
ചിലർ മരിച്ചു കഴിഞ്ഞാൽ,
വീട് വീടല്ലാതാവും
അന്നുവരെ ആചരിച്ചു പോന്ന
ചടങ്ങുകളെല്ലാം മടക്കി
പരണത്ത് വെക്കും.
പഴയതെല്ലാം മറക്കും
പുതിയ കുപ്പായം പോലെ
പുതിയ ഇഷ്ടങ്ങളും ധാർഷ്ട്യങ്ങളും
മുറ്റത്തു വിരിച്ചിടും.
ചിലർ മരിച്ചു കഴിഞ്ഞാൽ,
ശീലങ്ങൾ മറന്നു വെയ്ക്കും
പുതിയ കറിപാത്രം
ഊണുമേശയിൽ വെയ്ക്കുന്നപോലെ
പണ്ടത്തെ രുചികൾ പാടെ മൂടി വെയ്ക്കും
പുതിയ ഇഷ്ടങ്ങൾ വിളമ്പി വെയ്ക്കും.
ചിലർ മരിച്ചു കഴിഞ്ഞാൽ,
വീടിന്റെ പഴയ പേര് മറച്ചു വെയ്ക്കും,
അതിനു മുകളിൽ പുതിയ
സ്വാതന്ത്ര്യത്തിൽ പേരെഴുതും.
പഴയതൊന്നും ഇനിമുതൽ
ഓർക്കേണ്ടതില്ലെന്നു തിട്ടൂരമിറക്കും.
ചിലർ മരിച്ചു കഴിഞ്ഞാൽ,
പഴയ വാതിലുകൾ പോലും പൊളിച്ചു കളയും
പുതിയ വാതിലുകൾ പണിയപ്പെടും
നമ്മളൊക്കെ അവരുടെ ഓർമ്മകളിൽ അനാഥരാവും
അവരൊക്കെ പുതിയ ജീവിതത്തിൽ സനാഥരും.








