നാട് വിടുന്നതോടെ ആൾക്കാരുടെ കാഴ്ചപ്പാടിൽ കിലോമീറ്ററിന്റെ അളവിൽ വലിയ വ്യത്യാസം വരുമെന്ന് തിരിച്ചറിയാനൊരു അവസരവുമായി അയാളുടെ വഴി പറച്ചിൽ .
ആ കടയുടമസ്ഥൻ ഞങ്ങൾക്ക് ഇനിയങ്ങോട്ടുള്ള കാഴ്ചകളും വഴിയും കടയിൽ സാൻവിച്ച് പൊതിയുന്ന ബട്ടർ പേപ്പറിൽ വരച്ച് തന്നിരുന്നു. മൂന്ന് കിലോമീറ്റർ കഴിഞ്ഞാൽ ‘തവി അതീർ’ എന്നൊരു സൈൻ ബോർഡ് കാണാമെന്നും അവിടെ നിന്ന് ആദ്യത്തെ വലത് വശത്തേക്ക് തിരിയണമെന്നും നിർദേശിച്ചു. വണ്ടി നീങ്ങുമ്പോൾ ഒരു തവണ കൂടി ഓർമ്മിപ്പിച്ചു. മൂന്ന് കിലോമീറ്ററാണെന്നത്, ഓർമ്മിക്കണേ എന്ന്. മൂന്ന് കിലോമീറ്ററുകൾ ഏറെക്കഴിഞ്ഞിട്ടും, അയാൾ പറഞ്ഞതുപോലെ ഒരു ബോർഡോ വലത്തോട്ടൊരു വഴിയോ വന്നില്ല. വീടുകളും കുറഞ്ഞ് വരുന്നു.
മുന്നിൽ നീണ്ടുകിടക്കുന്ന മരുഭൂമികാഴ്ചകളിൽ ചെറുതായി പേടി തോന്നിയ ഞാൻ ആ ലൈനിലെ അവസാന വീടെത്തിയപ്പോൾ ഉണ്ണിയോട് അവിടെയിറങ്ങി വഴി ചോദിക്കാമെന്ന് നിർബന്ധിച്ചു. കമ്പിളിപ്പുതപ്പുകൾ ഉണങ്ങാനിട്ടതു കൂടാതെ രണ്ട് സ്ത്രീകളുടെ മിന്നായവും കണ്ടിരുന്നു ആ വീട്ടിൽ. ആ ഒരു ധൈര്യത്തിലാണ് വഴി ചോദിക്കാൻ നിർബന്ധിച്ചത്. ഉണ്ണിക്കൊരു കൂട്ടിന് ഞാനും കൂടെയിറങ്ങി. “മാമാ ” എന്ന് വിളിച്ചു കൊണ്ട് ഉണ്ണി ഗേറ്റ് കടന്നു. “മാമ” (കാരണവ സ്ത്രീ) ക്ക് പകരം ചെറുപ്പക്കാരിയായ മകൾ പുറത്തിറങ്ങി വന്നു. വഴി വ്യക്തമാക്കി. മറ്റ് പല യാത്രക്കാരോടും ഇതുപോലെ സംശയം തീർത്തു കൊടുത്തിട്ടുണ്ടന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി. ഈ മൂന്ന് കിലോമീറ്റർ കഴിഞ്ഞുള്ള റൈറ്റും സൈൻബോർഡും അനന്തമായി നീണ്ടു കിടക്കുന്ന റോഡിന് അങ്ങേയറ്റത്താണെന്ന് അവൾ പറഞ്ഞു മനസ്സിലാക്കിത്തന്നു. ഉണ്ണി നന്ദി പറയുന്ന കൂട്ടത്തിൻ ഞാനും വെറുതെയാക്കിയില്ല.
“ശുക്രൻ “
എന്നൊരു അറബിക്ക് നന്ദി വാക്ക് അതിനിടെ പ്രയോഗിച്ചു മിടുക്കിയായി. ആ സ്ത്രീയുടെ മറു ചിരി കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.
