ചാവി വന്ന വഴിയും യാത്ര പോയ കാറും

ആ കാറിന്റെ കീ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കൈമാറിക്കൊണ്ടിരുന്നപ്പോള്‍ ഞങ്ങളുടെ അടുത്ത ദിവസത്തെ അണ്‍പ്ലാന്‍ഡ് ട്രിപ്പിന്റെ ഗതി ആ ബോണക്കാട് മലനിരകളില്‍ നിന്ന് പേപ്പാറ അണക്കെട്ടിലേക്കും, അവിടെ നിന്ന് ബ്രേയ്‌മോര്‍ വെള്ളച്ചാട്ടത്തിലേക്കും കുതിച്ചുപായുകയായിരുന്നു. പാണ്ടിപ്പത്ത് എന്ന തമിഴ്‌നാട് അതിര്‍ത്തിയില്‍ എന്തെങ്കിലും ഒരു മിറാക്കിള്‍ ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് ആ ഞായറാഴ്ച രാവിലെ എട്ടോടെ കേശവദാസപുരത്ത് നിന്നും ഒരു അണ്‍പ്ലാന്‍ഡ് ട്രിപ്പിന് തുടക്കമിട്ടത്.

മൂന്നാം റൂംമേറ്റിന്റെ കാറിന്റെ ചാവി മലപ്പുറത്ത് നിന്നും സുഹൃത്തുക്കളാല്‍ കൈമാറി, ഒരു കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വഴി കയ്യിലെത്തും എന്ന് ഉറപ്പിച്ചതോടെയാണ് ഒരു യാത്രപോകാം എന്ന് ഞങ്ങള്‍ രണ്ട് പേരും ആലോചിച്ചതുപോലും. അങ്ങനെ പഴയ റൂംമേറ്റുകളില്‍ പലരെയും യാത്രയ്ക്ക് വിളിച്ചെങ്കിലും എല്ലാവരും നാട്ടിലാണ്. എങ്ങോട്ടെന്നില്ലാത്ത ആ യാത്രാ പരീക്ഷണത്തിന്റെ ഇര അങ്ങനെ അവൈലബിള്‍ റൂംമേറ്റ് ജയേട്ടന്‍ മാത്രമായി. ഗൂഗിള്‍ മാപ്പ് മുത്തപ്പന്‍ കാട്ടിലേക്കുള്ള 68 കിലോമീറ്റര്‍ ദൂരം അളന്ന് തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു. ഓടിച്ചോടിച്ച്, ചോയ്‌ച്ചോയ്ച്ച് ഏതാണ്ട് രണ്ടരമണിക്കൂര്‍ ആ ഇരുവര്‍ യാത്ര.

ബോണക്കാട് വഴിയാണ് പാണ്ടിപ്പത്തിലേക്ക് പ്രവേശിക്കാനാകുക. ചെക്ക്‌പോസ്റ്റില്‍ നിന്നും കാല്‍നട ട്രക്കിംഗ് മാത്രമേയുള്ളൂ എന്നറിഞ്ഞതിനാലും മുന്നൊരുക്കങ്ങളില്ലാത്തതിനാലും ബോണക്കാട്ടെ പ്രേതബംഗ്ലാവ് കണ്ടുവരാം എന്നായി. വിതുര പിന്നിട്ടാല്‍ മരുതാമല താണ്ടി കാട്ടിലൂടെയുള്ള യാത്ര. കാനനപാതയിലെ ചെറുവെള്ളച്ചാട്ടങ്ങള്‍ കാതിനും മനസ്സിലും ഒരുപോലെ കുളിര്‍മ്മ പകര്‍ന്നപ്പോള്‍ വെയില്‍ച്ചൂടൊന്നുമറിഞ്ഞില്ല. നീലാകാശം, പച്ചഭൂമി, കറുത്ത പാത – ഞങ്ങള്‍ യാത്ര തുടര്‍ന്നു. ബോണക്കാടിനടുത്തെത്താറയപ്പോള്‍ കാട്ടിലൊരു കാവ്. ചുറ്റും ഗോത്രദൈവത്തറകളുള്ള പാറപ്രദേശം. ഏതോ ഉത്സവം കഴിഞ്ഞതിന്റെ ശേഷിപ്പുകളുണ്ടവിടെ. അവിടെ അല്‍പനേരം വിശ്രമം. സെല്‍ഫിയെടുത്ത് യാത്ര. ഏതാണ്ട് പത്ത് പത്തരയോടെ ബോണക്കാട്ടെത്തി. ബസ്‌റ്റോപ്പിന് എതിര്‍വശത്തെ ‘നീതു ടീ’ സ്റ്റാളില്‍ നിന്നും ഒരോ സുലൈമാനി അകത്താക്കി. കട നടത്തുന്ന ‘ഷേര്‍ലറ്റ്’ ചേച്ചിയോട് ഭൂപ്രകൃതി ചോദിച്ചറിഞ്ഞു. മലമുകളിലെ ഒരു ക്രിസ്മസ് ട്രീ ചൂണ്ടിക്കാണിച്ചുകൊണ്ട് അവര്‍ പ്രേത ബംഗ്ലാവിന്റെ സ്ഥാനം അടയാളപ്പെടുത്തി തന്നു.

