മരണം നടന്നിട്ടു മാസം ഒന്നായെങ്കിലും അതപ്പോഴും ഒരു മരണവീടായിരുന്നു.
ആ വീടിന് അപരിചിതമായ നാലു ജോഡി ചെരിപ്പുകൾ മുറ്റത്ത് കൂട്ടം ചേർന്നു കിടന്നു. ഒന്നിനും പുത്തൻ മണവും പത്രാസും മാറിയിട്ടില്ലായിരുന്നു. അതിലൊരു ജോഡി ഈ സന്ദർശനത്തിനു വേണ്ടി പ്രത്യേകം വാങ്ങപ്പെട്ടതും ആയിരുന്നു. വിണ്ടുകീറി ചോരയും ചലവും മണക്കുന്ന പാദങ്ങളിൽ കിടക്കേണ്ടി വരുന്നതിനെക്കുറിച്ച് അതു കൂട്ടരോടു പരതപിച്ചു.
“വിഷമിക്കേണ്ട, തിരിച്ചു വീട്ടിലെത്തുമ്പോൾ നിന്നെ സോപ്പിട്ടു കുളിപ്പിച്ചുണക്കി വാങ്ങിച്ച പാക്കറ്റിനകത്തു തന്നെ കയറ്റും. അടുത്ത യാത്ര വരെ സ്വസ്ഥം, വിശ്രമം. നിൻ്റെ ഉടമയ്ക്ക് തേഞ്ഞു തീരാറായ ഹവായി ചപ്പൽ ഉണ്ട്. മുറ്റത്തും തൊടിയിലും ഒക്കെ അതിൻ്റെ പുറത്തായിരിക്കും സഞ്ചാരം. നിനക്കു മാത്രമല്ല ഞങ്ങൾക്കുമുണ്ട് വീട്ടിൽ പകരക്കാർ. ” കൂട്ടത്തിൽ ഏറ്റവും പഴക്കമുള്ള ജോഡി അനുഭവസമ്പത്തു തെളിയിച്ചു.
വിരുന്നു വന്ന ചെരിപ്പുകളിൽ നിന്ന് ഒരൽപം മാറി വീട്ടുകാരുടെ പാദരക്ഷകളും ഉണ്ടായിരുന്നു. ആ കൂട്ടത്തിൽ നിന്നും വിട്ട് ഒരു ജോഡി വാതിൽപ്പടിക്കൽ ഒറ്റയ്ക്കു വിഷമിച്ചു കിടന്നിരുന്നു. അത് തൂങ്ങിമരിച്ചയാളുടെ ചെരിപ്പുകളായിരുന്നു. ദിവസങ്ങൾക്കു മുൻപ് ആ ചെരിപ്പുകൾ വീടിൻ്റെ അടുക്കളവശത്തു നടന്ന ആ തൂങ്ങിമരണത്തിന് സാക്ഷികളായിരുന്നു.
വീട്ടുകാരുടെ ചെരിപ്പുകൾ മരണവീടിൻ്റെ ദു:ഖത്തിൽ പങ്കുചേർന്നതു കൊണ്ടോ പുത്തൻമണക്കാരുടെ വരവ് ഇഷ്ടമാകാഞ്ഞതു കൊണ്ടോ എന്തോ ആദ്യമൊന്നും അതിഥികളെ കണ്ട ഭാവം വച്ചില്ല. ആതിഥ്യമര്യാദ കാണാത്തതിലുള്ള ചൊരുക്കിലായിരുന്നു വിരുന്നുകാരും. പക്ഷേ വീടിനുള്ളിൽ നിന്നും വന്ന എണ്ണിപ്പെറുക്കിയുള്ള കരച്ചിലുകൾ അസഹ്യമായപ്പോൾ അവർ അന്യോന്യം പരിചയപ്പെട്ടു – മരിച്ചവൻ്റെ ചെരിപ്പുകൾ മാത്രം മാറി നിന്നു.
