ഗ്രേവ്‌ യാഡിലെ കുഞ്ഞൻ കുരിശുകൾ

കാഴ്ചമങ്ങിയ നീണ്ട വഴിയിലൂടെ ബ്യൂഗല്‍ ഫെര്‍ണാണ്ടസ് പള്ളിസെമിത്തേരിയിലേക്ക് നടന്നു. മഞ്ഞൊലിച്ചുനില്‍ക്കുന്ന മരങ്ങളില്‍ പൂക്കള്‍ ഇലകളോട് വല്ലാതെ ചേര്‍ന്നുനിന്നിരുന്നു. പൂക്കളില്‍ നിന്നും വമിക്കുന്ന ഒരു പ്രത്യേക സുഗന്ധം സെമിത്തേരിയാകെ പരിമളം പരത്തിയിരുന്നു. ബംഗ്ലാവില്‍ നിന്നും അരകിലോമീറ്റര്‍ നടന്നുവേണം അവര്‍ക്ക് സെമിത്തേരിയിലെത്താന്‍.
വിവിധയിനം കാറുകളുണ്ടായിരുന്നിട്ടും സെമിത്തേരിയിലേക്ക് പോകുമ്പോള്‍ സാധാരണ അവര്‍ കാറെടുക്കാറില്ല. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അവര്‍ പ്രസന്നവതിയായിരിക്കും. തിരിച്ചെത്തിയാല്‍ ധൃതിയില്‍ മുറിയില്‍ വന്നുകയറുന്നതും വാതിലടക്കുന്നതും കാണാം, ഏറെ നേരത്തിനുശേഷം അവര്‍ പുറത്തിറങ്ങിവരും, അപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാകും, ചിലപ്പോള്‍ വിതുമ്പുന്നതും സാരിത്തലപ്പുകൊണ്ട് മറച്ചുപിടിക്കുന്നതും കാണാം.
എത്രയോ കാലത്തിന് ശേഷമാണ് അവര്‍ എന്നെ കൂട്ടിന് വിളിച്ചത്. സെമിത്തേരിയിലേക്കുള്ള ഈ നടത്തം പതിവല്ലാതിരുന്നിട്ടും ഈ മഞ്ഞത്ത് അവരെന്തിനാണ് പുറപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. ഓരോ മഞ്ഞുകാലത്തിനും ഓരോ മുഖങ്ങളായിരുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു. ചിലപ്പോള്‍ മഞ്ഞൊരു വലിയ തടാകം പോലെ. ഇടയ്ക്ക് നേര്‍ത്ത രേഖാചിത്രം പോലെ. ചിലപ്പോള്‍ ചാറ്റല്‍ മഴപോലെ ചെരിഞ്ഞും നനച്ചും.
ഇന്നലെ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ പനിനീര്‍ പൂക്കള്‍ക്ക് ക്ഷതമൊന്നും സംഭവിച്ചിരുന്നില്ല എന്നത് അവരെ ഏറെ സന്തുഷ്ടയാക്കിയിരുന്നതായി അവരുടെ സംസാരത്തില്‍ നിന്നും ഞാന്‍ ഊഹിച്ചു. വാടിത്തളരാതെ പ്രസന്നമായ പൂക്കള്‍കൊണ്ടുള്ള ബൊക്കെ അവര്‍ എന്നെ ഏല്‍പിച്ചു.
മാഡത്തിന്‍റെ ആരെയാണവിടെ അടക്കം ചെയ്തിരിക്കുന്നതെന്ന് പലവട്ടം ചോദിക്കണമെന്ന് കരുതിയതായിരുന്നു. ഗ്രാനേറ്റ് പതിച്ച നടപ്പാത മഞ്ഞുവീഴ്ചയില്‍ നനഞ്ഞൊട്ടിയിരുന്നു. അവര്‍ വളരെ സൂക്ഷ്മതയോടെയാണ് ഓരോ പടവുകളും കയറിയിരുന്നത്. അവര്‍ക്കെല്ലാം പരിചിതമായിരുന്നത് കൊണ്ട് അവരോടൊപ്പം നടന്നെത്തുവാന്‍ ഞാനേറെ പ്രയാസപ്പെടേണ്ടി വന്നു.
