കെ ടി എൻ കണ്ണാടി നോക്കുമ്പോൾ

‘പ്രതലം മിനുക്കിയെടുക്കലാണ് കണ്ണാടി നിർമാണത്തിലെ പ്രധാന കർമം. മിനുക്കിയെടുത്താൽ ഏത് വസ്‌തുവും പ്രകാശത്തെ പ്രതിഫലിപ്പിക്കും, അത് കല്ലായാലും മരമായാലും ലോഹമായാലും. ഒരു വസ്തുവിൽ വെളിച്ചം വീഴുമ്പോൾ, ആ വെളിച്ചത്തിന്റെ ഒരു ഭാഗം ആ വസ്‌തു പ്രതിഫലിപ്പിക്കുന്നു. ബാക്കിയുള്ളവ ആഗിരണം ചെയ്യപ്പെടുന്നു. അധികവും ചിതറിപ്പോകുന്നു. ആഗിരണം ചെയ്യലും ചിതറിപ്പോകലും പരമാവധി കുറച്ച്, പ്രതിഫലനം വർധിക്കുമ്പോഴാണ് ഒരു കണ്ണാടി കുറ്റമറ്റതാകുന്നത്. ആ അർത്ഥത്തിൽ കണ്ണാടി പ്രതലം നിർമമമായ മനസ്സു പോലെയാണ്. തന്നിൽ വന്നുവീഴുന്ന കാഴ്‌ചകളിൽ അത് അഭിരമിക്കാൻ പാടില്ല, അവയിൽ മുഴുകാൻ പാടില്ല. എല്ലാ വസ്തുവും ജന്മനാ അന്ധമാണ്. അവയ്ക്ക് കണ്ണുകൾ നൽകലാണ് അവയെ കണ്ണാടിയാക്കൽ. അതാര്യതയ്ക്കും സുതാര്യതയ്ക്കും ഇടയിൽ ഊഞ്ഞാലാടുന്ന മനസ്സുപോലെയാണ് കണ്ണാടി. കണ്ണാടികളുടെ മറുപുറം ലോകത്തിനു നേരെ കൊട്ടിയടച്ച വാതിലുകളാണ്. നിറങ്ങളും രൂപങ്ങളും അവിടെ മുട്ടിവിളിക്കുന്നു.”

(കണ്ണാടികളുടെ മറുപുറം / കെ.ടി.എൻ.കോട്ടൂർ)

മദ്രാസ് പ്രവിശ്യയില്‍പ്പെട്ട മലബാറില്‍ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് ‘കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന നോവല്‍. ‘മാജിക്കല്‍ ഹിസ്റ്ററി’ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്. ടി പി രാജീവന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത ഈ കൃതി വെളിച്ചം വീശുന്നത് അക്കാലത്തെ കേരളത്തിൻ്റെ ചരിത്രത്തിനെ കൂടിയാണ്.

അറിയപ്പെടുന്ന ഒരു കുടുംബത്തിൽ ജനിച്ച കെ ടി നാരായണൻ എന്ന കെ ടി എൻ കോട്ടൂർ കഷ്ടപ്പാടുകൾ അറിയാതെ കുടുംബത്തിൻ്റെ നെടുംതൂണായ് വളർന്നു. ബുദ്ധി വൈഭവവും സർഗശേഷിയും വേണ്ടുവോളം ലഭിച്ചു. ആഗ്രഹിച്ചിരുന്നെങ്കിൽ ആരുമാകാമായിരുന്ന ഒരു മനുഷ്യൻ എന്നാൽ എങ്ങും എത്തപ്പെടാതെ പോയി, നിറഞ്ഞ വാണിവൈഭവമുണ്ടായിരുന്നിട്ടും എഴുത്തിലൊന്നും മനസ്സുടക്കാതെ ജീവിതത്തിന്റെ അവസാന കാലങ്ങളിൽ ഒരു അഭിസാരികയുടെ കാവൽക്കാരനായി മാറിയത് വിധിയുടെ ക്രൂരമായ കൈകൾ കരുനീക്കിയതുകൊണ്ടല്ല. വേർതിരിച്ചറിയാൻ കഴിയാത്ത നിഗൂഢതകൾകൊണ്ടാണ്. കവിയെ ആ അഭിശപ്‌ത  സാഹചര്യങ്ങളിലേക്ക് ആരും നിർബന്ധമായി കൊണ്ടെത്തിച്ചതല്ല. അപ്രമേയവും നിർവികല്പവുമായ സത്യാന്വേഷണ ചോദനകളാൽ കവി താനേ എത്തിച്ചേർന്നതാണ്. മറ്റൊരർത്ഥത്തിൽ അതൊരു തിരഞ്ഞെടുപ്പായിരുന്നു. പൂക്കൾ വിതറിയ പാതകൾ വിട്ട്, കല്ലും മുള്ളും ക്ലേശവും നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാനുള്ള അടങ്ങാത്ത ആഗ്രഹം.

ആ യാത്രകളിൽനിന്ന് വായനക്കാർക്ക് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും കവിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിർവൃതിദായകമായിരുന്നു ആ നാളുകൾ എന്നുവേണം കരുതാൻ. ബുദ്ധിയുടെയും യുക്തിയുടെയും സ്ഥാനത്ത് വികാരവും അയുക്തിയും സ്ഥാപിക്കുകയായിരുന്നു കവി. നിലനിൽക്കുന്ന മൂല്യസംവിധാനങ്ങളോടും നന്മ-തിന്മകളെപ്പറ്റിയുള്ള പാരമ്പര്യബോധങ്ങളോടുമുള്ള നിഷേധസമീപനമായിരുന്നു അത്. ആ അർത്ഥത്തിൽ മലയാളത്തിലെ ആധുനിക സാഹിത്യ ചിന്തകളുടെ നാമ്പിടലിൽ കെ.ടി.എൻ. കോട്ടൂരിൽ കാണാം.

കവിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ –

“നിമിഷങ്ങളുടെയസഹനീയമാം ഭാരം സ്വത്വത്തിൻ താങ്ങാനാവാത്ത ഭാരം എവിടെയിറക്കിവെക്കും ഞാനീ ചുമടുകൾ ഇവയെൻ ചുമലിലേറ്റിത്തന്നവർ ഇരുപുറവും നിന്ന ‘രുതരുതെ’ന്നു പറയുമ്പോൾ.

(ചുമടുതാങ്ങി/ കെ.ടി.എൻ. കോട്ടൂർ)

സ്വാതന്ത്ര്യസമരം ശക്തിയാർജ്ജിച്ചുവരുന്ന കാലത്ത് അച്ഛന്റെ കൈപിടിച്ച് രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയ കൊയിലോത്തുതാഴെ നാരായണൻ നായർ എന്ന, പിൽക്കാലത്ത് കവിയും കാമുകനും വിപ്ലവകാരിയുമായി അറിയപ്പെട്ട കെ.ടി.എൻ. കോട്ടൂരിൻ്റെ ജീവിതം പറയുന്ന നോവൽ കേരള സാഹിത്യ അക്കാദമിയുടെ അവാർഡിന് അർഹത നേടിയത് കൂടിയാണ്. മനുഷ്യസ്നേഹത്തിലും സോഷ്യലിസ്റ്റ് ആശയത്തിലും അധിഷ്ഠിതമായൊരു ലോകമാണ് കെ.ടി.എൻ സ്വ‌പ്നം കണ്ടതെങ്കിലും ഈ ലോകം അയാളെ വരവേറ്റത് തീക്ഷ്‌ണവും ഹൃദയഭേദകവുമായ ദുരനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടാണ്. അവധൂതനെപ്പോലെ വിശുദ്ധമായൊരു ജീവിതം നയിച്ച ഒരു മനുഷ്യൻ ഏറ്റവും നികൃഷ്ടമായൊരു പതനത്തിലേക്കെടുത്തെറിയപ്പെട്ടതിൻ്റെ അസാധാരണമായൊരു അടയാളപ്പെടുത്തലാകുന്നു ഈ നോവൽ.

ചിലർക്ക് കവി, ചിലർക്ക് കോൺഗ്രസ്, ചിലർക്ക് കമ്മ്യൂണിസ്റ്റ്, ചിലർക്ക് വർഗീയവാദി, ചിലർക്ക് ദുർമാർഗി, ചിലർക്ക് സദാചാരി, ചിലർക്ക് കുറ്റവാളി ഇങ്ങനെ വ്യക്തിത്വങ്ങളിൽ നിന്ന് വ്യക്തിത്വങ്ങളിലേക്ക് കൂടുമാറി കൂടുമാറി ഒന്നിലും ഒതുങ്ങാതെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ജീവിച്ച ഏകാകിയായിരുന്നു കെ ടി എൻ കോട്ടൂർ .

അറിയാത്തതെന്തോ തേടി-
യറിയാത്ത വഴികളി-
ലലഞ്ഞുതിരിഞ്ഞു ഞാ-
നണഞ്ഞീ വഴിയമ്പലം. ഇത്തിരിനേരമിവിടെയിരുന്നോട്ടെ ലോകമേ,
നിൻ കൂട്ടലും കിഴിക്കലു-
മറിയാത്ത മൂഢനിവൻ.

(വഴിയമ്പലത്തിൽ/ കെ.ടി.എൻ. കോട്ടൂർ)

കവിയുടെ വാക്കുപോലെ തന്നെ ചിലർ ജീവിച്ചിരിക്കുമ്പോള്‍തന്നെയും മരണശേഷവും വിസ്മൃതിയിലേക്കു തള്ളപ്പെടുന്നു. അങ്ങനെ തള്ളപ്പെട്ട ഒരു വിചിത്രവും പഠിക്കപ്പെടേണ്ടതുമായിരുന്നു മനുഷ്യ ജീവിതത്തെ
റിയലാണോ, അണ്‍റിയലാണോ എന്നു സ്‌ന്ദേഹിക്കും വിധം ബോധബോധങ്ങളെ സസൂക്ഷ്മം വിശകലനം ചെയ്യുന്ന രീതിയിൽ വായനാ ലോകത്തേക്ക് സമ്മാനിച്ച പ്രിയ എഴുത്തുകാരൻ ടി പി രാജീവൻ്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമങ്ങൾ.

കാലടി സ്വദേശിനിയാണ്. ബാങ്ക് ഓഫ് ഇന്ത്യ പെരുമ്പാവൂരിൽ ജോലി ചെയ്യുന്നു. "വിരലടയാളങ്ങൾ" ആദ്യ കവിതാ സമാഹാരമാണ്.