അടുപ്പത്ത് നീറ്റുവെള്ളത്തിൽ നുര പൊന്തിയപ്പോൾ കനൽക്കട്ടകൾ മാറ്റി കുന്തപ്പൻ അതിനെ തണുക്കാനിട്ടു. ഉള്ളു നിറഞ്ഞ മണമുയർന്നപ്പോൾ കരളിൽ തുടിച്ച ഉന്മാദം ഒരു ചിരിയായുയർന്നു. കൊച്ചേരിയുടെ മലമാണ്. തണുക്കാൻ നേരമെടുക്കും. പട്ടടയിലേയ്ക്കെടുക്കും മുൻപ് കുളിപ്പിക്കാൻ അടിത്തുണിയുരിഞ്ഞപ്പോൾ കൊച്ചേരി കുന്തപ്പനു വേണ്ടി നേദിച്ച അവസാന പിണ്ഡം. വട്ടയിലയിൽ പൊതിഞ്ഞ് തലയിണക്കീഴിൽ വച്ചിട്ട് ഏഴുനാൾ കഴിഞ്ഞിരുന്നു, മണമേറണം. പാകമായപ്പോൾ മുപ്പതുനാൾ മുമ്പ് ചില്ലുകുപ്പിയിൽ കോർക്കിട്ട് ഇറുക്കിയടച്ച് പഴക്കാനിട്ട കശുവിൻ നീരും, താതിരിപ്പൂവും, പത്രിയും ചേർത്ത് പുഴുങ്ങി ആവി നീരാക്കിയ നാടൻ വാറ്റ് ചെറിയ ഓട്ടുമോന്തയിൽ പകർന്നു രണ്ടു മൂന്നാവർത്തി സേവിച്ച്, ലഹരിക്കുണർവിടാൻ അല്പം കറുപ്പും വായിലിട്ട് കുന്തപ്പൻ പണി തുടങ്ങി.
“ഇച്ചോനേ… “
തെക്ക് മൺകൂനയ്ക്കടിയിൽ നിന്നും കൊച്ചേരി വിളിക്കുന്നു.
”ന്നാ പ്പോ കൊച്ചേ… പണിയണ കാണണില്ലേ?
ഒറങ്ങിക്കോ നീയ്”.
“ഒറക്കം പോയപ്പാ… ൻ്റെ പിന്ധേടുത്തിട്ട് ന്നെ കുട്ടാണ്ട് ങ്ങള് തന്നെ മോന്തുവാ?”
“വര്ണ് ണ്ട്…”
കശുവിൻ വാറ്റ് ചെറു കുപ്പിയിൽ പകർന്ന് മൂടിയടയ്ക്കാതെ മൺകൂനയുടെ തലയ്ക്ക് തെക്ക് വച്ച് കുന്തപ്പൻ മൊഴിഞ്ഞു.
“നെനക്കൊള്ളത് ദാണ്ടെ…”
മൺകൂനയ്ക്കടിയിൽ നിന്നും കൊച്ചേരിയുടെ ഇക്കിളിച്ചിരികേട്ടു .
ഉയർന്ന മാറിടമിളക്കിയുള്ള കൊച്ചേരിയുടെ ചിരി കുന്തപ്പനെ എന്നും ഹരം പിടിപ്പിക്കുന്നതു തന്നെയായിരുന്നു. കൊലുസിട്ട ചിരി അടുത്തറിയാൻ കുന്തപ്പൻ മൺകൂനയിൽ ഇടതു ചെവി ചേർത്തുവച്ച് ഏറെ നേരം കിടന്നു.
”കൊച്ചേ…സുഖല്ലേ വ്ടെ…?”
“ആണ്….പച്ചേങ്കില്….”
അർദ്ധവിരാമം കൊണ്ട കൊച്ചേരിയുടെ വാക്കുകളിൽ കുന്തപ്പന് ആകാംക്ഷയുണ്ടായി.
“ന്താ പ്പോ കൊച്ചേ.. ഒരു പച്ചേങ്കില്..?”
“അപ്പനുണ്ടടുത്ത്. മുണ്ടാൻ പറ്റണില്ല… കരയുവാ….”
