ചൂട്ട്

അവൾ ഓടിക്കൊണ്ടിരുന്നു. കൂർത്ത കല്ലുകളിൽ തട്ടി പാദങ്ങൾ മുറിഞ്ഞ് ചോരയൊലിച്ചും പൊന്തക്കാടുകളെ വകഞ്ഞും മുന്നോട്ട് കുതിക്കുകയാണവൾ. ചിലപ്പോഴെങ്കിലും കിതപ്പ് കാരണം ശ്വാസം മുട്ടുന്നത് പോലെ തോന്നിയെങ്കിലും അവൾ നിർത്താതെ ഓടിക്കൊണ്ടേയിരുന്നു. ഇടക്ക് ഭീതിയോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കിയും പ്രതീക്ഷയോടെ ചുറ്റും മിഴിയെറിഞ്ഞും കാട്ടുമരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ അതിവേഗം ബഹുദൂരം മുന്നോട്ട് ചലിക്കുമ്പോൾ അവളുടെ ഓർമ്മകൾ അതേ വേഗത്തിൽ പിന്നോട്ടോടി.

പ്രണയവും ബന്ധുക്കളുടെ ഒറ്റപ്പെടുത്തലും ഒളിച്ചോട്ടവും രജിസ്റ്റർ വിവാഹവും അയാളുടെ മദ്യപാനവും ചവിട്ടിക്കൂട്ടലുകളുമെല്ലാം ട്രെയിൻ ബോഗികൾ പോലെ കടന്നുപോയി അവസാനം ആ ദിവസത്തെ അവസാന സംഭവത്തിൽ അവളുടെ ഓർമ്മകൾ ഞരങ്ങി നിന്നു. എന്തൊക്കെ ചെയ്താലും അയാൾ തന്നെ വിൽക്കാൻ ശ്രമിക്കുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല. കാട്ടുപാതയിൽ നിന്നും ഹൈവേയിലേക്ക് ഇറങ്ങുമ്പോഴേക്കും അവളുടെ ഓർമ്മകൾ അവസാന സ്റ്റോപ്പിൽ എത്തിയിരുന്നു. റോഡിന്റെ ഇരുഭാഗത്തേക്കും ദൃഷ്ടികൾ പായിച്ച് അവൾ തളർച്ചയോടെ റോഡിൽ കുത്തിയിരുന്നുപോയി. ചുറ്റും പുരണ്ട അന്ധകാരത്തെ പൊളിച്ചുകീറി ഒരു വെളുത്ത ഇന്നോവ ക്രീസ്റ്റ അരികിൽ ബ്രേക്കിടുമ്പോഴും അതിലെ പ്രായമുള്ള മനുഷ്യൻ വണ്ടിയിലേക്ക് കേറാൻ ക്ഷണിക്കുമ്പോഴും അവൾ പാതിമയക്കത്തിലായിരുന്നു. പക്ഷെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന കുലീനവൃദ്ധനെ കണ്ടപ്പോൾ അവൾക്ക് സ്വന്തം അച്ഛനെയാണ് ഓർമ്മ വന്നത്.

“കേറിക്കോ മോളെ..”

ഭയത്തോടെ പിന്നിലേക്ക് തിരിഞ്ഞുനോക്കി ബാക്ക് സീറ്റിലേക്ക് കയറുമ്പോൾ കടൽചുഴിയിൽ നിന്നും രക്ഷപ്പെട്ടു തീരത്തേക്ക് കയറിയത് പോലെ അവൾ സ്വസ്ഥയായി. യാത്രയിലുടനീളം അയാൾ മൗനമണിഞ്ഞിരുന്നു.

എസ്റ്റേറ്റിനു ചുറ്റുമായി വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിൽ നിന്നും വണ്ടി കയറിയത് വലിയൊരു ബംഗ്ലാവിന്റെ മുറ്റത്തേക്കായിരുന്നു.

“മോൾ പോയി കുളിച്ചു വേഷം മാറൂ. വല്ലാതെ ഭയന്നിരിക്കുന്നു.”

