ചാവ് മണം

“വിധവ.. അതൊരു പരിഷ്ക്കാരോം ഇല്ലാത്ത പേരല്ലെ സാറെ. സാറിനെപ്പോലെ പഠിപ്പൊള്ളോരെങ്കിലും ഇച്ചിരി മര്യാദയ്ക്ക് വർത്തമാനം പറഞ്ഞാട്ടെ?”

ഒറ്റനോട്ടത്തിൽ അതൊരു സൈക്ക്യാട്രിസ്റ്റിൻ്റെ മുറിയാന്ന് തോന്നുകേയില്ല. സുന്ദരമായ പശ്ചാത്തലമാണെങ്കിലും പ്രാന്തിന് ചികിത്സിക്കാനാണ് തന്നെ കൊണ്ടു വന്നിരിക്കുന്നത് എന്ന ചിന്തയും “അമ്മച്ചി എത്ര വയസ്സിലാ വിധവ ആയത്” എന്ന ഡോക്ടറുടെ ചോദ്യവും കുഞ്ഞറോതയെ വല്ലാതെ ചൊടിപ്പിച്ചു.

“അമ്മച്ചി വല്ല്യ വായനക്കാരിയാന്നും പരിഷ്ക്കാരി ആന്നും മക്കള് പറഞ്ഞു. ആട്ടെ, എന്നതാ അമ്മച്ചീടെ പ്രശ്നം?”

“ഓ.. എനിക്ക് ഏനക്കേടൊന്നുമില്ല. പൊറുതികേട് ഉണ്ടായപ്പോഴൊന്നും ആരും ഒട്ടു ചോദിച്ചു വന്നതുമില്ല. ഇപ്പം എൻ്റെ മക്കൾക്കല്ലെ പ്രശ്നം. അതല്ലെ അവര് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്?”

“സാറ് ദേ പൊറത്തേക്ക് നോക്ക്യേ… വാലിമ്മേ തീ പിടിച്ച പോലെ ഒരുത്തൻ നടക്കണ കണ്ടോ? അവനാ എൻ്റെ മൂത്ത മോൻ .. വെഞ്ചമി. എളേവൻ മാർട്ടി. ഇവൻ്റെയൊക്കെ പെമ്പിളേനെ പേറ്റിന് കേറ്റിപ്പം പോലും ഈ നടപ്പ് നടന്നിട്ടില്ല.”

കരികെല കൂട്ടിയിട്ട് കത്തിക്കുംമ്പോലെ എരിഞ്ഞൊരു ചിരി കുഞ്ഞറോതയുടെ മുഖത്ത് തെളിഞ്ഞു. ചിരിയില് ഉരുകിപ്പോയ ചില ദുരനുഭവങ്ങൾ അവരുടെ കണ്ണിൽ വീണ്ടും തെളിഞ്ഞു.

തൻ്റെ ഉളള് ഇളകുന്നത് പോലും മുന്നിലിരിക്കുന്ന ആൾ അറിയാതിരിക്കാൻ ഒറോത മപ്പു കടിച്ച് തോള് കുലുങ്ങിചിരിച്ച് കണ്ണ് നിറഞ്ഞത് മറച്ചു.

“എൻ്റെ മക്കൾക്കെന്നാ ആവശ്യം? അതു പറ. ചുമ്മാ നേരം കളയണ്ട.”

“ആരാ അമ്മച്ചീ ഈ വട്ടപ്പാറ വർക്കി?”

“എൻ്റെ കെട്ട്യോൻ, നല്ല കാര്യായിപ്പോ.. കസേരമ്മെ ഇരുന്നോണ്ട് സാറാ പേര് പറഞ്ഞത് ഞാൻ ക്ഷമിച്ചിരിക്കുന്നു. അങ്ങ് കൂത്താട്ട് കുളത്ത്ഉള്ളോരൊന്നും അതിയാൻ്റെ പേര് ഇരുന്നോണ്ട് പറയൂല്ല”.

അത് കേട്ടപ്പോ ഡോക്ടർ ഈനാസിന് ക്ഷീണം തോന്നി.

“അതെന്താ ? അങ്ങേര് റൗഡിയാന്നോ?”