പാണ്ടിപ്പത്ത് ക്യാന്‍സല്‍ഡ്, എന്നാ പിന്നെ പ്രേതബംഗ്ലാവ്. ഉച്ചക്ക് ഊണിനായി കരുതിയ ലെമണ്‍ റൈസിനൊപ്പം തൊട്ടുകൂട്ടാന്‍ – മീന്‍കറി ആ കടയില്‍ ഓര്‍ഡര്‍ ചെയ്തശേഷം, പ്രേതബംഗ്ലാവിനെ ലക്ഷ്യമാക്കി ബോണക്കാട് ടോപ്പ് റോഡിലേക്ക് യാത്രതുടര്‍ന്നു. ലോവര്‍, മിഡില്‍, അപ്പര്‍ എന്നിങ്ങനെ മൂന്നായി തിരിച്ച ബോണക്കാടന്‍ മലനിരകളില്‍ മിഡിലില്‍ നിന്നുമാണ് പ്രേത ബംഗ്ലാവിലേക്ക് വഴി തിരിയുന്നത്. പക്ഷേ ഗൂഗിള്‍ മാപ്പ് മുത്തപ്പന്റെ നിര്‍ദ്ദേശം നിലവിലുള്ളതിനാല്‍ പാണ്ടിപ്പത്തിലേക്കുള്ള വഴി അല്‍പദൂരം സഞ്ചരിച്ചു. തേയിലചെടികള്‍ക്കൊപ്പം കുരുമുളകും മൂത്തുവളര്‍ന്ന തോട്ടങ്ങളെ ചുറ്റിവരിഞ്ഞ് എത്തിച്ചേര്‍ന്ന തണുത്ത കാറ്റുള്ള ഒരു ചോലപ്രദേശത്ത് ഞങ്ങള്‍ അരമണിക്കൂര്‍ വിശ്രമിച്ചു. താഴെ ഒരു കോവിലും കണ്ടു. യാത്ര പിന്നെ ആ ക്രിസ്മസ് ട്രീ ലക്ഷ്യമാക്കി നീങ്ങി.

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും

തകര്‍ന്ന ചുവരില്‍ സിമന്റില്‍ തീര്‍ത്ത ബോര്‍ഡില്‍ 25/ജിബി എന്നെഴുതിവച്ച ഗേറ്റിന് മുന്നില്‍ കാര്‍ നിര്‍ത്തി തെല്ലൊരു ഭയത്തോടെ ഞങ്ങള്‍ നടന്നുനീങ്ങി. പ്രേതമല്ല, അപകടകാരികളായ മനുഷ്യരാരെങ്കിലുമുണ്ടാകുമോ എന്ന പേടിയാണ് ഞങ്ങളെ അപ്പോള്‍ പിന്തുടര്‍ന്നത്.

125 വര്‍ഷം പഴക്കമുണ്ട് ബോണക്കാട് ടീ എസ്‌റ്റേറ്റിന്. കേരളത്തില്‍ അക്കാലത്ത് തേയില ഫാക്ടറികള്‍ ഉണ്ടായിരുന്ന ചുരുക്കം ചില തോട്ടങ്ങളില്‍ ഒന്നാണ് ബോണക്കാട്. ഇതിന്റെ ശേഷിപ്പുകള്‍ ഒരു വഴിയരികില്‍ സ്മാരകമായി അവശേഷിക്കുന്നു. ആയിരക്കണക്കിന് തൊഴിലാളികളുമായി ഫാക്ടറി നല്ല നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ 1951ല്‍ പുതിയൊരു ബംഗ്ലാവ് പണിത് കുടുംബ സമേതം അതിലേക്ക് താമസം മാറി. കുറച്ചു നാളുകള്‍ക്കുള്ളില്‍ മാനേജരുടെ 13 വയസ്സുള്ള മകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടു. ഇതിനു ശേഷം മാനേജരും കുടുംബവും ഇന്ത്യയിലെ വാസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങി. തുടര്‍ന്ന് പലരും രാത്രി കാലങ്ങളില്‍ ബംഗ്ലാവിനുള്ളിലും പരിസരത്തും ഒരു പെണ്‍കുട്ടിയെ കണ്ടതായും രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് അലര്‍ച്ചയും നിലവിളികളും പൊട്ടിച്ചിരികളും ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ടതായും കഥകള്‍ പ്രചരിച്ചുകൊണ്ടിരുന്നു.