കുന്തപ്പൻ നിശബ്ദനായി. ഇരുളിലടയിരിക്കുന്ന ഭൂതകാലത്തിൻ്റെ കയ്പുരസം അയാൾ പുറത്തേയ്ക്കു തുപ്പി. പാപത്തിൻ്റെ കറ പുരണ്ട കൈകൾ ഉടുത്തിരിക്കുന്ന മുക്കാൽ തോർത്തുമുണ്ടിൽ അമർത്തിത്തുടച്ചു.
“വിശമായല്ലേ..? ഇച്ചോനേ ഓർക്കണ്ട ഒന്നും എനിക്കല്ലേ അറിയൊള്ള് എല്ലാം. ഏൻ സഹിച്ചോളാം”.
ശരിയാണ് കൊച്ചേരിക്ക് മാത്രം അറിവുള്ളതാണെല്ലാം. കൊന്നു തരാൻ അപ്പൻ പതം പറഞ്ഞ് കരഞ്ഞപ്പോൾ ഉടുക്കാശാൻ്റെ കടയിൽ നിന്നും വാങ്ങിയ പച്ച റൊട്ടി അപ്പാടെ വായിൽ കുത്തിയിറക്കുകയായിരുന്നു. പഴയ കൈലിത്തോർത്തുകൊണ്ട് വട്ടത്തിൽ കെട്ടിയുണ്ടാക്കിയ ചുമ്മാട് മൂക്കിൽ ചേർത്തമർത്തി. ആംഗ്യ ഭാഷയിൽ വെള്ളം യാചിച്ചപ്പോൾ, കോണകവളളി പൊട്ടിച്ച് അവസാനമലം വട്ടയിലയിലേയ്ക്ക് പാർന്ന്, നേരത്തേ കരുതിത്തീർത്ത എട്ടടി താഴ്ന്ന കുഴിയിലേയ്ക്ക് വലിച്ചിട്ട് മൂടി. വട്ടയിലയിലെ മലത്തിൻ്റെ കിതപ്പടങ്ങിയപ്പോൾ മരണം കുറിച്ചു തിരിഞ്ഞു.
സൂര്യമുഖമൊളിച്ച് തെക്കോട്ട് തൊഴുകൈയുമായി നിന്ന കൊച്ചേരി പറഞ്ഞു.
“വേണ്ടാർന്നു…”
“അടങ്ങിക്കെടന്നോളണം വ്ടെ. ഒളിപ്പണി കുറുമ്പത്തൂരെ കുഞ്ഞുരാമൻ തമ്പ്രാനാ. പഴയത് വേണം. മുണ്ടണ്ട.”
കറുകപ്പല്ലെടുത്ത് ദർഭയുണ്ടാക്കി, വലതു കയ്യിലെ അണിവിരലിലിട്ട് ,ഓട്ടു മൊന്തയിൽ കാട്ടു തെച്ചി പകുതിയെടുത്ത് വെള്ളം നിറച്ച്, എള്ളും പച്ചരിയും വലതു കയ്യിലെടുത്ത് മൊന്ത വെള്ളം കൈ കഴുകി കുഴിയിൽ കമഴ്ത്തി കുന്തപ്പൻ അലറി…
“എനി പൊക്കോണം. ഒളിപ്പണിക്ക് മറുപണിയില്ല.”
ഓർമ്മകൾ ഒരു പൊട്ടിച്ചിരിയിലമർത്തി മുഖം താഴ്ത്തി തിരിഞ്ഞു നടന്നപ്പോൾ കൊച്ചേരിയുടെ ഏങ്ങലടിക്കൊപ്പമുയർന്ന വാക്കുകൾ കുഴിമാടത്തിനുള്ളിൽ നിന്നും കുന്തപ്പൻ കേട്ടു. “തൈവങ്ങളേ.. എത്ര നാള് ഏനീ കരച്ചില് കാണും… “
തണുക്കാനിട്ട പിണ്ഡദ്രവ്യത്തിൽ കുന്തപ്പൻ കൈത്തലപ്പിട്ടു നോക്കി. ആറിയിരിക്കുന്നു, മണവുമുണ്ട്. നീറ്റുവെള്ളത്തിൽ കടുപ്പിച്ചാൽ മണമേറും. അവസാന പിണ്ഡത്തിൽ അസ്ഥിയുടെ വിയർപ്പു തോടുണ്ടാവും, മജ്ജയുടെ കരുത്തും.
