ബീച്ച് തെളിഞ്ഞു കണ്ടപ്പോൾ ബീച്ചിലിറങ്ങണമെന്നായി കുട്ടികളുടെ വാശി. ഇത്രയും നേരമായി കാണുന്ന, ഞങ്ങൾക്ക് കൗതുകകരമായ കാഴ്ചകളൊന്നും അവരെ അത്ഭുതപ്പെടുത്തുന്നതോ സന്തോഷിപ്പിക്കുന്നതോ ആയിരുന്നില്ല. അതിനാൽ കുട്ടികളുടെ വാശിക്കുമൊരു ന്യായീകരണമുണ്ട്. അതു കൊണ്ട് തന്നെ മിർബത്ത് റോക്ക് ബീച്ചിലേക്ക് ഞങ്ങൾ വെച്ചുപിടിച്ചു.
തീരദേശ പട്ടണം ആയ മിർബാത്തിന് (Mirbat) ചരിത്രപരമായ ഒരു പാട് പ്രത്യേകതകൾ ഉണ്ട്. പഴയ ഡോഫാർ പ്രവിശ്യയുടെ തലസ്ഥാനം ആയിരുന്നു മീൻപിടുത്തക്കാരുടെ ഗ്രാമം എന്നറിയപ്പെട്ടിരുന്ന ഈ പട്ടണം .തുറമുഖ പട്ടണം കൂടിയായതിനാൽ ആദ്യകാലത്ത് വാണിജ്യവും വ്യവസായവും ഈ പട്ടണത്തെ കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. ഒമാനിലെ സുഗന്ധദ്രവ്യങ്ങളിൽ പ്രമുഖനായ
കുന്തിരിക്കം അന്യരാജ്യങ്ങളിലേക്ക് സുഗന്ധം പരത്തിയത് ഈ പോർട്ട് വഴി സഞ്ചരിച്ചിട്ടായിരുന്നു.
1972 ൽ ഒമാൻ പട്ടാളവും കമ്യുണിസ്റ്റ് ഗറില്ലകളുമായുള്ള ബാറ്റിൽ ഓഫ് മിർബത്ത് എന്നറിയപ്പെടുന്ന ചരിത്ര പ്രധാനമായ സംഘർഷം നടന്നതും ഇവിടെ വെച്ചാണ്. ഇന്ന് അതിലൂടെ സഞ്ചരിക്കുമ്പോൾ കടൽത്തീരത്ത് ചരിത്രാവശിഷ്ടങ്ങളായി തകർന്ന ഗ്രാമത്തിന്റെ ശേഷിപ്പുകൾ കാണാവുന്നതാണ്. മൺകട്ടകൾ കൊണ്ടുണ്ടാക്കിയ പഴയ വീടുകളിൽ നിറം പിടിപ്പിച്ച മണ്ണുകൊണ്ടുള്ള ചിത്രപ്പണികൾ അവിടെ ജീവിച്ചിരുന്നവരുടെ സംസ്കാരികാന്തരീക്ഷം വെളിവാക്കുന്നതായിരുന്നു.
മത്സ്യ ബന്ധനമായിരുന്നു ആ കാലത്ത് ഗ്രാമീണരുടെ മുഖ്യ ജീവിതോപാധി. പഴയ കാല പ്രതാപം പിടിച്ചെടുക്കാനായി നഗരം ആഞ്ഞു ശ്രമിക്കുകയാണ് ഇപ്പോൾ. ബീച്ചിനു ചുറ്റും പുതിയ കെട്ടിടങ്ങളും വീടുകളുമടങ്ങുന്ന ആധുനിക നഗരം ടൂറിസ്റ്റുകളെ ആകർഷിച്ചു കൊണ്ട് ഉയർന്നു വരുന്നത് കാണാം.
പഴയ കെട്ടിടങ്ങൾക്കിടയിലൂടെ വെറുതെ ഒന്നു കറങ്ങി , ആ ഗ്രാമത്തിന്റെ ഹൃദയ സ്പന്ദനം അറിഞ്ഞു. മത്സ്യബന്ധന ബോട്ടുകൾക്കിടയിലൂടെ കുട്ടികൾ ഓടി നടന്നു കക്കയും ചിപ്പിയും പെറുക്കിക്കൂട്ടുന്നുണ്ടായിരുന്നു. ഈ കടൽത്തീരം മത്സ്യത്തോടൊപ്പം മുത്തുച്ചിപ്പികളാലും സമ്പന്നമാണ്. ചിപ്പികൾ മുങ്ങിയെടുക്കുന്ന ഗ്രാമീണർക്കൊപ്പം വിനോദത്തിനായി ഇവിടെയെത്തുന്ന മുങ്ങൽക്കാരെയും കാണാം. ആഴമധികമില്ലാത്ത നീലക്കടൽ തീരങ്ങളാണ് ഇവിടത്തെ പ്രത്യേകത.
ബീച്ചിൽ അവധി ദിവസത്തിന്റെ ആലസ്യത്തിലമർന്ന സ്വദേശികൾ നിറയെ ഉണ്ടായിരുന്നു .ഒട്ടും സൗഹാർദ്ദപരമായിരുന്നില്ല അവരുടെ സന്ദർശകരോടുള്ള ഇടപെടൽ. ജ്യൂസ്കവറുകളും പ്ലാസ്റ്റിക്ക് കുപ്പികളും ചിപ്സ് പാക്കറ്റുകളും അലക്ഷ്യമായി ചുറ്റുപാടും ചിതറിയെറിഞ്ഞു കൊണ്ട് കുട്ടികൾ പൂഴിമണ്ണിൽ ഓടിക്കളിച്ചു.
