന രാജസ്ഥാന്റെ ഉപാനത്തിനുമേൽ നൂറയുടെ പാദുകം പതിഞ്ഞു. കുല വേരുകൾ അവളെ വരിഞ്ഞുമുറുക്കി. രാജസ്ഥാനിലെ ജയ്സാൽമീർ സ്റ്റേഷനിൽ നിന്ന് പാപ്പയുടേയും അമ്മിയുടെയും കൂടെ ഒരു രാജസ്ഥാനി താലികഴിച്ച ശേഷം സ്വർണ്ണം പൂശിയ നഗരത്തിലേക്കായി അവൾ ഇറങ്ങി. മനോഹരമായ സൺസ്റ്റോൺ നിർമ്മിതികൾ സ്വർണ്ണ നിറത്തിലായി എങ്ങും ഉയർന്നു നിൽക്കുന്നു. ഗതകാലങ്ങളിലെ രാജാക്കന്മാരുടേയും വൈതാളിക വൃന്ദങ്ങളുടേയും, അമ്ലത കൊണ്ട് കൊണ്ട് കലകൾ വീണ എടുപ്പുകളാണ് അവകളെല്ലാം. രാജകീയത തുടികൊട്ടുന്ന പടുകൂറ്റൻ ശിബിരങ്ങളിൽ ഇന്നും ജനങ്ങൾ അധിവസിക്കുന്നതു കാൺകേ നൂറ വിസ്മാപകയായി.
ലോകം ഗോൾഡൻ സിറ്റി എന്ന് പേരിട്ടു വിളിച്ച ജയ്സൽമാറിന്റെ വീഥിയിലൂടെ നൂറയേയും കൊണ്ട് ജീപ്പ് കറകറാരവം മുഴക്കി ചലിച്ചുകൊണ്ടിരുന്നു. നാഗരിക സ്വർണ്ണാലംകൃതങ്ങൾ പതിയെ പതിയെ നേർത്തുവന്നു. പാതക്ക് വീതി കുറഞ് രണ്ടു വാഹനങ്ങൾക്ക് ചലിക്കാനുള്ള ഇടം മാത്രമായി അവശേഷിച്ചു. ഇടക്കിടെ കാണുന്ന മാർബിൾ കോറികളിലേക്ക് പാപ്പ വികാരാധീനനായി നോക്കി നിൽക്കും. ഒരുകാലത്ത് പാപ്പയുടെ വിയർപ്പുകണങ്ങൾ ഒഴുകിയ കോറികൾ പാപ്പയേ ഓർമ്മകളിലേക്ക് ആനയിക്കുന്നുണ്ടാവാം. അവസാനം പൊടിമണൽ പാകിയ കൈവഴിക്കരികെ ജീപ്പു നിന്നു.
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തരിശുഭൂമി. അങ്ങിങ്ങ് പേരറിയാത്ത തണൽമരങ്ങൾ നിൽക്കുന്നത് കണ്ടപ്പോഴാണ് നൂറക്ക് ആശ്വാസമായത്. ഈ വഴികളൊന്നും നൂറയുടെ ഓർമ്മകളിലില്ല. പാപ്പയും അമ്മിയും ആനന്ദത്തോടെ മുന്നേ നടക്കുന്നു. കുറച്ചുദൂരം ചെന്നപ്പോൾ വൈറ്റ് ഫ്ലവർ നിരന്നിരിപ്പുള്ള കൃഷിയിടംകണ്ടു.പാപ്പ അവയിലൊന്നെടുത്തു വാസനിച്ചു.നൂറയും ഒന്നെടുത്തു വാസനിച്ചുവെങ്കിലും അവൾക്ക് ഒരു ഗന്ധവും തോന്നിയില്ല.