“ദേ സാറ് പരിഷ്ക്കാരമില്ലാണ്ട് പിന്നേം സംസാരിച്ചു. അങ്ങനെ ശടേന്ന് കണക്ക് ചെയ്തല്ല അങ്ങേര് ബഹുമാനം മേടിച്ചത്. ഒള്ള കണ്ടോം, പാടോം ഒക്കെ വെട്ടിമുറിച്ച് വീതിച്ച് അളക്കുവ പോലും ചെയ്യാതെയാ അതിയാൻ
മലബാറീന്ന് പറമ്പ് കണ്ടിക്കാൻ പോയിട്ട് ഒരു ഗതീമില്ലാതെ തിരിച്ചു വന്നോർക്ക് കൊടുത്തത്. ഒള്ളതി പാതി
കൊടുത്ത് ദേശക്കാർക്ക് അങ്ങേര് ദൈവായി.”

“എന്നിട്ട്?”

“എന്നിട്ട് പിന്നെ എന്നാ പറയാനാ സാറെ.? അഞ്ചാറ് വർഷെ കൂടെ ജീവിച്ചൊള്ള്. അന്നരത്തേയ്ക്കും
ഒടേ തമ്പ്രാൻ അങ്ങേരെ വിളിച്ചു. എൻ്റെ ഇരുപത്തഞ്ചാം വയസ്സാണെന്നോർക്കണേ.. ഏലക്കാട്ടീന്ന് തണുപ്പെളകി വന്ന ഒരു രാത്രി അങ്ങേരങ്ങ് പോയി.അന്ന് വെഞ്ചമിക്ക് അഞ്ചും മാർട്ടിക്ക് രണ്ടും വയസ്സാ.”

ഡോക്ടർ ഈനാസിനു മുന്നിൽ ഒരു കൊച്ചു സുന്ദരിയും രണ്ട് മക്കളും ഏലക്കാടിലെ തണുപ്പത്തിരുന്ന്
പതം പറഞ്ഞ് കരയുന്ന ചിത്രം വന്നു. ഈനാസു എത്ര ഡിലീറ്റാക്കിയിട്ടും ആ ചിത്രം മായുന്നില്ല. പിന്നെ ചോദ്യം മുഴുവൻ എഴുപത് കഴിഞ്ഞ കുഞ്ഞറോതയിൽ നിന്നു മാറി ഇരുപത്തഞ്ചു പിന്നിട്ട കുഞ്ഞറതോയോടായി.

“അന്നത്തെ തണുപ്പൊക്കെ ഒറ്റയ്ക്ക് എങ്ങനെ സഹിച്ചു?”

“ആ അങ്ങനെ ഡോക്ടറ് വഴിക്ക് വാ. ഇതൊരു പരിഷ്ക്കാരോള്ള ചോദ്യവാ. ഒരു പാട് അർത്ഥങ്ങളൊള്ള
ഒരൊറ്റ വാക്കാണീ “ഒറ്റ”. നല്ല ചൂട് കട്ടൻ കാപ്പി തെകത്തി തന്നാൽ മറുപടി പറയാം.”

ഈനാസിൻ്റെ ആവേശം ഏലക്കാട്ടിലെ തണുപ്പോളം എത്തിയിരുന്നെങ്കിലും കുഞ്ഞറോതയുടെ താൽക്കാലിക ആവശ്യത്തിലേക്ക് അയാൾ പിൻതിരിഞ്ഞു.

ഫ്ളാസ്കിൽ നിന്നും കാപ്പി പകരുമ്പോൾ കുഞ്ഞറോത അലമാരയിലുള്ള ബുക്കുകളിൽ കൈ പരതുന്നത് കണ്ടു.

“അമ്മച്ചി ഒന്നിരി, എന്നിട്ട് പര ..”

“ഓ.. എന്നാ ഇരിക്കാനാ. ഞങ്ങക്കെല്ലാം എന്തേലുമൊക്കെ ചെയ്തോണ്ടിരിക്കുമ്പം പറയുന്നതാ ശീലം, പണ്ട്
ചെരട്ടേന്ന് ഓട്ടു പാല് പറിക്കുമ്പോഴും ഇഞ്ചിക്കണ്ടത്തില് കള പറിക്കുമ്പോഴുമൊക്കെയാ ഞങ്ങള് വർത്തമാനം പറഞ്ഞോണ്ടിരുന്നേ… ഇങ്ങനെ കുത്തിയിരുന്നോണ്ടുള്ള പറച്ചിലൊന്നുമില്ല.”

