“ഒരു മഹാന്റെ ഭാര്യാപദം താജ്മഹലിലെ സ്ഥിരതാമസം പോലെ ഒരനുഭവമാണ്. താജ്മഹൽ മഹാത്ഭുതം തന്നെ. പക്ഷെ അതൊരു മാതൃകാഗൃഹമല്ല; ആകാൻ സാധ്യവുമല്ല… മഹാത്മാഗാന്ധിയുടെ ഭാര്യയായ കസ്തൂർബാഗാന്ധിക്കും ഏതാണ്ട് ഇതേ അനുഭവമാകണം ഉണ്ടായത്” – കസ്തൂർബായെപ്പറ്റി 1969 ൽ ഗാന്ധിശതാബ്ദി സ്മരണികയിൽ പ്രൊഫ എസ് ഗുപ്തൻനായർ എഴുതിയ ലേഖനത്തിലെ ഈ ആദ്യവാചകമാണ് കെ.ആർ സരിതകുമാരി എഴുതി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ കസ്തൂർബാ ഗാന്ധി’ എന്ന ജീവചരിത്രം വായിച്ചപ്പോൾ ആദ്യം ഓർമയിൽ വന്നത്.
കസ്തൂർബാ നിര്യാതയായി ഒരു മാസത്തിനുള്ളിൽ, 1944 മാർച്ച് മാസം പ്രസിദ്ധീകരിച്ച പ്രഥമ ജീവചരിത്രഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഗ്രന്ഥകാരൻ ആർ.കെ.പ്രഭു ഇങ്ങനെ പറയുന്നു: “ലോകചരിത്രത്തിൽ വിശുദ്ധരായ ഭർത്താക്കന്മാരുടെ തേജസ്സിൽ തിളങ്ങിനിൽക്കുന്ന ഏഴു സ്ത്രീരത്നങ്ങളുണ്ട്. യാജ്ഞവൽക്യന്റെ ഭാര്യ മൈത്രേയി, ഗൗതമബുദ്ധന്റെ ഭാര്യ യശോധര, സോക്രട്ടീസിന്റെ ഭാര്യ സന്തീപ്പി, തുക്കാറാമിന്റെ ഭാര്യ ജിജാഭായ്, ടോൾസ്റ്റോയിയുടെ ഭാര്യ സോണിയ, ശ്രീരാമകൃഷ്ണപരമഹംസരുടെ ഭാര്യ ശാരദാദേവി. അവരുടെ നിരയിൽ ഉൾപ്പെടുത്തേണ്ട പേരാണ് കസ്തൂർബായുടെത്”.
അദ്ദേഹം തുടരുന്നു: “സന്തീപ്പിയെപ്പോലെ കർക്കശക്കാരിയായിരുന്നില്ല കസ്തുർബ. യശോധരയെപ്പോലെ ഭർത്താവിന് അമിതവിധേയയുമായിരുന്നില്ല. മൈത്രേയിയെ മാതിരി ധിഷണാശാലിയോ ടോൾസ്റ്റോയിയുടെ ഭാര്യയെപ്പോലെ സുഖഭോഗപ്രിയയോ അല്ലായിരുന്നു അവർ. മറിച്ച്, ജിജായ് – ശാരദാദേവി വ്യക്തിത്വങ്ങളുടെ ഏതാണ്ടൊരു സംയോജനമായിരുന്നു. ഇരുവരും ഭർത്താവിനെ അഗാധമായി സ്നേഹിച്ചു. തുക്കാറാമിന്റെ ഭാര്യ ജിയായ് ഭർതൃമഹത്വം മനസ്സിലാക്കി അദ്ദേഹത്തിൻറെ ധർമപത്നിയായിത്തന്നെ അനുയാത്ര ചെയ്യുകയും അതിൽ അഭിമാനിക്കുകയും ചെയ്തു. അതേസമയം തന്റെ നിർഭാഗ്യങ്ങളോർത്ത് പരിതപിക്കുകയും നിരന്തരം പരിഭവം പറയുകയും ചെയ്തിരുന്നു. ശാരദാദേവിയാകട്ടെ തന്റെ പതിയുടെ പർവതസമാനമായ വ്യക്തിത്വം ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയുകയും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ജീവിതം അദ്ദേഹത്തിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി സമ്പൂർണമായി സ്വയം സമർപ്പിക്കുകയും ചെയ്തു”.
