ചിതറിയ മായക്കാഴ്ചകളുടെ വിവർത്തനം

ഇളകി മറിയുന്ന കടൽ
ചെളിപ്പതതുപ്പും തിരകൾ
വാഹനങ്ങൾ തോറ്റുമടങ്ങും അടർന്ന വഴികൾ,
വഴുക്കലുള്ള കയറ്റങ്ങൾ,
അഴുക്കുപുരണ്ട മുറി,
ഒരു കഷണം ഇഞ്ചി,
വായ്ത്തലതേഞ്ഞുചളുങ്ങിയ
കറിക്കത്തി, വാലൻകൊട്ട,
കരിവീട്ടിയിൽ കുതിരകളെ പണിതുവിൽക്കുന്ന കട,
ആമ്പൽക്കുളം
ഒരുപറ്റം സന്യാസിമാർ,
തയ്യൽക്കാരൻറ ചവിട്ടുതാളം
മഴ,
നിർത്താതെപെയ്യുന്ന മഴ

വഴിയിലെ
ആഴമുള്ള ചുവന്ന മുറിവുകളിൽ
തളംകെട്ടിനിൽക്കുന്ന ചോര
വഴിയൊഴിഞ്ഞുപോകുന്ന
കാൽനട യാത്രികർ
കാറ്റ്,
ചില്ലകളെയുലച്ചും ചിരികളെ നേർപ്പിച്ചും
ഇലകൾ കൊഴിച്ചും
ശക്തമായ് വീശുന്ന കാറ്റ്

ഞാൻ ഉറങ്ങുകയാണ്
അതോ ഉണരുകയോ
എങ്ങനെയാണ്
ഒരാൾ സ്വപ്നച്ചുഴിയിൽ വീണു മുങ്ങിപ്പോകുന്നത്?!

കുവൈറ്റിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടൻറ്. ഇടുക്കി തോപ്രാംകുടി സ്വദേശി. "വസന്തങ്ങളുടെ താക്കോൽ " കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.