കുഞ്ഞറോത മുറിക്കുള്ളിൽ കൂടിനടന്ന് ജനലിനരികിൽ ചെന്ന് നിന്ന് ഒരു പൊളി തുറന്നു. ഒരോർമ വലിച്ച്
അകത്തേക്ക് കയറ്റി.

“അന്ന് ആളുകള് ഒറ്റയ്ക്കാരുന്നില്ല സാറെ, ഒരു കൂട്ടം തന്നെ ആയിരുന്ന്. മക്കള്, അമ്മായിയമ്മ, നാത്തൂൻമാര്
ഇളേപ്പൻമാര്, പേരപ്പന്മാര്, ചാച്ചന്മാര്, വല്യപ്പച്ചൻ, വല്യമ്മച്ചി. എളേമ്മമാര്… ഇടയ്ക്ക് പെറാൻ വരുന്നോര്
അവരുടെ മക്കള്, പിന്നെ കൃഷീം ,പറമ്പിലെ നാൽക്കാലികളും എല്ലാം കൂടി ഒരു ദേശം തന്നെയാ വീട്. ഒറ്റയ്ക്കിരിക്കാൻ തന്നെ നേരോല്ല. ജീവിതം എവിടേം കെട്ടി നിന്നിരുന്നില്ല. ഒരൊഴുക്കുണ്ടായിരുന്ന്.”

“എന്നിട്ട്?”

“എന്നിട്ടെന്നാ? അതൊക്കെ പഴംങ്കഥയല്ലെ. അല്ല സാറെന്നാ എൻ്റെ കാപ്പിക്ക് മധുരമിടാണ്ടിരുന്നെ? ഇച്ചിരി പഞ്ചാരയിങ്ങെടുത്തേ…”

“അമ്മച്ചിക്ക് ഷുഗറൊന്നുമില്ല്യോ?”

“ദേ…. എന്നെയിവിടെ നിർത്തിയേച്ച് വരാന്തേ നിന്ന് പേറ്റു നൊമ്പരം അനുഭവിക്കുന്ന ലവൻമാരില്ലെ?
ലവൻമാർക്കുണ്ട് ഈ രണ്ടസുഖോം, പ്രാന്തും ഷുഗറും.”

“അതൊക്കെ നമുക്ക് മാറ്റാം അമ്മച്ചി”

ഏലക്കാട്ടിൽ സംഭവിച്ച ദാരുണ സംഭവത്തിൻ്റെ ബാക്കി കഥ തൻ്റെ മനോ സങ്കല്പത്തിന് ചൂട് പിടിപ്പിക്കില്ലാന്ന് തോന്നിയതോണ്ട് ഈനാസ് തനിക്ക് പരിഹരിക്കേണ്ടതായ പ്രശ്നത്തെ പെട്ടന്നോർത്തു.

പുറത്ത് കുഞ്ഞറോതയുടെ മക്കൾ അസ്വസ്ഥരാണ്.

“വട്ടപ്പാറ വർക്കിടെ ഭാര്യ കുഞ്ഞറോത സ്വത്തെല്ലാം കണ്ട ചാവാലിപട്ടികളെ സംരക്ഷിക്കാൻ എഴുതികൊടുത്തൂന്ന് പറഞ്ഞാ ആർക്കാ ഡോക്ടറെ നാണക്കേട്?’

വെഞ്ചമിൻ്റെ മാരക സംഭാഷണങ്ങൾക്കൊപ്പം മാർട്ടിയുടെ കടുപ്പിച്ച ശരീരചലനങ്ങളും ഈനാസിൻ്റെ തലച്ചോറിലേക്ക് തെകട്ടി വന്നു. ഈനാസുടനെ കുഞ്ഞറോതയുടെ മുന്നിലേക്ക് പ്രശ്നം എടുത്തിട്ടു.

“ഞാമ്പറേന്നത് എന്നാന്നു വച്ചാ… അമ്മച്ചി ഇപ്പോഴുള്ള ഈ മൃഗപരിപാലനം ഒക്കെ നിർത്തി സ്വത്തൊക്കെ…”

ഈനാസിന് പൂർത്തിയാക്കാൻ പറ്റിയില്ല.