പരിചയമില്ലാത്ത കവലയിൽ എത്തിപ്പെട്ടത് പോലെയുള്ള ആധിയിൽ അവൾ ആ വലിയ വീടിനുള്ളിൽ അത്ഭുതത്തോടെ കണ്ണുകളയച്ച് ബാത്‌റൂമിലേക്ക് നടന്നു. തണുത്ത വെള്ളത്തിന്റെ ആശ്വാസത്തിൽ ഭയം ഊരിയെറിഞ്ഞ് പുറത്തു വരുമ്പോൾ അയാൾ ഭക്ഷണം എടുത്തുവെച്ചിട്ടുണ്ട്. കുറേ ദിവസമായി ഒന്നും കഴിക്കാത്തത് പോലെയുള്ള ആർത്തിയോടെ അവൾ ചോറ് വാരിത്തിന്നുന്നത് നോക്കി ആ മനുഷ്യൻ കൗതുകത്തോടെ ഇരുന്നു. സിൽക്ക് ജുബ്ബയും സിൽവർ കുർത്തയുമായിരുന്നു അയാളുടെ വേഷം. മുടിയും താടിയും പൂർണ്ണമായും നരച്ചിട്ടുണ്ടെങ്കിലും മുഖത്തെ പ്രസന്നഭാവം അതിനെ കവക്കാൻ പ്രാപ്തിയുള്ളതാണ്.

“സമാധാനമായി കഴിച്ചോ. പേടിക്കണ്ട.” അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

അതിനിടയിൽ അയാൾ ശാന്തമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിശ്വസിച്ചു കൂടെ ഇറങ്ങിയവൻ കൂട്ടുകാരെ കൂട്ടി വീട്ടിൽ വന്നതും കുതറിയോടിയതും ഹർഷിത വിവരിക്കുമ്പോൾ അയാൾ മെലിഞ്ഞൊരു ചിരിയോടെ കേട്ടിരുന്നു.

“ഞാൻ സദാനന്ദൻ നായർ.” തുടർന്നയാൾ തന്നെപറ്റി പറഞ്ഞു തുടങ്ങി.

“കച്ചവടക്കാരനാണ്. ഇപ്പൊ നേരിയൊരു തകർച്ച. കുടുംബം നഗരത്തിൽ താമസിക്കുന്നു. ഇടക്ക് ഞാൻ തനിച്ചിവിടെ വരാറുണ്ട്. തറവാട് പൊളിച്ചു മാറ്റി എടുത്തതാണ്. ഹർഷിത പോയി റസ്റ്റ്‌ എടുക്ക്. രാവിലെ സംസാരിക്കാം.”

രാത്രിയുടെ വിജനതയിൽ മുകളിലെ മുറിയുടെ ജനാലയിലൂടെ അവൾ പുറത്തേക്ക് നോക്കി. ദൂരെ മലമുകളിൽ ഒരു ചൂട്ട് സഞ്ചരിക്കുന്നതും ഒരു കുടിലിനു മുന്നിൽ അത് അണയുന്നതും കണ്ടു. തണുത്ത കാറ്റ് വീശി ദേഹവും മനസ്സും കുളിർപ്പിച്ചപ്പോൾ അവൾ ജാലകമടച്ച് കിടക്കയിലേക്ക് വീണു.

പുലർച്ചയുടെ അലസ്യത്തിൽ കണ്ണുതിരുമ്മി എഴുന്നേൽക്കുമ്പോൾ അയാൾ തൊട്ടുമുന്നിൽ അവളെ ഉറ്റുനോക്കി ഇരിക്കുന്നുണ്ടായിരുന്നു. അവൾ ഞെട്ടി പിറകോട്ട് മാറി.

