പറവയിലും പ്രാണിയിലും
പൂവിലും പുഴുവിലും പൂമ്പാറ്റയിലും
എന്നിലും നിന്നിലും
ദൈവമെന്നത് പോലെ
നിറയുന്നു അദൃശ്യസാനിധ്യമായ്
എങ്കിലും ചവിട്ടിനിൽക്കാനുള്ള മണ്ണും
കിടന്നുറങ്ങാനുള്ള കൂരയും
സ്വപ്നമായ് അകലെ….. .
പാകിയ വിത്ത് മുളച്ചു വിളഞ്ഞു ധാന്യമായ് .
അത് കൊത്തി പറവകൾ ആകാശദൂരം പറന്നു
നട്ടുനനച്ച ചെടികൾ മരമായി
തളിർത്തു.. പൂത്തു.. കായ്ച്ചു.
എങ്കിലും സ്വയം
മണ്ണിൽ വേരുറപ്പിക്കാനാകാത
കിനാക്കൾ മുരടിച്ചു വീഴുന്നു.
അധ്വാനത്തിന്റെ വിയർപ്പിനാൽ
ജീവജാലങ്ങൾക്ക് അന്നമായി,
വരണ്ടമണ്ണിലും ജലം പകർന്നു,
പച്ചപ്പിനാൽ പറുദീസ പണിതു.
എങ്കിലും പട്ടിണിയും പരിവട്ടവും
വിട്ടുമാറിയില്ല, ഒരു ദിനം പോലും.
അവഗണനയിൽ പിടഞ്ഞും
കടബാധ്യതയിൽ പൊലിഞ്ഞും
ഗതിയില്ലാതെ അലഞ്ഞും
കൂട്ടിനെന്നും ദുരിതവും ദുഃഖവും മാത്രം
ആത്മരോഷം അഗ്നിയായ് ആളിപ്പടർന്നപ്പോൾ
അധികാരത്തിൻ അഹന്തഗോപുരങ്ങൾ
ചില്ലുകളായ് ഉടഞ്ഞു വീഴുന്നു.
കാലം കാത്തു വെച്ച കരുത്തിന്റെയീ
സമരവീരഗാഥ അടിച്ചമർത്തപ്പെടുന്നവരുടെ
അവഗണിക്കപ്പെടുന്നവരുടെ ഹൃദയങ്ങളിൽ
ഉണർത്തുപാട്ടായ് മാറുന്നു
മണ്ണിൽ മുളച്ച മാറ്റത്തിന്റെ പുതുവിത്തുകൾ
കാലത്തിന്റെ ചില്ലയിൽ
ഒരു വസന്തമായ് പൂക്കാതിരിക്കുമോ ?