“ഓ… അപ്പൊ അതായിരുന്നോ വിഷയം? ആട്ടെ സാറെന്നാത്തിനാ കേറി വരുന്ന വഴി സോഫമ്മേല് വാല് വളഞ്ഞ ഒരെണ്ണത്തിനെ കെടത്തിയേക്കുന്നെ..?”

ഡോക്ടർക്ക് പരീക്ഷയിൽ തോറ്റതുപോലെ തോന്നി

“ഞാനതിന് സ്വത്തും മൊതലുമൊന്ന് എഴുതിക്കൊടുത്തിട്ടില്ല. ആകെ ഒരു കൂട് മാത്രമെ കൊടുത്തിട്ടുള്ളു.”

ഈനാസ് കുഞ്ഞറോതയ്ക്ക് അഭിമുഖമായി നിന്നു .

“സാറിന് വീണ്ടും പരിഷ്ക്കാരമില്ലാണ്ടായി. കൂട് എന്നാത്തിനാ, അതിനെ കെട്ടീടാനല്ലെ? ആയിരത്തി
തൊള്ളായിരത്തി നാല്പത്തി ഏഴില് ഗാന്ധിജി നമ്മടെ കൂടിൻ്റെ കെട്ടഴിച്ചതല്ലെ സാറെ. “

“ശരി, സമ്മതിച്ചു. അമ്മച്ചി അതിനെ മുറീ കെടത്തീരിക്കുന്നത് എന്തിനാ?”

“അതൊരു രഹസ്യമാ സാറെ.”

“എന്ത് രഹസ്യം?”

“ചാവ് രഹസ്യം”

കുഞ്ഞറോതയുടെ മുഖം കൂർത്തു. ചുണ്ടുകൾക്ക് കാപ്പിപ്പൊടിയുടെ നിറം വന്നു.

‘സാറിനറിയോ ? പെര കേറി ചാവ് വരുന്നതിൻ്റെ മണം പിടിക്കാനുള്ള കഴിവ് ഇതുങ്ങക്കുണ്ട്.
ചാവടുക്കുമ്പോ ഇതുങ്ങള് വേളുന്നത് കേട്ടിട്ടില്ലെ..?”

ഈനാസ് മേശപ്പുറത്തിരുന്ന കണ്ണട എടുത്ത് മുഖത്ത് വച്ച് കണ്ണിലെ ഭയം ഒളിപ്പിച്ചു. എന്നിട്ട് വാതിൽപ്പഴുതിൻ്റെ ദ്വാരത്തിൽക്കൂടി പുറത്ത് സോഫയിൽ കിടക്കുന്ന തൻ്റെ ജാക്കിനെ നോക്കി. പിന്നെ കുഞ്ഞറോതയേയും.

“ഒറ്റയ്ക്കിരുന്ന് ജീവിതത്തിന് തഴമ്പ് പിടിച്ചു സാറെ. ഇപ്പോ ഒരു ഒഴുക്കൂല്ല. പെരയ്ക്കാത്തും മുറിയ്ക്കാത്തുമായ് കെട്ടി കിടപ്പാ. പറഞ്ഞാ ആർക്കും മനസ്സിലാവൂല്ല. ഒരിക്കല് ചാവാലിപ്പട്ടിയാന്നും പറഞ്ഞ്
വെഞ്ചമി ഒരെണ്ണത്തിനെ തല്ലിക്കൊല്ലാൻ പോണത് കണ്ടു. ഞാനതിനെ നല്ല ഭക്ഷണോക്കെ കൊടുത്ത് ഒരു മെനയ്ക്കാക്കി എടുത്തു. ഇട്ടീന്ന് പേരുമിട്ടു. ഒരു ദിവസം എവരെല്ലാം കൂടി സിനിമയ്ക്ക് പോയ സമയത്ത്
എനിക്കങ്ങ് ശ്വാസം മുട്ടല് തൊടങ്ങി. അയലോക്കം വഴി നെരങ്ങുവാന്നും പറഞ്ഞ് എന്നെ പൊറത്തൂന്ന് പൂട്ടീട്ടാ പോയെ… ആരേലുമുണ്ടോ? ഞാൻ ചത്തൂന്ന് കരുതീതാ.. എൻ്റെ വെഷമോം പരവേശോം കണ്ടിട്ട്
ഇട്ടി കൊര തൊടങ്ങി. അങ്ങനെ അയലോക്കങ്കാര് വന്നാഎന്നെ ആശൂത്രി കൊണ്ടോയേ. അന്ന് തൊട്ട് ഞാനെൻ്റെ മുറീ കെടത്താൻ തൊടങ്ങീതാ ഇട്ടീനെ. ആർക്കാ ചേതം?”