സാധാരണ ബീച്ചുകൾ പോലെയല്ല, മണൽത്തീരത്തിനൊടുവിൽ കടലിനോട് ചേർന്ന് നല്ല കറുത്ത ഉരുളൻ കല്ലുകൾ നിറഞ്ഞ തീരമാണെന്നതാണ് മിർബാത്ത് റോക്ക് ബീച്ചിന്റെ പ്രത്യേകത. തിരമാലകളാൽ നിത്യം തഴുകി മിനുസപ്പെടുത്തിയ പാറക്കല്ലുകൾക്കിടയിലൂടെ നടന്നു നീങ്ങി ഞങ്ങൾ വെള്ളത്തിൽ കാല് താഴ്തിയിരുന്നു. നീലക്കടലിന്റെ ശാന്തതയും തണുത്ത കാറ്റും സ്വാഗതമോതുമ്പോൾ
ആകാശച്ചെരിവിലൊരു മഴവില്ല് ആ മനോഹരമായ അന്തരീക്ഷത്തിന് മിഴിവേകി.
മീൻ കുഞ്ഞുങ്ങൾ കാല് തൊട്ടു കളിക്കാനായി ഓടിയെത്തി. കൂർത്തു മൂർത്തചിപ്പികൾ പാറക്കല്ലിനോട് ചേർന്നു കിടക്കുന്നതിനാൽ കാല് മുറിയാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ഉണ്ണി മുന്നറിയിപ്പ് തരുമ്പോഴേക്ക് സൂര്യക്കുട്ടി ചോരയൊഴുകുന്ന കാൽപാദവുമായി കരച്ചിൽ തുടങ്ങി.
സൂര്യൻ അസ്തമിച്ച് പോവാനുള്ള തിടുക്കത്തിലായിരുന്നു. നോക്കിയിരിക്കെ ആ കാശച്ചെരിവിൽ സൂര്യൻ വിളറിയ മഞ്ഞയിൽ നിന്ന് തുടുത്ത ചുവപ്പ് ഗോളമായി പരിണമിച്ചു. സമയം കളയാതെ എല്ലാവരും ഫോട്ടോകൾ ക്ലിക്ക് ചെയ്ത് തുടങ്ങി. ജീവിതത്തിലെ തന്നെ അതി മനോഹരമായ സായാഹ്ന നിമിഷങ്ങളിലൊന്നാണ് ഞങ്ങൾ അവിടെ അനുഭവിച്ചത്. അച്ഛനും അമ്മയും ശരിക്കും ആസ്വദിച്ചു ആ ബീച്ച് കാഴ്ചകൾ.
(സാധാരണ അറബിക്കടലിന്റെ തീരത്ത് നിൽക്കുമ്പോൾ, നാടോർമ്മകളിൽ, ഡാഡിയോർമ്മകളിൽ മനസ് തുടിക്കും. മനസ്സ് നിറയെ സന്തോഷം പടർന്നൊഴുകും. ഡാഡിയുടെ വിരൽ പിടിച്ചാണ് ആദ്യമായി കടൽ കണ്ടത്. തലശ്ശേരി കടൽപ്പാലത്തിൽ നിന്ന് ചുവന്ന് തുടുത്ത സൂര്യനെ ആദ്യമായി കണ്ടപ്പോൾ സന്തോഷം കൊണ്ട് അത്ഭുതപ്പെടുപോയ പത്തു വയസുകാരി എന്റെയുള്ളിൽ നിന്ന് എന്തിനെന്നറിയാതെ തേങ്ങി.)
ഇന്ന് രാവിലെ ഒരു താഴ്വാരത്തിൽ നിന്ന് തുടങ്ങിയ യാത്രയിൽ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരെയെത്തി ആകാശത്തെ സ്പർശിച്ചു. ഇപ്പോൾ കടലിനോട് കിന്നാരം പറഞ്ഞു കൊണ്ട് തിരിച്ചു പോവുകയാണ്. വൈചിത്ര്യങ്ങൾ നിറഞ്ഞ ജീവിതം പോലെ ഈ യാത്രയും .
അസ്തമിച്ചു കഴിഞ്ഞെങ്കിലും ചുവപ്പു നിറം മാറാത്ത ആകാശക്കാഴ്ചകളുമായി മടക്കയാത്ര തുടങ്ങി. എല്ലാവരും നിശബ്ദരായിരുന്നു മടക്കയാത്രയിൽ. സന്ധ്യാമങ്ങൂഴങ്ങൾ (അസ്തമയ സമയം )എന്നും അങ്ങിനെയാണ്. മനസ്സിൽ സ്വയമറിയാതെ വിഷാദം നിറയ്ക്കും.
അയ്യൂബ് നബിയുടെ ഖബറിടം ,മുഖ്സയിൽ ബീച്ച് മുതലായി നാളത്തെ കാഴ്ചകളിലും അത്ഭുതങ്ങൾ നിറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞു മീനയും ഉണ്ണിയും…
ചേരമാൻ പെരുമാളിന്റെ ഖബറിടം ലിസ്റ്റിൽ നിന്ന് വിട്ടു പോവരുത് എന്ന് ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു ഞാൻ…
ശേഷം കാഴ്ചകൾ തുടരും.