കയ്യിൽ പറ്റിപ്പിടിച്ച ശിഷ്ടദ്രവ്യം മൺചട്ടിയുടെ വക്കിൽ വടിച്ച്, ശേഷം ഉടുത്തിരിക്കുന്ന തോർത്തുമുണ്ടിൽ തുടച്ച് നേരത്തേ കരുതിവച്ച വാളൻപുളിമരത്തിൻ്റെ തളിരിലകൾ കുന്തപ്പൻ അടർത്തുവാനാരംഭിച്ചു. ദ്രവ്യം തണുത്തെന്നുറപ്പിച്ച ശേഷം തളിരില ധാരാളം അതിൽ നേദിക്കണം. വാടാത്ത പുളിയില ചേർത്ത പിണ്ഡദ്രവ്യം മൺകുടം പൊട്ടിച്ച് ചൊരിഞ്ഞാൽ ഒളിപ്പണിക്കാരൻ നാലുനാൾ ഉറങ്ങിയുണരുന്നതുവരെ പുളിയില ആർക്കും അനുസരണയില്ലാതെ കാത്തു കിടക്കും. അതാണു വേണ്ടതും.
പുളിയില ചേർത്ത പിണ്ഡദ്രവ്യം മൺകുടത്തിൽ നിറച്ച്, കുന്തപ്പൻ അത് വാഴയിലയാൽ മൂടിക്കെട്ടി. ശേഷം, ഓല ചായ്പിൻ്റെ ചാണകം മെഴുകിയ തിണ്ണയിൽ ചമ്രം പിടിച്ചിരുന്നു. ഇനി ഉള്ളിൽ ഉമിത്തീയായി എരിയുന്ന ചിന്തകളിലേയ്ക്ക് മതിയാവോളം അഗ്നി നിറയ്ക്കണം. അത് ഒരു ജ്വലിക്കുന്ന തീക്കട്ടയാവുമ്പോൾ കൈകാലുകളിലേയ്ക്ക് പടർത്തണം. കോർക്കിട്ടടച്ച കുപ്പികളിൽ നിന്നും കടുപ്പമുള്ള ആദ്യ നീരിൻ്റെ കുപ്പി തെരഞ്ഞെടുത്തു. കടിച്ചു തുറന്ന് ഓട്ടു മൊന്തയിലേയ്ക്ക് പകർത്തുമ്പോൾ തലച്ചോറിൻ്റെ ഉന്മാദം കുമിളകളായി അതിൽ നുരഞ്ഞു പൊന്തി.
അഗ്നികോണത്തിലേയ്ക്ക് ചന്ദ്രനെത്താൻ ഇനിയുമേറെ ദൂരം. ഒളിപ്പണിക്ക് സഹചാരിയായി പ്രപഞ്ച സത്യങ്ങളെക്കെടുത്തുന്ന പാപകർമ്മത്തിനുള്ള ഏക സാക്ഷി. ഓട്ടുമൊന്ത മൂന്നുവട്ടം കാലിയായപ്പോൾ അരയിലെ പിച്ചാത്തിക്കുടുക്കിൽ നിന്നും വീണ്ടും കറുപ്പിൻ്റെ ചെറിയ കൂജ തുറന്നു. അത് വായിലിട്ട് ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ച് പാലുണ്ണി വൈദ്യരെ മനസ്സിലേയ്ക്കാവാഹിച്ചു. കവടിപ്പലകയിൽ ജനിമൃതികളുടെ അച്ചിട്ട ചിത്രം വരച്ച് ഗ്രഹങ്ങളെ നിലയ്ക്കു നിർത്താൻ കെല്പുള്ള ഗജകേസരി. മർമ്മത്ത് വിരൽ ചേർത്ത് വിരോധികളെ ആയുഷ്ക്കാലം മുഴുവൻ ഉന്മാദ ചിത്തനാക്കുന്നവൻ. ചന്ദ്രനേയും ഗ്രഹങ്ങളെയും കൈപ്പിടിയിൽ നിന്നും സ്വതന്ത്രരാക്കി, പാലുണ്ണി ഗാഢ – നിദ്രയിലമരുന്ന നാലാം യാമത്തിൽ ശേഷ കാലം തൻ്റെ കൊച്ചേരിയുടെ അമേദ്യം കൊണ്ട് പാലുണ്ണി വൈദ്യരുടെ പശിയടങ്ങണം. തൻ്റെ പിതാമഹന്മാർ പാരമ്പര്യമായി പകർന്നു തന്ന നീതി, നിർവ്വഹിക്കണം.
“ഇച്ചോനേ.. “
കുഴിമാടത്തിനുള്ളിൽ നിന്നും വീണ്ടും കൊച്ചേരിയുടെ വിളി.
“ന്താ പ്പോ കൊച്ചേ…?”
“കുപ്പി മൂന്നുകാലിയായില്ലേ… ഇന്നു വേണ്ട … കാലിടറും… മനമിളകും… “
“നെന്നോട്ടു ചെയ്തീതൊക്കെ മറന്നോ…?”
“ത് ന്നി ഓർത്തിട്ടെന്തിനാ…”
കൊച്ചേരി പിന്നെയും കരയുന്നു
അസഹനത്തിൻ്റെ ആവിയിൽപ്പിടഞ്ഞ കുന്തപ്പൻ പിന്നെയും പൊട്ടിച്ചിരിച്ചു. ആത്മരോഷങ്ങളെ ഉണർത്തുകയും, താത്കാലികമായി കെടുത്തുകയും ചെയ്യുന്ന പച്ച മനുഷ്യൻ്റെ ചിരി.മനസ്സിൽ മണ്ണോടു ചേർന്ന കരിവീട്ടിയുടെ കാതൽ പോലെ ജ്വലിക്കുന്ന കൊച്ചേരിയുടെ രൂപം നിറഞ്ഞു നിൽക്കുന്നു.
കാട്ടു തേൻകണ്ടുറപ്പിക്കാൻ കാടേറിയ കൊച്ചേരി, അടയാളം കോറി തിരിച്ചു കാടിറങ്ങുമ്പോഴാണ് വഴിച്ചോലയിൽ വച്ച് പാലുണ്ണി വൈദ്യരെ കാണുന്നത്. കവടിപ്പലകയുടെ കായസഞ്ചി ഓരത്ത് വച്ച് അടുത്തേയ്ക്ക് വന്ന പാലുണ്ണി വൈദ്യർ, കൊച്ചേരിയുടെ കറുത്തിരുണ്ട മുഖത്തെ വശ്യമായ കണ്ണുകളും, ശ്വാസഗതിയ്ക്കൊപ്പം ചലനം കൊള്ളുന്ന ഉയർന്ന മാറിടങ്ങളും കണ്ട് ഇമ ചിമ്മാതെ കൊതിയോടെ നോക്കി നിന്നു. റവുക്ക വലിച്ചൂരിയിട്ടും പ്രതിഷേധ മറിയിക്കാതെ ഒരേ നിൽപ്പിൽ കൊച്ചേരി നിലകൊണ്ടപ്പോൾ വൈദ്യർക്ക് കൈത്തരിപ്പേറി.
പാടല വർണ്ണം പൂണ്ട പൊറ്റിൽ അടയിരിക്കുന്ന തേനീച്ചക്കൂട്ടങ്ങളെ മാടിത്തലോടിയെടുക്കണം. ഇടതു കയ്യിൽ നെഞ്ചോടു ചേർത്തു പിടിച്ച ചെറുകൂട്ടിലേയ്ക്ക് മധുര റാണിയ്ക്കൊപ്പമുള്ള സ്വപ്നാടനം അവസാനിക്കുമ്പോൾ കൂടടച്ച് പൊറ്റ് പാത്രത്തിലേയ്ക്ക് ചണ്ടിയാവും വരെ പിഴിഞ്ഞൊഴിക്കണം.
കാട്ടുതേനിൻ്റെ മധുരമൂറുന്ന മാദകമണത്തിൽ പാലുണ്ണി വൈദ്യർ സ്ഥലകാലങ്ങൾ മറന്നു.കൊച്ചേരിയുടെ ഇടതു കൈ വൈദ്യരുടെ ജനനേന്ദ്രിയത്തെ ഒരു കരിമൂർഖൻ്റെ ശക്തിയോടെ അമർത്തി ഞെരിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. അസഹനീയമായ വേദനയാൽ പുറകോട്ടു മലക്കം മറിഞ്ഞ പാലുണ്ണി വൈദ്യർ ഓടി രക്ഷപെടാൻ തുടങ്ങിയ കൊച്ചേരിയുടെ കാലുകളിൽ തൻ്റെ വലതുകാൽ ആഞ്ഞുവീശി അടിതെറ്റിച്ചു. കമഴ്ന്നു വീണുടൽ തിരിച്ചെഴുന്നേൽക്കാൻ തുടങ്ങിയ കൊച്ചേരിയുടെ അടിവയറ്റിൽ പാലുണ്ണി വൈദ്യർ ആഴത്തിൽ തൻ്റെ പെരുവിരൽ കുത്തിയിറക്കി.
