പ്രസവത്തിനിടയിൽ മരിച്ചുപോയ ചിറ്റയുടെ
മരണാനന്തരജീവിതത്തെപ്പറ്റി
ചിന്തിച്ചുകൊണ്ടിരിക്കുമ്പോളായിരുന്നു
അകത്തെ അധികം തണുത്തതോ ചൂടുള്ളതോ അല്ലാത്ത
മുറിയിൽനിന്ന് കരച്ചിൽ കേട്ടത്.
ഒട്ടുമേ കുഞ്ഞല്ലാത്ത കരച്ചിൽ
കുഞ്ഞുകരഞ്ഞാൽ പാലൊഴുകുമെന്ന്
ചിറ്റ പറയാറുണ്ടായിരുന്നു.
സ്വർഗ്ഗത്തിലും അമ്മിഞ്ഞയിൽ
നിന്ന് പാലു കിനിയുന്നുണ്ടാവുമോ!
ഓരോ കരച്ചിൽ കേൾക്കുമ്പോളും
“അയിന്റൊരു യോഗം” എന്ന്
വയസ്സത്തികൾ സഹതപിച്ചു.
പ്രസവം കഴിഞ്ഞ് വന്നിട്ടുടുക്കാൻ
ഒരുക്കിവെച്ച വെളുത്ത മല്ലു മുണ്ടുകളിലും
ചരടുകളിലും പാറ്റ ഗുളികയുടെ മണം.
പതിനാറ് കഴിഞ്ഞപ്പോൾ,
വീടിനിപ്പോളും മരണമണമേയെന്നു
ചന്ദനത്തിരി പുകച്ചൂ കാരണവർ
കിടപ്പുമുറിയുടെ വടക്കേ മൂലക്കലെ
ചുവരിനുമുകളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ
ചുവന്നുപോയ മഞ്ഞളിലേക്ക് നോക്കി
രാത്രികളിൽ കുഞ്ഞുവാവ മാത്രം
വർത്തമാനം പറഞ്ഞിരുന്നു.
“അയിന്റെ അമ്മയെ കാണുന്നുണ്ടാവും”
എന്ന് പിന്നെയും വയസ്സത്തികൾ.
അടയാൻ വിമുഖത കാണിക്കുന്ന കുഞ്ഞിപ്പീലികളെ
ഉറക്കം ജയിക്കുന്നതിന് തൊട്ടുമുൻപുള്ള നിമിഷത്തിന്റെ
നൂറിലൊരംശം സമയംകൊണ്ട്,
ഒരു കാറ്റുപോലെ ചിറ്റ.
അറക്കപ്പൊടിയടുപ്പിൽവെച്ചുണ്ടാക്കിയ
വെളുത്തുള്ളിച്ചോറിന്റെ ഒരു പങ്ക്
എനിക്കും കിട്ടേണ്ടതായിരുന്നു.
തുവരപ്പരിപ്പരച്ചുണ്ടാക്കിയ
നാലുമണി ദോശയോടൊപ്പം
ഞാനൊരു കരച്ചിൽ വിഴുങ്ങി.
ചിറ്റ മരിക്കണ്ടായിരുന്നു.