ഒരേസമയം ഗാന്ധിജിക്കും രാഷ്ട്രത്തിനും വേണ്ടി സ്വയംസമർപ്പിച്ച ജീവിതമായിരുന്നു കസ്തൂർബായുടേത്. ബായെക്കുറിച്ച് ഇതിനകം ഏതാണ്ടെല്ലാ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലും അനേകം പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഗാന്ധിജിയുടെ പിടിവാശികൾക്കും പരീക്ഷണങ്ങൾക്കും ക്രൂരതകൾക്കുമിരയായ രക്തസാക്ഷിയായി ചിത്രീകരിച്ച് വിവാദനായികയാക്കാനാണ് പലർക്കും താൽപ്പര്യം. ഇനിയും ചിലർ മഹാത്മാവിന്റെ നിഴലായും അനുസരണയുള്ള ഭർതൃഭക്തയായും അവതരിപ്പിക്കുന്നു. അത്തരം ചില പുസ്തകങ്ങൾ അടുത്തയിടെയും പുറത്തിറങ്ങിയിട്ടുണ്ട്.
ഗാന്ധിജിയുടെ സഹധർമിണി എന്ന നിലയിലാണ് കസ്തുർബയെ മിക്ക ജീവചരിത്രകാരന്മാരും വിലയിരുത്തിയതും പുസ്തകമെഴുതിയതും. എന്നാൽ ബായുടെ വ്യക്തിത്വം യഥാതഥം വിശകലനം ചെയ്യുന്ന ജീവചരിത്രപുസ്തകങ്ങൾ വിരളമാണ്, പ്രത്യേകിച്ചും മലയാളത്തിൽ. ആ കുറവ് നികത്താൻ പര്യാപ്തമാണ് സരിതകുമാരിയുടെ ‘കസ്തൂർബാ ഗാന്ധി’. യാഥാസ്ഥിതിക കുടുംബിനിയായി ഗാന്ധിജിക്കൊപ്പം ജീവിതമാരംഭിച്ച ബാലികയിൽ നിന്ന് വിശാലമായ ‘ഗാന്ധികുടുംബ’ത്തിന്റെ കേന്ദ്രബിന്ദുവായും ഗാന്ധി ആശ്രമങ്ങളുടെ അമ്മയായും ഉല്പതിഷ്ണുവായ സമരനായികയായുമുള്ള ജീവിത പരിവർത്തനമാണ് ബായുടെ നൂറ്റമ്പതാം ജന്മവാർഷികവേളയിൽ പ്രസിദ്ധീകരിച്ച ഈ ജീവചരിത്രത്തിൽ അനാവരണം ചെയ്യുന്നത്.
ജീവിച്ചിരുന്നകാലത്തുതന്നെ കസ്തൂർബയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങൾ ഗാന്ധിജിക്കെതിരെ ഉയർന്നിരുന്നു. ഗാന്ധിജിയുടെ പിടിവാശിയും പരീക്ഷണങ്ങളും കാരണം കസ്തൂർബായ്ക്ക് ജീവിതത്തിൽ സുഖം ലഭിച്ചിട്ടേയില്ലെന്നും അവർ സദാ ദുഃഖിതയായിരുന്നു എന്നും പലരും രഹസ്യമായും പരസ്യമായും വിമർശിച്ചു. ഒരു സ്ത്രീ അതേക്കുറിച്ചെഴുതിയപ്പോൾ കസ്തുർബ എഴുതിയ രൂക്ഷമായ മറുപടി ഈ പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ സരിതകുമാരി ഉദ്ധരിച്ചിട്ടുണ്ട്. അതിലെ ഒരു ഭാഗം ഇങ്ങനെ:
“ഗാന്ധിജി എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നുവെന്ന് നിങ്ങൾ എങ്ങനെയാണ് മനസ്സിലാക്കിയത്? എന്റെ മുഖം വാടിയിരിക്കുന്നു, ആഹാരകാര്യത്തിൽ അദ്ദേഹം എന്നെ വ്യസനിപ്പിക്കുന്നു എന്നുംമറ്റും പറയാൻ നിങ്ങൾ ഇവിടെ വന്നിരുന്നോ? എന്റെ ഭർത്താവിനെപ്പോലൊരു ഭർത്താവ് ലോകത്ത് മറ്റൊരാൾക്കും കിട്ടിക്കാണുകയില്ല, സത്യം. അദ്ദേഹം ലോകം മുഴുവൻ പൂജിക്കപ്പെടുന്നു. ആയിരമായിരംപേർ അദ്ദേഹത്തിൻറെ ഉപദേശം തേടി വരുന്നു. അദ്ദേഹം ഒരിക്കലും എന്റെ തെറ്റല്ലാതെ കുറ്റം സൂചിപ്പിച്ചിട്ടില്ല. എനിക്ക് ആഴത്തിൽ ചിന്തിക്കാൻ സാധിക്കാതെ ദൃഷ്ടി സങ്കുചിതമായി വരുമ്പോഴും അദ്ദേഹം പറഞ്ഞത്, അത് ഈ ലോകം മുഴുവനുള്ള കാര്യം എന്നാണ്. സ്വന്തം ഭർത്താവ് കാരണം ഞാനും ലോകത്ത് പൂജിക്കപ്പെടുകയാണ്. എന്റെ ബന്ധുക്കളും സ്നേഹനിധികളാണ്”
സമ്പന്ന കുടുംബത്തിൽ പിറന്ന, നിരക്ഷയായ, യാഥാസ്ഥിതികയായ, പിടിവാശിക്കാരിയായ കസ്തൂർബായെ ഗാന്ധിജി എത്രമാത്രം സ്വാധീനിച്ചു എന്നതിലുപരി ഗാന്ധിജിയിൽ അവർ ചെലുത്തിയ അസാമാന്യ സ്വാധീനം അനേകം സംഭവകഥകളിലൂടെയും ഗാന്ധിജിയുടെ തന്നെ വാക്കുകളിലൂടെയും വിശകലനം ചെയ്യുന്നുണ്ട്, ഈ പുസ്തകത്തിൽ. അത്യന്തം ശ്രദ്ധേയമാണ് ഗ്രന്ഥകർതൃതിയുടെ നിരീക്ഷണപാടവം.
സ്വാതന്ത്ര്യസമര പോരാട്ടത്തിൽ സ്ത്രീകളെ അണിനിരത്തുന്നതിൽ കസ്തൂർബാ വലിയ പങ്കു വഹിച്ചു. പലകുറി ഇത് ബ്രിട്ടിഷുകാർക്ക് തലവേദനയായി. കസ്തൂർബായുടെ സമരവീര്യത്തെ ബ്രിട്ടിഷുകാർ ഭയപ്പെട്ടിരുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണ്, തുടർച്ചയായി അവർ അനുഭവിച്ച ജയിൽവാസങ്ങൾ. ഒരിക്കൽ ഗുജറാത്തിലെ ബർദോളിയിൽ സമരം നയിക്കാൻ കസ്തൂർബാ പോയെന്നറിഞ്ഞ ഗാന്ധിജി ഇങ്ങനെ പ്രതികരിച്ചു: ‘അറുപതാം വയസ്സിൽ അവർക്ക് കഠിന തടവുശിക്ഷ ലഭിച്ചാലും അദ്ഭുതപ്പെടാനില്ല’! വർഷങ്ങൾ നീണ്ട ജയിൽവാസങ്ങൾ കസ്തൂർബയുടെ ആരോഗ്യത്തെ വേട്ടയാടി. ആരോഗ്യം ക്ഷയിച്ചപ്പോഴും പക്ഷേ, സമരവഴിയിൽ നിന്ന് അവർ മാറി നടന്നില്ല”
ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ ഗാന്ധിജി അറസ്റ്റിലായി. വിവരമറിഞ്ഞു ജനക്കൂട്ടം അദ്ദേഹം താമസിച്ചിരുന്ന ബോംബെയിലെ ബിർളാ ഹൗസിലേക്ക് ഒഴുകി. അന്ന് വൈകിട്ടുള്ള പൊതുസമ്മേളനത്തെ ഗാന്ധിജിയാണ് സംബോധന ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം അറസ്റ്റിലായതിനു പിന്നാലെ കസ്തൂർബാ പ്രഖ്യാപിച്ചു – സമ്മേളനത്തെ ഞാൻ സംബോധന ചെയ്യും. എന്നാൽ, സമ്മേളന സ്ഥലത്തേക്കു പോകുംവഴി അവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന അനുയായി സുശീലയോടു കസ്തൂർബാ പറഞ്ഞു: ‘ഇനിയൊരു മടങ്ങിവരവുണ്ടാവില്ല; ഇത്തവണ ഇവർ എന്നെ ജീവനോടു പുറത്തുവിട്ടേക്കില്ല’. അർതർ റോഡ് ജയിലിലേക്കാണു കസ്തൂർബായെ കൊണ്ടുപോയത്. ശോചനീയ സാഹചര്യങ്ങളിലെ ജയിൽവാസം അവരെ തളർത്തി. ആരോഗ്യം തീർത്തും മോശമായപ്പോൾ ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന പുണെയിലെ ആഗാഖാൻ കൊട്ടാരത്തിലേക്ക് അവരെ മാറ്റാൻ ബ്രിട്ടിഷ് അധികൃതർ തീരുമാനിച്ചു. അതിതീവ്രമായ ശാരീരിക വേദനകൾ ഒടുവിൽ അവരെ കീഴ്പ്പെടുത്തി 1944 ഫെബ്രുവരി 22ന് കസ്തൂർബാ വിടചൊല്ലി.
കൊട്ടാരവളപ്പിൽ പിറ്റേന്നായിരുന്നു സംസ്കാരം. ചിതയെരിഞ്ഞുതീരുംവരെ അവിടെയിരിക്കാൻ തീരുമാനിച്ച ഗാന്ധിജിയോട് ആരോഗ്യം കണക്കിലെടുത്ത് മുറിയിലേക്കു മടങ്ങാൻ അനുയായികൾ സ്നേഹപൂർവം ഉപദേശിച്ചു. ‘ഞാനിവിടെ ഇരിക്കട്ടെ; 62 വർഷം പങ്കുവച്ച ജീവിതത്തിന്റെ അവസാന വിടചൊല്ലലാണിത്’; ഗാന്ധിജി മറുപടി നൽകി. എന്നും തന്റെ നിഴലായി നടക്കാൻ ആഗ്രഹിച്ച കസ്തൂർബായുടെ മഹത്വം ഭർത്താവായ മഹാത്മാഗാന്ധി ഒറ്റവാചകത്തിൽ ഇങ്ങനെ കുറിച്ചു: “ബായുടെ അചഞ്ചലമായ സ്നേഹവും സഹകരണമില്ലായിരുന്നുവെങ്കിൽ, ഞാൻ അഗാധമായ ഗർത്തത്തിൽ വീണുപോയേനെ. ബാ അമ്മയാണ്; കൈവിടില്ല!”
അവതാരികയിൽ പ്രൊഫ. വി കാർത്തികേയൻ നായർ നിരീക്ഷിച്ചതുപോലെ “ഗാന്ധിജിയും കസ്തൂർബയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നപോലെ അവിഭാജ്യഘടകങ്ങളായി മാനവികതയുടെ പുരുഷപ്രകൃതി സംയോഗമായി പരിലസിക്കുന്നു”
ജീവിച്ചിരുന്നപ്പോഴും ഇപ്പോഴും ഏറെ ചർച്ചചെയ്യപ്പെട്ട, ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരത്യപൂർവ വ്യക്തിത്വമാണ് കസ്തൂർബ ഗാന്ധി. ഗാന്ധിജിക്കും അനുയായികൾക്കും ആശ്രമങ്ങൾക്കും അവർ ബാ ആയിരുന്നു. ഗാന്ധിജി എല്ലാവർക്കും ബാപ്പുവും. ബാ-ബാപ്പു ബന്ധത്തിന്റെ ആഴവും പരപ്പും അളക്കുന്ന അനേകം സംഭവങ്ങളിലൂടെ, സംഭാഷണങ്ങളിലൂടെ, ചരിത്രമുഹൂർത്തങ്ങളിലൂടെയുള്ള ഒരു തീർഥാടനമാണ് ഈ ഗ്രന്ഥം. സമയോചിതമായ തിലോദകം.