കുടിയിലെത്തി, ഒരു രാവും ഒരു പകലും ഒരേ കിടപ്പിൽ തള്ളി നീക്കി, അടിവയറ്റിൽ മുള പൊട്ടി നിന്ന കുരുന്നു ജീവനുമായി കൊച്ചേരി കുന്തപ്പനോട് എന്നന്നേയ്ക്കുമായി യാത്ര പറഞ്ഞു. പിന്നെയും ഒരു രാവും, ഒരു പകലും കൊച്ചേരിയുടെ തലയ്ക്കൽ കുന്തപ്പൻ കാത്തിരുന്നു. അവളെ കൊതിതീരുവോളം നോക്കിക്കണ്ടു. മരിച്ചടഞ്ഞ കൊച്ചേരിയുടെ കണ്ണുകളോട് സംസാരിച്ചു. മണ്ണിൽ മറച്ചാലും, ഉറച്ചു വിളിച്ചു വിശേഷം പറയാൻ അവളെ പഠിപ്പിച്ചു. മണ്ണിടും മുമ്പ് കൊച്ചേരി പറഞ്ഞു.
“വ് ടെ അടുത്ത്… അപ്പൻ കരയ്ണ് ണ്ട്…”
ചുവന്ന പട്ടുകൊണ്ട് മുഖം മറച്ച്, മണ്ണിനെ ഹൃദയമാക്കി കീറി വലിച്ചിടുമ്പോൾ പാപകർമ്മങ്ങളുടെ ഒടുങ്ങാത്ത നോവിൻ്റെ കഥകളുമായി കാടകം കയറിയിറങ്ങിയ കാറ്റുകൾ മടങ്ങിപ്പോയിരുന്നു.
“ഇച്ചോ… പശിക്കണടാ… അപ്പന് പശിക്കണ്.. “
വിശപ്പ് ഒരു ഉന്മാദമായി അപ്പനെ അലട്ടിയ അവസാന നാളുകൾ. മലദൈവങ്ങളുടെ കണ്ണുകൾ മൂടിക്കെട്ടി ചെയ്യുന്ന പാരമ്പര്യത്തൊഴിലിന് ദൈവം കൊടുത്ത പ്രതിശിക്ഷ. നടവഴികൾ അവസാനിക്കും മുൻപ് , എത്ര തിന്നാലും വിശപ്പടങ്ങാതെ കരയാൻ വിധിക്കുന്ന പാരമ്പര്യ ശാസ്ത്രത്തിൻ്റെ കൈപ്പിടിയിലേയ്ക്ക് അപ്പനും വഴുതി വീണു. അപ്പന് അന്നമൂട്ടി കനത്ത ദാരിദ്ര്യത്തിലേയ്ക്ക് നിപതിച്ച നാളുകളിൽ, ഒരു ജീവചക്രത്തിൻ്റെ പ്രയാണമുഹൂർത്തം വിനാഴികകൾ കുറിച്ചളന്ന് കുന്തപ്പൻ്റെ നാവിൻതുമ്പിൽ വാക്കായ് പ്രകൃതി നിയമം രചിച്ച മദ്ധ്യാഹ്നം.
“തീറ്റിത്തീറ്റി മടുത്തപ്പാ… വലയ്ക്കാണ്ട് പൂവ്വാൻ പാടില്ലേ… മലമൂട്ടി വാങ്ങണ കായിന് കൊണവില്ലപ്പാ… ഏൻ ഇപ്പണി നിർത്തുവാ.’
”ന്നാ… കൊന്നു താടാ നായേ… കൊന്നു താ….”