ഒരിക്കല്‍ വിറകു ശേഖരിക്കാനായി ഇവിടെയെത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയത് അസാധാരണമായ പെരുമാറ്റങ്ങളോടെയാണെന്നും നിരക്ഷരയായ ആ പെണ്‍കുട്ടി പാശ്ചാത്യ ശൈലിയില്‍ ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങിയെന്നും, ദിവസങ്ങള്‍ക്കു ശേഷം ഈ പെണ്‍കുട്ടിയും മരണപ്പെട്ടുവെന്നും ഉള്ള കെട്ടുകഥകള്‍ ബംഗ്ലാവിനെ ചുറ്റിപ്പറ്റി നാട്ടുകാര്‍ക്കിടയിലില്ലെങ്കിലും നവമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍പ്പുണ്ട്.

പ്രതീക്ഷിച്ചതുപോലെ സാമുഹ്യവിരുദ്ധരുടെ താവളമായിട്ടുണ്ട് ഇന്ന് ആ പൊട്ടിപ്പൊളിഞ്ഞ ബംഗ്ലാവ്. ഞങ്ങള്‍ ചുറ്റിക്കാണാന്‍ നില്‍ക്കേ പെട്ടെന്ന് തന്നെ ഒരു യാത്രാ സംഘവും അവിടെ എത്തിച്ചേര്‍ന്നു. അവര്‍ക്കൊപ്പം ബംഗ്ലാവിനകത്തു കടന്നു. കന്നുകാലികള്‍ കയറി വിസര്‍ജ്ജിച്ച് വൃത്തിഹീനമാക്കിയ മൊസൈക്ക് തറകളിലൂടെ ഞങ്ങള്‍ കണ്ണോടിച്ചു. മികച്ച സാങ്കേതിക മികവാണ് കെട്ടിട നിര്‍മ്മാണത്തിന്റെ പ്രത്യേകത. മുറികളിലെല്ലാം തണുപ്പ് കാലത്തു തീ കായാനുള്ള നെരിപ്പോട് ചിമ്മിനികള്‍. അറ്റാച്ച്ഡ് ബാത്ത് റൂമുകളും ബാത്ത് ഡബ്ബ് അടക്കമുള്ള സജ്ജീകരണങ്ങളും ബംഗ്ലാവിലുണ്ട്.

പക്ഷേ, ചുമരുകളിലാകട്ടെ ടോയ്‌ലറ്റ് സാഹിത്യവും കാല്‍പ്പനികപ്രണയവും കരിക്കട്ടകൊണ്ട് ഭംഗിയായി കുത്തിനിറച്ച് വെച്ചത് കണ്ടപ്പോ അവരെഴുതിവെച്ച ഒരു തെറി മാത്രമേ എനിക്കും മനസ്സില്‍ വന്നുള്ളൂ. തലേ ദിവസം അവടെ തങ്ങിയവരുടെ തെളിവുകളെന്നോണം അകത്തെ മുറികളിലെ നെരിപ്പോടില്‍ ചൂടമര്‍ന്നിട്ടില്ല. മുന്‍ഭാഗത്ത് തീകൂട്ടിയതുകണ്ട്, വിറക് കത്തിക്കാന്‍ ബംഗ്ലാവിന്റെ ജനല്‍ കട്ടില്‍ വരെ ഉപയോഗിക്കുന്ന കാര്യവും സമീപപ്രദേശക്കാരായ ആ യാത്രാ സംഘം അതീവ ഗൗരവമായി ഞങ്ങളോട് പങ്കുവെച്ചു.