അകത്തു കേട്ട പ്രസക്തമായ ചോദ്യം പുറത്തും ചോദിക്കപ്പെട്ടു – ‘എന്തിനായിരുന്നു?’
“കാശെല്ലാം അച്ഛൻ്റെ പേർക്കാണ് അയച്ചിരുന്നത്. ഒന്നിനും ഒരല്ലലും വരുത്തിയിട്ടില്ല. പിന്നെന്തിനാണാവോ” അകത്തു നിന്നും എല്ലാവരും കേൾക്കെ മകൻ്റെ ആത്മഗതം.
മരണത്തിനു തലേന്നാൾ കൂടി പണത്തെച്ചൊല്ലി അച്ഛനും മോനും തർക്കിച്ചതിനു സാക്ഷികളായിരുന്നു മകൻ്റെ ചെരിപ്പുകൾ.
“തലേ ദിവസം പോലും വിളിച്ചു സംസാരിച്ചതാ.. നല്ല സന്തോഷത്തിലായിരുന്നു. പിള്ളേരോടും പിള്ളേർടച്ഛനോടും പതിവില്ലാതെ ഒരുപാടു നേരം സംസാരിച്ചു. “മകളുടെ വക ചികഞ്ഞെടുക്കൽ.
മകളും ഭർത്താവും ഭാഗം ചോദിച്ചു ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ടു ദിവസങ്ങളായി പോലും. ഇത്തവണ കുട്ടികളെ വച്ചായിരുന്നു നിർബന്ധിക്കൽ. മകളുടെ ചെരിപ്പുകൾ എല്ലാം കേട്ടിരുന്നു.
“…വിളക്കണഞ്ഞുപോയില്ലേ. ഇനി ആരുണ്ട് ഞങ്ങൾക്ക്…” മൂക്കുചീറ്റലുകൾക്കിടയിൽപ്പെട്ടു മുറിഞ്ഞ ഭാര്യയുടെ കരച്ചിൽ.
ചത്തവനു പുല്ലുവിലയായിരുന്നു പോലും – അതു ഭാര്യച്ചെരിപ്പിനറിയാം.
ഇനി ഇതൊക്കെയല്ലാതെ വേറെ വല്ലതും – ദുർന്നടപ്പ്, മാറാരോഗം, ജാരസന്തതി, കടം… അകത്തു കേൾക്കാത്ത സംശയങ്ങൾ ചെരിപ്പുകൾ പരസ്പരം പ്രകടിപ്പിച്ചു. ചെരിപ്പുകളുടെ ഭാഷ മനുഷ്യർക്കു മനസ്സിലാകാത്തതു കൊണ്ടു പ്രശ്നമില്ല. പക്ഷേ ചില ചെരിപ്പുകൾക്ക് ഉടമയെന്നാൽ യജമാനനാണ്. വെറുതെ കൂറു കാണിച്ചുകൊണ്ടിരിക്കും. എങ്ങനെ ചവിട്ടിമെതിച്ചു നടന്നാലും, ഏത് അമേധ്യത്തിലൂടെ കയറ്റിയിറക്കിയാലും. അങ്ങനെയായിരുന്നു പരേതൻ്റെ ചെരിപ്പുകളും.
പരദൂഷണംപറച്ചിൽ അതിരു കടന്നപ്പോൾ ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ അവറ്റകൾ ബാക്കിയുള്ളവരോടു പൊട്ടിത്തെറിച്ചു.
