ഈ കവിതാപുസ്തകത്തിന്റെ ആരംഭം തന്നെ ‘അവസാന’ത്തിൽ നിന്നുമാണ്. മറ്റൊരിടത്തും കണ്ടിട്ടില്ല ഇങ്ങനെ. അവിടെത്തന്നെ ഒരു വ്യത്യസ്തത തോന്നി. കുറേ നിത്യസത്യങ്ങൾ. “അവളും” “ഒരു ബട്ടൺക്ലിക്ക് ദൂരവും” ഇന്നിന്റെ നേർക്കാഴ്ചകളാണ്. മാധ്യമധർമ്മവും കോടതിയുടെ ധർമ്മവും രണ്ടും പാലിക്കപ്പെടുന്നില്ല. “ആ രാത്രിയിൽ സംഭവിച്ചതും” എന്നിലേക്ക് ആഴ്ന്നിറങ്ങിച്ചെന്ന് “എന്നെ തിരയുമ്പോഴും” നമ്മളും അവരിലൊരാളാവുന്നു. “കണി” ഒരു പ്രാർത്ഥനയാണ്. “ഞാനും തിരക്കിലാണ്”. നമുക്കായി, നമ്മുടെ സന്തോഷത്തിനായി ഒരിത്തിരി സമയമെങ്കിലും നീക്കിവയ്ക്കണമെന്നാണ് വ്യംഗ്യം. “തൊഴിലാളി” ഒരു മൂന്നാം ജീവിതയുദ്ധമാണ്. പ്രണയവും മോഹവും കാമവുമെല്ലാം ചേർന്ന ഒരു യുദ്ധം. “ദൈവത്തെ കണ്ടവരുണ്ടോ” എന്ന് പലരും പലരോടും ചോദിച്ചതായി കേട്ടിട്ടുണ്ട്. നമ്മുടെ ഉള്ളിൽത്തന്നെ കുടികൊള്ളുന്ന ആത്മീയതയാണ് നമ്മുടെ ദൈവം. ഒരു വിശ്വാസമാണ് എല്ലാം, അല്ലേ? കവയത്രി ഉദ്ദേശിച്ചതുപോലെ ശ്രീകോവിലിനുള്ളിരുന്ന് ദൈവങ്ങൾക്ക് മടുത്തുകാണും, അവർക്കും വേണ്ടേ ഒരു സന്തോഷമൊക്കെ. നല്ലൊരു ചിന്തയാണ്. “നക്ഷത്രങ്ങളെ പ്രണയിച്ചവൾ” പകലിലേക്ക് മറഞ്ഞപ്പോൾ നഷ്ടപ്പെട്ട ഹൃദയവുമായി എത്രയുംപെട്ടെന്ന് കവയത്രിയുടെ നക്ഷത്രരാജകുമാരനെത്തട്ടേ. “നിനക്കും എനിക്കുമിടയിൽ” എന്തായിരുന്നു? തർക്കങ്ങളും പിണക്കങ്ങളും പ്രണയത്തിലേക്കുമാറി ഇണക്കുരുവികളായി പറന്നുയർന്നോ? “മതസ്നേഹം” ഇന്നത്തെ വർഗ്ഗീയകൊലപാതകങ്ങളിലേക്കുള്ള ചൂണ്ടുവിരലാണ്. ഒരുപാട് “കാമുകനെ ആവശ്യമുണ്ട്”, എങ്കിലും ഒരുപാട് നിബന്ധനകൾവച്ചുള്ള പ്രണയമാണ് ഇപ്പോളെന്നാണ് കവയത്രിയുടെ ഭാഷ്യം. ഒരു പരിധിവരെ അത് ശരിയുമാണ്. “തെരുവുനായ” സർവ്വസ്വതന്ത്രനാണ്. മനുഷ്യനെ ഒരുപരിധിവരെ ശല്യപ്പെടുത്തുമെങ്കിലും ചില മനുഷ്യരെക്കാളും ഏറെ ഭേദമാണ്, നന്ദിയും സ്നേഹവുമുള്ള കൂട്ടരാണ്. “ചങ്ങാതിത്തോലും ചെന്നായയും” വളരെ അർത്ഥവത്തായ ഒരു കവിതയാണ്. നല്ല സൗഹൃദങ്ങൾക്ക് കളങ്കമായി ചെന്നായത്തോലിട്ട ചങ്ങാത്തങ്ങളുമുണ്ട് നമുക്കുചുറ്റും. തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് സൂക്ഷിക്കണം. “കാശ് തരും ക്ലോക്ക്” പറയുന്നത് സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി, പണത്തിനുവേണ്ടിമാത്രം