ലോകപൈതൃകപ്പട്ടികയിലുള്‍പ്പെട്ട അഗസ്ത്യകൂടത്തിനോട് ചേര്‍ന്നുള്ള ഈ ഒരു ചരിത്രശേഷിപ്പ് ഇന്ന് സാമൂഹികദ്രോഹികളുടെ രാത്രി സങ്കേതമാണെന്ന് പ്രദേശവാസികളും സമ്മതിക്കുന്നു. കൂടെ കൂടിയ സംഘം കാണിച്ചുതന്ന ഒരു കിടിലന്‍ ഫോട്ടോഷൂട്ട് ലൊക്കേഷന്‍ കൂടി സന്ദര്‍ശിച്ച് ഞങ്ങള്‍ ഉച്ചയൂണിനായി ബോണക്കാട് ബസ്‌റ്റോപ്പിലെ ഷേര്‍ലറ്റ് ചേച്ചിയുടെ കടയില്‍ തിരികെയെത്തി. കയ്യിലുള്ള ലെമണ്‍റൈസും പിന്നെ അവരുണ്ടാക്കിതന്ന മീന്‍കറിയും സാമ്പാറും കൂട്ടിയുള്ള ഭക്ഷണം. രണ്ടുവര്‍ഷം മുന്നെ കാട്ടുപോത്ത് കുത്തിക്കൊന്നതാണ് അവരുടെ ഭര്‍ത്താവിനെ. മകന്‍ തിരുവനന്തപുരത്ത് സ്വകാര്യമേഖലയില്‍ എഞ്ചീനീയറാണ്. ബംഗ്ലാവ് സന്ദര്‍ശിക്കാനെത്തുന്ന യാത്രക്കാര്‍ക്ക് ഓര്‍ഡര്‍ പ്രകാരം ഭക്ഷണം ഇവരുണ്ടാക്കി നല്‍കും. സംസാരിച്ചുകൊണ്ടിരിക്കെ റോഡിനോട് ചേര്‍ന്ന കടയുടെ അടുക്കളയില്‍ എണ്ണച്ചട്ടിക്ക് തീ പിടിപ്പിച്ച് ചേച്ചി അടുത്ത ഓര്‍ഡറിന്റെ വിഭവങ്ങള്‍ ഒരുക്കി.

പഴം പൊരിയാണ്. എന്നാ പിന്നെ അതും കൂടി ഒരെണ്ണെ കഴിച്ചിറങ്ങാം. മൊരിഞ്ഞുവന്ന പഴംപൊരിയുടെ രഹസ്യക്കൂട്ട് ചോദിച്ചു. അരിപ്പൊടിയും മൈദയും സമാസമം. ‘സോഡാകാരമൊന്നും ഞാന്‍ ചേര്‍ക്കാറില്ല’ അവര്‍ സാക്ഷ്യപ്പെടുത്തി. വൈകീട്ട് ചായക്ക് രണ്ടെണ്ണം കൂടി കയ്യില്‍ കരുതി ഞങ്ങള്‍ അടുത്ത താവളം ലക്ഷ്യമാക്കി ആ കാടിറങ്ങി.

യാത്രയിലെ മിറാക്കിള്‍

സുന്ദരമായ ഒരു പ്രകൃതി ദൃശ്യത്തെ മിറാക്കിള്‍ എന്നു വിശേഷിപ്പിക്കാമെങ്കില്‍ ആ യാത്രയിലെ മിറാക്കിള്‍ പേപ്പാറ ഡാമിലായിരുന്നു. അണക്കെട്ടിനുമുകളിലൂടെ കാഴ്ചകള്‍ കണ്ടു നടന്നു. കാടിനുള്ളില്‍ പ്രവേശിച്ചതും അധികം ദൂരെയല്ലാതെ ഒരു ഇടവഴി ഞങ്ങള്‍ക്കായി തുറന്ന് തന്നത് റിസര്‍വോയറിലേക്കാണ്. ഒരു ചങ്ങാടം അവിടെ ഞങ്ങളെ കാത്തിരുന്നു. തുഴഞ്ഞ് പോകാനൊന്നും സാധ്യമല്ലെങ്കിലും അവിടെയിരുന്ന ഭംഗിയായി ഫോട്ടോക്ക് പോസ് ചെയ്യാം. മുളങ്കാടിനും ഉണങ്ങിയമരങ്ങള്‍ക്കുമിടയില്‍ നീലാകാശം ജലാശയത്തെ പ്രതിഫലിപ്പിച്ച ഒരു നിശ്ചല ദൃശ്യം. ആ ഒറ്റ പകൃതി ദൃശ്യം കൊണ്ടൊന്നുമാത്രം ഈ യാത്ര അര്‍ത്ഥപൂര്‍ണമാവുകയായിരുന്നു. എല്ലാമായി; ഇനി വെള്ളച്ചാട്ടത്തിലൊരു കുളിയായാലോ എന്ന ചിന്തയിലാണ് ബെയ്‌മോര്‍ ഹില്‍ ഗൂഗിള്‍ മാപ്പില്‍ തെളിഞ്ഞുവന്നത്.

ബ്രെയ്‌മോറിലെ നീരാട്ട്

പാലോട് നിന്ന് പെരിങ്ങമല റൂട്ടില്‍, ഇടിഞ്ഞാറിനടുത്തുള്ള പ്രകൃതിമനോഹരമായ എസ്‌റ്റേറ്റാണ് ബേയ്‌മോര്‍. തിരുവിതാംകൂര്‍ റബ്ബര്‍, ടീ കമ്പനി ലിമിറ്റഡ് എന്നിവയുള്‍പ്പെടെയുള്ള തോട്ടങ്ങളുടെ കൂട്ടമാണ് ബ്രൈമോര്‍ എസ്റ്റേറ്റും തൊട്ടടുത്തുള്ള മാരിഗോള്‍ഡ് എസ്റ്റേറ്റും. പ്രവേശന കവാടത്തില്‍ നിന്ന് 900 അടി ഉയരത്തില്‍ നിന്ന് 765 ഏക്കറാണ് ബ്രെയ്മോര്‍ എസ്റ്റേറ്റ്. 1800 കളില്‍ യൂറോപ്പുകാര്‍ സ്ഥാപിച്ച ഈ എസ്റ്റേറ്റ് തേയില, റബ്ബര്‍, കാപ്പി, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയാൽ സമൃദ്ധം ആണ്. പച്ചപ്പും മഞ്ഞുമൂടിയ കുന്നുകളും താഴ്വരകളും കൊണ്ട് സമ്പുഷ്ടമാണ് ബ്രെയ്മോര്‍ ഹില്‍സും താഴ്വരകളും. നിരവധി അരുവികളും വെള്ളച്ചാട്ടങ്ങളും കൊണ്ട് അനുഗ്രഹീതം ആയ പ്രദേശം. അവിടെ എത്തിച്ചേരുമ്പോള്‍ പ്രവേശിക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ എസ്റ്റേറ്റ് ചെക്ക് പോസ്റ്റില്‍ കാര്‍ നിര്‍ത്തി, ഏതാണ്ട് ഒരു കിലോമീറ്റര്‍ നടന്നാണ് വെള്ളച്ചാട്ടത്തിനടുത്തെത്തിയത്. സമയം ആറുമണി. മലപ്പുറത്ത് നിന്നാണ് വരുന്നതെന്ന് പറഞ്ഞു വാച്ചറോട് അരമണിക്കൂര്‍ അനുവാദം ചോദിച്ചുവാങ്ങി. ആ തണുപ്പാര്‍ന്ന അരുവിയില്‍ നീന്തിക്കുളിച്ച് യാത്രാ ക്ഷീണം മാറ്റി, മടക്കം.

വാടകവീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു അവധി ദിവസം പരമാവധി ആസ്വദിച്ചതിന്റെയും ഒരു അണ്‍പ്ലാന്‍ഡ് ട്രിപ്പ്, പ്ലാന്‍ഡ് ട്രിപ്പിനേക്കാള്‍ എത്രയോ മനോഹരമായതിന്റെയും ചാരിതാര്‍ത്ഥ്യമായിരുന്നു മനസ്സില്‍.


സമര്‍പ്പണം: സഹമുറിയനും കാറുടമയുമായ വിനീഷ് കെ ഗോപന്‍, ചാവി എത്തിക്കാന്‍ കരുക്കള്‍ നീക്കീയ സജീഷ് പള്ളിമുക്ക്, ബിജീഷ് പൂക്കോട്ടൂര്‍, വിജീഷ് പൂക്കോട്ടൂര്‍, ലെനീഷ് പൂക്കോട്ടൂര്‍, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഷിബു

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴിലുള്ള പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. ദേശാഭിമാനി കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം ബ്യൂറോകളില്‍ സബ് എഡിറ്ററായിരുന്നു. ആദ്യകവിതാ സമാഹാരം - മഴക്കല്ല് ( 2013). ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു.