കാമുകിയുടെ വീടിന് മുന്നിലൂടെ പോകുമ്പോൾ
ഇപ്പോഴും ആകാശത്തു സ്ഫോടനങ്ങൾ ഉണ്ടാവാറുണ്ട്.
ഒച്ച കേട്ടു നീ പുറത്തു വരല്ലേ…
അങ്ങോട്ട് നോക്കരുതെന്ന്
ഒരായിരം തവണ കരുതിയാലും
വെറുതെ നോക്കിപോകും.
നിന്നെ കാണരുതെന്ന്
കരുതിയാലും, ആ ഗേറ്റിന്റെ
വിടവിലൂടെ നോക്കുമ്പോൾ
നീ അവിടെ ഉണ്ടായെങ്കിൽ എന്ന് തോന്നിപ്പോകും.
അകലെ നിന്നു വരുന്ന
അപരിചിതൻ ഒറ്റ നോട്ടത്തിൽ
നിന്റെ തന്തയെ പോലെയാകും.
പുറത്തെ പൈപ്പിൻ
ചുവട്ടിൽ നിന്റെ അമ്മ
എന്നെ തെറി വിളിക്കുകയാവും.
പൊട്ടിപ്പൊളിഞ്ഞ റോഡിൽ
എഴുന്നേറ്റു നിൽക്കുന്ന
മെറ്റലുകൾ അടുത്ത നിമിഷം
ചരൽ കല്ലുകളാവും.
ആ വഴി ഒടുക്കം
ഹൈസ്കൂളിന്റെ നീണ്ട
വരാന്തയിൽ ചെന്നെത്തും.
ഉടുത്തിരിക്കുന്ന ലുങ്കിയിൽ
നിന്ന് ഞാൻ നീലയും വെള്ളയും
യൂണിഫോമിലേക്ക്
പരകായ പ്രവേശം നടത്തും.
ചാഞ്ഞു കിടക്കുന്ന
നെല്ലിമരത്തിന്റെ ഇടയിലൂടെ
നീ വരുന്നത് നോക്കി നിൽക്കും.
ഒരുകഷ്ണം കളർ ചോക്ക്
കൊണ്ട് കഴുക്കോലിൽ
എന്റെയും നിന്റെയും പേരെഴുതും.
കറപിടിച്ച ബെഞ്ചിൽ
കഷ്ണം ബ്ലേഡ് കൊണ്ട് എന്നെയും നിന്നെയും
പ്രണയചിഹ്നത്തിലാക്കി പൂട്ടി വെക്കും.
ഓർമ്മകളിലങ്ങനെ നമ്മൾ
പൂത്തു നിൽകുമ്പോൾ നിന്റെ
കെട്ട്യോന്റെ ബുള്ളറ്റിന്റെ
ഇടി മുഴക്കം എന്റെ തല
പിളർന്ന് പാഞ്ഞു പോകും.
നിന്റെ കുഞ്ഞുങ്ങൾ
മുറ്റത്തു നിന്ന് ഗേറ്റിന്റെ
വിടവിലൂടെ ഭ്രാന്തനെ
നോക്കുന്നത് പോലെ എന്നെ നോക്കും.
ജീവിതം പോലെ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അറ്റം തേടി
ഞാനപ്പോൾ വേഗത്തിൽ നടക്കും.
വഴിക്കിരുവശവും വളഞ്ഞ
ഇഞ്ചി പുല്ലുകൾ എന്നെ പരിഹസിക്കുകയാവും.
ഒരൊറ്റ ഓർമ്മകൊണ്ട്
കാലം എങ്ങോട്ടാണ് എന്നെ
ഇങ്ങനെ ഓടിക്കുന്നത്?