മരുഭൂമിയിലൂടെയുള്ള യാത്ര തുടർന്നു. ഒട്ടകങ്ങളും ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരുന്നെന്ന് തോന്നി മടി പിടിച്ചുള്ള അവരുടെ നില്പ് കണ്ടപ്പോൾ. സലാലയിലെ മരുഭൂമിയുടെ നടുവിലൂടെ യാത്ര ചെയ്യുന്നതിനിടെ കാണാനാവുന്ന മറ്റൊരു കാഴ്ചയാണ് നിത്യഹരിത താഴ്വാരമായ വാദി ദർബാത്ത് (Wadi Darbat). സമയക്കുറവ് കാരണം അത് ലിസ്റ്റിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു. ചെറിയ ഒരു അരുവിയും മുന്നൂറ്ററുപത് ദിവസവും പച്ചപുതച്ച പ്രകൃതിയുമാണ് ഇവിടത്തെ പ്രത്യേകത. കേരളത്തിൽ കാണാത്തയിടങ്ങൾ തേടി യാത്ര തുടരാം എന്ന ഭൂരിപക്ഷ അഭിപ്രായത്തെ മാനിച്ച് അടുത്ത ലക്ഷ്യമായ ‘തവി അതീർ സിംക് ഹോൾ’ (Tawi ateer sink hole) ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.
1977 ൽ സ്ലോവേനിയൻ പര്യവേക്ഷകരാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംക് ഹോളുകളിലൊന്നായ ഈ സിംക്ഹോൾ ഇവിടെ കണ്ടെത്തിയത്. ജൈവ വൈവിദ്ധ്യത്തിന് പ്രശസ്തമായ ദോഫാർ (Dhofar)പ്രവിശ്യയിലാണ് ഈ അത്ഭുതക്കാഴ്ച. വിവിധയിനം ജീവജാലങ്ങളും വൃക്ഷപ്പടർപ്പുകളും ഇവിടത്തെ വാദികളേയും താഴ്വാരങ്ങളേയും സമ്പന്നമാക്കുന്നു. സീസണിൽ ടൂറിസ്റ്റുകളുടെ പറുദീസയാണ് ഇവിടം കഴിഞ്ഞ വർഷം ഒമാനിനു നേരെയുണ്ടായ മേക്കുനു സൈക്ലോണിന്റെ ഭീകരമായ ആക്രമണത്തിന്റെ ബാക്കി കാഴ്ചകൾ പോവുന്ന വഴിയിലെവിടെയും ഉണ്ടായിരുന്നു. തകർന്നു കിടക്കുന്ന റോഡുകൾ ഇപ്പോഴും പൂർവ്വസ്ഥിതിയിലായിട്ടില്ല. സമാന്തരമായി ഉണ്ടാക്കിയ താത്കാലിക വഴിയിലൂടെ ഞങ്ങൾ ലക്ഷ്യത്തിലേക്കെത്തി.
പലപ്പോഴും പേടിപ്പിക്കുന്ന യാത്രയായിരുന്നു അത്. മറ്റ് വാഹനങ്ങളൊന്നും ഇവിടെയെത്തുന്നത് വരെ ഞങ്ങളെ കടന്നു പോയില്ലെന്നതും ഉള്ളിൽ ഭീതിയുണർത്തി. ജൂൺ – ജൂലായ് മാസങ്ങളിൽ നേരിയ ചാറ്റൽ മഴയും മഞ്ഞ് വീഴ്ചയുമുണ്ടാവുന്നത് കൊണ്ട് ആ സമയത്ത് ഡ്രൈവിങ്ങ് അപകടകരമാവുമെന്നും ഉണ്ണി പറഞ്ഞു. കേരളവുമായി ഒരു തരത്തിലും താരതമ്യപ്പെടുത്താനാവാത്ത സലാലയുടെ മറ്റൊരു മുഖമാണ് ഞങ്ങൾ അവിടെ കണ്ടത്.
ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളാണ് സലാലയുടെ ഈ ഭാഗത്തെ കാഴ്ചകൾ വ്യത്യസ്തമാക്കുന്നത്. ‘സിംക്ഹോളുകൾ ‘ എന്നാൽ പ്രകൃതിയിലുണ്ടാവുന്ന ചില പ്രതിഭാസങ്ങൾ കാരണം ഭൂമിയുടെ മേൽമണ്ണ് നഷ്ടമായി ഉടലെടുക്കുന്ന വൻ ഗർത്തങ്ങളാണ്. ഉൽക്കാശില പതിച്ചത് കൊണ്ടാണ് ഈ ഗർത്തമുണ്ടായത് എന്നാണ് ഇവിടത്തെ നാട്ടുകാർ വിശ്വസിക്കുന്നത്. ‘ഹയ്യിയത് നജാം’ (falling star) എന്നാണത്രെ ആ ഉൽക്കയുടെ പേര് .