“തു കണ്ടാ… എനക്കും കൊച്ചിനും പശി മാറ്റാനുള്ള പച്ചറൊട്ടിയാ… ഇതും കൂടി തിന്നോ…. ഒടുക്കത്തെ തീറ്റ …! “
ആവർത്തനങ്ങളുമായി പുതിയ കാലചക്രം പ്രയാണം കൊണ്ടു. മേഘക്കെട്ടുകളിൽ മൂടപ്പെട്ട ചന്ദ്രനുമായി കറുത്തിരുണ്ട രാവുകൾ കുന്തപ്പനിലൂടെ ഒരു പാട് കടന്നു പോയി. കുലത്തിലും, വഴിയിലും ഒറ്റപ്പെട്ട് ആഭിചാരങ്ങളുടെ കർമ്മകാണ്ഡത്തിനായി ചന്ദ്ര വെളിച്ചം തേടി അയാൾ കാത്തിരുന്നു. അവസാനം കർമ്മഫലങ്ങളുടെ തുടർപ്രയാണ മുഹൂർത്തം കുന്തപ്പനു മുമ്പിൽ വാതിൽ തുറന്നപ്പോൾ, അഗാധമായ നിദ്രയിൽ നിന്നുമുണർന്ന പാലുണ്ണി വൈദ്യർ കൈകാലുകളും മുഖവും കഴുകി കവടിപ്പലകയുടെ മുന്നിൽ നമ്രശിര്ക്കനായി ഏകാഗ്രതയോടെ കണ്ണുകളsച്ച് ഇരിപ്പുറപ്പിച്ചു. കടുത്ത പരീക്ഷണങ്ങളുമായി ആറാം ഭാവത്തിൽ നിൽക്കുന്ന ലഗ്നാധിപനെ പാലുണ്ണി വൈദ്യർ സ്വയം നോക്കിക്കണ്ടു. ശേഷം കന്തപ്പൻ്റെ മുഖം മനസ്സിലാവാഹിച്ച് കവടിപ്പലകയിൽ മനസ്സർപ്പിച്ചു.
മേടം വൃശ്ചികരാശി,. കുജൻ ലഗ്നാധിപതി, പാപ മദ്ധ്യസ്ഥിതൻ ചന്ദ്രൻ. പാലുണ്ണി വൈദ്യരുടെ മുഖത്ത് അഭൗമമായ ഒരു പുഞ്ചിരി വിടർന്നു. കാടകത്തിനിപ്പുറം സഹചാരിയായി ചന്ദ്രനുണ്ട്. ചിതറിയ മേഘക്കീറുകൾ മരിച്ചടഞ്ഞ ആൾരൂപങ്ങളാവുന്നു. തമസ്സിനെ ഗ്രസിക്കുന്ന വനാന്തരത്തിൽ മരണം കാവൽ നിൽക്കുന്നു. കുന്തപ്പൻ വിജനമായ വഴിച്ചോലയിലേയ്ക്ക് ഏറെ നേരം നോക്കി നിന്നു. ശേഷം വാഴയില കൊണ്ട് മൂടിക്കെട്ടിയ മൺകുടം ഇടതുതോളിലേറ്റി ,വാതിൽപ്പലകയുടെ ഓരത്ത് തൂക്കിയിട്ടിരിക്കുന്ന കയർച്ചുറ്റെടുത്ത് വലതു തോളിലിട്ട് പതുക്കെ പടിയിറങ്ങി.
കൊച്ചേരി കരയുന്നുണ്ട്, അണമുറിയാതെ പെയ്യുന്ന ഒരു മഴ പോലെ… നേർത്ത തേങ്ങലായി.
ഇരുളിലടയിരിക്കുന്ന വിഴുപ്പുകളും, യാതനകളും, സങ്കടങ്ങളും ഒരു പിടി ചാരമാക്കി മനസ്സിലേയ്ക്കാവാഹിച്ച് ചന്ദ്രബിംബത്തിൻ്റെ മറുതലയ്ക്കലേയ്ക്ക് നടകൊള്ളുമ്പോൾ പകയുടെയും, വെറുപ്പിൻ്റെയും മുള്ളാണി തടഞ്ഞ ചാര ദംശനം – പാലുണ്ണി വൈദ്യർ …!
പതുക്കെ കാട്ടുവഴിയ്ക്കരികിലൂടെ കലശക്കുടമുടയ്ക്കാൻ വെമ്പുന്ന താന്ത്രികൻ്റെ രൗദ്രഭാവത്തോടെ കുന്തപ്പൻ നടന്നു നീങ്ങി. കാടകത്തെ മുത്തിയമ്മക്കോവിലിൽ നിന്നും കൊടുതിക്കു മുൻപുള്ള ചാറ്റുപാട്ടുയർന്നു. കൊച്ചേരിയുമൊത്ത് ചാറ്റുപാട്ടിന് താളം പിടിച്ച പോയ കാലങ്ങൾ ഒരു കുരമ്പായി കുന്തപ്പൻ്റ മനസ്സിനെ നീറ്റി. മരിച്ചവർക്ക് പടുക്ക കൊടുക്കാനൊരുങ്ങുന്ന കാട്ടുപൂക്കളുടെ മാദകമായ ചാവുമണം അയാളെ വിഴുങ്ങി.
പാലുണ്ണി വൈദ്യരുടെ പടിപ്പുര വാതിൽ കുന്തപ്പനു വേണ്ടി ചിരിച്ചു തുറന്നു കിടക്കുന്നു. ആഭിചാരത്തിൻ്റെ രൗദ്രകാളീ മുഖം. പടിപ്പുര കടക്കുമ്പോൾ, ഗണകപ്പുര മുറ്റത്ത് കുന്തപ്പനിലൂടെ ചന്ദ്രൻ മേഘപ്പരപ്പുകളുടെ മഷിത്തുണ്ടെടുത്ത് മൗനപേടകം തുറക്കാത്ത കറുത്ത സന്യാസിയുടെ നിഴൽച്ചിത്രം വരയ്ക്കുകയായിരുന്നു അപ്പോൾ. വൈദ്യമOത്തിൻ്റെ വടക്കു കിഴക്ക് ദിക്കിനെ ലക്ഷ്യമാക്കി നിശബ്ദമായ പാദ ചലനങ്ങളോടെ കുന്തപ്പൻപതുക്കെ നടന്നു. ചുറ്റുമതിൽ കെട്ടിയ കിണറിനു ചാരെ മൺകുടമിറക്കി വച്ച് നിവർന്ന് മരക്കപ്പിയിൽ തലയിടിക്കാതെ അഗാധതയിലെ നീരുറവയിലേയ്ക്ക് കുന്തപ്പൻ എത്തി നോക്കി. നീർക്കയത്തിലെ ജല താളങ്ങൾക്കൊപ്പം ഇളകിയാടുന്ന ചന്ദ്രബിംബം – ഒളിപ്പണിയിലെ തൻ്റെ സഹചാരി.
“കുന്തപ്പാ.. തൊടങ്ങ് ല്ലേ.”
ചന്ദ്ര വെളിച്ചത്തിനൊപ്പം മരിച്ചടഞ്ഞ ആത്മാക്കളും കുന്തപ്പനായി വാമൊഴി പാടുന്നു. മനസ്സിൽ ആളിപ്പടരുന്ന അഗ്നിയിൽ നിന്നും ഉയിർപ്പു നേടുകയാണു കുന്തപ്പൻ.
“ഹ തേ … തൊട് ങ്ങാണ്…”
വലതു തോളിൽ കരുതിയ കയർച്ചുറ്റ് മാടിയെടുത്തു. കൊച്ചേരിയുടെ അവസാന പിണ്ഡം ഇനിയുള്ള കാലം പാലുണ്ണിയുടെ വിശപ്പിനെ ഊട്ടിത്തഴുകണം. മൺകുടത്തിൻ്റെ കഴുത്തിൽ കുന്തപ്പൻ കയർച്ചുറ്റിൻ്റെ കുടുക്ക് മുറുക്കി. ഇനി കയർ ചുറ്റിന് പിൻബലം നൽകി പതുക്കെ കിണറിലേയ്ക്കിറക്കണം. ഇഹത്തിലെ പര ദൈവങ്ങൾ മിഴി പൂട്ടുകയാണോ, അതോ ആത്മപീഢയിലുരുകുന്ന കേവലനിലേയ്ക്ക് ആസുരത്തിൻ്റെ വിഷ ബീജമെറിയാൽ വഴികൊടുക്കുകയാണോ? പരസ്പരപൂരകങ്ങളാവേണ്ട നിലാവിൻ്റെ സാമമന്ത്രങ്ങൾ മജ്ജയും, മാംസവും കരുത്തുമില്ലാത്ത നിർജീവ ജഡങ്ങളാവുന്നു. പക്ഷേ പ്രപഞ്ചമോ അതോ ഈശ്വരചൈതന്യമോ താള ഭംഗത്തെത്തടുക്കാൻ ഊന്നുവടിയുടെ ഇരുമ്പുദണ്ഡുമായി ഇവിടെയും കാത്തിരിക്കുന്നുണ്ട്.