“മോൾ പേടിക്കണ്ട. ഉപദ്രവിക്കാൻ വന്നതല്ല. നിനക്കറിയാലോ ഞാനൊരു ബിസിനസ്സ്കാരനാണ്. ഇപ്പോഴാണെങ്കിൽ പണത്തിനു വലിയ ബുദ്ധിമുട്ടുണ്ട്. വെറുതെ കയ്യിലെ പൈസ ചെലവാക്കി ആരെയും സംരക്ഷിക്കാനൊന്നും ഞാൻ തയ്യാറല്ല. അതുകൊണ്ട് ഞാൻ ഒരു കാര്യം തെളിച്ചു പറയാം.”

അയാൾ ഒരു നിമിഷം നിശബ്ദനായി. അവളുടെ മനസ്സിൽ അച്ഛൻ എന്ന വിഗ്രഹം ഉടഞ്ഞുപൊട്ടി, പൊടിഞ്ഞു ചിതറി.

“തനിക്കും എനിക്കും ഗുണമുള്ള കാര്യമാണ്. ഇവിടെ വേറെ ആരും വരാറില്ല. താൻ റെഡിയാണെങ്കിൽ ഞാൻ ആളുകളെ രഹസ്യമായി ഇവിടെ എത്തിക്കാം. സമൂഹത്തിലെ ഏറ്റവും ഉന്നതരായ ആളുകളെ മാത്രം. കിട്ടുന്നതിൽ ഒരു ഭാഗം എനിക്ക്. ജോലി ചെയ്യുന്നത് നീയായത് കൊണ്ട് നിനക്ക് എഴുപത്തിയഞ്ച് ശതമാനം. എനിക്ക് 25% മതി. അത് നിനക്ക് ജോലി ചെയ്യാനുള്ള സ്ഥലം ഏർപ്പെടുത്തിയതിന് മാത്രം. സത്യത്തിൽ നിനക്ക് സഞ്ചരിക്കാനുള്ള വഴി കാണിക്കുന്ന ചൂട്ട് മാത്രമാണ് ഞാൻ. നിന്നെ പോലെ ഇത്രയും സുന്ദരിയായ പെങ്കൊച്ചിനെ ഉപേക്ഷിച്ച ആ വിഡ്ഢിയോട് എനിക്ക് പുച്ഛം തോന്നുന്നു.”

അയാൾ നിർത്തി അവളുടെ മുഖത്തേക്ക് നോക്കി. ആദ്യം വിളറി ഭയന്ന അവളുടെ മുഖം പെട്ടെന്ന് കോപത്തിന്റെ കവചമണിഞ്ഞു ചുവന്നു.

“താൻ ഇങ്ങനെ ടെൻഷൻ ആവണ്ട. ആലോചിച്ചു പറഞ്ഞാൽ മതി. എന്തായാലും നീ വിശ്വസിച്ച് എല്ലാവരെയും ഉപേക്ഷിച്ചു കൂടെ പോയവൻ ചെയ്ത തെറ്റൊന്നും ഞാൻ ചെയ്തില്ലല്ലോ. ഇനി തനിക്ക് ഇഷ്ടമില്ലെങ്കിൽ ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങാം. ഞാൻ തടയില്ല.” അതും പറഞ്ഞ് അയാൾ എഴുന്നേറ്റ് പോയി. അവൾ കുറേനേരം നിശ്ചലയായി ഇരുന്നു. പിന്നെ ആലോചനകളുടെ പെരുക്കത്തിൽ അസ്വസ്ഥതയോടെ ബാത്റൂമിലേക്ക് നടന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു അയാൾ റൂമിലേക്ക് വന്നപ്പോൾ അവൾ കുളിച്ചു ഡ്രസ്സ്‌ മാറ്റി കാപ്പി കുടിക്കുകയായിരുന്നു.

“അപ്പോൾ എന്ത് തീരുമാനിച്ചു.?” അയാൾ അതീവ താല്പര്യത്തോടെ ചോദിച്ചു.

അവൾ കപ്പ് മേശയിലേക്ക് വെച്ച് അയാളെ തുറിച്ചുനോക്കി.

