കൃഷ്‌ണാ, നീയെന്നെയറിയും…
ഞാൻ രാധ, നിന്റെ മുരളിയിലെ ഗാനമായവൾ…
വിരഹമാണ് സ്നേഹമെന്നു നിന്നെ പഠിപ്പിച്ചവൾ..
നിന്നിലൂടെ എന്റെ സൗന്ദര്യം അറിഞ്ഞവൾ …
നിന്നോട് ചേരുന്ന നിമിഷങ്ങൾ
അമേയമാക്കാൻ നിന്നിൽനിന്നകന്നിരുന്നവൾ
സങ്കല്പത്തിലിണചേരലിൻ സുഖമറിഞ്ഞവൾ..
സ്വന്തമാക്കലല്ല, സ്വതന്ത്രമാക്കലാണ്
പ്രണയമെന്നു പറഞ്ഞിരുന്നവൾ…
നിന്റെ ലീലാവിലാസങ്ങളെല്ലാം ആസ്വദിച്ചവൾ…
നിന്റെ പ്രണയത്തിൽ സന്ദേഹിക്കാത്തവൾ…
നിന്നെ മോഹിപ്പിച്ചു നിന്നിൽ കുടിയിരുന്നവൾ…
നിന്റെ സ്നേഹത്താൽ കുരുത്ത ചിറകുകളുമായി
പറന്നകന്നവൾ..
നീയില്ലാതെയും, ജീവിതം ആഘോഷമാക്കിയവൾ..
കാമിനിമാരൊത്തുള്ള രതിമൂർച്ഛകളിൽ
നീയിപ്പോഴും “രാധേ” എന്ന് മാത്രം വിളിക്കുമെന്നറിഞ്ഞൂറി ചിരിക്കുന്നവൾ..
വിരഹമെന്നിലും വേദനയൂറ്റുന്നുവെങ്കിലും
നിന്റെ കുസൃതിപെണ്ണായി നിന്നോട് ചേർന്നെന്നുമിരിക്കാൻ, എനിക്കകലം പാലിക്കേണ്ടതുണ്ട്..
നിന്റെ പ്രണയിനിമാരിൽനിന്നു വേറിട്ട് നിൽക്കേണ്ടതുണ്ട്….
എന്നാലുമൊന്നു ഞാനറിയുന്നു..
സ്നേഹത്താലെൻ മനം നിറച്ചു നീ
ചെവിയിൽ മെല്ലെയോതുന്നു,
കുറുമ്പി പെണ്ണെ…. “കണ്ണന്റെ രാധേ“!
കൃഷ്‌ണാ, നീയെന്നെയറിയും..
നീയെന്നെയേറെയേറെയറിയും..
കൃഷ്ണാ..
നീ മാത്രമേയെന്നെ അറിയൂ.