പൊട്ടിത്തെറിച്ചപ്പോൾ പുറത്തുവന്നതു പൊള്ളിക്കുന്ന അറിവുകൾ ആയിരുന്നു. തൂങ്ങിമരണത്തിനു സാക്ഷിയായി പരേതൻ്റെ മൂന്നു സഹോദരൻമാരും ഉണ്ടായിരുന്നു എന്നതായിരുന്നു അതിലേറ്റവും ഞെട്ടിക്കുന്ന സത്യം. ഒരക്ഷരം പോലും ഉരിയാടാതെ നിർന്നിമേഷരായി മൂന്നാളും തൂക്കുപീഠമായ അലക്കുകല്ലിനു ചുറ്റും നിന്നിരുന്നു പോലും. തരിമ്പു പോലും പ്രതിഷേധിക്കാതെ നാലാമത്തെ സഹോദരൻ തൂക്കിലേറി. അടുക്കളവശത്തെ മാവിൽ അയാൾ പിടഞ്ഞു തീർന്നതിനു ശേഷമാണ് സാക്ഷികൾ വിളിപ്പാടകലെയുള്ള തങ്ങളുടെ വീടുകളിലേക്കു മടങ്ങിയത്. എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ചതു പോലെ.
ബാക്കി സഹോദരൻമാരുടെ വീടുകളിലും പോകാതെ ആ സന്ദർശനം പൂർത്തിയാകില്ലെന്നു വിരുന്നുവന്ന ചെരിപ്പുകൾ ഊഹിച്ചു. അവരുടെ ഊഹം ശരിയായിരുന്നു. ആ വീടുകൾക്കു മുന്നിലെ കാത്തുകിടപ്പുകൾക്കിടയിൽ പലതും വെളിച്ചത്തു വന്നു.
എല്ലാ വീട്ടിലും ഓരോ ജോഡി ചെരിപ്പുകൾ മാത്രം ചെറുതായി സുഗന്ധതൈലം മണക്കുന്നത് ഒരസ്വാഭാവികതയായിരുന്നു – പരേതൻ്റെ ചെരിപ്പു പറഞ്ഞതു പോലെത്തന്നെ. ഇനിയെങ്ങാനും സംശയമുണ്ടായാൽ പോലീസു നായയെ കബളിപ്പിക്കാൻ ആയിരുന്നെത്രേ അത്. മരണം തങ്ങളുടെ സാന്നിധ്യത്തിലാണു നടന്നതെന്ന് ആ ചെരിപ്പുകൾ സമ്മതിച്ചെങ്കിലും, എല്ലാം കാലേകൂട്ടി തീരുമാനിച്ചതാണെന്നു ഉറപ്പിച്ചെങ്കിലും എന്തിനാണു നടന്നതെന്നു പറയാൻ മാത്രം പഴക്കം ആ മൂന്നു ജോഡികൾക്കും ഉണ്ടായിരുന്നില്ല.
അവസാന സന്ദർശനം മൂത്ത ചേട്ടൻ്റെ വീട്ടിലായിരുന്നു.
ആരുടേത് എന്നറിയാത്ത ഒരമ്മൂമ്മച്ചെരിപ്പ് അവിടെയുണ്ടായിരുന്നു. പഴക്കം ചെന്നിട്ടും എറിഞ്ഞു കളയാത്ത, ആക്രിക്കാരൻ വരുമ്പോൾ കണ്ണിൽപ്പെടാത്ത, ആരുടെ കാലിനും പാകമാകാത്ത വലിപ്പമുള്ള, മാറി മാറി വരുന്ന വേലക്കാരികൾ ഉപയോഗിച്ചിരുന്ന ഒരു പുറംപണിച്ചെരിപ്പ്.
കുടുംബത്തിൽപെട്ട ആർക്കുമറിയാത്തൊരു കേട്ടുകേൾവി ആ കിഴവിയാണു പറഞ്ഞത്. അതും അതിനേക്കാൾ പഴയ ചെരിപ്പുകൾ പറഞ്ഞു കേട്ടത്.
പണ്ട് ആ വീട്ടിൽ നിന്നും ഒരു ജോഡി കുഞ്ഞുചെരിപ്പുകൾ അപ്രത്യക്ഷമായിരുന്നെത്രേ. അതേ രാത്രി പരേതൻ്റേതെന്നു സംശയിക്കുന്ന ചെരിപ്പുകളും കാണാതായിരുന്നു.