“എൻ്റെ പെര…”
“എൻ്റെ മുറി..”
“എൻ്റെ പട്ടി..”

“അമ്മച്ചി ഇരുന്നേ…. കെതപ്പൊണ്ടല്ലോ? കണ്ണ് ചൊവന്നോ? “

കുഞ്ഞറോത ഡെയ്ഞ്ചർ സോണിലേക്കാണോ പോകുന്നേന്ന് ഒരു സംശയം തോന്നി ഈനാസിന്.

“ആ ഒണ്ടാകും, പിടിയ്ക്കാത്തത് പറേമ്പം നെഞ്ചില് ശ്വാസം കെട്ടും. കണ്ണ് ചൊവക്കും. ഇപ്പോ രാത്രീലെങ്ങാനും ശ്വാസം മുട്ടി ഞാനൊന്ന് ഞരങ്ങ്യാ ഇട്ടി അപ്പോ അറിയും. നിർത്താണ്ടൊള്ള കൊരേല്
വേലക്കാരി പെണ്ണ് പാഞ്ഞ് വരും, നെഞ്ച് തിരുമ്മും, ചൂട് വെള്ളം തരും. എന്നാലും വെഞ്ചമീം മാർട്ടീം
അറിയേല. ശകലം വെള്ളം കിട്ടി മരിക്കാനല്ലേ എല്ലാവർക്കും പൂതി…?”

“എൻ്റെ പട്ടിപ്രേമം കണ്ടിട്ടായിരിക്കും ചെലപ്പോ മെമ്പറ് മൃഗാശുപത്രിക്ക് സ്ഥലം ചോദിച്ചത്. ഞാനതങ്ങ്
കൊടുത്തു. റോഡരികാ.. നല്ല വെലേള്ള സ്ഥലവാ.’

“എന്നാലും അമ്മച്ചി… സെൻ്റിന് ലക്ഷങ്ങള് കിട്ടുന്ന സ്ഥലവാ…”

“ഒരെന്നാലൂല്ല . എല്ലാവരുടെയും ഉള്ളില് പറഞ്ഞ കാര്യങ്ങളെക്കാൾ അധികം കാര്യങ്ങള് പറയാതെ
കെടപ്പുണ്ട്. അതിലായിരിക്കും സത്യം മുഴുവൻ. അതൊക്കെ എന്നെക്കൊണ്ട് എഴുന്നള്ളിപ്പിക്കണ്ടാന്ന് ലവൻമാരോട് പറഞ്ഞേരെ…”

“എഴുതിയത് എഴുതി. ഒറോതയ്ക്കിനി മാറ്റോല്ല. പട്ടിയാണേലും കാര്യത്തിന് ഉപകരിച്ചാ ചെലപ്പോ നമ്മള് സ്നേഹിച്ച് പോകും സാറെ. ഇതാ പറയുന്നത് അവനോൻ ഇരിക്കണ്ടേടത്ത് ഇരുന്നില്ലേല് അവിടെ പട്ടി കേറിയിരിക്കുന്ന്.”

ഡോക്ടറ് ഒന്നാലോചിക്ക്, എനിക്കാന്നോ, അതോ ലവൻമാർക്കാണോ കൗൺസിലിങ്ങ് കൊടുക്കണ്ടേന്ന്..”

കുഞ്ഞറോത യാതൊരു തളർച്ചയും കൂടാതെ മുറി വിട്ടിറങ്ങി.

ഈനാസ് അടുത്ത പേര് വിളിച്ചു.

വട്ടപ്പാറ ബെഞ്ചമിൻ
വട്ടപ്പാറ മാർട്ടി .

അധ്യാപികയാണ്. കവിതയും കഥകളും ആനുകാലികങ്ങളിൽ എഴുതി വരുന്നു