അപ്രതീക്ഷിതമായി തലയിലേറ്റ കനത്ത പ്രഹരത്തിൻ്റെ ആഘാതത്തിൽ കാലുകൾ നീർത്തി കുന്തപ്പൻ തറയിലേയ്ക്കിരുന്നു പോയി. ആത്മാവിൻ്റെ ഉറച്ച രോദനം ഒരു നോവായി അയാളിൽ നിന്നുമുയർന്നു.
“ഏൻ്റെ തെയ്വങ്ങളേ……”
കൈകൾ പുറകിലേയ്ക്ക് കുത്തി. കണ്ണുകൾ ചന്ദ്രാഭിമുഖമാക്കി കടുത്ത വേദനയോടെ തളർന്നിരുന്ന കുന്തപ്പനിലേയ്ക്ക് പാപ മദ്ധ്യസ്ഥിതനായ ചന്ദ്രൻ്റെ കാൽപ്പാദം ഉയർന്നു താണു. മർമ്മ വിദഗ്ദ്ധൻ പൊക്കിൾക്കൊടിക്കു താഴെ പെരുവിരൽ ആഴത്തിൽ കുത്തിയിറക്കുമ്പോൾ കുന്തപ്പൻ വേദന കൊണ്ടു പുളഞ്ഞു. കരുണയ്ക്കായി മലദൈവങ്ങളോട് അയാൾ യാചിച്ചു. ആകാശത്ത് അശരീരി പോലെ ഉയർന്ന ഒരു മന്ത്രണം ഒരു പക്ഷേ, കുന്തപ്പൻ അപ്പോൾ കേട്ടിരിക്കാനിടയില്ല.
‘ടാ.. കുന്തപ്പാ… ത് നെനക്കുള്ള മറുപണിയാ…. രണ്ടേകാൽ ദിനം നീ ഇഴഞ്ഞു മേവും. നാവനങ്ങില്ല…. കണ്ണ് മറിയും നീരൊഴുകും. ഒടുക്കത്തെ വിശപ്പ് നിന്നെ വിഴുങ്ങും. വ് ടെ തീര്വാണ് നെൻ്റെ പരമ്പര. അവസാനം മണ്ണിൽ മറയാതെ ചീഞ്ഞ് പുഴുത്ത് ദ്രവിച്ച് നീ അസ്ഥിശേഷനാവും”
ദിക്കുകൾ കേട്ട മന്ത്രണം കാലത്തിൻ്റെ നിത്യ സ്പന്ദനങ്ങളിലേയ്ക്ക് വഴിമാറി. ആഭിചാര കർമ്മങ്ങളുടെ അവസാനിച്ച തലമുറയെ നോക്കി കോടാനുകോടി ചരാചരങ്ങൾ ഇമയനക്കി. തെറ്റിനെ തെറ്റോടെ നേരിട്ട പുതിയ ശരികളുമായി വീണ്ടും പ്രഭാതത്തിൻ്റെ കിഴക്കേ വാതിൽ തുറക്കപ്പെടുന്നു…..! ചന്ദ്രനൊപ്പം കുന്തപ്പനും നിഷ്പ്രഭനാവുകയാണ്.
ഇഴഞ്ഞെത്തി കൊച്ചേരിയുടെ മൺകൂനയെ അടക്കിപ്പിടിച്ച് ഒടുങ്ങാത്ത വിശപ്പോടെ കുന്തപ്പൻ നിശബ്നായി കരഞ്ഞു കൊണ്ടേയിരിക്കുന്നു. ഉത്തരമില്ലാത്ത കൊച്ചേരിയുടെ വിളി ദിക്കുകളെ ഭേദിക്കുന്നുണ്ട്
”ഇച്ചോനേ….. ”