കാക്കയും പൂച്ചയും കുയിലും കുറുക്കനും
ഉരുളകളായി ഉണ്ണികുമ്പ നിറഞ്ഞുന്തി.
ഇടമില്ലിനി തെല്ലും ഒരു
കളികൾക്കും കഥകൾക്കും,
ഉണ്ണിവയറ്റിൽ കയറില്ലിനി
ഒരു മണ്ണുമാന്തി യന്ത്രവും.
താണു ചൊല്ലി , കേണുച്ചൊല്ലി.
നടന്നകന്നു, മറഞ്ഞു നിന്നു.
നടിച്ചു നോക്കി,
കരഞ്ഞുകാട്ടി,
എതിർത്തുനിന്നു.
എന്നിട്ടുമായില്ലവനാൽ തൻ
നിലപാടിനെ കാക്കാൻ.
അമ്മമനസ്സിൻ അളവുപാത്രം ഉറക്കെ അലറി..
“കുമാരഭ്രാന്താ…. ഭ്രാന്ത…
ഉണ്ണുന്നില്ല ഉണ്ണി.. എൻ പൊന്നുണ്ണി
അരുതേ.. ഇപ്പോൾ വരരുതേ..!
എന്നുണ്ണി കണ്ണൻ.. പൊന്നോമന..
ഉണ്ണും ഓരോ വറ്റും. കൈകൾപോലും നക്കും.
വേണേൽ കണ്ടുനിൽക്കാം… പൊട്ടിച്ചിരിക്കാം”
പടിപ്പുര വിജനതയിൽ കണ്ണും കാതും നട്ടു
നടുങ്ങിയ ഉണ്ണി ഉടൽ നിശ്ചലതയിൽ.
അവസ്സാനവറ്റും പരിക്കുകളില്ലാതെ
ഞെരിഞ്ഞമർന്നു.
പുഞ്ചിരിതൂകി ഉണ്ണിക്കവിളിൽ
മുത്തമിട്ട അമ്മയുമകന്നു.
ഉന്തിയ കുംഭതൻ വേദനയോ,
തന്നെ കേൾക്കാത്ത പെറ്റമ്മയെന്ന
സങ്കടമോ അല്ല ഉണ്ണിയിൽ.
കാണാത്ത.. അറിയാത്ത..
ഒരു പേരിനോടുള്ള ഭയം.
ഭയം അത് തീർത്ത നടുക്കം.
വേദനിക്കാനും വേദനിപ്പിക്കാനുമറിയാത്ത.
ഉള്ളിനെ പൊള്ളയാക്കിയപ്പോൾ
ലോകം നൽകിയ പേരും പേറി
പുഞ്ചിരി വിതച്ചുനടക്കും പച്ചമനുഷ്യൻ.
ഭ്രാന്തൻ.. അവനു പങ്കില്ല ഉണ്ണി ഭയത്തിൽ..