“വിശ്വസിച്ച് കൂടെയിറങ്ങിയ എന്നെ ഊമ്പിച്ച ആ നാറിയോട് എനിക്ക് പ്രതികാരം ചെയ്യണം. പണമാണ് എല്ലാറ്റിലും വലുതെന്നു എനിക്ക് മനസിലായി. ഞാൻ തയ്യാറാണ്. പക്ഷെ എനിക്ക് ചില കണ്ടീഷൻസ് ഉണ്ട്.”
അവൾ ചിരിച്ചു.

“തീർച്ചയായും. പറഞ്ഞോളൂ.” അയാൾ ആവേശത്തോടെ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

“നിബന്ധനകൾ.

  1. 45 വയസ്സിനു മുകളിലുള്ളവർ വരാൻ പാടില്ല.
  2. എനിക്ക് കൂടി താല്പര്യമുള്ള സമയങ്ങളിൽ മാത്രം.
  3. ഒരു ദിവസം ഒന്നിൽ കൂടുതൽ പറ്റില്ല.
  4. ആളെ എനിക്ക് കൂടി ഇഷ്ടപ്പെടണം.
  5. ജോലിക്ക് മുമ്പ് ആളുമായി എനിക്ക് അഞ്ചു മിനിറ്റ് സംസാരിക്കാൻ അവസരം വേണം. ശേഷം എനിക്ക് അയാളോട് പ്രണയം തോന്നിയാൽ മാത്രം. എനിക്ക് ആസ്വദിച്ചു ജോലി ചെയ്യാനാണ് ഇഷ്ടം. ആരെയും സഹിക്കാൻ കഴിയില്ല. അവസാനമായി, റേറ്റ് ഞാൻ തീരുമാനിക്കും. വിലപേശലില്ല. അങ്ങനെയാണെങ്കിൽ എനിക്ക് സമ്മതമാണ്.”

അവൾ വശ്യമായ ചിരിയോടെ പറഞ്ഞുനിർത്തി.

അയാൾ ഒരു നിമിഷം ആലോചിച്ചു. ആ കണ്ണുകൾ കുറുകുകയും പിന്നെ തിളങ്ങുകയും ചെയ്തു.

“ഓക്കേ, അങ്ങനെയെങ്കിൽ അങ്ങനെ. പക്ഷെ അപ്പോൾ എനിക്ക് നാല്പതു ശതമാനം കിട്ടണം.” അയാൾ സൗമ്യമായി ചിരിച്ചു.

“സമ്മതിച്ചു. അവൾ ചിരിച്ചു, അയാളും.

ദിനങ്ങൾ കൊഴിയവെ ഒരുപാട് വലിയ വണ്ടികൾ ചുരം കയറുകയും ഇറങ്ങുകയും ചെയ്തു. സുഭഗൻമാരായ ഡോക്ടറെയും വക്കീലിനെയും സിനിമാതാരത്തെയുമൊക്കെ അവൾ പ്രണയിച്ചുകൊണ്ടിരുന്നു.

ഇടക്കൊരു ദിവസം അവൾ അയാളോട് ചോദിച്ചു. “ദൂരെ ആ മലമുകളിലേക്ക് എല്ലാ ദിവസവും രാത്രി ചൂട്ട് കത്തിച്ചു പോകുന്നത് ആരാണ്?”

അയാൾ പൊട്ടിച്ചിരിച്ചു. “അവിടെയൊരു സ്ത്രീയുണ്ട്. കാന്താരി രമണി. നീ വോൾവോ ബസ്സാണെകിൽ അവൾ പഴയ സർക്കാർ ബസ്സാ. അതാണ് വ്യത്യാസം.”

അയാൾ പൊട്ടിച്ചിരിച്ചു. പക്ഷെ ആ വാക്കുകൾ അവളെ വിഷാദത്തിന്റെ ഹിമഗിരികളിലേക്ക് തള്ളിയിട്ടു.

