ഘാട്ട്

വിശക്കുന്നവന്റെ വായിൽ
ഭക്ഷണമാകുന്ന ഒരുദിവസം,
ഉടഞ്ഞ മാംസത്തിൽ ഉപ്പുപുരട്ടാതെ
വികാരങ്ങളെ തിന്നുന്നവർ
നിന്റെ ഉറക്കം കെടുത്തും.

നിന്റെ സ്വപ്നങ്ങളിൽ,
പന്തം പിടിച്ച ഇരുകാലികളും
പേടിച്ചരണ്ട നാൽക്കാലികളും
കയററ്റ ഓർമ്മപോലെ
വന്നുകയറും.

പ്രിയപ്പെട്ടവർ കയറിയ
ഒരു തീവണ്ടി,
തീയിലെരിഞ്ഞു നിനക്കുമുന്നിലൂടെ
കടന്നുപോകും.

തിളച്ച എണ്ണയിൽ വീണ
പെണ്ണുങ്ങളുടെ കുഞ്ഞുങ്ങളെ
തീവണ്ടിപ്പാളത്തിൽ അടയാളംവച്ച മനുഷ്യർ,
വീടുകളിൽ ചെന്ന്
ചായ ഊതിക്കുടിച്ച്,
ആത്മത്തെ തൊടുകയാവുമപ്പോൾ.

വിശപ്പ് ചവച്ചുതുപ്പിയൊരു
പട്ടിണിക്കാരന്റെ മുച്ചക്രവണ്ടി,
പുകയാത്തൊരടുപ്പിനു മേലേ
പൊടിപിടിച്ചു കിടക്കുന്നുണ്ടാവുമപ്പോൾ.

എണ്ണമൊപ്പിക്കാൻ കട്ട* ചുടുന്നവന്റെ
കണക്ക് തെറ്റിച്ചു പണമെണ്ണുന്ന
ദല്ലാളന്മാരുടെ തൊണ്ടയിൽ,
ഒരുനദി തണുത്തുറഞ്ഞിട്ടുണ്ടാവുമപ്പോൾ.

ഇടിച്ചിറക്കിയ മിനാരങ്ങളുടെ കല്ലേറിൽ
കളഞ്ഞുപോയ ചിലരെങ്കിലും,
നിന്റെ ‘ഏകത്വ’ത്തിനു നേരേ
കാർക്കിച്ചു തുപ്പുന്നുണ്ടാവുമപ്പോൾ.

കടന്ന് പോയവരും
കടത്തി വിട്ടവരും
കൂട്ടംതെറ്റിയ മനുഷ്യർക്കായുള്ള
വിശുദ്ധപുസ്തകത്തെ,
കണ്ണുകെട്ടിയൊരു പ്രതിമയ്ക്കുമുന്നിൽ
ഉറക്കെവായിക്കുകയാകുമപ്പോൾ.

ഹൃദയഭൂമിയുടെ കവലയിൽ,
അടിയേറ്റു ചത്തവരുടെ
സമരപ്പന്തലുകൾക്കു മുന്നിലൂടെ,
അടിച്ചു കൊന്നവർ
കുടചൂടി നടന്നുപോകുന്നുണ്ടാവുമപ്പോൾ.
ജാതിനൂലു മുറുക്കിക്കൊന്നൊ-
രെച്ചിലെടുപ്പുകാരിയുടെ
നിറവയർ നിലവിളി,
ഒച്ചയില്ലാത്തൊരു കോളാമ്പിയിലൂടെ
പാടിത്തകർക്കുന്നുണ്ടാവുമപ്പോൾ.

വിറ്റുതീർത്ത
കൂരകളുടെ കഴുക്കോലൊന്നിൽ,
ജനാധിപത്യത്തിന്റെ ജീവൻ
പിടഞ്ഞ് തീരുകയാവുമപ്പോൾ.

ചുഴിഞ്ഞുവീണ
നോട്ടങ്ങളുടെ മുള്ളുകൊണ്ട്
നിരാലംബമായ
നിന്റെ ഇന്ത്യ,
നാൽക്കവലയിലിരുന്ന്
പിച്ചയെടുക്കുന്നുണ്ടാവുമപ്പോൾ…

(*ഇഷ്ടിക)

കാൺപൂർ ഐ.ഐ.ടി യിൽ ജോലിചെയ്യുന്നു. ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്.