കുരിപ്പ്

ഞങ്ങൾ കുട്ടികൾക്ക് അതിനെ പേടിയില്ല.
ഞങ്ങളെ നോക്കി എല്ലാരും പറഞ്ഞു: “കുരിപ്പുകള്,
എത്തിര പറഞ്ഞാലും തലേക്കേറൂലാന്ന്ച്ചാ എന്താ ചെയ്യ?”

തഞ്ചം കിട്ടുമ്പോൾ ഞങ്ങൾ മാസ്ക്‌ വലിച്ചെറിയും
എന്നിട്ട് തുള്ളിച്ചാടി, തമ്മില് തോളിൽ കൈയിട്ട് നടക്കും
ചെളിയും മണ്ണും വാരും, കല്ലെടുത്ത് എറിയും.
ചിലപ്പോ മുത്തച്ഛനും കൂടും.

“ങ്ങളും കുട്ട്യോള്ടെകൂടെ കളിച്ചാ \ന്താ ചെയ്യാ? ങ്ങളല്ലെ കുട്ട്യേള നോക്കണ്ടത്?”
തലേൽ ചൊറിയുന്ന മുത്തശ്ശൻ
ന്നാലും അടി കിട്ടൂലല്ലോ.
ഞങ്ങളോട് കണ്ണിറുക്കും.

ഞങ്ങള് മുറ്റത്തും തൊടീലും പറമ്പിലും
മരം കുലുക്കിയും തുമ്പിയെ പിടിച്ചും
വടിയൊടിച്ച് തമ്മിൽ തല്ലിയും
ചാടിക്കളിച്ചും
തമാശ പറഞ്ഞും
വെറുതെ അടിച്ചും പിച്ചിയും ഓടിക്കളിച്ചും ……
എന്താന്നറിയോ?
ഞങ്ങൾക്കതിനെ ഇത്തിരീം പേടിയില്ല.

വള്ളി കയറാക്കി കെട്ടി
ഊഞ്ഞാലിൽ കയറി
ആകാശത്തേക്ക് കാലുകൊണ്ട് പറന്ന് ഞങ്ങൾ കളിക്കും.
രാവും പകലും
ഉച്ചയും വൈകുന്നേരമൊന്നും ഞങ്ങൾക്കില്ല.
കുളത്തിലും പുഴയിലും അരുവിയിലും കടലിലും കായലിലും
ഞങ്ങൾ മദിക്കും.
ഞങ്ങൾക്കതിനെ പേടിയില്ല.

കണ്ണുകൾ തീക്കട്ടയാവും
ഏറെ നേരം; വെള്ളത്തിൽ കിടന്നിട്ടാണ്……
അച്ചനും അമ്മയും വടിയെടുത്ത് വരുന്നുണ്ട്.
“ഇരുട്ടീട്ടും നിനക്കൊന്നും വീടടങ്ങാറായില്ലടാ?”
സുര്യനും കൈവിട്ട്, ഭൂമിയിൽ ഇരുട്ടാണല്ലോ.
ന്നാലും ഞങ്ങൾക്കതിനെ പേടിയില്ല.

നിലാവു് നീലക്കുപ്പായത്തിൽ
ഇലകളെ പൊതിഞ്ഞപ്പോൾ
കുറുക്കനെയൊപ്പിച്ച് ഓലിയിടാനെന്തു രസമാ….
ഒന്നു കൂവുമ്പോ ഒരു നൂറെണ്ണം!

ഇതെന്താണ്? കനവോ സത്യമോ?
മഴയും വെയിലും കൊള്ളരുതെന്ന്
മൂത്തവർ പറഞ്ഞില്ലേ?
ചെളിയിലും വെള്ളത്തിലും കളിക്കരുതെന്ന്?
ഉടുപ്പിൽ അഴുക്കാവരുതെന്ന്?
മണ്ണപ്പം ചുടരുതെന്ന്?

ആരുണ്ടിപ്പൊ ചങ്ങാതി?
ആരുണ്ട് ഗോലിക്ക്?
“ങ്ഹുഹും. ഞാനില്ല. ഇനിക്കറിയില്ല.
കളിക്ക് ഫോണിൽ കാണൂ ഫോണിൽ……”

”ങ്ങളാരാ…. ? OMG !!! തൊട്ടടുത്തോതേ …..”
ഞങ്ങൾക്ക് പേടിയില്ല ……. ന്നാ? നേരല്ല.
ഫോണ്ല് നോക്കാം…….”
”അടുത്ത് പോകല്ലേ. ….. വരരുലും …….

കാരണം? കാരണം …..
ഞങ്ങൾ കുട്ടികളല്ലെ?
നിങ്ങൾടെ ഉള്ളിലും കുട്ടികളില്ലെ?
-ന്നിട്ടും ഭയമാണോ?

“ഇല്ല …….. ഞങ്ങൾക്കാരെയും ഭയമില്ല….
ഒന്നിനെയും ……
മുതിരാത്ത കുട്ടികളല്ലോ ഞങ്ങൾ.”

മൊകേരി ഗവ.കോളജിൽ അസി. പ്രഫസറായി ജോലി ചെയ്യുന്നു. നാല് മലയാള പുസ്തകങ്ങളും നാല് 4 ഇംഗ്ലീഷ് ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും വിവർത്തനം, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയവ എഴുതാറുണ്ട്