മഴക്കാലത്ത് ഈ ഗർത്തങ്ങളിൽ മഴവെള്ളം നിറയും. വാദികളിൽ നിന്നുള്ള നീരൊഴുക്കും ഈ പ്രദേശത്തെ ജലസമൃദ്ധമാക്കും. ഇതിനോട് ചേർന്നു തന്നെയാണ് തീക്വ് (Teeq) ഗുഹയും സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ഗുഹകളും ഗർത്തങ്ങളും കണ്ടപ്പോൾ അന്യഗ്രഹത്തിൽ എത്തിപ്പെട്ട പ്രതീതിയാണ് ഉണ്ടായത്. പരന്നു കിടക്കുന്ന മരുഭൂമികൾക്കിടയിൽ വലിയ കുന്നുകളും ഗുഹകളും വിശാലമായ ഗർത്തങ്ങളും കൗതുക കാഴ്ചകളൊരുക്കി.
സിംക് ഹോൾ കാണാനായി മുൾച്ചെടികൾ നിറഞ്ഞ ഒറ്റവരി പാതയിലൂടെ താഴോട്ടിറങ്ങി. തീർത്തും വിജനമായിരുന്നു അവിടം. അപകടകരമായ ആ ഗർത്തത്തിന് ചുറ്റും സുരക്ഷാവേലികളും സന്ദർശകർക്ക് കാഴ്ചകൾ കാണാനും ഫോട്ടോയെടുക്കാനുമായി പ്ലാറ്റ്ഫോമുകളും കെട്ടിയുണ്ടാക്കിയിരുന്നു.
താഴെയെത്തിയപ്പോൾ സിംക് ഹോളിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയ കാഴ്ച ഏറെ പഴുത്ത് പാകമായ ഏതാനും പേരക്കകൾ നിരത്തിവെച്ച് വില്പനയ്ക്കിരിക്കുന്ന ഒരു ബംഗ്ലാദേശ് സ്വദേശിയുടേതാണ്. ഒരു പാത്രം കുടി വെള്ളവുമുണ്ട് അവന്റെ മുന്നിൽ. കടന്നു വന്ന വഴിയിലൊന്നും ആൾ പാർപ്പുള്ളതായി തോന്നിയിരുന്നില്ല. പക്ഷേ വീടണയാനുള്ള വ്യഗ്രതയോടെ നീട്ടി വലിച്ച് നടക്കുന്ന കന്നുകാലിക്കൂട്ടങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. അവിടെയെവിടെയെങ്കിലുമാവും ഇവന്റെയും താവളം.
വിറ്റുപോവാത്ത പേരക്കകളെക്കുറിച്ച് അവന് വല്യ വേലലാതിയൊന്നും ഉള്ളതായി തോന്നിയില്ല. നാട്ടിലുള്ള അവന്റെ കുഞ്ഞിനോട് വാട്സാപ്പ് വഴി കൊഞ്ചുകയാണ് അവൻ. ബാഹർ ഗാവിൽ അവന് വേണ്ടി കാത്തിരിക്കാൻ ആരോ ഉണ്ടെന്ന തോന്നലാവണം ഈ ഏകാന്ത ജീവിതത്തിൽ അവന്റെയും ധൈര്യം. ഇതുപോലുള്ള പ്രവാസക്കാഴ്ചകൾ പലപ്പോഴും കണ്ണ് നനയിച്ചിട്ടേ ഉള്ളൂ.
ഏതായാലും തിരിച്ചു വരുന്ന വഴി വിലപേശാതെ ഒരു പാക്കറ്റ് പേരക്ക വാങ്ങാൻ മറന്നില്ല ഞാൻ. “ഇതിന് മധുരമൊന്നുമുണ്ടാവില്ല” എന്ന് കൂട്ടത്തിൽ നിന്നുയർന്ന അശരീരി കേട്ടില്ലെന്ന് നടിച്ച് പേരക്കകൾ നിറച്ച കവറുമായി ഞാൻ പടികൾ കയറി. മധുരം നിറയേണ്ടത് മനസ്സിലാണല്ലോ !
മേഘങ്ങൾ താണിറങ്ങി വന്ന് നമ്മെ ഉമ്മ വെക്കുന്ന ജബൽ സംഹാൻ കാഴ്ചകൾ തേടി അവിടെ നിന്ന് …….