അവളിൽ നിന്നിനിയൊരു
പടിയിറക്കം
എന്നെക്കൊണ്ടാകില്ലായിരുന്നു.
അവളുടെ ഇടങ്ങളുടെ
അതിരുകളിൽ നിന്ന്
ഞാനവളെ പതിരില്ലാതെ
പ്രണയിച്ചു.
അവളെന്നും ജയിച്ചു
കാണാനായിരുന്നു ഇഷ്ടം.
പക്ഷെ അവളെന്നെക്കൊണ്ട്
നിരന്തരമായിതോറ്റിരിക്കണം.
അത്രമേൽ
സ്നേഹിക്കുന്നതു കൊണ്ടാകണം,
തർക്കങ്ങളിലാവും തുടക്കം
വിതർക്കങ്ങളിലാണ് ഒടുക്കം.
അവളെ
ഇഷ്ടപ്പെടുന്നവരെക്കുറിച്ച്
ഇടക്കിടെ വാക്കുകൾക്കിടയിൽ
പറഞ്ഞു കൊണ്ടേയിരിക്കും.
പാതിയിൽ കേൾക്കുന്നഞാൻ
അടങ്ങാത്ത
വേദനയോടെ പിടയും….
കഥയില്ലാത്ത
കവിതപോലെയാണ്
അവളെന്നെ കേൾക്കുക.
എനിക്കറിയാം
എന്റെ കവിതയിൽ കഥയില്ലെന്ന്..
ജക്കരാന്ത പൂക്കുന്ന
താഴ്വാരങ്ങളെക്കുറിച്ച്
ഇടക്കിടെ അവളെന്നോടു
പറഞ്ഞു കൊണ്ടേയിരുന്നു.
ഏതോ യാത്രയിൽ
ചെങ്കുത്തായ മലനിരകളിൽ
അവ മുഴുനീളെ
പൂത്തു നിന്നിരുന്നെന്ന്
ഇന്നുമവൾ പറഞ്ഞു വച്ചു.
അവളിൽ നിന്നൊരു പടിയിറക്കം
എനിക്കാവില്ലയെങ്കിലും
അവളെപ്പോലെ ജക്കരാന്തയും
എന്നിൽ പൂവിട്ടു തുടങ്ങിയിരിക്കുന്നു.
ചെങ്കുത്തായ
താഴ്വാരങ്ങൾ എന്നെ
മാടിവിളിക്കുന്നത്
എനിക്കു കാണാവുന്നു.
അവളെപ്പോലെ
ജക്കരാന്ത
നിരനിരയായി
പൂത്ത്നിക്കണത്
എനിക്കു കാണാവുന്നു….