ഉമ്മറപ്പടിമേലെ വഴിക്കണ്ണെറിഞ്ഞുകൊ-
ണ്ടുണ്ണിയെക്കാത്തിരിപ്പാണാധിപൂണ്ടിന്നുമമ്മ…
നോക്കെത്തും ദൂരത്തുള്ള പാടവരമ്പത്തൂടെ
നിശ്ചയം വരുമുണ്ണി, നിശയിൽ നിലാവു പോൽ!
മുഷിഞ്ഞ ചേലത്തുമ്പാ വിരലിൽ ചുറ്റി, പ്പിന്നെ
മെല്ലെയങ്ങഴിച്ചുംകൊണ്ടാകുലപ്പെടുന്നമ്മ…
വിശക്കുന്നെനിക്കമ്മേയെന്നൊരാ വിളിയെന്തേ
വഴിതന്നങ്ങേയറ്റത്തുയർന്നു കേട്ടതില്ല…
അന്തിക്കു മുന്നേതന്നെയിരുൾ വീണുറഞ്ഞൊരീ-
യമ്പലപ്പറമ്പിലെ വെട്ടവുമണഞ്ഞുപോയ്!
വരുവാനിനിയും നീ വൈകുവതെന്താണുണ്ണീ,
വഴിയിലേറെ നേരം കാഴ്ചകൾ കണ്ടു നിന്നോ?
ഓർമ്മതൻ ചുഴികളിലമ്മയിന്നുഴലുന്നു,
ഒരു കൽപ്രതിമപോൽ പുൽകുന്നൂ മറവിയെ…!
രാവേറെ വൈകുവോളമിരുളിൽ കണ്ണുംനട്ടു
രാക്കിളി തളർന്നാലും താരാട്ടു മൂളുമമ്മ…
നിദ്രതൻ കിളികളാ കൺകളിൽ ചേക്കേറിയാൽ
നിർദ്ദയമുണർത്തിടുമക്ഷണം ദു:സ്വപ്നങ്ങൾ…!
ആയിരം പൂതങ്ങളിന്നുണ്ണിയെത്തരുമോയെ-
ന്നാരാഞ്ഞു നിൽപ്പാണു പോലമ്മതൻ കിനാക്കളിൽ.
ബോധമാം മിന്നൽപ്പിണർ തെളിയുമൊരുവേള
ബന്ധിതവ്യഥകളങ്ങൊഴുകുമനർഗ്ഗളം…
തെക്കുനിന്നണയുന്ന തെന്നലാക്കണ്ണീരപ്പോൾ
തുടയ്ക്കാൻ പണിപ്പെടും വ്യർത്ഥമെന്നറിഞ്ഞാലും.
പുഴയായൊഴുകുമാ വ്യഥിതമനം കണ്ടാൽ
പിളർന്ന ഹൃദയവും പിടയ്ക്കാതിരിക്കുമോ?
മണ്ണിന്റെ കമ്പളത്തിൻ കീഴിലങ്ങുറങ്ങുവോൻ
മാതാവിൻ വിലാപത്തെ ശ്രവിക്കാതിരിക്കുമോ…!
മാമരച്ചില്ലകളെയുലച്ചു വീശീടുന്ന
മാരുതൻ വിളിച്ചിട്ടോ, മഴയങ്ങോടിയെത്തി…
കുമ്മായമടർന്നൊരാ ചുമരിൽ തലതല്ലി
കദനഭാരം പേറും കാലവും കരയുന്നോ…!
തൂലിക പിടിക്കേണ്ട കരങ്ങളായുധങ്ങൾ
തേടുന്ന കാലമല്ലേ, ചമയ്ക്കും ചക്രവ്യൂഹം…
പാർത്ഥന്റെ പുത്രനാട്ടെ, സൂതന്റെ പുത്രനാട്ടെ
പേരിലെന്തിരിക്കുന്നു; നഷ്ടമീയമ്മയ്ക്കല്ലേ…!