‘ചങ്കാതികൾ’

അന്നെല്ലാം ഞങ്ങളൊന്നായിരുന്നു
ഒരേ പാത്രത്തിൽ നിന്നും കിനാവ് രുചിക്കുന്ന
സുമുഖന്മാർ
ചങ്ങാതികൾ.

സായാഹ്നങ്ങൾക്കായി കാത്തിരിക്കും
പ്രിയ സല്ലാപത്തിനായി മൂളിയെത്തും
കന്മദം തേടുന്ന സുന്ദരന്മാർ
ഞങ്ങൾ
സ്വപ്നയൂഥത്തിലെ
സഞ്ചാരികൾ!

യാമങ്ങൾ തൻ
നിദ്രാവിഹീനമാം
സൂചികൾ
അക്ഷമം മേലാകെ ഇഴയുമ്പോൾ
രാവിന്റെ മാറിലെ കല്ലുകൾ മിന്നുമ്പോൾ
നാലും കൂടിയ മുക്കിലെ
അപ്പേട്ടന്റെ തട്ടുകടയുടെ ചോട്ടിൽ
ഒരുപാട് മിന്നാമിന്നികൾ
കണ്ണു ചിമ്മുന്നുണ്ടാവും.
അവർക്കിടയിൽ
ചുക്കുകാപ്പി സ്വപ്നം ചേർത്ത്
ആറ്റിക്കുടിക്കാൻ
ഞങ്ങളും കൂടും!

ചിലപ്പോൾ ഉള്ളിവടയും വാങ്ങും
ആദ്യത്തെ കടിയിൽ തന്നെ
നാവറിയുന്ന മുളകിനും
ഉള്ളിലെ നോവിനും
പേരില്ലാത്ത വിഹ്വലതകൾക്കും
ഒരേ എരിവായിരുന്നു.

പലപ്പോഴും കടം കേട്ട മുഖവുമായ്
ഒഴിഞ്ഞ കുപ്പിഗ്ലാസ്സുകൾ അപ്പുവേട്ടൻ
കൈ നീട്ടി വാങ്ങുമ്പോൾ
ഒരു ദാർശനിക മന്ദഹാസം
കാണും
കടയുടെ വിടർന്ന ചുണ്ടിൽ
അതു കാണുമ്പോൾ
നെഞ്ചിനെന്തൊരു കുളുർമയെന്നോ!

പിന്നെ
അല്പമകലേ
ആളൊഴിഞ്ഞ പീടികത്തിണ്ണയിൽ
മങ്ങിയ തെരുവിളക്കിന്റെ
മഞ്ഞവെളിച്ചത്തിൽ
കഥയോലക്കെട്ടഴിക്കും
ഞങ്ങൾ
രാക്കിനാശലഭങ്ങൾ.

എല്ലാ കഥകളിലും
നായകൻ ഞങ്ങളിലൊരാളാകും
വെള്ളിത്തിരയിൽ ആയിടെ കണ്ട
സുന്ദരിയുമൊത്തു
കഥാന്ത്യം
അവൻ സുഖമായി വാഴും!

കാമനകളുടെ
നിറവെണ്മയിൽ ഞങ്ങളലിയും
അതിലൂറുന്ന തേൻക്കുഴമ്പിൽ
പതഞ്ഞൊഴുകുന്ന സൗഹൃദത്തിനു
അമൃതിനേക്കാൾ മധുരം
ഇളം കള്ളിനെക്കാൾ ലഹരി!

കഥ തീർന്നാൽ
വേതാളങ്ങൾ
ആത്മനൊമ്പരങ്ങളുടെ ചരടഴിക്കും.

എന്റെ വ്യഥകൾ
അവരുടേതുമായിരുന്നു.
ഞാൻ കരഞ്ഞാൽ
അവരുടെ സങ്കടക്കിടാങ്ങളുണരും
കരിങ്കൽച്ചീളുകൾ ചിതറും
ചിണുങ്ങിക്കരയും.

പലപ്പോഴും ഇടനെഞ്ചിലിടിവെട്ടും
കൺമേഘങ്ങൾ
ഉറവ തുള്ളിയടരുന്ന
ചിതറുന്ന
അസ്വസ്ഥപരാഗരേണുക്കളെ
കോരിയെടുത്തവർ
കാറ്റിലൊഴുക്കും
കടലിലുരുക്കും
നെഞ്ചിൻക്കൂട്ടിലെ കണ്ണീർക്കിളിയുറങ്ങും വരെ
കാവൽ നിൽക്കും
അവരെന്റെ ചങ്കുകൾ!

അന്നേരമാവും
കാലങ്കോഴി കരയുന്നതും
ഇണയെത്തിരയുന്നതും
‘ആഹാ ഊഹൂ’ എന്നു മറുകൂവലാൽ
ഇണക്കോഴി
കാമുകഹൃദയത്തിലമരുന്നതും.

ഞങ്ങൾക്കും കൂടണയാൻ നേരമാകും!

അന്ന്
ഞങ്ങളങ്ങനെയായിരുന്നു
ഞാനും എന്റെ ചങ്ങാതികളും.

ഞാനിന്നും
കാറ്റിനു പിറകെ
കടലിനു പിറകെ

എങ്കിലും
അവിടെ അവരുണ്ടാകും
എന്റെ ബാല്യകാല ‘ചങ്കാതികൾ’
അവർക്കിടയിലത്രേ
ഇന്നും ഞാൻ തിരയുന്നത്
കന്മദം!

പിൻകുറിപ്പ്: ചെറിയ മോഹങ്ങളും ചിന്തകളുമായി തുടങ്ങുന്ന സൗഹൃദം വലിയ സ്വപ്നങ്ങളിലേക്കുള്ള വാതായനങ്ങളാണ്. നമുക്കത് തുറന്നു കൊടുക്കാം. സൗഹൃദം സ്വപ്നസദൃശമാകട്ടെ.

അധ്യാപകനായി 30 വർഷമായി ല്സോത്തോയിൽ ജീവിച്ചു. Rhodes University യിൽ നിന്നും maths എഡ്യൂക്കേഷനിൽ 2016 ൽ PhD എടുത്തു. അധ്യാപകവൃത്തിയിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ Seliba Sa Boithuto (Self Learning Center) എന്ന സ്ഥാപനത്തിനു കീഴിൽ, ipips (Durham University) മായി ചേർന്നു പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പഠന ശേഷിയെ കുറിച്ച് റിസർച്ച് ചെയുന്നു. താമസം Maseru വിൽ. ജനിച്ചതും വളർന്നതും പഠിച്ചതും എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ.