ലാറ്റിനമേരിക്കൻ രാഷ്ട്രീയവും സാഹിത്യവും നമ്മൾ നന്നായി മനസിലാകും. അതിലൊക്കെ അഭിപ്രായം പറയുകയും ചെയ്യും. എന്നാൽ നമ്മുടെ തൊട്ടയലായ തമിഴ് നാട്ടിലെ സാഹിത്യമോ നമുക്ക് അജ്ഞാതമായിരുന്നു. നമ്മൾ അത് അന്വേഷിക്കുകയോ മനസിലാകുകയോ ചെയ്യുന്നില്ല. സമകാലിക സാഹിത്യം എന്ന് പറഞ്ഞു വരച്ചുകാട്ടുന്നതോ ഭൂതകാലത്തെ വിശേഷങ്ങലും ആയിരിക്കും.’ തന്റെ സാഹിത്യ രാഷ്ട്രീയ നിലപാടുകൾ ടി ഡി രാമകൃഷ്ണൻ വ്യക്തമാക്കിയത് ഇങ്ങനെയാണ്. ഇതിന്റെ വിശദമായ തെളിവ് നൽകലായിരുന്നു അദ്ദേഹത്തിന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ. ശ്രീലങ്കയിലെ തമിഴ് മനുഷ്യാവകാശ പ്രവർത്തക രജനി തിരണഗാമയുടെ ജീവിതത്തെ ആധാരമാക്കി തമിഴ് വംശീയതയെയും സ്വാതന്ത്രബോധത്തെയും വിശകലം ചെയ്യുകയായിരുന്നു ടി ഡി.
ഗലേറിയ ഗാലന്റ് അവാർഡ് നേടിയ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന കൃതിയിലൂടെ ടി ഡി രാമകൃഷ്ണന് ഇത്തവണത്തെ വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരവും സ്വന്തമായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കെ.സുരേന്ദ്രൻ നോവൽ പുരസ്ക്കാരം, എ.പി. കളയ്ക്കാട് പുരസ്ക്കാരം, മലയാറ്റൂർ പുരസ്കാരം, മാവേലിക്കര വായനാ പുരസ്ക്കാരം എന്നിവയും സുഗന്ധി എന്ന ആണ്ടാൾ ദേവനായകി നേടിയിട്ടുണ്ട്.
വയലാറിന്റെ ചരമ ദിനമായ ഒക്ടോബര് 27 നു തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പ്രൊ.തോമസ് മാത്യു, ഡോ. കെ.പി. മോഹനൻ, ഡോ. അനിൽ കുമാർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്.
തൃശൂർ കുന്നംകുളം എയ്യാലിൽ സ്വദേശിയായ ടി ഡി രാമകൃഷ്ണൻ റയിൽവേയിൽ നിന്ന് ചീഫ് കണ്ടഡിട്രോളിങ് ഓഫീസറായിരിക്കെ സ്വയം വിരമിച്ചതാണ്. ഏറെക്കാലം പാലക്കാടും കോഴിക്കോട് ചെന്നൈ എന്നിവിടങ്ങളിലുമായാണ് ജോലി നോക്കിയത്. തമിഴ് എഴുത്തുകാരുടെയും പ്രമുഖരുടെയും അഭിമുഖങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ആൽഫ എന്നതാണ് ആദ്യ നോവൽ. പിന്നീട് ഫ്രാൻസിസ് ഇട്ടിക്കോര. നാടിന്റെ പുരാവൃത്തവും മായികതയും ഇടകലർന്ന ഈ നോവലും ഏറെ ശ്രദ്ധേയമായി. ശോഭാശക്തിയുടെ മ് എന്ന കൃതിയുടെയും ചാരുനിവേദിതയുടെ തപ്പുതാളങ്ങളുടെയും മലയാള വിവർത്തനം, തമിഴ് മൊഴിയഴക് എന്ന അഭിമുഖ സമാഹാരം, സി വി ശ്രീരാമനും കാലവും എന്ന അഭിമുഖ പുസ്തകം, സിറാജുന്നിസ എന്ന കഥാസമാഹാരം എന്നിവയാണ് കൃതികൾ.