പ്രഭാത കിരണങ്ങൾ പൊഴിച്ച്
പകലോൻ എന്നോട് പുഞ്ചിരിച്ചപ്പോൾ
നിറഞ്ഞ മിഴികൾക്കിടയിൽ
ആ പുഞ്ചിരി കണ്ടില്ല ഞാൻ .
തരുലതാദികൾക്കിടയിൽ
മൃദുല മന്ദഹാസത്തോടെ
എനിക്കായ് മധുരാരവങ്ങൾ പൊഴിച്ച
കിളികൂജനങ്ങളും കേട്ടില്ല ഞാൻ.
സുഗന്ധവാഹിയായ മന്ദമാരുതൻ
മുടിയിഴകളിലൂടെ പ്രണയിനിയെ പോലെ
എന്നെ തഴുകി തലോടിയതും
അറിഞ്ഞില്ല ഞാൻ.
മഞ്ഞു പൊഴിയുന്ന ധനുമാസ
രാവിൽ മഞ്ഞുകണങ്ങൾ
കണ്ണുകളിൽ ഉമ്മ വെച്ചപ്പൊഴും
ആ മഞ്ഞു തുള്ളിയെ
കണ്ടില്ല ഞാൻ
അശാന്തിയുടെ തീരമണഞ്ഞ എന്നിൽ
വഴിവിളക്കായി,
നുറുങ്ങു വെട്ടം പൊഴിച്ച് പ്രകാശിച്ച
താരകങ്ങളെയും
കണ്ടില്ല ഞാൻ .
രാത്രിയുടെ നിശബ്ദതയിൽ
എൻ്റെ തേങ്ങലുകളിൽ ആശ്വസമായെത്തിയ
ചീവിടുകളുടെ മർമ്മരവും
കേട്ടില്ല ഞാൻ.
എന്നിട്ടും..,
എന്നിട്ടും അകന്നകന്നു
പോകുന്ന ചന്ദ്രബിംബത്തെ നോക്കി
നെടുവീർപ്പിടുന്നു ഞാൻ.
എന്നിട്ടുമെന്നിട്ടും ഒറ്റപ്പെടുന്നെന്ന
വേദനയാൽ നീറുന്നു ഞാൻ.