“നൂറാ……ഇതുണക്കിയാണു കിടക്കക്കുള്ളിലെ പഞ്ഞിയുണ്ടാക്കുന്നത്. അമ്മി നൂറയിലേക്ക് മുഖംതിരിച്ച് സന്തോഷത്തോടെ പറഞ്ഞപ്പോൾ അവൾ തലയാട്ടി. പിന്നീട് മുംഫലി എന്നുവിളിക്കുന്ന നിലക്കടലയുടെ കുറ്റിച്ചെടികൾ കാണാൻ തുടങ്ങി. അവയ്ക്കിടയിലൂടെ അല്പം നടന്നപ്പോഴേക്കും കരിങ്കൽ പാളികൾ കുത്തനെ നിരത്തിയ പാരപ്പറ്റിൻ വിടവുകളിലൂടെ കൂരകാൺകായി. ഇഷ്ടികകൾ അടുക്കിവെച്ച ഭിത്തിക്കുത്തരമായി സിമന്റു ഷീറ്റ് കർണ്ണം കളഞ്ഞ ത്രികോണാകൃതിയിൽ ലംബനമായി കിടപ്പുണ്ട്. കൂരക്ക് ചാരിയുള്ള പുല്ലുമേഞ്ഞ രസോയിഗറിൽ നിന്ന് രണ്ടു സ്ത്രീകൾ ദുപ്പട്ട കൊണ്ട് മുഖം പൂർണമായും മറച്ച് പുറത്തേക്കുവന്നു. പാപ്പയെ തിരിച്ചറിഞ്ഞതും ദുപ്പട്ടമാറ്റി അവർ നിറകണ്ണുകളോടെ സ്വാഗതം ചെയ്യാൻ ഓടിയടുത്തു. ബഹൻ പാപയെ വാരിപ്പുണർന്നു. ചാച്ച പാപ്പയെയും കൊണ്ട് മുറ്റത്തിറങ്ങി. ചാച്ചിയും ബടീ അമ്മിയും ചേർന്ന് നൂറയേയും അമ്മിയേയും വീടകത്തേക്ക് കൊണ്ടുപോയി.
സായാഹ്നരവിയുടെ മഞ്ഞപ്പിൽ മരുമണൽ വെട്ടിത്തിളങ്ങുന്നേരം നൂറ കിളിവാതിലിനരികിലായി ഇരുന്നു. പഴുത്ത പൂഴിയിൽ നിന്ന് വമിക്കുന്ന ഊഷ്ണാനിലനുകൾ സായാഹ്നമായപ്പോഴേക്കും അൽപ്പം അടങ്ങിയിട്ടുണ്ട്. നൂറ കിളിവാതിലിലൂടെ പുറത്തേക്ക് നോക്കി. പഞ്ഞിപ്പൂക്കൾ സുൽത്താൻ പുഞ്ചിരിക്കും പോലെ അവളോട് പുഞ്ചിരിച്ചു. തൊട്ടപ്പുറത്ത് ഉണങ്ങാനിട്ട വാടിക്കറുത്ത പൂക്കളെ കണ്ടപ്പോൾ നൂറയുടെ അകത്തൊരു കാളിച്ച പടർന്നു.
അവനെന്നെ തേടുന്നുണ്ടാവുമോ…..? ഈ രണ്ടു ദിവസങ്ങൾ ഒന്ന് വേഗം കഴിഞ്ഞിരുന്നുവെങ്കിൽ….. നൂറ നിൽക്കുന്ന ഭൂമി പ്രണയപ്പശിമയുള്ളതാണ്. ഈ ഭൂമി സ്ഹേഹത്തിന് ഊടും പാവും നൽകുന്നു. എന്തിനേറെ ലോകാത്ഭുതമായ പ്രേമസൗധം താജ്മഹൽ പണിയാൻ വേണ്ടി മാർബിൾ തൊത്തുകൾ നൽകിയതു പോലും രാജസ്താനല്ലേ….. അവൾക്ക് ആത്മവിശ്വാസം വന്നു. കൺമുൻപിലായുള്ള വഴികളെല്ലാം അവൾക്ക് ജഗതിവളവുകളായി. ആ വഴികളിലൂടെ സുൽത്താൻ നൂറാ നൂറാ എന്ന് അകറികൊണ്ട് വരുന്നുണ്ടായിരുന്നു.
കേരളത്തിൽ നിന്ന് കൊണ്ടുവന്ന പലഹാരങ്ങൾ നൽകാൻ “ബാക്സ” അടുത്തേക്ക് വലിച്ച് പാപ്പ ചാർപായയിൽ നൂറയുടെ അരികിലായി പടിഞ്ഞിരുന്നു. അവ ഓരോന്നായി ചാച്ചക്കു നൽകി. എല്ലാവരും മുറിയിലേക്കു വന്നപ്പോൾ ഒരു ടിന്നിലായി കരുതിയ അല്പം ബീഫ് വരട്ടിയത് ബാക്സയിൽ നിന്ന് പാപ്പ പുറത്തെടുത്തു. അവിടെ സുലഭമായി ലഭിക്കാത്തതും എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവവുമാണ് ബീഫ് വരട്ടിയത്. ഉടനെതന്നെ ചാച്ച ഒരു കഷ്ണമെടുത്ത് വായിലാക്കിയതും ചാച്ചയുടെ വിരലിൽ ഹംസാസ്യം വിരിഞ്ഞു.
ഒരു ബുഗ്ഗയുടെ കറകറപ്പു കേട്ട് ജനാലയുടെ ന്യൂനകമ്പികളിലൂടെ പുറത്തേക്ക് നോക്കിയ നൂറ തൽക്ഷണം നെട്ടി വിളിച്ചു “പാപ്പാ…..”
രണ്ടു ചോര കണ്ണുകൾ അകത്തേക്ക് ചൂഴ്ന്നു നോക്കി നിൽക്കുന്നു. നെറ്റിത്തടത്തിൽ മഴത്തുള്ളി പോലുള്ള വിഭൂതിയണിഞ്ഞ അയാളെ കാണേണ്ടതാമസം പാപ്പ ബീഫ് പാത്രം ബാക്സയിലേക്ക് തന്നെയിട്ടു.
“ക്യാ …… ചാഹിയേ …….?” പാപ്പ നിരുദ്ധകണ്ഡനായി.
“ബോർ ഖോദാ …… പാനീ ദിഖാ ……. ഉസ്കീ മിതാസ്മേം ….” എന്നും പറഞ്ഞ് നാലു ബാലുഷാഹികൾ ജനലിന്റെ അടിതണ്ടിൽ വെച്ച് ആദ്യം പൂദ്യമായി വീടകം ഒന്നു നോക്കിയശേഷം അയാൾ പോയി.
“കുഴൽ കിണറിൽ വെള്ളം കണ്ടതിനാലുള്ള സന്തോഷം അറിയിക്കാൻ വന്നവനല്ല അവൻ” അമ്മി പിറുപിറുക്കുന്നത് നൂറ കേട്ടു. അവൾക്ക് പല്ലിറുമ്മി. പെഹലൂ ഖാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള കോളേജ് വിദ്യാർത്ഥികളുടെ സമര നിരയിൽ അവളും ഉണ്ടായിരുന്നു. രാജസ്ഥാന്റെ ശാപമാണ് ആ നോട്ടങ്ങൾ, ചോരക്കണ്ണുകൾ. ചാച്ചയും ചാച്ചിയും ബടീ പാപ്പയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവൾ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി, പച്ചതത്തകൾ കൂടണയാനുള്ള വ്യഗ്രതയിൽ കൂട്ടംകൂട്ടമായി പറന്നകലുന്നു. വെള്ള പൂക്കൾക്കിടയിൽ നിന്ന് മയിലുകൾ ആരെയോ തേടി കുരവയിടുന്നു. പോകെ പോകെ സ്വർണ്ണവെയിൽ മങ്ങിയണഞ്ഞു. പൊടി മണലിലേക്ക് ആകാശത്തിന്റെ നിഴൽ കറുപ്പ് ഒലിച്ചിറങ്ങി പരന്നു.