  സാധാരണ സെമിത്തേരികളില്‍ കാണാറുള്ള കുരിശുരൂപങ്ങളുടെ വലിപ്പമോ വീതിയോ ഉണ്ടായരുന്നില്ല അവിടെ കണ്ടതിനൊന്നും എന്നത് എന്നെ അതിശയപ്പെടുത്തി. കുഴിമാടത്തിന് ഒരു മീറ്റര്‍ പോലും നീളവുമുണ്ടായിരുന്നില്ല. കുട്ടികളെ അടക്കാന്‍ മാത്രമുള്ള സെമിത്തേരിയാണെന്ന് തോന്നും. ഇത്രയും വിജനവും മൂകവുമായ സെമിത്തേരി ഞാനിതിന് മുമ്പ് മറ്റെവിടെയും കണ്ടിട്ടുണ്ടായിരുന്നില്ല.
കുഴിമാടത്തിലെ മാര്‍ബിള്‍ ഫലകത്തില്‍ പനിനീര്‍പൂക്കള്‍വെച്ച് അവര്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു.
അപ്പോഴേക്കും മഞ്ഞുപെയ്യാന്‍ തുടങ്ങിയിരുന്നു. പാറിപ്പറന്നു കിടന്നിരുന്ന അവരുടെ മുടിയിതളുകളില്‍ മഞ്ഞുപൂക്കള്‍ രൂപപ്പെട്ടുകൊണ്ടിരുന്നു. അതുകണ്ടപ്പോള്‍ അവരുപയോഗിക്കാറുള്ള നീലക്കുടയുമായി ഞാന്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നതിന് അടുത്തേക്ക് ചെന്നു.
കല്ലറയില്‍ എഴുതിയിരിക്കുന്ന പേരില്‍ എന്‍റെ കണ്ണുകളുടക്കി; പിങ്കു.
പ്ലീസ് വേണ്ട കുട്ടീ.. ഗേറ്റിനടുത്ത് നിന്നോളൂ. ഇവിടേക്ക് മറ്റാര്‍ക്കും പ്രവേശനമില്ല, ക്ലബ്ബിലെ അംഗങ്ങള്‍ക്കെല്ലാതെ.
ഞാന്‍ കുടയുമായി തിരിച്ച് നടന്നു. അപ്പോഴും പിങ്കു ആരാണെന്നത് എന്‍റെ മനസ്സിലൊരു ജിജ്ഞാസയായി അവശേഷിച്ചു.
രണ്ടുവര്‍ഷമായി അവരുടെ കൂടെ പേയിംഗ് ഗസ്റ്റായി താമസിക്കുന്നത്. എന്നിട്ടും എനിക്കാസ്ത്രീയെ ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ദുരൂഹതകള്‍ നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി കയറിച്ചെല്ലണമെന്ന ഒരാഗ്രഹവുമില്ല. എന്നാലും പിങ്കു ആരാണെന്നറിയാന്‍ വെറുതെ മനസ്സുപിടച്ചു.
സെമിത്തേരിയിലെ കുഞ്ഞുകുരിശുകള്‍ കാണുമ്പോഴൊക്കെ അത്ഭുതമായിരുന്നു. ചുറ്റുമതിലിനുള്ളിലെ വലിയമരങ്ങളിലെ ചില്ലകള്‍ വെട്ടിയൊതിക്കിയിരുന്നത് കൊണ്ട് മറയില്ലാതെ മഞ്ഞ് ചെരിഞ്ഞുപെയ്തു.