സംസാരിക്കാൻ സമയം കണ്ടെത്തുന്ന ചിലരെപ്പറ്റിയാണ്. ഒരു നഗ്നസത്യം. “കാപ്സ്യൂൾ” പോലെയാണ് ഇന്ന് പലരുടെയും ജീവിതം. ഇടയ്ക്ക് “ചന്ദ്രനും” “മരണവും” രണ്ടുവരികളിലായി എത്തിനോക്കിപ്പോയി. “ചോദ്യവും ഉത്തരവും” പലപ്പോളും നമ്മൾ പലരോടും ചോദിച്ചുപോയിട്ടുള്ള ചോദ്യങ്ങളാണ്. ഉത്തരങ്ങൾ പക്ഷേ ഒരല്പം വ്യത്യസ്തമായിരുന്നു “തീവണ്ടിമനുഷ്യർ” അങ്ങനെയും കുറേ മനുഷ്യരുണ്ട്. ഒരുപാട് കണ്ടും കേട്ടും മനസ്സ് കല്ലാക്കേണ്ട അവസ്ഥയിൽക്കൂടെ കടന്നുപോകുന്ന ചില നിമിഷങ്ങളുണ്ട്. പിണങ്ങിപ്പോയ “നീ” തിരിച്ചുവന്നപ്പോളും മിണ്ടുന്നുവെങ്കിൽ അത്രയും ആഴത്തിൽ നീയെന്റെയുള്ളിലുള്ളതുകൊണ്ടാണ്. “പിഴവും പിഴയും” ഇനിയൊരിക്കലും തിരിച്ചുവരാത്ത, നമ്മൾ നഷ്ടപ്പെടുത്തിയ സമയസൂചികയായിരുന്നു. “പ്രണയം തീർത്ത കല്ലറകൾ” ഒരല്പം പകയുള്ളതാണ്. മുറിവേറ്റ് പിൻവാങ്ങി മരണത്തെ പുല്കിയാലും പകയോടെ ഉയർത്തെണീറ്റ് കാരണഭൂതന്റെ അവസാനശ്വാസത്തിന് വിലപറയിക്കുന്ന പക. “പ്രണയവൃക്ഷത്തിന്റെ വിത്ത്” പണ്ട് പുസ്തകത്താളുകളിലൊളിപ്പിച്ച മയിൽപ്പീലികളെ ഓർമ്മപ്പെടുത്തി. നല്ലൊരാശയമായിരുന്നു. “പ്രതിമകൾ” പോലെയാണ് ചില ബന്ധങ്ങളെന്ന് വരച്ചുകാട്ടുന്നു കവയത്രി. ചിലപ്പോളൊക്കെ ഉരുകിയൊഴുകുന്ന മെഴുകുപ്രതിമകൾപോലെ. “പ്രളയം” ഒരാവലാതിയാണ്. നമ്മുടെ ജീവനും സ്വത്തും തകർത്തുകൊണ്ട് മണ്ണിനൊപ്പമൊഴുകുന്ന നമ്മുടെ സ്വപ്നങ്ങൾ.
“ഭൂമിയുടെ അപേക്ഷ” വേദനിപ്പിക്കുന്നതാണ്. മനുഷ്യർ കുരുതിക്കളമാക്കുന്ന ഭൂമിയുടെ മാറിൽ ഒരു പുൽനാമ്പുപോലും മുളയ്ക്കാൻ മടിക്കും. ഗതികെടുമ്പോൾ പ്രളയക്കുരുതിയാൽ ഭൂമിയുടെ പകവീട്ടൽ. “മണ്ണ്” നമ്മൾതന്നെയാണ്. മണ്ണിലേക്കുള്ള യാത്രയിൽ നമ്മൾ മണ്ണിനോടുചെയ്യുന്ന ദ്രോഹങ്ങളാണ് ഈ കവിത. “മൺസൂൺ മഴ” കാത്തിരിക്കുന്ന വേഴാമ്പലുകളാണ് നാം. ഒരിറ്റുദാഹജലത്തിനായി കൊതിക്കുമ്പോൾ നമ്മിലേക്കൊരു പ്രളയമായി പെയ്തിറങ്ങുന്നവൾ. അർബുദത്താൽ എണ്ണപ്പെട്ട ദിനങ്ങളുമായി ജീവിക്കുമ്പോൾ ഒരു പിൻവിളിക്കായുള്ള “മോഹം”. കണ്ണനുവേണ്ടി കേഴുന്ന വിരഹിണിയായ രാധയുടെ “രാധാഹൃദയം”. “രോധം” പലതരമുണ്ട്. സാഹചര്യത്തിനനുസരിച്ച് മാറിമറിയുന്ന വിവിധതരം രോധങ്ങൾ. സ്നേഹമില്ലായ്മയിൽ അകന്നുപോകുന്നതും ഒരുതരത്തിൽപ്പറഞ്ഞാൽ “വിധവ”യായി വേഷംകെട്ടൽതന്നെയാണ്. സ്നേഹമില്ലായ്മയാണ് മരണത്തേക്കാൾ ഭയാനകം. ഹൃദയത്തിന്റെ നാലുവഴികൾ യഥാക്രമം സ്നേഹം, വൈരം, വിരഹം, പിന്നെ അവസാനത്തേത് “എന്റെ സ്വർഗ്ഗവഴി”. “സ്റ്റെല്ലയും ഹാപ്പിഹവറും” എന്ന കവിതയിലൂടെ മദ്യമകത്താക്കുന്നത് കാവ്യാത്മകമായി വിവരിച്ചിരിക്കുകയാണ്. കാമുകിയായ സ്റ്റെല്ലയായി സ്വർണ്ണവർണ്ണസുന്ദരി ചഷകത്തിൽ നിറഞ്ഞാടുന്നു. കൂടെയുള്ളവരോടുള്ള ദേഷ്യത്താൽ ഇരിക്കുന്നകൊമ്പ് മുറിക്കുന്ന, പാലുതന്ന കൈക്കുതന്നെ കടിക്കുന്ന കുറേ ജന്മങ്ങൾ. “ചില്ലയിലെ ചില്ലുകൾ” നമ്മുടെ വാശിയും വിദ്വേഷവും എത്രപേരെ ബാധിക്കുന്നു എന്നും, സ്വയം കുഴിതോണ്ടുന്ന അവസ്ഥയിലേക്കും വിരൽചൂണ്ടുന്നു.
“(അ)വിവാഹിതർ” പലരും കൂലിയില്ലാവേലക്കാരികളാണ്. ഒന്നിനും സമയമില്ലാത്തവർ, എന്നാൽ ചെയ്യുന്ന ജോലികളൊന്നും ആരുമറിയുന്നുമില്ല. പലപ്പോളും സ്നേഹംപോലും നിഷേധിക്കപ്പെട്ടവൾ. “അയപ്പ്” എല്ലാ തിരിച്ചുപോക്കുകളുമിങ്ങനെയാണ്, ഒരു യാത്രപറച്ചിൽപോലുമില്ലാതെ, സമ്പാദിച്ചുകൂട്ടിയതൊന്നും എടുക്കാനാവാതെ, വെറും ആറടിമണ്ണിന്റെ അവകാശി. “എന്തൊക്കെയാകും ഇനി” നിത്യസത്യമായ മരണത്തെ പുല്കുമ്പോൾമാത്രം നമ്മുടെ നല്ലതുമാത്രം പറയുന്നവർ, ഇല്ലാത്ത സ്നേഹം ഭാവിച്ച് പുകഴ്ത്തുന്നവർ. നാളെ നമ്മുടെ ഗതിയെന്താവുമെന്ന ഉത്ക്കണ്ഠ വേറെ. “അതിർസിഗ്നലുകൾ” അമ്മ-മകൻ സ്നേഹത്തിന്റെ ആഴമളക്കുന്നു. നിർബാധമായി ഒഴുകിയിരുന്ന സ്നേഹം ചതുരപ്പെട്ടിയുടെ ഒരു ബട്ടൺക്ലിക്ക് ദൂരത്തിൽ പൊലിഞ്ഞുപോകുന്ന കാഴ്ച. ഇന്നിന്റെ ആവിഷ്കാരം. “മരിക്കാത്ത മതിലുകൾ” കുടുംബബന്ധത്തിന്റെ ഊഷ്മളതയില്ലായ്മയാണ് പറയുന്നത്. കുടുംബങ്ങളുടെ മനസ്സിൽ കെട്ടിപ്പൊക്കുന്ന മതിലുകൾ, ശേഷം ഭാഗംപിരിയൽ.
കാമുകനെ ആവശ്യമുണ്ട് എന്ന പുസ്തകം ഒട്ടനേകം വിഷയങ്ങളെ പ്രതിപാദിക്കുന്നു. നമുക്കുചുറ്റുമുള്ള ആനുകാലികപ്രസക്തിയുള്ള വിഷയങ്ങളാണ് എല്ലാം. പലതും വായിക്കുമ്പോൾ ഓർക്കും ശരിയാണല്ലോ, ഞാനും ഇങ്ങനെയൊക്കെയാണല്ലോ ചിന്തിക്കുന്നതെന്ന്. മാറുന്ന ജീവിതസാഹചര്യങ്ങളിലൂടെയുള്ള സഞ്ചാരം. വായനക്കാർക്ക് വളരെയെളുപ്പം മനസ്സിലാവുന്ന ലളിതമായ ഭാഷ. ഇനിയുമനേകം കവിതകൾ ഈ തൂലികയിൽനിന്നും പിറന്നുവീഴട്ടെ.