രസോയിഗറിലെ തറയിലിരുന്ന് ചപ്പാത്തി കഴിക്കുന്നതിനിടെ ഉയർന്നുവന്ന ആക്രന്ദനങ്ങളിൽ ഭയന്ന് നൂറ വാതിൽ പടിയിൽ നിന്നും പുറത്തേക്ക് നോക്കി. തങ്ങളെ ഉറ്റുനോക്കിയിരുന്ന ആ ചോരക്കണ്ണുകളെ തിണ്ണയിലെ വെളിച്ചത്തിൽ അവൾ വ്യക്തമായി കണ്ടു. അയാളുടെ കൂടെ ഒന്ന് രണ്ട് ആളുകളും കൂടി ഉണ്ടായിരുന്നു. ചാച്ചയും പാപ്പയും അവരോട് ഉച്ചത്തിൽ സംസാരിക്കുമ്പോൾ സംഘം വിരൽചൂണ്ടി ഭീഷണമായി അവരോട് തിരിച്ചുകയർക്കുന്നു. ദീർഘമായ വാപ്പോരുകൾക്കുശേഷം ചാച്ചയും പാപ്പയും അകത്തു കയറി കതകടച്ചു. അൽപനേരം ഉമ്മറത്തു നിന്ന് ശബ്ദിച്ചശേഷം സംഘം പിരിഞ്ഞു പോയെങ്കിലും നൂറയിലെ അസ്വസ്ഥത ഒട്ടും നീങ്ങിയില്ല.
അവൾ രസോയിഗറിൽ നിന്നും വീട്ടിലേക്ക് കയറി അമ്മിയും ബടി അമ്മിയും ഇരിക്കുന്ന ചാർപായക്ക് നടുവിലായി ഇരുന്നു.
“മോളെ …. നമുക്ക് നാളെ തിരിച്ചു പോകാനാവില്ല ഇവിടെ ആകെ പ്രശ്നമാണ്. ഈ പ്രശ്നം ഒന്നൊതുങ്ങിയിട്ട് തിരിച്ചു പോകാം എന്നാണ് പാപ്പ പറഞ്ഞത് …….”
നൂറയുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് അമ്മി പറഞ്ഞപ്പോൾ അവൾ സ്തോഭാവസ്ഥയിലായി.
“ഇല്ല ……അമ്മീ….നമുക്ക് നാളെ പോകണം …..” അവൾ കണ്ഠം ഞരക്കി ദീനപെട്ടു. കേൾകേ അമ്മിയുടെ മുഖം നേരിയ രീതിയിൽ കനപപ്പെട്ടുവന്നു.
“എന്താണ് നൂറ…. പറയണത് മനസ്സിലാക്ക് …..
പോലീസിൽ കേസ് കൊടുക്കണം …. പാപ്പയുടെ കയ്യിലല്ലേ അതിനുള്ള പണമുള്ളൂ. പ്രശ്നം ഒതുങ്ങിയതിനുശേഷം ഉടൻതന്നെ നമുക്ക് പോവാം. നീ ഇവിടെ കിടക്ക്. “
അമ്മി അവളെ ചാർപായയിൽ കിടത്തിയ ശേഷം വാതിലടച്ചു പോയി. പിറകെ കുണ്ഡിതയായി ബടി അമ്മിയും.
അവൾക്ക് കിണ്ടം പിടിച്ചു. നാളെ പോകാൻ പറ്റിയില്ലെങ്കിൽ പിന്നെ പോയിട്ട് കാര്യമില്ല. സുൽത്താനോട് കാന്റീനിൽ വച്ച് തന്നെ ഇഷ്ടം പറയണമായിരുന്നു. വാക്കുപാലിക്കാൻ കഴിയാത്തതിൽ അവൾ സ്വയം പഴിച്ചു. ആ രാത്രി മുഴുക്കെ നൂറ പൂർണ്ണാർത്ഥത്തിൽ ഉന്നിദ്രയായി. നിശാക്ഷയത്തിന്റെ പ്രകാശരേണു മണൽ മണികളെ ചുംബിക്കാൻ തുടങ്ങി. മുംഫലി തോട്ടത്തിൽ പച്ച തത്തകൾ പറന്നിറങ്ങി. വെള്ള പൂക്കൾക്കിടയിലൂടെ മയിലുകൾ ലീലക്രീഡകളിൽ മുഴുകി. ചെമന്ന പ്രകാശത്തെ ഉഷ്ണം നിറംകെടുത്തി. വീണ്ടും മഞ്ഞവെയിൽ നാടകങ്ങളിൽ ഇരുട്ടിന്റെ തിരശ്ശീലകൾ വീണു. കുറവന്മാരായ ദിനങ്ങൾ. നാഗപ്പാട്ടുപാടി നൂറയിലെ മോഹാലസ്യത്തിന്റെ പത്തിവിതുർത്തി. അവൾക്ക് പ്രണയദൂതനായ രാജസ്ഥാനോട് ദേഷ്യം തോന്നി. അഹർനിശകൾ മാറി മാറി സുൽത്താന്റെ പ്രണയദൂരം പത്താം ദിനത്തിലെത്തി. അവൾ ത്രാണിയില്ലാതെ വാസരം കണ്ടു. സുൽത്താൻ പ്രതീക്ഷയോടെ കോളേജിൽ വന്നിരിക്കാം …. അവൻ തന്നെ തേടിയിരിക്കാം. അവളുടെ ശിരസ്സിൽ അമല് പൂത്തു.