പിന്നെയും മാസങ്ങൾ കടന്നുപോയപ്പോൾ അവൾക്ക് വല്ലാതെ മടുത്തുതുടങ്ങി. വിലകൂടിയ കാറും ബാങ്ക് ബാലൻസും ഉന്നതമായ പ്രണയങ്ങളും അവൾക്ക് മടുത്തു. ഒരു ദിവസം രാത്രി അവൾ അയാളോട് തുറന്നു പറഞ്ഞു.

“ഞാൻ പോകുകയാണ്. മടുത്തു.. വല്ലാതെ.”

അയാൾ കുറേ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

“ഓക്കേ. നിനക്ക് മതിയായെങ്കിൽ ഇവിടുന്നു പോകാം. ഞാൻ തടയില്ല.” ആ സ്വരം പതറിയിരുന്നു.

“എനിക്കിനി ഒറ്റക്ക് സ്വസ്ഥമായി ജീവിക്കണം.” അവളുടെ സ്വരത്തിൽ നേരിയൊരു ഇടർച്ച.

“തീർച്ചയായും. അത് നിന്റെ ഇഷ്ടമാണ്. അല്ലെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയാൽ അതുവരെ വഴി കാണിച്ച ചൂട്ട് കുത്തിക്കെടുത്തുകയാണ് പതിവ്.”

അതു കേട്ട് ഉന്മാദിനിയെ പോലെ അവൾ പൊട്ടിച്ചിരിച്ചു.

“എനിക്ക് അവസാനമായി ഒരാഗ്രഹമുണ്ട്.” ചിരി നിർത്തി അവൾ കുസൃതിയോടെ പറഞ്ഞു. അയാൾ ചോദ്യഭാവത്തിൽ നോക്കി.

അവൾ പതിയെ അയാളുടെ അടുത്തേക്ക് നടന്നു. അപ്രതീക്ഷിതമായി അവൾ അയാളെ ഇറുക്കെ പുണർന്ന് തന്റെ അധരങ്ങൾ അയാളുടെ ചുണ്ടുകളിൽ കോർത്തു.

ഒരു നിമിഷം ഞെട്ടിയെങ്കിലും അയാൾ അവളെ ചേർത്ത് പിടിച്ചു.

“എനിക്ക് അമ്പത് വയസ്സ് കഴിഞ്ഞു.” അയാൾ ചിരിച്ചു.

“അത് സാരമില്ല ചൂട്ടേ. ഒരു പ്രാവശ്യം ഞാൻ സഹിച്ചു.” അവൾ അയാളെ കിടക്കയിലേക്ക് തള്ളിയിട്ടു. നിതാന്തമായ രതിയുടെ ഒഴുക്കിന്റെ അവസാനപടിയിൽ അയാളുടെ വാക്കുകൾ പൊടിഞ്ഞു വീണു.

“നിനക്ക് ഒറ്റക്ക് താമസിക്കണമെന്നല്ലേ ഉള്ളൂ. എന്നാൽ ഇവിടെ തന്നെ കഴിഞ്ഞൂടെ. ഞാൻ ഇങ്ങോട്ട് വരാതിരുന്നാൽ പോരെ.”

മറുപടി പറയാതെ അവൾ അയാളെ ഗാഢമായി ആലിംഗനം ചെയ്യുകയും കവിളിൽ ചുംബിക്കുകയും ചെയ്തു.

കുന്നിൻ മുകളിൽ ചൂട്ട് അണയുന്നത് അവൾ പാതി തുറന്ന ജനാലയിലൂടെ കണ്ടു.

കണ്ണൂർ ജില്ലയിലെ പുറവൂരിൽ ജനനം. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തു വർഷത്തോളം ദുബായിൽ പ്രവാസജീവിതം നയിച്ചു. ഇപ്പോൾ കാഞ്ഞിരോടിൽ താമസം. പ്രസിദ്ധീകരിച്ച കൃതികൾ, മഴ പെയ്ത വഴികളിൽ (കഥാ സമാഹാരം) മഞ്ഞ് പെയ്യും താഴ്വരകളിലൂടെ (യാത്രാവിവരണം)