ഖബർ(നോവൽ)

സാഹിത്യരചനകളുടെ ഒട്ടുമിക്ക കഥകളിലും കേൾക്കാറുള്ള ഒന്നാണ് ദിവസങ്ങൾ, മാസങ്ങൾ , വർഷങ്ങൾ എടുത്ത രചനാ വേദനകളും അവയുടെ പിന്നാമ്പുറക്കഥകളും. ചില രചനകൾ പോലും നോവൽ രചനയുടെ കാലത്തെക്കുറിച്ചാകാറുണ്ട്. നോവലെഴുത്തിനെക്കുറിച്ചുള്ള നോവലുകൾ! കെ.ആർ.മീരയുടെ ആരാച്ചാർ എന്ന നോവലിൻ്റെ വായനക്ക് ശേഷം മീരയെ വായിക്കുന്നത് മീരാസാധു എന്ന നോവലാണ്. ശേഷം വളരെ നാളത്തെ ഇടവേളക്ക് ശേഷം ലഭിച്ച വായനയാണ് ഏറെ വായിക്കപ്പെട്ട ഖബർ എന്ന നോവൽ.

ഭാവന എന്ന ജില്ലാ ജഡ്ജിൻ്റെ ജീവിതത്തിലെ കുറച്ചു സംഭവങ്ങളെയാണ് ഈ നോവൽ പരിചയപ്പെടുത്തുന്നത്. പ്രണയവിവാഹിതയാണെങ്കിലും ദാമ്പത്യത്തിലെ അരസികതകളും ക്രമക്കേടുകളും മൂലം വിവാഹമോചനം നേരിടേണ്ടി വന്ന യുവതി. ജനനവൈകല്യം മൂലം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ഒരു മകൻ മാത്രം കൂട്ടായിട്ടുള്ള ഒരുവൾ. തൻ്റെ ഔദ്യോഗിക ജീവിതത്തിൽ തൻ്റെ കുടുംബ ചരിത്രത്തിൻ്റെ വേരുകളുള്ള ഒരു കേസിൽ വിധി പറയേണ്ടി വരുന്ന അവസരത്തിൽ അവൾക്ക് തന്നെത്തന്നെ നഷ്ടപ്പെടുകയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്നതെന്നു കരുതുന്ന മതമാറ്റത്തിൻ്റെ കഥ കൂടിയാണ് ഇത്. യോഗീശ്വരനെന്ന പൂർവ്വികൻ മതം മാറി മുസ്ലീം ആയതും തുടർന്നയാളെ തറവാട്ടിലുള്ളവർ കൊന്നു കുഴിച്ചുമൂടിയതും അയാളുടെ രണ്ടു മക്കൾ രണ്ടു മതങ്ങളിൽ വളർന്നതുമായ ഒരു പശ്ചാത്തലം ഭാവനയ്ക്കും കേസിലെ പരാതിക്കാരനും ഇടയിൽ ഉണ്ട്. ആദ്യനോട്ടത്തിലെ അനുരാഗം എന്നു പറയുന്നതു പോലെ അവൾ അയാളിൽ അനുരക്തനാവുന്നതും ആണ് തുടക്കം. കഥകളുടെ വേരുകൾ കുഴിച്ചു പോകുമ്പോഴേക്കും അവർക്കിടയിൽ പ്രണയം തീവ്രമാകുകയും അത് ശാരീരികമായ അടുപ്പത്തിലേക്ക് കടക്കുന്നു. ഭാവനയുടെ ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുമ്പോൾ അമ്മ നല്കിയ ഉപദേശം ആണ് അവളുടെ കർത്തവ്യ ജീവിതത്തിലെ വഴികാട്ടി. നീതി തേടി വരുമ്പോൾ അവരിൽ അലസവസ്ത്രം ധരിച്ചവർ നീതി കിട്ടേണ്ടവരും മാന്യവേഷധാരികൾ കുറ്റവാളികളുമാണ് എന്നതാണാ നീതി ശാസ്ത്രം. കഥയുടെ അവസാനത്തിൽ ഭാവന തിരിച്ചറിയപ്പെടുന്ന, തെറ്റിദ്ധരിക്കപ്പെട്ട യോഗീശ്വരനമ്മാവൻ കഥകളിൽ നിന്നും പുറമേക്ക് വരുമ്പോഴേക്കും അവളുടെ പ്രണയം മരണപ്പെട്ടു കഴിഞ്ഞിരുന്നു അതേ പോലെ അവൾ ഇരട്ടക്കുട്ടികളെ ഗർഭത്തിൽ ആവാഹിച്ചും .

ആദ്യ പ്രണയത്തിൻ്റെ ആദ്യ ചുംബനത്തിനപ്പുറം അവൾ അടിമയാക്കപ്പെടുകയും രണ്ടാമത്തെ പ്രണയത്തിൻ്റെ ആദ്യ ചുംബനത്തോടെ അവൾക്ക് ബഹുമാന്യത ലഭിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. അതിനാൽത്തന്നെ അവളാ പ്രണയത്തിൽ നഷ്ടബോധത്തിലും സന്തുഷ്ടയാകുന്നു. സ്ത്രീയുടെ അസ്ഥിത്വത്തിൻ്റെ ആഴത്തിലടങ്ങിയ ആത്മബോധവും സ്വതന്ത്രതാ ബോധവും ഭാവനയുടെ അമ്മയിലൂടെ വളരെ ശക്തമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു ഈ കഥയിൽ . തന്നെ സ്നേഹിക്കുന്ന നായയുമായി ഇറങ്ങിപ്പോയ ആ അമ്മയിലാണ് കഥയുടെ കരുത്ത് കാണാൻ കഴിയുന്നത്.

നല്ല വായന തന്ന ഒരു സാധാരണ നോവൽ. പ്രതീകവത്കരണത്തിൻ്റെ സൗന്ദര്യത്തിലൂടെ അവതരിപ്പിച്ചതിൽക്കൂടി നോവൽ വായനയുടെ സൗരഭ്യം നല്കി.

ഖബർ(നോവൽ)
കെ.ആർ.മീര
ഡി.സി.ബുക്സ്.
വില: ₹ 120.00

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.