അപ്പോഴാണ് ഞാനാകാഴ്ച കണ്ടത്. വെട്ടിയൊതുക്കിയ ചില്ലകള്‍ക്കിടയില്‍ മൂടപ്പെട്ട ആ ബോര്‍ഡ്.
ഗ്രേവ്യാഡ് ഫോര്‍ പെറ്റ്സ്.
സത്യത്തില്‍ ഇതൊരു പള്ളിയോടു ചേര്‍ന്നുള്ള ഗ്രേവ്യാഡ് ആയിരുന്നില്ല, നഗരത്തിലെ സമ്പന്നര്‍ മാത്രമുള്ള ക്ലബ്ബിലെ അംഗങ്ങളായവരുടെ വളര്‍ത്തുമൃഗങ്ങളെ അടക്കം ചെയ്യാനുള്ള സെമിത്തേരിയായിരുന്നു. പെറ്റ്ഡോഗുകളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരുടെ കൂട്ടായ്മ.
തിരിച്ചിറങ്ങുമ്പോള്‍ അവര്‍ ആദ്യമായി എന്നോട് ഉള്ളുതുറക്കുകയായിരുന്നു.
അയാള്‍ തന്നതായിരുന്നു എനിക്കാ പോമറേനിയന്‍ പട്ടിക്കുഞ്ഞിനെ. അവളുടെ പേരാണ് പിങ്കു. മനുഷ്യരേക്കാള്‍ വിശ്വസിച്ച് സ്നേഹിക്കാം മൃഗങ്ങളെ. ഒരു പക്ഷെ അയാളേക്കാള്‍ എന്നെ സ്നേഹിച്ചതും മനസ്സിലാക്കിയതും അയാള്‍ വാങ്ങിച്ചു തന്ന ആ പോമറേനിയനായിരുന്നു. തിരക്കുള്ള ജീവിതത്തിനിടയില്‍ അയാള്‍ എന്‍റെ ഏകാന്തതയെ തിരിച്ചറിയാന്‍ മറന്നുപോയി.
മാഡത്തിന്‍റെ ഭര്‍ത്താവ്.. ..?
ഒന്ന് മന്ദഹസിക്കുകയാല്ലാതെ അവര്‍ മറ്റൊന്നും പറഞ്ഞില്ല
മരിച്ചെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും.
തുന്നല്‍ പക്ഷിയുടെ വീട്, ഡിബോറ എന്നീ കഥാസമാഹാരങ്ങളും നിലാവിലേക്ക് തുറന്ന നിറകണ്ണുകള്‍ എന്ന കവിതാസമാഹാരാവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറ്റ്ലസ് കൈരളി പുരസ്കാരം, ദുബൈ കൈരളി പുരസ്കാരം, അബുദാബി ശക്തി കഥാപുരസ്കാരം, കേരളകൗമുദി പുരസ്കാരം, ദുബായ് ബുക്ക് ട്രസ്റ്റ് പുരസ്കാരം, ഷെറിന്‍ ജീവരാഗ സാഹിത്യപുരസ്കാരം, പ്രൊഫസര്‍ രാജന്‍വര്‍ഗ്ഗീസ് പുരസ്കാരം, യുവകലാസാഹിതി കഥാപുരസ്കാരം, അബുദാബി മലയാളിസമാജം പുരസ്കാരം, എയിം കഥാപുരസ്കാരം, സ്വരുമ പുരസ്കാരം, എന്‍ പി സി സി കൈരളി പുരസ്കാരം, ബ്രൂക്ക് ബെസ്റ്റ് സ്റ്റോറി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മലപ്പുറം തിരൂര്‍ ചമ്രവട്ടം സ്വദേശി. അധ്യാപകനായിരുന്നു. ഇപ്പോള്‍ ദുബായിലെ ഡല്‍ഹി പ്രൈവറ്റ് സ്കൂളില്‍ സീനിയര്‍ ലൈബ്രേറിയന്‍.