താൻ ഒരു വഞ്ചകിയാണെന്ന് സ്വയം പറഞ്ഞ് മടുത്തിരിക്കുന്നു. അമ്മിയുടെ അന്നം വിളികളെയെല്ലാം അവൾ നിരസിച്ചു. നൂറയോട് സമ്മതം തേടാതെ സായാഹ്നനത്തിൻ ആഭപിറന്നപ്പോൾ അവൾ ജനൽ തിണ്ടിൽ മുഖം കുത്തിക്കിടന്നു. സുൽത്താൻ ജഗതി വളവിലെത്തിയിരിക്കാം അവൻ തന്നെ കാത്തിരിക്കാൻ തുടങ്ങിയിട്ടുണ്ടാവും. എത്ര ബസ്സുകൾ പോയി കാണും. അവന് സങ്കടം വന്നിരിക്കാം.
അതോ വഞ്ചനയറിഞ്ഞു അവൻ മടങ്ങി കാണുമോ …? അതോ കാണുകതന്നെ വേണം എന്ന ദൃഢനിശ്ചയത്തിൽ അവിടെ നിന്നു കാണുമോ ..?
അവൾ വിങ്ങുന്നേരം അപ്രതീക്ഷിതമായി എവിടെ നിന്നോ ബ്രെയിൻ ഫീവറുകൾ കുത്തിച്ചൂളാൻ തുടങ്ങി. വെള്ളപ്പൂക്കൾക്കിടയിൽനിന്ന് മയൂരങ്ങൾ പ്രണയാർദ്രമായി ശബ്ദമുണ്ടാക്കി. അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി. പൂഴിമണൽ പാകിയ പാടവരമ്പിലൂടെ ആരോ അവളിലേക്ക് നടന്നടുക്കുന്നു. സ്വർണ്ണ പ്രകാശത്താൽ അവളുടെ നീരുറ്റ ദൃക്കുകളിൽ ആ മുഖം തെളിയുന്നു. സ്വർഗ്ഗം കണ്ട പാപിയെപ്പോലെ അവൾ മോഹ പൂർണ്ണതയിൽ അവനിലേക്കായി ഓടുന്നു. അവളെ കണ്ടതും വഴിമധ്യേ അവൻ നിൽക്കുന്നു. ഉമ്മറം കടന്നോടുമ്പോൾ അവൾ വിളിച്ചു പറയുന്നു.
“സുൽത്താൻ ….. എനിക്ക് നിന്നെ ആയിരംവട്ടം ഇഷ്ടമാണ് ….
ഒരു പ്രണയക്കാറ്റിൽ ജഗതി വളവിലെ മല്ലിക മൊട്ടുകൾ വിടർന്നു തൂവുന്നു. സ്വപ്നവേടുകൾ ഉതിർന്നു വീഴുന്ന പൊടിമണലിലെ കൈസർപ്പങ്ങളുടെ നിഴലാട്ടമോ അന്തരീക്ഷത്തിലെ ബുഗകളുടെ ഓളികളോ നൂറ അറിഞ്ഞതേയില്ല. …. ആകാശം അസ്തമയ പൊട്ടിട്ടപ്പോൾ എല്ലാം ചെമചെമേ ചുവന്നു